सद्गुरु

കെട്ടുറപ്പില്ലാത്ത സാമൂഹ്യ ബന്ധങ്ങള്‍ നമ്മുടെ നഗരങ്ങളില്‍ ഇതൊരു പതിവായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ കാര്യങ്ങളില്‍ പാശ്ചാത്യ നഗരങ്ങളിലെ സ്ഥിതി ഇതിലേറെ പരിതാപകരമാണ്.

നിങ്ങള്‍ അമേരിക്കയിലെ ഒരു നഗരത്തിലാണ് ജീവിക്കുന്നത് എങ്കില്‍, മാസം മുഴുവന്‍ പട്ടിണികിടന്നാലും നിങ്ങളുടെ ഒരു മാസത്തെ ചിലവ് 3000 ഡോളറില്‍ കൂടുതലായിരിക്കും. സമൂഹത്തിന്‍റെ ഘടനതന്നെ ആ വിധത്തിലായിരിക്കുന്നു. വ്യക്തിയുടെ മേല്‍ വേണ്ടതിലധികം സമ്മര്‍ദ്ദമുണ്ടാക്കിത്തീര്‍ക്കുന്ന ഒരു സ്ഥിതിവിശേഷം. അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഒരാള്‍ക്കുമാകുന്നില്ല. ഈ സമ്മര്‍ദ്ദം ഒരാള്‍ എത്രനാള്‍ സഹിക്കും? അധികം പേര്‍ക്കും ഇത് താങ്ങാനാവാത്ത ഒരു ഭാരമാണ്. ആദ്ധ്യാത്മിക സാധനകള്‍ പതിവായി അനുഷ്ഠിക്കുന്നവരുടെ മനസ്സിനെ ഇത് സാരമായി ബാധിക്കുന്നില്ല. അവര്‍ക്കറിയാം ജീവിതം ഹ്രസ്വമാണ്, അത് അതിന്‍റെ മട്ടില്‍ ഒഴുകിപോയ്ക്കൊള്ളും – എന്നാല്‍ ഈ മനോഭാവം ശീലമാക്കാത്തവരുടെ കാര്യം കഷ്ടമാണ്. അവര്‍ക്ക് തീര്‍ച്ചയായും സമൂഹത്തിന്‍റെ സമയവും സഹായവും ആവശ്യമാണ്.

നമ്മള്‍ കെട്ടിപ്പടുത്തിരിക്കുന്നത് മത്സരാധിഷ്ഠിതമായ ഒരു സമൂഹമാണ്. എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. "പൊരുതി ജയിക്കുക" എന്നതായിരിക്കുന്നു ഇന്നത്തെ മുദ്രാവാക്യം.

നമ്മള്‍ കെട്ടിപ്പടുത്തിരിക്കുന്നത് മത്സരാധിഷ്ഠിതമായ ഒരു സമൂഹമാണ്. എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. "പൊരുതി ജയിക്കുക" എന്നതായിരിക്കുന്നു ഇന്നത്തെ മുദ്രാവാക്യം. മേഖല ഏതായാലും അതിനു മാറ്റമില്ല, പ്രതിസന്ധികളെ മറികടക്കാനുള്ള ഉപായം ഓരോ ശരീതത്തിലും സ്വാഭാവികമായുണ്ട്. അര്‍ത്ഥമറിയാതെ ആളുകള്‍ പ്രയോഗിക്കുന്നത് കേള്‍ക്കാറുണ്ട് "അഡ്രിനാലിനോടാണ് എനിക്ക് പ്രിയം" വാസ്തവത്തില്‍ എന്താണ് അഡ്രിനാലിന്‍. അധികം പേര്‍ക്കും അതറിഞ്ഞുകൂടാ, അഡ്രിനാലിന്‍ അടിയന്തിര രക്ഷക്കായി നമ്മുടെ ശരീരത്തിനകത്ത് പ്രകൃതിതന്നെ സൃഷ്ടിച്ചിട്ടുള്ള ഒരു സംവിധാനമാണ്. ഒരു പുലി മുമ്പില്‍ ചാടി വീണെന്നിരിക്കട്ടെ, ആ ക്ഷണം നിങ്ങളിലെ അഡ്രീനാലിന്‍ പ്രവര്‍ത്തനം തുടങ്ങും. അപ്പോഴാണ് നിങ്ങള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. അതിനുപകരം ഒരു രസത്തിനായി അതിന്‍റെ പ്രവര്‍ത്തനം കൃത്രിമമായി ത്വരിതപ്പെടുത്തിയാല്‍ അത് വലിയ അപകടമാകും. അത് അടിയന്തിരാവസ്ഥക്കുവേണ്ടിയുള്ള ഒരു കരുതലാണ്. സാമാന്യ ജീവിതത്തിലെ "വെറും രസ" മായി അതിനെ കാണരുത്.

ഇന്നത്തെ വിദ്യാഭ്യാസരീതി മൂലം കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങളും ചില്ലറയല്ല. എല്ലാ കുട്ടികള്‍ക്കും അത് താങ്ങാനായി എന്നു വരില്ല. ചിലര്‍ക്ക് അത് സാരമായ സംഗതി അല്ലായിരിക്കും. ചില കുട്ടികള്‍ നൂറുതവണ വായിച്ചാലും വിഷയം മനസ്സിലാക്കാന്‍ സാധിക്കാത്തവരാണ്. എന്നാല്‍ മറ്റു ചില കാര്യങ്ങളില്‍ അവര്‍ക്ക് നല്ല മിടുക്കുണ്ടാകും. അത് അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറാവില്ല, പകരം നമ്മുടെ നിര്‍ബന്ധങ്ങള്‍ ബലമായി അവരുടെ ചുമലിലേക്കു വെച്ചുകൊടുക്കുകയാണ് പതിവ്. "അതുവേണ്ട, ഇതുതന്നെ പഠിക്കണം" അച്ഛന്‍റേയും അമ്മയുടേയും ശാഠ്യം. ഇതെല്ലാം തികച്ചും ക്രൂരമായ ആവശ്യങ്ങളാണ്. മനുഷ്യനെന്ന നിലയിലുള്ള വളര്‍ച്ചക്ക് ഇതൊരുവിധത്തിലും ഗുണംചെയ്യുന്നില്ല. എവിടേയും തറച്ചുനില്‍ക്കാനുള്ള കുറെ ആണികളായാണ് അവര്‍ സൃഷ്ടിക്കപ്പെടുന്നത്. യന്ത്രം മുമ്പോട്ടുപോകണം എന്നല്ലാതെ മനുഷ്യന്‍റെ സന്തോഷവും സംതൃപ്തിയുമൊന്നും നമ്മുടെ പരിഗണനയ്ക്കു വിഷയമാവുന്നില്ല. നമ്മള്‍ ഉണ്ടാക്കിവെച്ചിട്ടുള്ളത് മിഥ്യയായ ഒരു യന്ത്രമാണ്. അതിന്‍റെ ചെറു ഘടകങ്ങളാണ്, നമ്മള്‍ പിന്നേയും പിന്നേയും പണിതുകൊണ്ടിരിക്കുന്നത്. ആ യന്ത്രം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്നതേയുള്ളൂ. അതുകൊണ്ട് നമ്മള്‍ ശ്രദ്ധിക്കേണ്ടത് ചെറിയ ഘടകങ്ങളുടെ കെട്ടുറപ്പിലും ഗുണമേന്മയിലുമാണ്. അവ ഒന്നു ചേരുമ്പോഴേ സുദൃഢവും പ്രയോജന പ്രദവുമായ വലിയ യന്ത്രം ഉണ്ടാവൂ.

ജന്മനാ ചില വൈകല്യങ്ങളുള്ളവര്‍ കൂട്ടത്തിലുണ്ടായിരിക്കാം. സ്വാഭാവികമായും അവരുടെ ജീവിതത്തെ അത് ബാധിക്കുകയും ചെയ്യും. അത് തീരെ ചെറിയൊരു ശതമാനമാണ്. മറ്റുള്ളവരില്‍ കാണുന്ന മാനസിക വൈകല്യങ്ങള്‍ക്ക് പ്രധാന ഉത്തരവാദി സമൂഹം തന്നെയാണ്.

ജിവതത്തെ ഒരു കാലത്തും ഒരു മത്സരവേദിയായി കാണരുത്. കുഞ്ഞുങ്ങള്‍ക്ക് മിടുക്കും, കാര്യപ്രാപ്തിയും വേണം. അതിനപ്പുറത്തേക്ക് അവരെ ഉന്തിത്തള്ളാന്‍ ശ്രമിച്ചാല്‍, വണ്ടിയുടെ പാളം തെറ്റിയെന്നുവരും.

ഓരോ മനുഷ്യനും അവന്‍റേതായ ഒരിടം ആവശ്യമാണ് എങ്കില്‍ മാത്രമേ ബൗദ്ധികമായും, വൈകാരികമായും അവന് വളര്‍ന്നു വികസിക്കാന്‍ സാധിക്കൂ. അങ്ങനെയുള്ള ഒരു സാഹചര്യം നമ്മുടെ ഇടയില്‍നിന്നും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഏറ്റവും ചെറിയൊരു കുഞ്ഞിനുപോലും അതു കിട്ടുന്നില്ല എന്നതാണ് സത്യം. ഒരു കാലത്ത് അമ്മമാര്‍ കുഞ്ഞുങ്ങളെ നെഞ്ചോടു ചേര്‍ത്ത് മുലയൂട്ടി മണിക്കൂറുകളോളം ഇരിക്കുമായിരുന്നു. സമയം അവര്‍ക്കൊരു പ്രശ്നമായിരുന്നില്ല. ഇന്നത്തെ അമ്മമാര്‍ വാച്ചില്‍നോക്കികൊണ്ടാണ് കുഞ്ഞുങ്ങളെ മുലയൂട്ടുന്നത്. ഇടക്കിടക്കു പറയുകയും ചെയ്യും "വേഗമാകട്ടെ എനിക്കു വേറെ പണിയുണ്ട്.”

പ്രസവം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പേ അമ്മമാര്‍ക്ക് ജോലിക്കു ഹാജരാവണം. സ്ത്രീകള്‍ ഉദ്യോഗത്തിനു പോകരുത് എന്ന് ഞാന്‍ പറയുകയില്ല. മനുഷ്യന്‍ സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കണംഎന്നാണ് എനിക്കു പറയാനുള്ളത്. അത് സാദ്ധ്യമാവണമെങ്കില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയേ പറ്റൂ. തനിക്ക് എന്തു സംഭവിക്കുമെന്ന ആശങ്ക കൂടാതെ കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ കഴിയണം. എന്നാല്‍ ഇന്നത്തെ കുട്ടികളുടെ കാര്യം പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞുപോകുമൊ എന്ന ഭയം, അയല്‍വക്കത്തെ കുട്ടി തന്നേക്കാള്‍ കൂടുതല്‍ മാര്‍ക്ക് നേടുമോ എന്ന ഉത്കണ്ഠ. ഇതെല്ലാം ശുദ്ധ അസംബന്ധമാണ് എന്നേ ഞാന്‍ പറയു. മനുഷ്യമനസ്സിനെ ദുഷിപ്പിക്കുന്ന പ്രവണതയാണിത്. ജിവതത്തെ ഒരു കാലത്തും ഒരു മത്സരവേദിയായി കാണരുത്. കുഞ്ഞുങ്ങള്‍ക്ക് മിടുക്കും, കാര്യപ്രാപ്തിയും വേണം. അതിനപ്പുറത്തേക്ക് അവരെ ഉന്തിത്തള്ളാന്‍ ശ്രമിച്ചാല്‍, വണ്ടിയുടെ പാളം തെറ്റിയെന്നുവരും.

മനസ്സിന്‍റെ സമനില കുറച്ചൊന്നു തെറ്റിയവര്‍ക്കു ശരിയായ ചികിത്സ ആവശ്യമാണ്. കാലക്രമത്തില്‍ അവരുടെ സ്ഥിതി മെച്ചപ്പെട്ടേക്കും. ചികിത്സക്കൊപ്പം കുറച്ച് സാധനകൂടി ഉണ്ടെങ്കില്‍ അതവര്‍ക്ക് ഗുണം ചെയ്യും. അതുകൊണ്ട് രാസമരുന്നുകളുടെ ഉപയോഗം കുറച്ചു കൊണ്ടുവരാനും സാധിക്കും. മറ്റൊരു സംഗതിയും ഓര്‍മ്മ വെക്കേണ്ടതുണ്ട്. ആരും തികച്ചും ഒരുപോലെയല്ല, മാനസികാവസ്ഥയിലും ശാരീരികാവസ്ഥയിലും വ്യത്യാസമുണ്ടായിരിക്കും. എല്ലാവര്‍ക്കും ഒരേ രീതി ഗുണം ചെയ്യുകയില്ല. ആരോഗ്യകരമായ ഒരു ചുറ്റുപാട് ആര്‍ക്കായാലും ആവശ്യമാണ്, വിശേഷിച്ചും മാനസികമായ അസ്ഥാസ്ഥ്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്. അതിന് ഭൗതീകമായ ചുറ്റുപാടുകളും മനുഷ്യ പ്രയത്നവും ഒരുപോലെ ആവശ്യമാണ്. ദൗര്‍ഭാഗ്യം എന്നുപറയട്ടെ, മാനസിക രോഗികള്‍ക്കുവേണ്ടി അധികമായൊന്നും ചെയ്യാന്‍ ആരും തയ്യാറാവുന്നില്ല. സാമാന്യ ജനങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തികൊണ്ടുപോരാനുള്ള ശ്രമങ്ങളും സമൂഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല.