सद्गुरु

“സൂര്യന്‍ തന്‍റെ ദൈനംദിന പ്രദിക്ഷണത്തിനിടയില്‍ ചെന്നെത്തുന്ന ഏറ്റവും അത്ഭുതകരമായ ഒരു രാജ്യമാണ് ഇന്ത്യ. മനുഷ്യനും പ്രകൃതിയും അവര്‍ക്കു ചെയ്യാവുന്നതെല്ലാം ഇവിടെ ചെയ്തുവെച്ചിട്ടുണ്ട്. ഒന്നുംതന്നെ ബാക്കിയാക്കിയിട്ടല്ല" -മാര്‍ക്ക് ട്വൈന്‍

സദ്‌ഗുരു : ഭൂമിയിലെ ഏറ്റവും വര്‍ണ്ണശബളമായ, അതോടൊപ്പം സങ്കീര്‍ണമായ സംസ്കാരമാണ് ഭാരതത്തിന്‍റേത്. ആകൃതിയിലും, പ്രകൃതിയിലും, ഭാഷയിലും, ഭാവത്തിലും, ഭക്ഷണത്തിലും വസ്ത്രധാരണത്തിലുമെല്ലാം ഇന്ത്യക്കാര്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നവരാണ്. കേരളം മുതല്‍ കാശ്മീര്‍ വരെ നോക്കിയാല്‍, ഇത് വളരെ പ്രകടമായിക്കാണാം. കളികളിലായാലും കലകളിലായാലും ഈ വ്യത്യാസം പ്രകടമാണ്. ഒരായിരം വ്യത്യസ്ത സമൂഹങ്ങള്‍, ഓരോന്നിനും തനതായ രീതികള്‍, ഇതാണ് ഇന്ത്യ. ഈ വ്യത്യസ്തവും എന്നാല്‍ അതീവ സമ്പന്നവുമായ ഭാരതീയ സംസാകാരത്തിന്‍റെ തനിമ ഒറ്റനോട്ടത്തില്‍ കാണാന്‍ പറ്റുന്ന ഒരിടമാണ് കുംഭമേള.

വ്യത്യസ്തവും എന്നാല്‍ അതീവ സമ്പന്നവുമായ ഭാരതീയ സംസാകാരത്തിന്‍റെ തനിമ ഒറ്റനോട്ടത്തില്‍ കാണാന്‍ പറ്റുന്ന ഒരിടമാണ് കുംഭമേള

കഴിഞ്ഞ കുംഭമേളക്കാലത്ത് അറുപതുകോടി ജനങ്ങളാണ് അലഹബാദില്‍ വന്നുചേര്‍ന്നത്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്കു തീരെ താലപര്യവുമില്ല. എന്നാലും എനിക്കുതോന്നി ഇത്രയധികം കേട്ടുകേള്‍വിയുള്ള ഒരു മഹാസംഗമം നേരില്‍ കണ്ടറിയുകതന്നെ വേണമെന്ന്. അങ്ങനെ ഞങ്ങള്‍ കോയമ്പത്തൂരില്‍നിന്നും അലഹബാദിലേക്കു പുറപ്പെട്ടു. കാറിലായിരുന്നു യാത്ര.

ലോകത്തിലെ ഏറ്റവും അവിശ്വസനീയമായ കാഴ്ചകളിലൊന്നാണ് കുംഭമേള എന്ന് സമ്മതിക്കാതെ വയ്യ. പുലര്‍ച്ചേ രണ്ടുമണിയോടെയാണ് ഞാന്‍ അവിടെ ചെന്നെത്തിയത്. നാടിന്‍റെ നാനാഭാഗത്തുനിന്നും നാനാതരത്തിലുമുള്ള ജനങ്ങള്‍ അപ്പോഴേക്കും അവിടെ തടിച്ചുകൂടിയിരുന്നു. എല്ലാവരും കുത്തിയിരിക്കുകയാണ്. നടുചായ്ക്കാന്‍ പോലും ഇടമില്ല. പലയിടങ്ങളിലായി ചെറുതായി തീകൂട്ടി അതിനു ചുറ്റുമായി അവര്‍ ആടുന്നു, പാടുന്നു. ഓരോ കൂട്ടത്തിനുമുണ്ട് അതിന്‍റേതായ ഭാഷയും രീതികളും. മനുഷ്യജാതിയിലെ ഏറ്റവും ഉത്തമമായതും, അധമമായതും നമുക്കവിടെ കാണാം. മഹാന്‍മാരായ യോഗികളും, ഋഷിമാരും, സിദ്ധന്മാരുമുണ്ട്, കൂട്ടത്തില്‍ കള്ളന്‍മാരും, കൊള്ളക്കാരും, സാമൂഹ്യ വിരുദ്ധന്മാരും അവരുടേതായ വേലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ആയിരമായിരമാണ്ടുകളായി ഇന്ത്യയിലെ ജനലക്ഷങ്ങള്‍ സമ്മേളിച്ചുവരുന്ന പവിത്രസ്ഥാനമാണിത്. സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ആ സംസ്കാരവും അനുഷ്ഠാനവും ഇന്നും പഴയതുപോലെ നിലനില്‍ക്കുന്നു. കാലപ്രവാഹത്തിന് അതിനെ തച്ചുടയ്ക്കാനായിട്ടില്ല. കുംഭമേളക്ക് സാമൂഹികമായി വളരെയധികം പ്രാധാന്യമുണ്ട്, അതിലേറെയാണ് അതിന്‍റെ ആദ്ധ്യാത്മിക മഹത്വം.

ഭൂമിയുടേയും ചന്ദ്രന്‍റേയും സഞ്ചാരം ചാക്രികഗതിയിലാണ്. എല്ലാ വസ്തുക്കളും ഈ ചക്രവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. രണ്ടുവിധത്തിലാണ് ഇത് നമ്മെ സ്വാധീനിക്കുന്നത്. ഒന്നുകില്‍ ഈ ചക്രത്തിലകപ്പെട്ട് ബന്ധനത്തില്‍ കഴിയാം. അല്ലെങ്കില്‍ ഇതൊരു ബന്ധനമാണെന്ന് തിരിച്ചറിഞ്ഞ് അതില്‍ നിന്നും മുക്തിനേടാന്‍ ശ്രമിക്കാം. ഒരു ജന്മത്തില്‍നിന്നും കുറച്ചുകൂടി ഗുണമേന്മയേറിയ അടുത്ത ജന്മത്തിലേക്കുയരാന്‍ ശ്രമം നടത്താം. മോക്ഷം എന്ന പരിപൂര്‍ണമായ സ്വാതന്ത്ര്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, നമ്മള്‍ തന്നെ കെട്ടിയുണ്ടാക്കിയ ഈ കുരുക്കില്‍നിന്നും എങ്ങനെ പുറത്തു കടക്കാമെന്ന്. കുരുക്കുകള്‍ പലമാതിരിയാണ്. ഏറ്റവും നീളമുളളത് 144 വര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. ഓരോ 144 വര്‍ഷം കഴിയുമ്പോഴും സവിശേഷമായ ചില മാറ്റങ്ങള്‍ സൗരയൂഥത്തില്‍ സംഭവിക്കുന്നതായി കാണുന്നു. അപ്പോഴാണ് മഹാകുംഭമേള അരങ്ങേറുന്നത്. ഏറ്റവും ഒടുവിലായി നടന്ന മഹാകുംഭം 2011ല്‍ ആയിരുന്നു.

ഓരോ 144 വര്‍ഷം കഴിയുമ്പോഴും സവിശേഷമായ ചില മാറ്റങ്ങള്‍ സൗരയൂഥത്തില്‍ സംഭവിക്കുന്നതായി കാണുന്നു. അപ്പോഴാണ് മഹാകുംഭമേള അരങ്ങേറുന്നത്

ഭാരതത്തിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമാണ് കുംഭമേള നടത്തപ്പെടുന്നത്. അവിടങ്ങളില്‍ അതീവ പ്രഭാവമുള്ള ചൈതന്യ സ്രോതസ്സുകള്‍ അനാദികാലം മുതലേ നിലവിലുണ്ട്. ഭൂമി അതിന്‍റെ അച്ചുതണ്ടില്‍ ചെറിയൊരു ചെരിവോടെ സദാ തിരിഞ്ഞുകൊണ്ടിരിക്കുന്നു. അത് ഒരു സെന്‍ട്രിഫ്യുഗല്‍ (കേന്ദ്രത്തില്‍ നിന്നും അകന്നു മാറിയുള്ള) ശക്തി ഉത്പാദിപ്പിക്കുന്നു. 00 മുതല്‍ 33 വരെ അക്ഷാംശങ്ങള്‍ക്കിടയില്‍ (degree of latitude) ഈ ഊര്‍ജ്ജം നമ്മളില്‍ പ്രവര്‍ത്തിക്കുന്നത് ലംബമായിട്ടാണ് (lengthwise). വിശേഷിച്ചും 11 അക്ഷാംശത്തില്‍ ഊര്‍ജ്ജം നേരിട്ടു മുകളിലേക്കു കുതിയ്ക്കുന്നു. ഇത് തിരിച്ചറിഞ്ഞ് നമ്മുടെ പിതാമഹന്മാര്‍ ഭൂമിയില്‍ ചില പ്രത്യേക സ്ഥാനങ്ങള്‍ അടയാളപ്പെടുത്തി വെച്ചു. അവിടെ ജനങ്ങള്‍ക്ക് വിശേഷാല്‍ ഒരഭൗമചൈതന്യം പകര്‍ന്നു കിട്ടുന്നതായി അന്നേ അവര്‍ മനസ്സിലാക്കിയിരുന്നു. ആ സ്ഥാനങ്ങളില്‍ ഏറേയും നദികളുടെ സംഗമ സ്ഥാനങ്ങളാണെന്ന പ്രത്യേകതയും കാണാവുന്നതാണ്. നദീ സംഗമങ്ങളിലുള്ള സ്നാനം വളരെയധികം ചൈതന്യപ്രദമാണ്.

ഇതുപോലെയുള്ള വിശേഷ സ്ഥാനങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ ചെന്നു ചേര്‍ന്നാല്‍, അസാധാരണമായ അവസരങ്ങള്‍ ലഭിക്കുന്നതായാണ് അനുഭവം. അതുകൊണ്ടാണ് ആയിരകണക്കിനാളുകള്‍ അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഇവിടെ വന്നു ചേരുന്നത്. ഇത്തരം അപൂര്‍വ്വമായിമാത്രം ലഭിക്കുന്ന അവസരങ്ങളെ ആവുംവിധം പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും നിരക്ഷരരായ ഗ്രാമവാസികളാണ്, ഭൗതീക സാഹചര്യങ്ങളില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍. എന്നിട്ടും വളരെ ക്ലേശം സഹിച്ച്, വളരെ ദൂരം താണ്ടി അന്നവര്‍ ഇവിടെ വന്നുചേരുന്നു. മോക്ഷം - അതുമാത്രമാണ് അവരുടെ ലക്ഷ്യം. ലോകത്തില്‍ മറ്റെവിടെയും ഇങ്ങനെയൊരിടം കാണാന്‍ കിട്ടുകയില്ല. ഒരു രാജ്യത്തിലെ ജനങ്ങള്‍ മുഴുവന്‍ മോക്ഷേച്ഛുക്കളായി ഒരു സ്ഥലത്ത് സംഗമിക്കുക!

ലോകത്തില്‍ മറ്റെവിടെയും ഇങ്ങനെയൊരിടം കാണാന്‍ കിട്ടുകയില്ല. ഒരു രാജ്യത്തിലെ ജനങ്ങള്‍ മുഴുവന്‍ മോക്ഷേച്ഛുക്കളായി ഒരു സ്ഥലത്ത് സംഗമിക്കുക!

ഭാരതത്തിലുള്ളവര്‍ക്കു തന്നേയും കുംഭമേളയുടെ ആദ്ധ്യാത്മിക മഹത്വം തികച്ചും അറിയാമെന്ന് തോന്നുന്നില്ല. എത്രയോ സഹസ്രാബ്ദങ്ങളായി അനുസ്യൂതം ഒഴുകികൊണ്ടിരിക്കുന്ന ഒരു ആദ്ധ്യാത്മിക ധാരയാണിത്! ഇന്നും അതിനൊരു മാറ്റമില്ല, ലോകത്തിന്‍റെ ആദ്ധ്യാത്മിക തലസ്ഥാനമായിട്ടാണ് ഭാരതം ഏക്കാലവും അറിയപ്പെട്ടിട്ടുള്ളത്. ലോകത്തിലുള്ള മറ്റൊരു സംസ്കാരവും മനുഷ്യന്‍റെ ആന്തരികമായ വളര്‍ച്ചക്കൊ, സൗഖ്യത്തിനോ ഇത്രയധികം പ്രാധാന്യം കല്‍പിച്ചിട്ടില്ല. ഈ നാട്ടില്‍ മാത്രമാണ് അദ്ധ്യാത്മശാസ്ത്രം എന്ന തനതായ ഒരു വിഷയം കാലാകാലങ്ങളായി നിലവിലുള്ളത്. ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്... മോക്ഷമാണ്... എന്നൊരു സങ്കല്‍പം വേറെ ഏതൊരു രാജ്യത്തിലാണ് വേരുറപ്പിച്ചിട്ടുള്ളത്? സനാതന ചിന്തയില്‍ ഈശ്വരന്‍പോലും മോക്ഷമാര്‍ഗത്തിലെ ഒരു ചവിട്ടുപടി മാത്രമാണ്.

എന്നാല്‍ ഇന്ന് നാം കാണുന്ന ആദ്ധ്യാത്മിക സംസ്കാരത്തിന് വളരെയേറെ വൈകല്യം സംഭവിച്ചിരിക്കുന്നു. തുടരെ തുടരെയുണ്ടായ വൈദേശിക ആക്രമണങ്ങളും, വാഴ്ചകളുമാകാം ഒരു പ്രധാന കാരണം. അടിക്കടിയുണ്ടായ പ്രകൃതിക്ഷോഭങ്ങളും, അതിന്‍റെ ഫലമായുണ്ടായ കഷ്ടനഷ്ടങ്ങളും ആ ചിന്താസ്രോതസ്സിനെ കലുഷമാക്കിയിരിക്കാം. എന്നിട്ടുപോലും ജനങ്ങളുടെ ഉള്ളിന്‍റെ ഉള്ളില്‍ ആ അദ്ധ്യാത്മബോധം ഇപ്പോഴും പച്ചപിടിച്ചു കിടക്കുന്നു എന്നത് ആരേയും അതിശയിപ്പിക്കും. ഇത് ഇന്ത്യയുടെ അടിസ്ഥാന സ്വഭാവമാണ്. ഒരുകാലത്തും ആര്‍ക്കും ഇതിനെ നശിപ്പിക്കാനാവുകയില്ല. ഉജ്ജ്വലമായ ഈ സാംസ്കാരിക പാരമ്പര്യം നിലനിര്‍ത്താനും അതിന്‍റെ ഗുണഭോക്താക്കളാകാനും നമ്മള്‍ അമാന്തം കാണിച്ചുകൂടാ.

https://upload.wikimedia.org/wikipedia/commons/e/e4/Third_Shahi_Snan_in_Hari_Ki_Pauri.jpg