സദ്ഗുരു : - സാക്ഷാല്‍ ഗണപതിയാണ് മഹാഭാരതം എഴുതി എടുത്തത്. മൂലരൂപത്തില്‍ രണ്ടുലക്ഷത്തിലധികം ശ്ലോകങ്ങള്‍. വ്യാസമഹര്‍ഷിക്ക് മഹാഭാരതം കഥ പറയണമെന്ന് ശക്തമായൊരു ഉള്‍പ്രേരണയുണ്ടായി. എന്നാല്‍ അത് എഴുതിയെടുക്കുവാന്‍ സര്‍വദാ പ്രാപ്തനായ ഒരാള്‍ വേണം. അതിന് ഗണപതിയേക്കാള്‍ യോഗ്യനായൊരാള്‍ വേറെയില്ല. ആ കാര്യത്തില്‍ വ്യാസന് സന്ദേഹമുണ്ടായിരുന്നില്ല. പക്ഷെ ഗണപതിക്ക് ആ കാര്യത്തില്‍ അത്ര രസം തോന്നിയില്ല. അതൊക്കെ പണ്ഡിതന്മാര്‍ക്കും വിദ്വാന്‍മാര്‍ക്കും യോജിച്ച പണിയാണ്. എന്നാലും സമ്മതിച്ചു, ''ഞാന്‍ എഴുതാന്‍ തുടങ്ങിയാല്‍ അങ്ങ് നിര്‍ത്താതെ പറ ഞ്ഞുകൊണ്ടിരിക്കണം. ഒരു നിമിഷനേരം പോലും ഇടയുണ്ടാവരുത്. അങ്ങു ശങ്കിച്ചു നിന്നാല്‍ ഞാന്‍ അതോടെ പണി നിര്‍ത്തി പോകും. ഞാന്‍ ഒരു വാക്ക് എഴുതുമ്പോള്‍ അടുത്ത വാക്ക് അതിന്‍റെ തൊട്ടുപുറകിലുണ്ടാവണം. എനിക്ക് ഇടവേള ലഭിക്കാത്ത വിധം അനുസ്യൂതമായി ഒഴുകണം അങ്ങയുടെ കഥാഖ്യാനം. അതിന് തയ്യാറാണോ?

''സന്തോഷം'' വ്യാസന്‍ സമ്മതിച്ചു. ''പക്ഷെ ഒന്നുണ്ട്. ഇത് ഞാന്‍ കെട്ടിച്ചമക്കുന്ന ഒരു കഥയല്ല. ഈ കഥ ജീവനോടെ എന്‍റെ ഉള്ളിലുണ്ട്. ഞാന്‍ അതിനെ പുറത്തേക്കു പ്രകാശിപ്പിക്കുന്നു എന്നു മാത്രം. അതു കൊണ്ട് അങ്ങ് ഒരു വ്യവസ്ഥ പാലിക്കണം. സ്വയം ആശയം മനസ്സിലാക്കാതെ ഒറ്റ വാക്കു പോലും എഴുതരുത്.''

നൂറുകണക്കിന് സന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍. അവരാരും തന്നെ ഇടയ്ക്കു വന്നു പോകുന്നവരല്ല. ഓരോ വ്യക്തിയുടേയും ജീവിത്തിന്‍റെ സമസ്ത വശങ്ങളും, ഭാവങ്ങളും അത്യന്തം വിശദമായി വര്‍ണ്ണിക്കുന്നുണ്ട്.

ആ വ്യവസ്ഥ വളരെ ബുദ്ധിപൂര്‍വ്വം മെനഞ്ഞെടുത്തതാണ്. രണ്ടു പേര്‍ക്കും പ്രയോജനപ്രദമായിരുന്നു അത്. രണ്ടു ലക്ഷത്തില്‍പരം ശ്ലോകങ്ങളടങ്ങിയ മഹാഭാരതകഥ വ്യാസന്‍ പറയാന്‍ തുടങ്ങി. നൂറുകണക്കിന് സന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍. അവരാരും തന്നെ ഇടയ്ക്കു വന്നു പോകുന്നവരല്ല. ഓരോ വ്യക്തിയുടേയും ജീവിത്തിന്‍റെ സമസ്ത വശങ്ങളും, ഭാവങ്ങളും അത്യന്തം വിശദമായി വര്‍ണ്ണിക്കുന്നുണ്ട്. അവരുടെ ജനനം, ബാല്യം, വിവാഹം, വാനപ്രസ്ഥകാലം, അവരനുഷ്ഠിച്ച സാധനകള്‍, അതിന്‍റെ ഫലങ്ങള്‍, അവരുടെ ജീവിതത്തിലെ സന്തോഷങ്ങളും, ക്ലേശങ്ങളും. മരണം...... അങ്ങനെയെല്ലാം. പലരുടേയും പൂര്‍വജന്മവും അനന്തര ജന്മവും കൂടി കഥയില്‍ വിഷയമായി വരുന്നു. ഗ്രീക്കു പുരാണങ്ങളായ ഒഡിസ്സിയും, ഇലിയഡും ചേര്‍ത്തു വെച്ചാല്‍ അതിലും പത്തിരട്ടി ദൈര്‍ഘ്യമുള്ളതാണ് മഹാഭാരതം.

മഹാഭാരതത്തിന്‍റെ ന്യായാന്യായങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതില്ല. അതിന്‍റെ സാരം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചു കൊണ്ട് അയ്യായിരം വര്‍ഷം മുമ്പു ജീവിച്ചിരുന്ന ജനങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്നത് മൂഢതയാണ്. അത് ഒട്ടും തന്നെ ന്യായമല്ല. ഒരു കാര്യം തീര്‍ച്ച. അവര്‍ ഇപ്പോള്‍ ഇവിടെ വന്ന് നമ്മുടെ ജീവിതത്തെ വിലയിരുത്താന്‍ ശ്രമിച്ചാല്‍..... അവര്‍ക്കു പറയാനുള്ള കാര്യങ്ങള്‍ ഏറ്റവും ഭയാനകമായിരിക്കും. ഇന്നത്തെ നമ്മുടെ സ്ഥിതി അത്രക്കും കൊള്ളരുതാത്തതാണ്. ശരിതെറ്റുകളും, നന്മതിന്മകളുമൊന്നുമല്ല വിഷയം. മനുഷ്യസ്വഭാവത്തിന്‍റെ ഉള്ളറകളിലേക്ക് മഹാഭാരതത്തില്‍ എന്ന പോലെ മറ്റെവിടേയും ആരും ഒരുകാലത്തും കടന്നുചെന്നിട്ടല്ല. ഇത് അത്യന്തം സൂക്ഷ്മമായ ഒരു അന്വേഷണ സഞ്ചാരമാണ്. അതിന്‍റെ പേരില്‍ ഒരു തീര്‍പ്പു കല്‍പ്പിക്കാന്‍ തുനിയരുത്.

മഹാഭാരതകഥ ആദ്യമായി പറഞ്ഞ വ്യാസന്‍ അതൊരു വെല്ലുവിളിയായാണ് ഏറ്റെടുത്തത്. കാരണം ആ കഥ എന്നെന്നും നിലനില്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതില്‍ പിന്നീട് ആയിരക്കണക്കിനു പേര്‍ അവരുടേതായ രീതിയില്‍ മാറ്റങ്ങളും, പുതുമകളുമായി മഹാഭാരതം കഥ എഴുതിയിട്ടുണ്ട്. പല പ്രദേശങ്ങളില്‍, പല സമുദായങ്ങളില്‍, പല സാമൂഹ്യ സ്ഥിതികളില്‍ പല പല മഹാഭാരതങ്ങള്‍. എങ്കിലും പ്രധാന കഥാതന്തുവിന് കളങ്കം സംഭവിച്ചിട്ടില്ല. ഓരോരുത്തരും തനതായ രീതിയില്‍ അതിനെ കൂടുതല്‍ സമ്പന്നമാക്കുകയാണ് ചെയ്തിട്ടുള്ളത്. കഥപറയുന്ന ഓരോ വ്യക്തിയും തന്‍റെ മുമ്പിലിരിക്കുന്ന ജനസമൂഹത്തിന്‍റെ രുചിഭേദത്തിനനുസരിച്ച് കഥയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതായി കാണാം. പുതുമകള്‍ തുന്നിച്ചേര്‍ത്തിട്ടുള്ളതായും കാണാം. എന്തൊക്കെയായാലും കഴിഞ്ഞ അയ്യായിരം വര്‍ഷങ്ങള്‍ക്കിടക്ക് ഒരാളും ഒരു വിധത്തിലും ആ മൂലകഥക്ക് ദോഷം വരുത്തിയിട്ടില്ല. എന്നതിനര്‍ത്ഥം അതിനെ വിലയിരുത്താന്‍ ശ്രമിച്ചു കൊണ്ട് അതിന്‍റെ വില നഷ്ടപ്പെടുത്തിയിട്ടില്ല എന്നു തന്നെ. നിങ്ങളും അതിന് ഒരുമ്പെടരുത്. കഥയിലെ നല്ലവനാരാണ്, കെട്ടവനാരാണ് എന്ന് ചിന്തിച്ചും തര്‍ക്കിച്ചും സമയം പാഴാക്കരുത്. അതല്ല അതിന്‍റെ സാരം. അവരൊക്കയും കേവലം മനുഷ്യര്‍ മാത്രമാണ്.

മഹാഭാരതം എങ്ങനെ അവസാനിക്കുന്നു എന്ന കാര്യം മറന്നേക്കൂ. സ്വന്തം ജീവിതത്തിന്‍റെ സത്തും, സൗന്ദര്യവും കണ്ടെത്തണമെങ്കില്‍, അവസാനഫലം എന്താകുമെന്ന ആശങ്ക കൂടാതെ അതിനെ അതിന്‍റേതായ രീതിയില്‍ കണ്ടു മനസ്സിലാക്കണം.

നല്ലതും, ചീത്തയും, ശരിയും തെറ്റും.....അതല്ല വാസ്തവത്തില്‍ ധര്‍മ്മാധര്‍മ്മങ്ങള്‍. രാജാക്കന്‍മാരോ, പുരോഹിതന്‍മാരോ, പൗരജനങ്ങളോ അനുവര്‍ത്തിക്കേണ്ട ശീലങ്ങളോ, നയങ്ങളോ, പ്രമാണങ്ങളോ അല്ല അത്. അത് സനാതനമായ ഒരു നിയമമാണ്. അതിനെ ഗ്രഹിക്കുന്നവനെ അത് സത്യങ്ങളിലേക്ക് നയിക്കുന്നു. മഹാഭാരത കഥ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്കായാല്‍ അതു തന്നെ വലിയൊരു സാധനയാണ്. അതേ സമയം അതിനെ വിലയിരുത്താനാണ് ശ്രമിക്കുന്നതെങ്കിലോ? അത് നിങ്ങളുടെ ജീവിതത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് തീര്‍ച്ച. കാരണം, നല്ലതേത് കെട്ടതേത് എന്ന് നിങ്ങള്‍ക്കു തിരിച്ചറിയാനാവില്ല. എന്തു ചെയ്യണം, എന്തു ചെയ്യാതിരിക്കണം എന്നു തീരുമാനിക്കാനാവില്ല. ഗൃഹസ്ഥനായി കഴിയണോ അതോ വാനപ്രസ്ഥം സ്വീകരിക്കണമൊ എന്ന് ഉറപ്പിക്കാനാവില്ല. യുദ്ധം ചെയ്യണോ വേണ്ടയോ എന്ന് നിശ്ചയിക്കാനാവില്ല. എന്നാല്‍ മഹാഭാരതസാരം ഉള്‍ക്കൊണ്ടു കൊണ്ടാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ ഒന്ന് തീര്‍ച്ചയായും വ്യക്തമാകും. ധര്‍മ്മം മനുഷ്യനെ ഈശ്വരീയതയിലേക്കു നയിക്കുന്നു. അതില്ല എങ്കില്‍ ജീവിതം നരകത്തിലേക്കുള്ള ഒരു ചുറ്റുകോണിയാകും. ഇന്ന് ഏറെയും കാണുന്നത് അതാണ്.

മഹാഭാരതം എങ്ങനെ അവസാനിക്കുന്നു എന്ന കാര്യം മറന്നേക്കൂ. സ്വന്തം ജീവിതത്തിന്‍റെ സത്തും, സൗന്ദര്യവും കണ്ടെത്തണമെങ്കില്‍, അവസാനഫലം എന്താകുമെന്ന ആശങ്ക കൂടാതെ അതിനെ അതിന്‍റേതായ രീതിയില്‍ കണ്ടു മനസ്സിലാക്കണം. ഓരോ കഥയും വലിയൊരവസരമാണ്. ഒരു പോറല്‍ പോലുമേല്‍ക്കാതെ ആ പടക്കളത്തിലൂടെ നിങ്ങള്‍ക്കു കടന്നു പോകാം. എല്ലാവരും മഹാഭാരതകഥ അവശ്യമായും വായിച്ചിരിക്കേണ്ടതാണ്. കാരണം മനുഷ്യന്‍റെ അനുഭവങ്ങളെ രൂപപ്പെടുത്തുന്നത് ഏറേയും അവന്‍റെ വിചാരവികാരങ്ങളാണ്.