ലോകത്ത് ഇത്രയധികം ഹിംസകളും ദുരന്തങ്ങളും എന്തുകൊണ്ടാണ് ? യോഗികള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാത്തതെന്താണ്. ? ആദിയോഗിയെ ഏറ്റവും അധികം ആവശ്യമുള്ളപ്പോള്‍, അദ്ദേഹം മൗനത്തിലാവുകയാണല്ലോ?

സദ്ഗുരു : നാളെ കാലത്ത്, ഭൂമിയിലെ ഹിംസകളൊക്കെയും ഞാന്‍ ഉന്‍മൂലനം ചെയ്‌തെന്നു കരുതൂ! അതിനുശേഷം എന്താണ് നിങ്ങളുടെ പരിപാടി ? അങ്ങേയറ്റത്തെ ആനന്ദത്തില്‍ ഒരു കാല്‍പനികലോകത്തെന്ന പോലെ നിങ്ങളിവിടെ ജീവിച്ചു കാണിക്കും എന്നാണോ? ഇല്ല സുഹൃത്തെ . അപ്പോള്‍ നിങ്ങള്‍ മറ്റൊരു പ്രശ്‌നവും തോളില്‍ ചുമന്നോണ്ടു വരും . ഭൂമുഖത്ത് നടമാടുന്ന എല്ലാ വൃത്തികേടുകളും ആദ്യം മുളപൊട്ടുന്നത് നമ്മുടെ തന്നെ മനസ്സിലാണ്. അതെടുത്ത് നാം നമ്മെതന്നെ നിരന്തരം കുത്തി മുറിവേല്‍പ്പിക്കുന്നു. വേദന ദുരിതം, വിഷാദം, ഭയം എന്നൊക്കെയുള്ള ഓമനപ്പേരുകളിലാണ് ഈ പറഞ്ഞ വൃത്തികെട്ട ആയുധങ്ങളെ നമ്മള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നത്. ഇന്ന് നിങ്ങള്‍ക്ക് ഉണ്ടാവുന്ന ജീവിതാനുഭവങ്ങളൊക്കെത്തന്നെ, നിങ്ങളുടെ മസ്തിഷ്‌കത്തില്‍ മുളപൊട്ടിയ ചിന്തകളുടെ തിരിച്ചടിയാണ്. ഇക്കാര്യ സദാ ഓര്‍ക്കുന്നത് നന്ന്- ഒരുവന്‍റെ തലച്ചോറ് അവനെതിരെ തിരിഞ്ഞാല്‍, പിന്നെ ഒരു യോഗിക്കും ആദിയോഗിക്കും ദൈവം തമ്പുരാനു പോലും അവനെ രക്ഷിക്കാനാവില്ല.

മനുഷ്യവംശത്തിന്‍റെ ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിയാല്‍, ഒരു പക്ഷേ സംഘര്‍ഷങ്ങള്‍ ഏറ്റവും കുറഞ്ഞ കാലത്താണ് നമ്മള്‍ ഇപ്പോള്‍ കഴിയുന്നത്. ന്യൂക്ലിയര്‍ ബോംബുകളും മറ്റ് പല വിനാശകരമായ മറ്റ് ആയുധങ്ങളും ആവശ്യത്തിന് സംഹാരവും സര്‍വ്വ നാശ ഭീഷണിയും നടത്തുന്നുണ്ട്. എങ്കിലും, മുമ്പത്തേക്കാള്‍ ഹിംസയുടെ തീവ്രത കുഞ്ഞു വരുന്നുമുണ്ട്. മനുഷ്യ സമൂഹങ്ങളില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുമുണ്ട്, ശുഭകരമായ മാറ്റങ്ങള്‍. എന്നാലും മനസ്സിലുയരുന്ന സംഘര്‍ഷങ്ങള്‍ക്ക്, ഹിംസാത്മക ചിന്തകള്‍ക്ക് തടയിടാനാവുന്നില്ലെങ്കില്‍ ഭൂമുഖത്തുനിന്ന് അത് അപ്രത്യക്ഷമാവുന്നതെങ്ങനെ? ലോകത്ത് ഇന്ന് നടമാടുന്നതല്ലാം മനുഷ്യമനസ്സുകളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിന്‍റെ പ്രതിഫലനമാണ്. മനസ്സില്‍ ക്രോധമില്ലാത്ത, അസ്വസ്ഥതയില്ലാത്ത, പൂര്‍ണ്ണമായ ആനന്ദാവസ്ഥ മാത്രമുള്ള ഒരു ദിവസം അനുഭവപ്പെടുമ്പോള്‍ എന്നോടു പറയൂ. അന്ന് താങ്കള്‍ പറഞ്ഞ കാര്യം, ഹിംസാമുക്തമായ ഭൂമി നമുക്ക് പ്രായോഗികമാക്കാനാവും.

ഇതു പറയുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത്, ആദിയോഗിയുടെ, 112 -അടി ഉയരമുള്ള പ്രതിമയുടെ മുഖം രൂപകല്‍പന ചെയ്യുന്ന ദിനങ്ങളാണ്. ഒരു കൂട്ടം വിദഗ്ദ്ധര്‍ക്കൊപ്പം ആ യത്‌നത്തില്‍ ഞാനും പങ്കുകൊണ്ടു. ആദിയോഗിയുടെ മുഖം ഞങ്ങള്‍ ഉദ്ധേശിച്ച പ്രകാരം മെനഞ്ഞെടുക്കാന്‍ ഏതാണ്ട് രണ്ടര വര്‍ഷമെടുത്തു. വൈകാരിക ഭാവങ്ങളില്ലാതെ നിശ്ചലമായിരിക്കണം ആ മുഖം. എന്നാല്‍ പ്രസരിപ്പാര്‍ന്നതും, ആത്മ ജ്ഞാനത്താല്‍ ഉന്‍മത്തമായതും. ജീവിതത്തിന്‍റെ ഏറ്റവും പ്രസരിപ്പാര്‍ന്ന ഭാവം തന്ന നിശ്ചലതയാണ്. കാരണം അനന്തവും അജ്ഞാതവുമായ ഈ പ്രപഞ്ചത്തിന്‍റെ ശൂന്യമായ നിശ്ചലതയില്‍ നിന്നാണ് മറ്റെല്ലാം ആവിര്‍ഭവിച്ചത്. പക്ഷേ നമുക്കിപ്പോള്‍ സൂഷ്മ ദര്‍ശിനിയിലൂടെ കാണാവുന്ന അണുക്കളിലും തന്‍മാത്രകളിലുമാണ് താല്‍പര്യം . ഇതെല്ലാം സംഭവിക്കുന്ന വിശാലമായ പ്രപഞ്ചത്തോടല്ല. ഇവിടെ നാം സംസാരിക്കുന്നത്, അതിനെല്ലാം അതീതമായി നമ്മെ നയിക്കുന്ന ഒരു തലത്തെക്കുറിച്ചാണ്.