सद्गुरु

ശരീരത്തിന്‍റെ ആരോഗ്യം എത്രകണ്ടു പ്രാധാന്യമുള്ളതാണോ അതേപോലെ സ്വന്തം മനസ്സും ആരോഗ്യമായിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

അമേരിക്കയില്‍ ഇപ്പോള്‍ വളരെ പ്രചാരമുള്ള വാക്കാണ് സ്ട്രെസ്സ് മാനേജ്മെന്‍റ് (stress management), അതായത് മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യുക. ഓഫീസ് മാനേജ്മെന്‍റ് പഠിപ്പിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഈ മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധന്മാര്‍ ഉണ്ട്. ആ മനശാസ്ത്രജ്ഞന്മാര്‍ പിരിമുറുക്കം അയയ്ക്കാനും, ഇല്ലാതാക്കാനും ഉള്ള വിവിധ വഴികള്‍ പഠിപ്പിക്കുന്നു.

നിങ്ങളുടെ തൊഴില്‍, കുടുംബം, സമ്പാദ്യം ഇവയെല്ലാം നിര്‍വഹിക്കാന്‍ പഠിക്കേണ്ടത് അത്യാവശ്യമാണ്.
മാനസികസമ്മര്‍ദ്ദം എന്നുള്ളതു തള്ളിക്കളയേണ്ട ഒരു കാര്യമല്ലേ. അതിനെക്കൊണ്ടുനടന്നു കൈകാര്യം ചെയ്യുന്നവിധത്തെപ്പറ്റി പഠിച്ചിട്ട് എന്താവശ്യം? ആധുനികലോകത്ത്, മാനസികസമ്മര്‍ദ്ദം ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് എന്ന് എന്തുകൊണ്ട് മനുഷ്യന്‍ വിചാരിക്കുന്നു?

പുരോഗതി എന്നാല്‍ ഏറെ സമ്പത്ത് എന്നു ചിന്തിച്ചതുകൊണ്ടുണ്ടായ കുഴപ്പമാണിത്. ജീവിതത്തിലെ മറ്റു പ്രധാനകാര്യങ്ങളെയെല്ലാം മാറ്റിനിറുത്തി ധനം മനുഷ്യനെ ആക്രമിച്ച് കീഴടക്കിയതു കൊണ്ടുണ്ടായ ആപത്താണിത്.

പുരോഗതി എന്നാല്‍ ഏറെ സമ്പത്ത് എന്നു ചിന്തിച്ചതുകൊണ്ടുണ്ടായ കുഴപ്പമാണിത്. ജീവിതത്തിലെ മറ്റു പ്രധാനകാര്യങ്ങളെയെല്ലാം മാറ്റിനിറുത്തി ധനം മനുഷ്യനെ ആക്രമിച്ച് കീഴടക്കിയതു കൊണ്ടുണ്ടായ ആപത്താണിത്. നിര്‍വാഹം എന്നു കേള്‍ക്കുമ്പോഴേ ധനവുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നതു കൊണ്ടുവന്ന കുഴപ്പമാണിത്.
മികച്ച നിര്‍വാഹി ആരാണ്?
ഒരു വാഹനം ഓടിക്കാന്‍ നിങ്ങള്‍ക്ക് നന്നായി അറിവുണ്ടെങ്കിലല്ലേ അത് മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുക്കാന്‍ സാധിക്കൂ.

ശങ്കരന്‍പിള്ള തന്‍റെ മകനെ വിളിച്ചു.

"നീ മേജറാകാന്‍ പോവുകയാണ്. എനിക്കുശേഷം നീവേണം കാര്യങ്ങളൊക്കെ നോക്കിനടത്താന്‍. ഓരോന്നും പഠിച്ചു മനസ്സിലാക്ക്."

അന്നു വൈകിട്ട് അയാള്‍ മകനേയും കൂട്ടി ക്ലബ്ബില്‍ പോയി. അവിടെയുള്ളവര്‍ എല്ലാം മദ്യപിച്ചു കൊണ്ടിരുന്നു. ശങ്കരന്‍ പിള്ളയും ഒരു മദ്യക്കപ്പ് എടുത്തു. മകന്‍റെ കയ്യിലും ഒന്നു കൊടുത്തു. എന്നിട്ടു ചിലരെ മകന് പരിചയപ്പെടുത്തി.

പ്രമുഖന്മാരെക്കൊണ്ടു കാര്യങ്ങള്‍ സാധിപ്പിക്കുന്ന സ്ഥലമാണിത്. മറ്റുള്ളവരെ കുടിപ്പിക്കണം. പക്ഷേ നിന്‍റെ സമനില തെറ്റുന്നതിനുമുമ്പു നീ കുടിക്കുന്നതു നിറുത്തണം. ഇതാണ് ആദ്യത്തെ പാഠം'.
ആദ്യമായി കുടിക്കുന്ന മകനു പരിഭ്രമമായി. ശങ്കരന്‍പിള്ളയാവട്ടെ നിറുത്താതെ കോപ്പകള്‍ കാലിയാക്കിക്കൊണ്ടിരുന്നു. ഒരു സമയമായപ്പോള്‍ മകന്‍ തടഞ്ഞു.
"അച്ഛാ, എന്‍റെ സമനില തെറ്റി എന്നു ഞാന്‍ അറിയുന്നത് എങ്ങനെ?'
ശങ്കരന്‍പിള്ള സമീപത്തെ മേശചൂണ്ടിക്കാട്ടി പറഞ്ഞു.
"അവിടെയിരിക്കുന്ന നാലുപേര്‍ എട്ടുപേരായി തോന്നാന്‍ തുടങ്ങുമ്പോള്‍ കുടിനിറുത്തണം"
മകന്‍ പതറിച്ചയോടെ പറഞ്ഞു
"അയ്യോ, അവിടെ രണ്ടുപേരല്ലേ ഉള്ളൂ."
ശങ്കരന്‍പിള്ളയുടെ കാര്യനിര്‍വഹണക്ഷമത എങ്ങനെയായിരിക്കും എന്നു ചിന്തിക്കൂ.

മറ്റുള്ളവരുടെ മേല്‍നോട്ടക്കാരനാവാനുള്ള കഴിവു കിട്ടണമെങ്കില്‍ സ്വയം നിര്‍വഹിക്കാനുള്ള കഴിവാണ് ആദ്യമേ ഉണ്ടാവേണ്ടത്. സ്വന്തം ശരീരവും, മനസ്സും, വികാരങ്ങളുമെല്ലാം നല്ലനിലയില്‍ കൈകാര്യം ചെയ്ത് നിര്‍വഹിക്കാന്‍ പഠിച്ചതിനുശേഷമേ നിങ്ങള്‍ മറ്റുള്ളവരുടെ നിര്‍വഹണം ഏറ്റെടുക്കാവൂ.

ജോലിയില്ലാതിരുന്ന കാലത്ത് ജോലികിട്ടിയിരുന്നെങ്കില്‍ എന്നു കൊതിച്ചു. അതു കിട്ടിയപ്പോള്‍ സന്തോഷമെല്ലാം പോയി. എപ്പോഴും വെപ്രാളം. ഫലമോ, രക്തസമ്മര്‍ദ്ദം നിങ്ങളെ പിടികൂടി. ഉദ്യോഗക്കയറ്റത്തിനുവേണ്ടി സമരം ചെയ്തു. അതു കിട്ടിയപ്പോഴോ അനുനിമിഷം പിരിമുറുക്കം അനുഭവിക്കുന്നു. ഇനിയും ഉയരങ്ങളിലേക്കു പോയാല്‍ എന്തുപായം?" പണ്ട് നല്ല സമാധാനമുണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം പോയി.'
ജീവിതം കളഞ്ഞു കുളിച്ചിട്ട് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്, ചത്തുപോയ കിളിക്ക് സ്വര്‍ണ്ണകൂടു പണിയുന്നതുപോലെയാണ്.

പരാജയംകൊണ്ടു വിഷമങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനൊരു ന്യായീകരണമുണ്ട്. എന്നാല്‍ ജീവിതവിജയം അങ്ങനെയല്ല. നിങ്ങളുടെ കഠിനപ്രയത്നത്തിന്‍റെ ഫലമാണത്. ആ വിജയംകൊണ്ടും നിങ്ങള്‍ക്കു ദു:ഖമുണ്ടായാല്‍ നിങ്ങളുടെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ത്തന്നെ തകരാറുണ്ട് എന്നു മനസ്സിലാക്കാം.
സ്വയം കൈകാര്യം ചെയ്യാന്‍ പറ്റാത്ത ഒന്നിനുവേണ്ടി ആഗ്രഹിച്ചതെന്തിന്?
മാനസികസമ്മര്‍ദ്ദം ഉണ്ടാവാനുള്ള പ്രധാന കാരണം കോപമാണ്.
നിങ്ങള്‍ കാണുന്ന സിനിമകളിലെ നായകന്മാരെല്ലാം എല്ലാ കാര്യങ്ങള്‍ക്കും ക്ഷോഭിക്കുന്നതു കണ്ടുകണ്ട് ക്ഷോഭം ഒരു മഹത്തായ കാര്യമാണ് എന്നു നിങ്ങള്‍ ധരിച്ചിരിക്കുന്നു.
മൂന്നുനാലുപേരെ അടിച്ച്, പത്തുപേരെ വീഴ്ത്തി, അട്ടഹസിക്കുന്നവനാണ് നായകന്‍ എന്ന ധാരണ നിങ്ങളില്‍ വളര്‍ന്നിരിക്കുന്നു. സമാധാനമായി കഴിയുന്നവനെ ലോകം ബഹുമാനിക്കുകയില്ല എന്ന ഭീതിയും നിങ്ങളില്‍ ഉണര്‍ന്നിരിക്കുന്നു. അങ്ങനെ ക്ഷോഭം പ്രകടിപ്പിച്ച് നായകനാകാം എന്നു നിങ്ങള്‍ ധരിച്ചു പോയി. നിങ്ങള്‍ക്കു കോപമുണ്ടാകുന്നത് എപ്പോഴാണ്? നിങ്ങള്‍ ഉദ്ദേശിച്ചതു നടന്നില്ലെങ്കില്‍, നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു മറ്റുള്ളവര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍, നിങ്ങള്‍ക്കു കോപം വരുന്നു.
ഞാന്‍ ആഗ്രഹിച്ചതുപോലെ മറ്റുള്ളവര്‍ പ്രവര്‍ത്തിക്കുന്നില്ല എന്നു കുറ്റം പറയുന്നതിനുമുമ്പ് അല്പസമയം കണ്ണടച്ച് ഇരിക്കൂ.

സ്വന്തം മനസ്സിനെ ഏതിലെങ്കിലും ഉറപ്പിച്ചു നിറുത്താന്‍ കുറച്ചു സമയത്തേക്കെങ്കിലും സാധിക്കുമോ എന്ന് പരീക്ഷിച്ചുനോക്കൂ. നിങ്ങളുടെ ആഗ്രഹത്തെ മറികടന്നു മനസ്സ് എവിടെയൊക്കെയോ അലയുന്നു.
സ്വന്തം മനസ്സുപോലും നിങ്ങളുടെ ഇഷ്ടത്തിനൊത്തല്ല പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ക്ഷോഭിക്കുന്നതിലെന്തു കാര്യം.

ശങ്കരന്‍പിള്ള ഒരു കമ്പനിയുടെ ചുമതലക്കാരനായി. "വെറുതെയിരിക്കുന്നവര്‍ക്ക് ഇവിടെ ഇടമില്ല. അവരെ പുറത്താക്കും" ആദ്യദിവസം തന്നെ എല്ലാവരേയും അയാള്‍ വിരട്ടി. പറഞ്ഞതുപോലെ ചെയ്യണം എന്ന തുടിപ്പോടെ കമ്പനിയില്‍ പരിശോധന നടത്തിക്കൊണ്ടു നടക്കവേ ഒരു മുറിയില്‍ ഒരു പയ്യന്‍ ചുവരുംചാരി വെറുതെ നില്‍ക്കുന്നത് കണ്ടു. മറ്റുള്ളവര്‍ ചുറുചുറുക്കോടെ ജോലി ചെയ്യുമ്പോള്‍ ഒരുവന്‍മാത്രം വെറുതെ നില്‍ക്കുന്നതു കണ്ട ശങ്കരന്‍പിള്ളയ്ക്ക് അതിയായ കോപമുണ്ടായി.
"ഏയ് ഇവിടെ വാ."
അയാള്‍ വെപ്രാളപ്പെട്ട് വന്നു.
"നിനക്ക് ശമ്പളം എത്രയാണ്'
'അയ്യായിരം രൂപയാണ്"
"എന്‍റെ കൂടെവാ"
അവനെ പിടിച്ചുവലിച്ചുകൊണ്ട് കണക്കു പരിശോധിക്കുന്ന സ്ഥലത്തുചെന്നു. പതിനായിരം രൂപ വാങ്ങി അവന്‍റെ കയ്യില്‍ കൊടുത്തു.
"ദേ രണ്ടു മാസത്തെ ശമ്പളം. നിനക്ക് ഇനി ഇവിടെ പണിയില്ല."
അവന്‍ എന്തോ പറയാന്‍ തുനിഞ്ഞു.

"പോ പുറത്തേക്ക്" എന്ന് ശങ്കരന്‍പിള്ള അവന്‍റെ നേരെ ആക്രോശിച്ചു. ഭയന്നുപോയ അവന്‍ വേഗം സ്ഥലംവിട്ടു.
താന്‍ വലിയ കടുംപിടുത്തക്കാരനും ദേഷ്യക്കാരനും ആണെന്നു മറ്റുള്ളവര്‍ അറിഞ്ഞല്ലോ എന്ന ഗമയോടെ ഒരു ജോലിക്കാരനെ വിളിച്ചു ചോദിച്ചു "ഇപ്പോള്‍ എന്തു മനസ്സിലായി".

"പിസ്സാ കൊണ്ടുത്തരാന്‍ വന്നവനുപോലും നിങ്ങള്‍ വിചാരിച്ചാല്‍ കനത്ത ടിപ്പുകിട്ടും എന്നു മനസ്സിലായി."
ക്ഷോഭിച്ചിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള കുഴപ്പം പിടിച്ച തീരുമാനങ്ങള്‍ അറിയാതെ എടുത്തുപോകും.
അതുകൊണ്ട് കോപം നിയന്ത്രിക്കണം എന്നു ഞാന്‍ പറഞ്ഞു എന്ന് കരുതേണ്ട.
നിങ്ങള്‍ കോപം ഒരിടത്തു നിയന്ത്രിച്ചാല്‍ മറ്റൊരിടത്തു പൊട്ടിത്തെറിക്കും. ഓഫീസില്‍ കാട്ടാന്‍ പറ്റാത്ത ക്ഷോഭം ഭാര്യയോടോ മക്കളോടോ കാട്ടിത്തീര്‍ക്കും. അവിടെയും കാട്ടാന്‍ പറ്റാതെവന്നാല്‍ ഉള്ളില്‍ അടക്കുന്ന കോപംകൊണ്ടു ഹൃദയം തന്നെ തകര്‍ന്നുപോകാം. അല്ലെങ്കില്‍ ഭ്രാന്തു പിടിക്കാം. അതാണ് അമര്‍ത്തിവയ്ക്കപ്പെട്ട ക്ഷോഭത്തിന്‍റെ ഫലം.

സാധാരണഗതിയില്‍ കോപം കൊണ്ടു പ്രവര്‍ത്തനത്തിനു തീവ്രത ഏറും എന്ന് ചെറുപ്പക്കാര്‍ വിശ്വസിക്കുന്നുണ്ട്. സത്യത്തില്‍ സ്വയം നശിക്കാന്‍ നിങ്ങള്‍തന്നെ സ്ഥാപിക്കുന്ന അടിസ്ഥാനശീലമാണ് കോപം.

സാധാരണഗതിയില്‍ കോപം കൊണ്ടു പ്രവര്‍ത്തനത്തിനു തീവ്രത ഏറും എന്ന് ചെറുപ്പക്കാര്‍ വിശ്വസിക്കുന്നുണ്ട്. സത്യത്തില്‍ സ്വയം നശിക്കാന്‍ നിങ്ങള്‍തന്നെ സ്ഥാപിക്കുന്ന അടിസ്ഥാനശീലമാണ് കോപം.
എന്തുകാരണത്തിനുവേണ്ടിയാണോ നിങ്ങള്‍ ക്ഷോഭിച്ചത് ആ കാര്യത്തിന്‍റെ ഘടന തന്നെ കോപം കൊണ്ട് ചിതറിപ്പോവുന്നു. കോപം നിങ്ങളുടെ അരുമയായ വളര്‍ത്തുനായൊന്നുമല്ലല്ലോ നിയന്ത്രിച്ചു കൂടെനിറുത്താന്‍. തുരത്തി ഓടിക്കേണ്ട ഒന്നാണ് കോപം.

ശങ്കരന്‍പിള്ള ഒരിക്കല്‍, ഇറക്കുമതി ചെയ്യപ്പെട്ട ഒരു കാപ്പിയന്ത്രവുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോള്‍ ആ വീട്ടിലെ വേലക്കാരിവന്നു. ഈ പോരാട്ടം അവര്‍ ശ്രദ്ധിച്ചു. "ഈ മിഷ്യന്‍ ഫിറ്റു ചെയ്യേണ്ടത് എങ്ങനെയെന്ന് ഫ്രഞ്ചുഭാഷയിലാണ് അച്ചടിച്ചിരിക്കുന്നത്. അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നപോലെ ഫിറ്റുചെയ്തിട്ടും ശരിയാകുന്നില്ല. ഈ മിഷ്യന് എന്തോ തകരാറുണ്ടെന്നു തോന്നുന്നു" ശങ്കരന്‍പിള്ള പറഞ്ഞു.

ജോലിക്കാരി സ്ത്രീ മിഷ്യനടുത്തുവന്നു. ഒറ്റയടിക്ക് അതിന്‍റെ ഭാഗങ്ങള്‍ ഘടിപ്പിച്ച് എല്ലാം ശരിയാക്കി."'എങ്ങനെ?" അത്ഭുതത്തോടെ ശങ്കരന്‍പിള്ള ചോദിച്ചു.

"എനിക്ക് എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ടുതന്നെ കുഴപ്പമില്ലാതെ ഘടിപ്പിക്കാന്‍ കഴിഞ്ഞു." നിങ്ങള്‍ വലിയ ഒരാളാണ് എന്നു സ്വയം ഊതിവീര്‍പ്പിച്ചു കാണാതെ, സ്വന്തം ചിന്തകളാണ് ശരി എന്നു കരുതാതെ, അഹങ്കാരമില്ലാതെ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഏതു പ്രശ്നമാണു നിങ്ങളെ തളയ്ക്കുക?
പ്രശ്നങ്ങളുടെയെല്ലാം ഉറവിടം നിങ്ങളുടെ കുടുംബമോ, ഓഫീസോ ഒന്നുമല്ല. നിങ്ങളുടെ മനസ്സാണ്.