सद्गुरु

ഒരു ചോദ്യോത്തര വേളയിൽ ഒരു ചോദ്യകർത്താവ് സദ്ഗുരുവിനോട്, സാധനയിൽ കൂടുതൽ ശ്രദ്ധ വരുത്തുവാൻ എന്താണ് ചെയേണ്ടത് എന്ന ചോദ്യം ഉന്നയിച്ചു. അതിനുത്തരമായി സദ്ഗുരു പറഞ്ഞത് ഇപ്രകാരമാണ്; ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമായി നടക്കണമെങ്കിൽ നാം അതിൽ കൂടുതൽ ആഴത്തിൽ നിമഗ്നരാകണം.

ചോദ്യ കർത്താവ് : ക്രിയകളിൽ കൂടുതൽ ശ്രദ്ധ കൊണ്ടുവരുവാൻ എനിക്ക് വളരെ അധികം ശ്രമിക്കേണ്ടി വരുന്നു. അത് കുറച്ചൊക്കെ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ കൂടുതൽ ശക്തമായ ശ്രദ്ധ എങ്ങിനെ തുടർന്നും നിലനിർത്തികൊണ്ട് പോകേണ്ടത് എങ്ങനെയാണെന്നും, കൂടുതൽ ആഴത്തിലുള്ള സമാധി എങ്ങിനെ നേടാനാകുമെന്നും പറഞ്ഞു തരാമോ?

സദ്ഗുരു : ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു ശ്രമവും നടത്തരുത്. ഏതെങ്കിലും ഒരു കാര്യത്തിൽ മുഴുകുവാൻ ശ്രമിക്കുക. എന്തെങ്കിലും കാര്യത്തിൽ പൂർണമായി മുഴുകുവാൻ സാധിച്ചാൽ ശ്രദ്ധ താനേ വരും. പൂർണമായി ഉൾപെടുവാൻ സാധിക്കുന്നില്ലെങ്കിൽ , ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ശ്രമിച്ചാൽ യാതനയാകും ഫലം; ശ്രദ്ധ കിട്ടുകയുമില്ല.

ഒരു കാര്യത്തിൽ പൂർണമായി മുഴുകാതെ, നിമഗ്നരാകാതെ, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ശ്രമിക്കുന്നത് തീർച്ചയായും ഒരു യാതനയായി മാറും.

ഉദാഹരണത്തിന് അധികം കുട്ടികൾക്കും,പാഠപുസ്തകങ്ങൾ പഠിക്കുന്നത് ഒരു യാതനയാണ്. ആ പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നത് ആകര്ഷകമല്ലാത്തതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്. ആശ്ചര്യകരമായ ഒട്ടനവധി പ്രതിഭാസങ്ങളായിരിക്കും ഒരു ചെറിയ പാഠ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പക്ഷെ അത് ആകര്‍ഷകമല്ലാത്ത രീതിയിലായിരിക്കാം എഴുതിയിട്ടുള്ളത്. അത് അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് അതിനെ അനാകര്ഷകമാക്കുന്നത്. കുട്ടികളെ എന്തെങ്കിലും ഒരു കാര്യത്തിൽ ഉൾപ്പെടുത്തിയാൽ അവരുടെ ശ്രദ്ധയെ പറ്റി ഉത്കണ്ഠ തോന്നേണ്ട കാര്യമില്ല. അവർ സദാസമയവും അതിൽ ശ്രദ്ധിച്ചുകൊള്ളും. ഇത് തന്നെയാണ് നിങ്ങൾക്കും വേണ്ടത്.

ഒരു കാര്യത്തിൽ പൂർണമായി മുഴുകാതെ, നിമഗ്നരാകാതെ, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ശ്രമിക്കുന്നത് തീർച്ചയായും ഒരു യാതനയായി മാറും. അത് സൗഖ്യത്തിലേക്കു നയിക്കുകയില്ല. ഏതെങ്കിലും വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ശ്രമിക്കുന്നതിനു പകരം നിങ്ങൾ അതിൽ അനുരക്തനാകണം. ഞാൻ ഇത് പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും നിങ്ങൾ അത് ശ്രദ്ധിച്ചിട്ടുണ്ടാകില്ല.! നിങ്ങൾ അയൽക്കാരിയായ ഒരു പെൺകുട്ടിയുമായി പ്രേമത്തിലായി എന്ന് വിചാരിക്കു. ആ കുട്ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കു എന്ന് ഞാൻ നിങ്ങള്ക്ക് പറഞ്ഞു തരേണ്ട കാര്യമുണ്ടോ? ആ പെൺകുട്ടി നിങ്ങളുടെ മനസ്സിനെ അടക്കി ഭരിക്കും. അതുപോലെ നിങ്ങൾ ഒരു വസ്തുവുമായി പ്രണയത്തിലായാൽ മതി. നിങ്ങളുടെ ശാരീരിക ഗ്രന്ഥികൾ ഉത്തേജിതമായിട്ടുള്ള സമയത്, ഇത്തരം കാര്യങ്ങളിൽ മാത്രമേ പ്രേമം അനുഭവപ്പെടുകയുള്ളു. പക്ഷെ നിങ്ങളുടെ ബുദ്ധിയെ ഉണർത്തിയാൽ നിങ്ങൾക്ക് വേണ്ട ഏതു വിഷയത്തിലും ഇത്തരം പ്രേമം ഉണ്ടാക്കാൻ സാധിക്കും. അപ്പോൾ ശ്രദ്ധ സ്വാഭാവികമായി വന്നു കൊള്ളും.