सद्गुरु

ഒരിക്കല്‍ അതു സംഭവിച്ചു. ശങ്കരപ്പിള്ള വേദാന്ത ക്ലാസിനുപോയി. അധ്യാപകന്‍ പൂര്‍ണ ഉത്സാഹത്തിലായിരുന്നു. നിങ്ങള്‍ ഇതല്ല. നിങ്ങള്‍ എല്ലായിടത്തുമുണ്ട് . നിങ്ങളുടേത്, എന്‍റേത് എന്നിങ്ങനെ ഒന്നും തന്നെയില്ല. എല്ലാം നിങ്ങളുടേതു തന്നെ. എന്തു കാണുന്നുവോ കേള്‍ക്കുന്നുവോ മണക്കുന്നുവോ രുചിക്കുന്നുവോ സ്പര്‍ശിക്കുന്നുവോ അതൊന്നും യാഥാര്‍ത്ഥ്യമല്ല. അവയൊക്കെ മായയാണ്. വെറും വിഭ്രാന്തി. എല്ലാം ഒന്നാണ്.

ഇത് ശങ്കരപ്പിള്ളയെ ആഴത്തില്‍ സ്പര്‍ശിച്ചു. അയാള്‍ വേദാന്തത്തില്‍ മുഴുകിപ്പോയി ഉറങ്ങാന്‍ കിടന്നു. രാവിലെ എഴുന്നേറ്റു. അപ്പോഴും അയാള്‍ പൂര്‍ണമായി വേദാന്തത്തിലായിരുന്നു. വേദാന്തം മാത്രമായി ചിന്ത. എന്‍റേതല്ലാത്ത ഒന്നും ഇവിടെയില്ല. എല്ലാം എന്‍റേതാണ്. എല്ലാം ഞാന്‍ തന്നെയാണ്. ഈ ലോകത്തിലുള്ളതെല്ലാം ഞാന്‍ തന്നെയാണ്. എല്ലാം മായയാണ്.

നിങ്ങളുടെ തത്വശാസ്ത്രം എന്തായാലും വിശപ്പുവരും. ശങ്കരപ്പിള്ള റസ്റ്റോറന്‍റില്‍ ചെന്നു. പ്രാതല്‍ ഓര്‍ഡര്‍ ചെയ്തു. വയറുനിറയെ കഴിച്ചു. അയാള്‍ തന്നോടു തന്നെ പറഞ്ഞു. ഈ ഭക്ഷണവും ഞാന്‍ തന്നെയാണ്. അതു വിളമ്പുന്നവനും ഞാന്‍ തന്നെ. ഭക്ഷിക്കുന്നവനും ഞാന്‍ തന്നെ. വേദാന്തം!!

പ്രാതല്‍ കഴിഞ്ഞു ചുറ്റും നോക്കിയപ്പോള്‍ കടയുടമ അവിടെയിരിക്കുന്നതു കണ്ടു. ഇതെല്ലാം എന്‍റേതു തന്നെയാണ്. എന്‍റേതെല്ലാം നിങ്ങളുടേതു തന്നെ. നിങ്ങളുടേതെല്ലാം എന്‍റേതും. ഈ ചിന്തയോടെ അയാള്‍ എഴുന്നേറ്റു പുറത്തേക്കു നടന്നു. ക്യാഷ് കൗണ്ടറിലെത്തിയപ്പോള്‍ അയാള്‍ ചിന്തിച്ചു. എല്ലാം എന്‍റേതാണെങ്കില്‍പ്പിന്നെ ബില്‍ കൊടുക്കേണ്ടതുണ്ടോ?

കടയുടമ അയാളെ ശ്രദ്ധിക്കാതെ എന്തോ ചെയ്യുകയായിരുന്നു. മേശപ്പുറത്ത് ഒരു കുന്നു നോട്ടുകള്‍. പെട്ടെന്നു വേദാന്തചിന്ത വന്നു. എല്ലാം നിങ്ങളുടേതു തന്നെ. അയാള്‍ പണമെടുത്തു പോക്കറ്റില്‍ തിരുകി. അയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതല്ല. വേദാന്ത പരിശീലനം നടത്തുകയായിരുന്നു. റസ്റ്റോറന്‍റ് ജോലിക്കാര്‍ അയാളെ പിടികൂടി. ശങ്കരപ്പിള്ള പറഞ്ഞു, നിങ്ങള്‍ പിടിക്കുന്നതെന്തോ അത് നിങ്ങള്‍ തന്നെയാണ്. എന്‍റെ വയറ്റിലുള്ളതു തന്നെയാണ് നിങ്ങളുടെ വയറ്റിലും, അതിനാല്‍ ഞാന്‍ ആര്‍ക്കാണ് പണം കൊടുക്കേണ്ടത്?

ഉടമസ്ഥന്‍ കോപാകുലനായി അയാള്‍ക്ക് ആകെ അറിയാവുന്നത് ഇഡ്ഡലി, ദോശ, വട ഇവയൊക്കെയാണ്. ഒരു കള്ളന്‍ ഓടാന്‍ ശ്രമിച്ചാല്‍ അയാളെ എങ്ങനെയാണ് പിടിക്കേണ്ടത് എന്ന് അയാള്‍ക്കറിയാം. അതിനാല്‍ എന്നെ പിടിക്കുന്നതും ഞാന്‍ തന്നെ, പിടിക്കപ്പെടുന്നതും ഞാന്‍ തന്നെ, എന്നു ശങ്കരപ്പിള്ള പറഞ്ഞപ്പോള്‍ എന്തുചെയ്യണമെന്ന് അയാള്‍ക്ക് അറിയാന്‍ പാടില്ലാതായി. അയാള്‍ ശങ്കരപ്പിള്ളയെ കോടതിയില്‍ എത്തിച്ചു.

ഏകത എന്നത് പരീക്ഷണത്തിലൂടെ അനുഭവിച്ച യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് അപക്വമായ പ്രവൃത്തികളിലേക്കു നയിക്കുകയില്ല. അത് അത്ഭുതകരമായ ജീവിതയാഥാര്‍ത്ഥ്യത്തിലേക്കു നയിക്കും.

അവിടെയും ശങ്കരപ്പിള്ള വേദാന്തം ആവര്‍ത്തിച്ചു. എന്നെ പിടിക്കുന്നത് ഞാന്‍ തന്നെ. ജഡ്ജി അയാളെ പലവിധത്തിലും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഫലമുണ്ടായില്ല. "ശരി അറുപത് അടി കൊടുക്കൂ" - ജഡ്ജി നിര്‍ദേശിച്ചു. ഒന്നാമത്തെ അടി - യാഥാര്‍ഥ്യം ഓര്‍മ്മ വന്നു. രണ്ടാമത്തെ അടിക്ക് ഒരു കരച്ചില്‍. മൂന്നാമത്തെ അടി ഒരു നിലവിളി. ജഡ്ജി പറഞ്ഞു: "കരയേണ്ട, നിങ്ങളെ അടിക്കുന്നതും നിങ്ങള്‍ തന്നെയാണ്. അതിനാല്‍ ആര്‍ക്ക് ആരെയാണ് അടിക്കുവാന്‍ കഴിയുക? ഇതെല്ലാം മായയാണ്. അതിനാല്‍ മുതുകില്‍ അറുപതടി കൊടുത്തോളൂ". ശങ്കരപ്പിള്ള അപ്പോള്‍ പറഞ്ഞു: "ഇനി വേദാന്തമില്ല. ദയവായി മതിയാക്കൂ. എന്നെ വെറുതെ വിടൂ".

എല്ലാക്കാര്യങ്ങളും ബുദ്ധിപരമായി മാത്രംമനസ്സിലാക്കിയാല്‍ അത് ഇത്തരത്തിലുള്ള അപകടങ്ങളിലേക്കു നയിക്കും. എന്നാല്‍ ഏകത എന്നത് പരീക്ഷണത്തിലൂടെ അനുഭവിച്ച യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് അപക്വമായ പ്രവൃത്തികളിലേക്കു നയിക്കുകയില്ല. അത് അത്ഭുതകരമായ ജീവിതയാഥാര്‍ത്ഥ്യത്തിലേക്കു നയിക്കും.

മാനസികമായ വൃഥാവ്യാപാരങ്ങളെ നിര്‍ത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ഭ്രാന്താവസ്ഥയിലാകും. കാരണം മനസ്സിലുള്ള മൂന്നു പെഡലുകളും പ്രവര്‍ത്തനവേഗം കൂട്ടുന്നവയാണ്. ബ്രേക്കോ ക്ലച്ചോ ഒന്നുമില്ല. നിങ്ങള്‍ അതു ശ്രദ്ധിച്ചിട്ടില്ലേ? നിങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മനസ്സ് വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ നിങ്ങള്‍ അതിന് ഒരു ശ്രദ്ധയും നല്‍കിയില്ലെങ്കില്‍ ചിന്തകള്‍ ക്രമേണ ദുര്‍ബലമായി അകലും.

വ്യക്തിത്വം എന്നത് ഒരു ആശയമാണ്. സര്‍വാത്മകത എന്നത് ഒരു ആശയമല്ല, യാഥാര്‍ത്ഥ്യമാണ്. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ നിങ്ങളുടെ എല്ലാ ആശയങ്ങളെയും അടക്കുന്നതാണ് യോഗ. യോഗമെന്നാല്‍ ചിത്തവൃത്തിനിരോധം ആണ് എന്നതാണ് സരളമായ നിര്‍വചനം. അതായത് നിങ്ങള്‍ പൂര്‍ണജാഗ്രതയോടെ ഇരിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍ അതാണ് യോഗ.