सद्गुरु

സദ്ഗുരുവും, പ്രസിദ്ധ പരസ്യ ഗുരുവായ പീയൂഷ് പാണ്ഡയുമായി നടന്ന സംഭാഷണത്തിന്റെ ചില ഭാഗങ്ങള്‍:

പീയൂഷ് : തന്റെ മക്കള്‍ മറ്റുള്ളവരുടെ മക്കളേക്കാള്‍ മുമ്പില്‍ വരണമെന്നാണ് എല്ലാവരുടേയും മോഹം. ലോകത്തിലുള്ള എല്ലാ വിഭാഗത്തില്‍പെട്ട ആളുകളും മോഹിക്കുന്നത് ഇങ്ങനെത്തന്നെയാണ്. കുട്ടികള്‍ക്ക് എല്ലാ കാര്യത്തിലും സമചിത്തത പാലിക്കാന്‍ കഴിയണം, അനുഭവങ്ങള്‍ അവരുടെ മനസ്സിനെ വല്ലാതെ ഉലയ്ക്കാന്‍ ഇടവരരുത് - ഈ വിഷയങ്ങളില്‍ അങ്ങേക്ക് മാതാപിതാക്കള്‍ക്കായി എന്ത് നിര്‍ദ്ദേശമാണ് നല്‍കാനാവുക?

സദ്ഗുരു : ഇന്ത്യയില്‍ എല്ലായിടത്തും ഇതാണ് സ്ഥിതി - മാതാപിതാക്കള്‍ മക്കളില്‍ കുറെയധികം സമ്മര്‍ദ്ദം ചെലുത്തുന്നു, പഠിത്തത്തില്‍ മികവു പുലര്‍ത്താനായി വല്ലാതെ തള്ളുന്നു. എല്ലായിടത്തും മത്സരമാണ്. സാമാന്യത്തിലധികം മികവു പുലര്‍ത്തിയാലേ പിടിച്ചുനില്‍ക്കാനാവൂ. ഏതാനും ചുരുക്കം ചില കുടുംബങ്ങളില്‍ സ്ഥിതി വ്യത്യാസമായിരിക്കും. ഭൂരിപക്ഷം കുംടുംബങ്ങളിലും അച്ഛനമ്മമാര്‍ പറയുന്നത് ഇപ്പോഴും ഇങ്ങനെയാണ് "എഞ്ചിനീയറിംഗിനോ, മെഡിസിനോ ചേരണം അല്ലെങ്കില്‍ IITയിലോ IASലോ കടന്നുകൂടണം.” എന്നാലേ മക്കളുടെ ഭാവി സുരക്ഷിതമാവൂ എന്നാണ് അച്ഛനമ്മമാരുടെ വിശ്വാസം. നിലനില്‍പ്പിന്റെ പ്രശ്നമാണ്, നിര്‍ബന്ധം പിടിച്ചേ പറ്റൂ. നിലനില്‍ക്കണമെങ്കില്‍ അതിന്റേതായ ശാസനകളും നിബന്ധനകളും അനുസരിച്ചേ പറ്റൂ. എന്തുചെയ്യണം, ചെയ്യാതിരിക്കണം എന്നതും അതിന്റെ നിശ്ചയമാണ്. എന്നാല്‍ അതിന്റെ പരിധിക്ക് പുറത്ത് കടന്നുകഴിഞ്ഞാല്‍, സ്വന്തം കാര്യങ്ങള്‍ സ്വയം തീരുമാനിക്കാനുള്ള കരുത്ത് കാണിക്കണം. വീണ്ടും നിബന്ധനകള്‍ക്ക് - ഏതു തലത്തിലുള്ളതായാലും - വിധേയമാവുക തീര്‍ച്ചയായും വിവരമില്ലായ്മയാണ്. മത്സരത്തിന്റെ പിടിയില്‍നിന്നും വിട്ടുപോന്നൂ എന്നിരിക്കേ ആരേയും അനുകരിക്കേണ്ട കാര്യമില്ല. എല്ലാവരും ചേര്‍ന്നുള്ള ഒരു തീരുമാനവും ആവശ്യമായി വരുന്നില്ല. അവനവന്റെ ഇഷ്ടംപോലെ വളരാനും വികസിക്കാനും ഉള്ള സമയമാണിത്. ജീവിതത്തിന്റെ സന്ദേശം തന്നെ അതാണ്‌. ഓരോ വ്യക്തിയും അവനവനിലെ സാദ്ധ്യതകളെ പൂര്‍ണമായും സഫലീകരിക്കണം. അതിന് നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം പരാജയമാവില്ല, മനുഷ്യ സമുദായത്തിന്റെ മുഴുവനും നഷ്ടമായിരിക്കും. സ്വയം തോറ്റ് പിന്മാറി, മറ്റുള്ളവരുടെകൂടി വഴി മുടക്കുകയായിരിക്കും നിങ്ങള്‍ ചെയ്യുന്നത്.


നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ആ രീതിയിലുള്ളതാണ്‌. വലിയ ഒരു യന്ത്രത്തിന്റെ ചെറിയൊരു കണ്ണിയാകാനാണ് അത് നിങ്ങളെ പാകപ്പെടുത്തുന്നത്.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ആ രീതിയിലുള്ളതാണ്‌. വലിയ ഒരു യന്ത്രത്തിന്റെ ചെറിയൊരു കണ്ണിയാകാനാണ് അത് നിങ്ങളെ പാകപ്പെടുത്തുന്നത്. ആ മേഖല വ്യവസായമോ വാണിജ്യമോ ഭരണ സംവിധാനമോ ആകാം. വലിയ ഒരു യന്തത്തിന്റെ ചെറിയൊരു കണ്ണിയായി മനുഷ്യനെ മാറ്റുക. സമൂഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു പക്ഷെ അത് സഹായിച്ചേക്കും. എന്നാല്‍ ആ കാര്യം സാധിച്ചു കഴിഞ്ഞാല്‍, പിന്നേയും ഒരു കണ്ണിയായി തുടരേണ്ടതില്ല. പക്ഷെ നമ്മള്‍ ഇപ്പോഴും ചെയ്യുന്നത് അതുതന്നെയാണ് - ഒരു യന്ത്രത്തില്‍ നിന്നും മാറി വേറൊരു യന്ത്രത്തിന്റെ കണ്ണിയായി ജീവിതം അതേ മട്ടില്‍ തുടരുന്നു.

ഒന്നാമതായി നിങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം നിങ്ങളുടെ മക്കള്‍ നിങ്ങളുടേതല്ല എന്നാണ്. അവര്‍ നിങ്ങളില്‍നിന്നും വന്നവരല്ല, നിങ്ങളിലൂടെ വന്നവര്‍ മാത്രമാണ്. നിങ്ങള്‍ ഒരു ഉപാധി മാത്രമാണ്. അത് ഒരനുഗ്രഹമായി കാണുകയും വേണം...മറ്റൊരു ജീവന് ഈ ഭൂമിയിലേക്ക് പ്രവേശിക്കാന്‍ നിങ്ങള്‍ വഴിയൊരുക്കി കൊടുത്തിരിക്കുകയാണ്. അതിന്മേല്‍ നിങ്ങള്‍ക്ക് ഉടമാസ്ഥാവകാശമേതുമില്ല. നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ സ്വത്തല്ല. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ സ്വത്താകുന്നത് എങ്ങനെയാണ്? നിങ്ങളുടെ സഫലമാകാനാവാത്ത മോഹങ്ങള്‍ മക്കളിലൂടെ സഫലമാക്കാം എന്ന ധാരണയും തെറ്റാണ്. കുട്ടി ജനിക്കുമ്പോഴേക്കുംതന്നെ ചില അച്ഛനമ്മമാര്‍ അവനെ പഠിപ്പിക്കാന്‍ തുടങ്ങും. ഞാന്‍ ചെറിയൊരു ചോദ്യം ചോദിക്കട്ടെ? നിങ്ങളുടെ കുഞ്ഞിനു പത്ത് വയസ്സില്‍ താഴെയാണ് പ്രായം. ആരാണ് കൂടുതല്‍ സന്തോഷവാന്‍ - അവനോ നിങ്ങളോ? നിശ്ചയമായും കുട്ടി തന്നെയായിരിക്കും കൂടുതല്‍ സന്തോഷവാന്‍. അതാണ്‌ വാസ്തവമെന്നിരിക്ക ഉപദേഷ്ടാവിന്റെ സ്ഥാനത്തിരിക്കേണ്ടത് ആരാണ് - എപ്പോഴും ചിരിച്ചും കളിച്ചും സന്തോഷവാനായിരിക്കുന്ന മകനോ അതോ എപ്പോഴും ആവലാതി പറഞ്ഞും, അതൃപ്തി പ്രകടിപ്പിച്ചും പിറുപിറുത്ത് കഴിയുന്ന അച്ഛനോ?

വളര്‍ന്നു വലുതായി കഴിഞ്ഞാല്‍ എന്ത് സംഭവിക്കുന്നു എന്നറിഞ്ഞുകൂട. ആഴ്ച്ചയിലൊരിക്കലേ മുതിര്‍ന്നവര്‍ ചിരിച്ചു കാണൂ. മദ്യപിച്ചു ലക്കുകെട്ടാല്‍ മാത്രമേ സ്വാഭാവീകമായി ചിരിക്കൂ എന്ന സ്ഥിതി. മനസ്സുതുറന്ന്‍ സന്തോഷത്തോടെ ആരെങ്കിലും ചിരിക്കുന്നത് കേള്‍ക്കുക ഒരപൂര്‍വ്വ സംഭവമായിരിക്കുന്നു. എന്നാല്‍ ഒരു കുഞ്ഞ് സമീപത്തുണ്ടെങ്കില്‍ നിങ്ങള്‍ എല്ലാം മറന്ന് ചിരിക്കുന്നു, അവനോടൊപ്പം ആനയും കുരങ്ങുമാകുന്നു, കട്ടിലിനടിയിലേക്ക് നുഴഞ്ഞു കയറുന്നു. സാധാരണ രീതിയില്‍ ചെയ്യാത്ത പല കാര്യങ്ങളും നിങ്ങള്‍ കുട്ടിക്കുവേണ്ടി ചെയ്യുന്നു. അവന്‍ നിങ്ങളുടെ മുമ്പില്‍ ആനന്ദത്തിന്റെ ഒരു നിറകുടമാണ്‌. അത് നിങ്ങള്‍ക്ക് ലഭിച്ച ഒരു ദൈവാനുഗ്രഹമാണ്. അവന്റെ ജീവിതത്തെ നിങ്ങളുടെ ഇച്ഛക്കൊത്ത് വളച്ചും ഒടിച്ചും രൂപപ്പെടുത്തേണ്ട കാര്യമില്ല. അവന്‍ നിങ്ങളെപ്പോലെ വളരണമെന്നോ, ഒരിക്കലും അങ്ങനെ വേണ്ട എന്നോ നിര്‍ബന്ധം പിടിക്കേണ്ട. നിങ്ങളുടെ ചുമതല, എല്ലാ അഹിതങ്ങളില്‍ നിന്നും അവനെ പരമാവധി രക്ഷിക്കുക എന്നത് മാത്രമാണ്. അവനുവേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സേവനവും അതുതന്നെയാണ്.


നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ സ്വത്തല്ല. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ സ്വത്താകുന്നത് എങ്ങനെയാണ്? നിങ്ങളുടെ സഫലമാകാനാവാത്ത മോഹങ്ങള്‍ മക്കളിലൂടെ സഫലമാക്കാം എന്ന ധാരണയും തെറ്റാണ്.

ആളുകള്‍ എപ്പോഴും എന്നോട് ചോദിക്കാറുണ്ട്: “സദ്‌ഗുരോ അങ്ങ് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്. ഇതെല്ലാം എങ്ങനെ സാധിക്കുന്നു?”

ഉത്തരം ഇതാണ്: ഞാന്‍ പഠിക്കാത്തവനായി വളര്‍ന്നു, അതൊട്ടും എളുപ്പമായിരുന്നില്ല. പിറന്നു വീഴുന്ന നിമിഷം മുതല്‍ മാതാപിതാക്കളടക്കം, ചുറ്റുമുള്ളവരെല്ലാം എപ്പോഴും എന്തെങ്കിലും നമ്മെ പഠിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. ആ പാഠങ്ങള്‍കൊണ്ട് അവര്‍ക്ക് വിശേഷിച്ച് പ്രയോജനമൊന്നും ഉണ്ടായിട്ടില്ല എന്നത് വേറെ കാര്യം. ഈശ്വരന്‍ എവിടെയാണ്, അദ്ദേഹത്തിന്റെ മകളുടെ പേരെന്താണ്, ഈശ്വരന്റെ ജന്മദിനം എന്നാണ് - മുതിര്‍ന്നവരുടെ വിചാരം അവര്‍ക്ക് ഇതെല്ലാം അറിയാമെന്നാണ്. എന്നാല്‍ അവനവനെപ്പറ്റി എന്തെങ്കിലും അറിയുമോ? അതൊട്ടില്ല താനും. കുട്ടികളെ അവരുടെ പാട്ടിനു വിടുകയാണ് വേണ്ടത്. ജന്മനാ ഉള്ള ബുദ്ധി താനേ വളര്‍ന്നു വികസിക്കട്ടെ. നമ്മുടെ അഭിപ്രായങ്ങളും, തുച്ഛമായ അറിവുകളും, മുന്‍വിധികളും ഒന്നും അവരുടെ മേല്‍ കെട്ടി വെക്കേണ്ടതില്ല. അവര്‍ക്ക് പഠിക്കാനുള്ളത് അവര്‍ താനേ പഠിച്ചുകൊള്ളും. നിങ്ങളുടെ ഇടപെടല്‍ അവര്‍ക്കാവശ്യമില്ല. സ്വയം അറിയാനും, പഠിക്കാനുമുള്ള അവസരം അവര്‍ക്ക് നല്‍കുക, അത്രയേ വേണ്ടൂ.