ധ്യാനലിംഗം... ആ മഹത്വം എന്നും തുടരും
തുറന്ന മനസ്സോടുകൂടി ധ്യാനലിംഗത്തിനരികില്‍ ഇരിക്കുകയാണെങ്കില്‍ ധ്യാനലിംഗം വെറും ശിലാരൂപത്തിലുള്ള ഒരു പ്രതീകം അല്ല, എല്ലാ വിധത്തിലും ജീവസ്സുറ്റ ഒരു രൂപമായിമാറി നിങ്ങളുടെ അന്തരംഗത്തിലേക്ക് നുഴഞ്ഞുകയറുന്നത്‌ നിങ്ങള്‍ മനസ്സിലാക്കും
 
 

सद्गुरु

ധ്യാനലിംഗ പ്രതിഷ്‌ഠ മനുഷ്യന്‍റെ ഏഴു ചക്രങ്ങളെ ഉണര്‍ത്തി ആത്മസ്വാതന്ത്ര്യത്തിലേക്കു നയിക്കാന്‍ വേണ്ടിയാണ്‌.

Mother

ധ്യാനലിംഗ ഗര്‍ഭഗൃഹത്തില്‍ നിന്നും ബ്രഹ്മചാരികള്‍ സദ്‌ഗുരുവിനെ എടുത്തുകൊണ്ടു പോകുന്നതുകണ്ട് അനുയായികള്‍ ഭയപ്പെട്ടു പോയി. "ഞാന്‍ എന്‍റെ നന്ദി രേഖപ്പെടുത്തുന്നു. എന്‍റെ അനുഗ്രഹം ഇപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതാണ്‌. എന്‍റെ അനാരോഗ്യം കുറച്ചു നാളുകള്‍ക്കു മാത്രമായിരിക്കും” എന്നു പറയുന്ന ഒരു പത്രിക. വായിച്ചു കേട്ടശേഷം അനുയായികള്‍ സമാധാനമായിപിരിഞ്ഞു.

മുമ്പേ തീരുമാനിച്ചതനുസരിച്ച്‌ പൂര്‍ണ ശക്തിനില ലഭിച്ച ധ്യാനലിംഗത്തില്‍ 1500 ആളുകള്‍ ചെമ്പു പാത്രങ്ങളില്‍ ശേഖരിച്ച ജലം കൊണ്ട്‌ അഭിഷേകം ചെയ്‌തു. അടുത്തദിവസം 12 മണിയായപ്പോള്‍ മഹാമന്ത്ര ഉച്ചാരണങ്ങളോടെ സാധകരുടെ ധ്യാനം ആരംഭിച്ചു. മൂന്നു ദിവസങ്ങള്‍ നീണ്ടുനിന്ന ധ്യാനയജ്ഞം അവസാനിച്ചപ്പോള്‍ `സദ്‌ഗുരു വീണ്ടും വരുന്നു’ എന്ന വാര്‍ത്തയറിഞ്ഞ്‌ എല്ലാവരും ആകാംക്ഷയോടെ കാത്തുനിന്നു. വളരെ ഗാംഭീര്യത്തോടുകൂടി നടന്നുവന്ന അദ്ദേഹം ഗുരുപൂജക്കു ശേഷം സംസാരിക്കാന്‍ തുടങ്ങി.

“ധ്യാനലിംഗ ക്ഷേത്രത്തിനകത്ത്‌, അതായത്‌ അതിന്‍റെ ശക്തിവലയത്തിനുള്ളില്‍ വരുന്നവര്‍ക്ക്‌, അവര്‍ക്ക്‌ താല്‍പര്യമുണ്ടെങ്കില്‍ ജീവിതത്തിന്‍റെ പരിപൂര്‍ണതയെയും ആഴത്തെയും മനസ്സിലാക്കാനുള്ള കഴിവ്‌ ധ്യാനലിംഗം നല്‍കുന്നതായിരിക്കും. അതുകൊണ്ടാണ്‌ ധ്യാനലിംഗം ഒരു വിസ്‌മയമയമാണെന്നു ഞാന്‍ പറയുന്നത്‌. ജീവിതത്തിന്‍റെ സൌന്ദര്യത്തെയും ഗാംഭീര്യത്തെയും ആസ്വദിക്കാന്‍ നാം നമ്മെത്തന്നെ അനുവദിക്കേണ്ടതാണ്‌. അല്ലാതെ നമ്മുടെ അവസ്ഥയില്‍ നിന്നുകൊണ്ട്‌, മനസ്സിലാക്കാനുള്ള കഴിവനുസരിച്ച്‌ എന്തു ചെയ്‌താലും അത്‌ അപക്വമായ പ്രവൃത്തിയായിരിക്കും."

"ധ്യാനലിംഗത്തെ ലോകത്തിനു സമര്‍പിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നുവോ ആനന്ദിക്കുന്നുവോ എന്നൊന്നും എനിക്കു പറയാന്‍ സാധിക്കില്ല. ഏതു വാക്കുപയോഗിക്കണമെന്ന്‍ എനിക്കറിയില്ല. എന്തു തന്നെയായാലും അതു സംഭവിച്ച ശേഷം ഞാന്‍ സ്വതന്ത്രനായിരിക്കുന്നു. അതു സംഭവിക്കണമെന്നുള്ളത്‌ എന്‍റെ ആഗ്രഹമല്ല. എന്‍റെ ഗുരുവിന്‍റെ ആഗ്രഹമാണ്‌. മൂന്നു ജന്മങ്ങളിലായി പലരുടേയും സ്‌നേഹാദരങ്ങളോടു കൂടി, ഗുരുവിന്‍റെ മഹാകരുണയോടു കൂടി, അതു സംഭവിച്ചിരിക്കുന്നു, ഇന്ന്‍ ഞാന്‍ ശൂന്യതയിലാണെന്നു തോന്നുന്നു. ഞാന്‍ തൃപ്‌തനാണെന്നോ സന്തോഷവാനാണെന്നോ എനിക്കു പറയാന്‍ പറ്റുന്നില്ല. ഒരു ശൂന്യതയാണു ഞാന്‍ മുന്നില്‍ കാണുന്നത്‌, കാരണം എന്‍റെ ജീവിതലക്ഷ്യം കണ്ടുകഴിഞ്ഞിരിക്കുന്നു.”

ഒരു ശൂന്യതയാണു ഞാന്‍ മുന്നില്‍ കാണുന്നത്‌, കാരണം എന്‍റെ ജീവിതലക്ഷ്യം കണ്ടുകഴിഞ്ഞിരിക്കുന്നു

ആത്മസ്വാതന്ത്ര്യത്തിനുള്ള ഒരു വിത്തുപാകിയ ധ്യാനലിംഗ പ്രതിഷ്‌ഠയെക്കുറിച്ച്‌ ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നു. അപ്പോഴൊക്കെ, “ധ്യാനലിംഗ പ്രതിഷ്‌ഠയുടെ പ്രാധാന്യം ഇനിയും രണ്ടു തലമുറകള്‍ക്ക്‌ ശേഷമായിരിക്കും അറിയപ്പെടുക. അതുവരെ ഇതുപോലെ സംവാദങ്ങളും ചോദ്യങ്ങളും ഉണ്ടായേക്കാം. യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഇനിയും സമയം വേണ്ടിവരും” എന്ന്‍ സദ്‌ഗുരു പ്രസ്‌താവിച്ചു. പലരുടേയും സംശയം `ധ്യാനലിംഗത്തെ സമീപിക്കുന്നത്‌ എങ്ങനെയാണ്‌’ എന്നായിരുന്നു. “നിങ്ങള്‍ ധ്യാനലിംഗത്തിന്‍റെ മുമ്പില്‍ വെറുതേ ഇരിക്കുക. നിങ്ങള്‍ വിശ്വസിക്കുന്നോ അവിശ്വസിക്കുന്നോ എന്നതല്ല പ്രധാനം. നിങ്ങളുടെ മുന്നില്‍ സ്വാദിഷ്‌ടമായ വിഭവങ്ങള്‍ നിരത്തിവച്ചിരിക്കുന്നു എന്നു സങ്കല്‍പിക്കുക. നിങ്ങള്‍ക്കു വിശപ്പില്ല. പക്ഷേ ആഹാരത്തോടു വെറുപ്പുമില്ല. തുറന്ന മനസ്സോടെ ഇരിക്കുക. നിങ്ങളുടെ മുന്നിലുള്ള ഭക്ഷണത്തെക്കുറിച്ച്‌ യാതൊരു മുന്‍ധാരണയും കൂടാതെ നിങ്ങള്‍ വെറുതേ നോക്കിയിരിക്കുക. അതുപോലെത്തന്നെയാണ്‌ ധ്യാനലിംഗത്തിന്‍റെ മുന്നിലും ഇരിക്കേണ്ടത്‌. തുറന്ന മനസ്സോടുകൂടി ധ്യാനലിംഗത്തിനരികില്‍ ഇരിക്കുകയാണെങ്കില്‍ ധ്യാനലിംഗം വെറും ശിലാരൂപത്തിലുള്ള ഒരു പ്രതീകം അല്ല, എല്ലാ വിധത്തിലും ജീവസ്സുറ്റ ഒരു രൂപമായിമാറി നിങ്ങളുടെ അന്തരംഗത്തിലേക്ക് നുഴഞ്ഞുകയറുന്നത്‌ നിങ്ങള്‍ മനസ്സിലാക്കും.”

"ഒരു ഗുരുവിനോടൊപ്പമിരുന്നാല്‍ മാത്രം ലഭിക്കുന്ന സന്ദര്‍ഭം ധ്യാനലിംഗം എല്ലാവര്‍ക്കും നല്‍കുന്നു. ധ്യാനലിംഗം ഒരു ഗുരുവാണെന്നു സങ്കല്‍പിക്കണമെങ്കില്‍ അതിനുള്ള സുലഭമായ വഴി അല്‍പസമയം ധ്യാനലിംഗത്തെ ശ്രദ്ധിച്ചു നോക്കിയിട്ട്‌ പിന്നീട്‌ കണ്ണടച്ച്‌ ഇരിക്കുക എന്നതാണ്‌. നിങ്ങള്‍ മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാതെ സങ്കല്‍പിക്കാതെ ഏകാഗ്രതയോടെയിരുന്നാല്‍ ശക്തിസ്വരൂപമായ ധ്യാനലിംഗത്തിന്‍റെ ശക്തി നിങ്ങളുടെ ശക്തിനിലയില്‍ വന്നു ലയിക്കും. ഇതു സംഭവിച്ചാല്‍ പിന്നീടുള്ള ജീവിതം മുഴുവനും അതു നിങ്ങള്‍ക്ക്‌ വഴികാട്ടിയായി കൂടെ വരും” എന്ന്‍ സദ്‌ഗുരു വിശദീകരിച്ചു.

മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാതെ സങ്കല്‍പിക്കാതെ ഏകാഗ്രതയോടെയിരുന്നാല്‍ ശക്തിസ്വരൂപമായ ധ്യാനലിംഗത്തിന്‍റെ ശക്തി നിങ്ങളുടെ ശക്തിനിലയില്‍ വന്നു ലയിക്കും

ധ്യാനലിംഗം ഒരു മതത്തിന്റേയും സ്വന്തമല്ല. അതിന്‍റെ മഹത്വം മനസ്സിലാക്കാന്‍ ദൈവവിശ്വാസം വേണമെന്നില്ല എന്നു പറയുന്ന സദ്‌ഗുരു ഗര്‍ഭഗൃഹത്തില്‍ ഹിന്ദുമത വിശ്വാസികളുടേതെന്നു പറയപ്പെടുന്ന ഭസ്‌മം വച്ചിരിക്കുന്നതെന്തിനാണെന്ന്‍ ഒരു ചോദ്യം പല സന്ദര്‍ഭങ്ങളിലും ഉയര്‍ന്നു വന്നിരുന്നു. “ധ്യാനലിംഗത്തിന്‍റെ ഏഴു ചക്രങ്ങളും പൂര്‍ണമായും ശക്തിയാര്‍ജിച്ചവയാണ്‌. ആ ശക്തിനില പ്രയോജനപ്പെടുത്താനുള്ള സന്ദര്‍ഭം നമുക്കു ലഭിക്കുന്നുണ്ട്‌. അതുകൊണ്ട്‌ ഇവിടെ ചടങ്ങുകള്‍ക്ക്‌ പ്രാധാന്യമില്ല. മാത്രമല്ല ചടങ്ങുകള്‍ അനുയോജ്യമായിരിക്കുകയുമില്ല. ഭസ്‌മം ഒരു ഹിന്ദുമത ചിഹ്നമായി കാണരുത്‌. ഭസ്‌മം പരമ്പരാഗതമായി ശരീരത്തിലെ ശക്തിനിലകളിലാണു തൊടുന്നത്‌ എന്നത്‌ ശ്രദ്ധിക്കുക. ഏഴു ചക്രങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലാണ്‌ ഭസ്‌മം തൊടുന്നത്‌. അത്‌ ആ ശക്തിനിലകളെ ഉണര്‍ത്താന്‍ വേണ്ടിയാണ്‌. പക്ഷേ ഭസ്‌മം ശരിയായ രീതിയില്‍ തയ്യാറാക്കിയതായിരിക്കണം. ധ്യാനലിംഗ പ്രതിഷ്‌ഠ മനുഷ്യന്‍റെ ഏഴു ചക്രങ്ങളെ ഉണര്‍ത്തി ആത്മസ്വാതന്ത്ര്യത്തിലേക്കു നയിക്കാന്‍ വേണ്ടിയാണ്‌. അതിന്‌ ഭസ്‌മം സഹായകമാകും എന്നതിനാലാണ്‌ ഭസ്‌മം സൂക്ഷിച്ചിട്ടുള്ളത്‌” എന്ന്‍ സദ്‌ഗുരു വിശദീകരിച്ചു.

മനുഷ്യപുരോഗതിക്കായിട്ടാണ്‌ ധ്യാനലിംഗ പ്രതിഷ്‌ഠ നടത്തിയതെങ്കിലും അതിന്‍റെ ശക്തിനിലകളെ ഭാവിയില്‍ തിന്മക്കായി ഉപയോഗിക്കപ്പെടാതിരിക്കാനായി നിലയത്തിനു പുറത്ത്‌ ഒരു മാന്ത്രികക്ഷേത്രം നിര്‍മിക്കാനും പദ്ധതിയുള്ളതായി സദ്‌ഗുരു അറിയിച്ചു. മനസ്സെന്ന പൂങ്കാവനത്തില്‍ ആത്മസ്വാതന്ത്ര്യത്തിനുള്ള പുഷ്‌പങ്ങള്‍ വിരിയിക്കാനായി അറിവിന്‍റെ വിത്തുകള്‍ പാകുന്ന, സദ്‌ഗുരുവിന്‍റെ ധ്യാനലിംഗത്തിന്‍റെ അളവറ്റ മഹത്വം എന്നും നിലനില്‍ക്കും.

 
 
  0 Comments
 
 
Login / to join the conversation1