മനഃസമാധാനമുള്ള മനുഷ്യരെ വാര്‍ത്തെടുക്കണം

ഈ ഭൂമിയില്‍ ഒരു കാലത്തും മനുഷ്യര്‍ സമാധാനത്തോടെ ജീവിച്ചിട്ടില്ല. ഭക്ഷണത്തിനും സമ്പത്തിനും വേണ്ടി, മതവിശ്വാസങ്ങള്‍ക്കും രാജ്യാതിര്‍ത്തികള്‍ക്കും വേണ്ടി അവര്‍ എക്കാലവും പോരടിച്ചുകൊണ്ടിരിക്കുകയായിരുന്നു
 
 

सद्गुरु

വ്യക്തിപരമായ നിലയില്‍ നമ്മളില്‍ നല്ല മാറ്റങ്ങളുണ്ടാവണം. അത് നേടാനാവാത്തിടത്തോളം കാലം ലോകസമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളും വെറുതേ നേരമ്പോക്കു മാത്രമായിരിക്കും

 

സദ്‌ഗുരു : എല്ലാതരത്തിലുമുള്ള കഴിവുകളും, സാദ്ധ്യതകളും, സൗകര്യങ്ങളും സഹജമായി സിദ്ധിച്ചിട്ടുള്ളവരാണ് മനുഷ്യര്‍. ഭൂമിയില്‍ ഏറ്റവുമധികം സ്വസ്ഥത അനുഭവിക്കുന്നവരും ന്യായമായും മനുഷ്യരായിരിക്കണമല്ലൊ. എന്നാല്‍ ചരിത്രത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ കാണാം, ഈ ഭൂമിയില്‍ ഒരു കാലത്തും മനുഷ്യര്‍ സമാധാനത്തോടെ ജീവിച്ചിട്ടില്ല. ഭക്ഷണത്തിനും സമ്പത്തിനും വേണ്ടി, മതവിശ്വാസങ്ങള്‍ക്കും രാജ്യാതിര്‍ത്തികള്‍ക്കും വേണ്ടി അവര്‍ എക്കാലവും പോരടിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുദ്ധത്തിന് കാരണങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന മനുഷ്യനെയാണ് നമ്മള്‍ എപ്പോഴും കാണുന്നത്. ഇപ്പോഴുമതെ, ഒരു പ്രശ്നം പരിഹരിക്കുമ്പോഴേക്കും ഒരായിരം പ്രശ്നങ്ങള്‍ പുതിയതായി പൊന്തിവരുന്നു.

യുദ്ധത്തിന് കാരണങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന മനുഷ്യനെയാണ് നമ്മള്‍ എപ്പോഴും കാണുന്നത്
വ്യക്തിപരമായ നിലയില്‍ നമ്മളില്‍ നല്ല മാറ്റങ്ങളുണ്ടാവണം. അതില്ലാതെ ലോകത്തിന്‍റെ അവസ്ഥ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് വെറുതെയാണ്. അത് നേടാനാവാത്തിടത്തോളം കാലം ലോകസമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളും വെറുതേ നേരമ്പോക്കു മാത്രമായിരിക്കും.
ആദ്യം പരിഹരിക്കേണ്ടത് വ്യക്തിപരമായ പ്രശ്നങ്ങളാണ്. വ്യക്തിമനസ്സിലെ പ്രശ്നങ്ങളാണ് ലോകപ്രശ്നങ്ങളായി രൂപാന്തരം പ്രാപിക്കുന്നത്

ലോകമെന്നാല്‍ വെറുമൊരു ഭൂപടമല്ല, ലോകമെന്നാല്‍ അതില്‍ അധിവസിക്കുന്ന ജനങ്ങളാണ്

വ്യക്തിപരമായ നല്ല മാറ്റങ്ങള്‍ക്കായി നമ്മള്‍ ശ്രമിക്കാത്തിടത്തോളം കാലം, ഒരു വ്യക്തിക്ക് സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താത്തിടത്തോളം കാലം ലോകസമാധാനത്തിനുവേണ്ടി നമ്മള്‍ എന്തുതന്നെ ചെയ്താലും അത് വെറും പ്രഹസനം മാത്രമായിരിക്കും. ആദ്യം പരിഹരിക്കേണ്ടത് വ്യക്തിപരമായ പ്രശ്നങ്ങളാണ്. വ്യക്തിമനസ്സിലെ പ്രശ്നങ്ങളാണ് ലോകപ്രശ്നങ്ങളായി രൂപാന്തരം പ്രാപിക്കുന്നത്. വര്‍ത്തമാനകാല ലോകത്തിന്‍റെ സ്ഥിതി പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാനാവും, അടുത്ത കാലത്തൊന്നും ലോകസമാധാനം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ പോകുന്നില്ല എന്ന്. കാരണം, ആ നിലയ്ക്കാണ് നമ്മള്‍ അതിന്‍റെ അടിത്തറ പാകിക്കൊണ്ടിരിക്കുന്നത്. അതിന് പല വശങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, സാമ്പത്തിക ശേഷിയെ ജീവിതത്തിന്‍റെ ഏറ്റവും വിലയേറിയ ഘടകമായി കാണുന്നു എന്നതാണ്.
ഇന്നത്തെ ലോകത്തില്‍ സ്നേഹത്തിനും, സന്തോഷത്തിനും, സ്വാതന്ത്ര്യത്തിനും, സാഹിത്യത്തിനും, കലകള്‍ക്കും ഒന്നിനും പ്രാധാന്യമില്ല, സാമ്പത്തികശേഷി മാത്രമാണ് എന്തിനും ഏതിനും മാനദണ്ഡമാകുന്നത്. ജീവിതത്തില്‍ പ്രഥമ സ്ഥാനം പണത്തിന് എന്നാകുമ്പോള്‍ യുദ്ധങ്ങള്‍ അനിവാര്യമായിത്തീരുന്നു. ഭൂമിയിലെ പ്രകൃതിവിഭവങ്ങള്‍ക്ക് പരിധിയുണ്ട്, ജീവിതത്തെ നയിക്കുന്നതാകട്ടെ സാമ്പത്തികശേഷിയും. അപ്പോള്‍ യുദ്ധം ഒഴിച്ചുകൂടാനാവാത്ത അവസ്ഥയായിത്തീരുന്നു, സമാധാനം കാണാക്കനിയും.

"ലോകസമാധാനം" വമ്പിച്ച ഒരു പ്രസ്താവനയോ മഹത്തായ ഒരു മുദ്രാവാക്യമൊ ആക്കിയതുകൊണ്ട് എന്തു നേട്ടം? മനഃസമാധാനമുള്ള മനുഷ്യരെ വാര്‍ത്തെടുക്കണം. അതിനുവേണ്ടി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം. സാമ്പത്തികശേഷി വര്‍ദ്ധിപ്പിക്കാനുള്ള പ്രയത്നം ഇന്നത്തെ ലോകത്തെയാകെ ഒരു പടക്കളമാക്കിതീര്‍ത്തിരിക്കുന്നു. എങ്ങും എവിടേയും അക്രമം മാത്രം. നമ്മുടെ ജീവിതം തന്നെ അക്രമം നിറഞ്ഞതായിരിക്കുന്നു. അതേ വികാരം, കലകളിലും സാഹിത്യത്തിലും സംസ്കാരത്തിലും പ്രതിഫലിച്ചു നില്‍ക്കുന്നു. നമ്മുടെ ജീവിതശൈലിയും, എന്തിന്, ഓരോ ചലനവും അക്രമാസക്തമായിരിക്കുന്നു. മനസ്സുകളില്‍നിന്ന് കുടുംബങ്ങളില്‍നിന്ന് അക്രമം തെരുവുകളിലേക്കു ചിതറി വീഴുന്നു.

സ്വന്തം മനസ്സിലേക്കു നോക്കൂ. തൊട്ടടുത്തിരിക്കുന്നയാളെ സഹിക്കാന്‍ വയ്യ എന്ന തോന്നല്‍ ഓരോ ദിവസവും എത്ര തവണ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. കുറെ നേരം നിങ്ങള്‍ ക്ഷമിക്കും. പിന്നെ അതൊരു പൊട്ടിത്തെറിയായി മാറും. തല്‍ക്കാലം ലോകം സ്ഥിതിചെയ്യുന്നത് വളരെ അപകടകരമായ ഒരടിത്തറയിലാണ്. അവനവന്‍റെ മനസ്സിനകത്തുപോലും ജനം സമാധാനം എന്തെന്നറിയുന്നില്ല. അങ്ങനെയിരിക്കെ സമൂഹവും ലോകവും സമാധാനമായിരിക്കുമെന്ന് എങ്ങനെ ആശിക്കാന്‍? ആദ്യം ചെയ്യേണ്ടത് അടിത്തറ പൊളിച്ചു പണിയുകയാണ്. അതിനു നമ്മള്‍ തയ്യാറാവാത്തിടത്തോളം കാലം, ലോകസമാധാനം ഒരു കിട്ടാക്കനി മാത്രമായിരിക്കും.

മുദ്രാവാക്യങ്ങളിലൂടേയും പ്രസ്താവനകളിലൂടേയും ലോകസമാധാനമുണ്ടാവാന്‍ പോകുന്നില്ല. സമാധാനമുള്ള മനുഷ്യരിലൂടെ വേണം സമാധാനമുള്ള ലോകം സൃഷ്ടിക്കാന്‍

മുദ്രാവാക്യങ്ങളിലൂടേയും പ്രസ്താവനകളിലൂടേയും ലോകസമാധാനമുണ്ടാവാന്‍ പോകുന്നില്ല. സമാധാനമുള്ള മനുഷ്യരിലൂടെ വേണം സമാധാനമുള്ള ലോകം സൃഷ്ടിക്കാന്‍. സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും സമാധാനമുള്ള വ്യക്തികളെ രൂപപ്പെടുത്താനുള്ള ശ്രമം നടക്കണം. പ്രത്യേകിച്ചും നേതാക്കന്‍മാരും, ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരും സമാധാനപൂര്‍വം പ്രവര്‍ത്തിക്കണം. കൃഷിയോ കച്ചവടമോ കലയോ ആതുര ശുശ്രൂഷയോ എന്തുമാകട്ടെ....എവിടേയും അന്തരീക്ഷം ശാന്തമായിരിക്കണം. മനസ്സു സംഘര്‍ഷരഹിതമാകുമ്പോഴേ സ്വയം ഒരു പൂര്‍ണത അനുഭവിക്കാനാവൂ. അങ്ങനെയുള്ള നേതാക്കന്മാരുണ്ടാകുമ്പോള്‍ സ്വാഭാവികമായും ശാന്തിയും സമാധാനവും സമൂഹത്തിലേക്കു പടര്‍ന്നുചെല്ലും. സമാധാനം എന്നാല്‍ പോരാട്ടങ്ങള്‍ ഒഴിവാക്കലല്ല, അങ്ങനെയൊരു ചിന്തയേ കടന്നുവരാത്തവിധം മനസ്സിനെ സുഭദ്രമാക്കുക എന്നാണ്.

 
 
  0 Comments
 
 
Login / to join the conversation1