ലോകസമാധാനം വ്യക്തിയില്‍ നിന്നും തുടങ്ങാം
 
 

सद्गुरु

ജനങ്ങള്‍ സംസാരിക്കുന്ന ഈ 'സമാധാനം' എന്നതൊക്കെ വെറും പൊള്ളയായ സംസാരമാണ്. ഇപ്പോള്‍, ലോകരാഷ്ട്രങ്ങള്‍ സമാധാനത്തെക്കുറിച്ചു സംസാരിക്കുക മാത്രമാണ് ചെയ്യുന്നത്.

ലോകരാഷ്ട്രങ്ങള്‍ അവര്‍ക്ക് പ്രതികൂലസന്ദര്‍ഭം വരുമ്പോള്‍ അവര്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നു; അവര്‍ക്ക് അനുകൂല സന്ദര്‍ഭം വരുമ്പോള്‍ അവര്‍ യുദ്ധത്തെക്കുറിച്ചും, ആക്രമണത്തെക്കുറിച്ചും സംസാരിക്കുന്നു. അതാണ് സംഭവിക്കുന്നത്, അല്ലേ? ഓരോ വ്യക്തിയിലും ഇതു സംഭവിക്കുന്നുണ്ട്. അവന്‍ പ്രതികൂലമായ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍, അവന്‍ സമാധാനത്തെക്കുറിച്ചും, അനുരഞ്ജനത്തെക്കുറിച്ചും സംസാരിക്കും. അനുകൂലമായ അവസ്ഥയിലാണെങ്കില്‍, അവന് ആവശ്യമുള്ളതെല്ലാം നേടിയെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കും.

മനോഹരമായ ഒരു കഥയുണ്ട്. നിങ്ങള്‍ക്ക് ഒരു കഥ കേള്‍ക്കാമല്ലോ? എനിക്ക് 'ഒരിക്കല്‍ ഒരിടത്ത്' എന്ന് പറയാന്‍ ഭയമാണ്, കാരണം ആളുകള്‍ കരുതും, ഉറക്കസമയമായി എന്ന്! ഇപ്പോഴത്തെ റഷ്യ സോവിയറ്റ് യൂണിയനും, കമ്യൂണിസം നിയമവുമായിരുന്നപ്പോള്‍, മാര്‍ക് ട്വയിന്‍ വളരെ ആവേശം കൊണ്ടിരുന്നു, കാരണം, കമ്യൂണിസം ഒരു വലിയ ആശയമായി അദ്ദേഹത്തിന് തോന്നിയിരുന്നു. മനുഷ്യര്‍ അവരുടെ അത്യാഗ്രഹപ്രകാരം നിലകൊള്ളുന്നതല്ല, മറിച്ച് അവരുടെ ആവശ്യപ്രകാരം നിലകൊള്ളുന്നതാണ് കമ്യൂണിസം. അതാണ് കമ്യൂണിസത്തിന്‍റെ അടിസ്ഥാന തത്വം.

അതിന് പില്‍ക്കാലത്ത് എന്തു സംഭവിച്ചുവെന്നത് മറ്റൊരു കാര്യമാണ്, പക്ഷേ അടിസ്ഥാനതത്വം എല്ലാവരും എല്ലാം പങ്കിട്ട് ഒരുമിച്ച് ജീവിക്കുക എന്നതാണ്. ഒരു മുഴുവന്‍ ജനതയും ഒരേ സാമൂഹ്യബോധത്തോടെ, ഒരു രാജ്യം മുഴുവന്‍ ഒരേ സമൂഹമെന്നപോലെ ജീവിക്കുക - അതാണ് അതിനു പിന്നിലെ ആശയം. ഈ ആശയം മാര്‍ക് ട്വയിനിനെ വളരെ ആവേശഭരിതനാക്കി. അത് വളരെ മനോഹരമായ ഒരു ആശയമാണ്, പങ്കുവയ്ക്കുന്നതായ ഒരു ജീവിതരീതി - അധികമുള്ള മനുഷ്യര്‍ സാധുക്കള്‍ക്ക് നല്കുന്നത്. അദ്ദേഹത്തിന് അത് സ്വയം കണ്ടറിയണമെന്നു തോന്നി, അതുകൊണ്ട് അദ്ദേഹം കമ്യൂണിസ്റ്റ് റഷ്യ സന്ദര്‍ശിച്ചു.

അങ്ങനെ മാര്‍ക് ട്വയിന്‍ ഒരു ഗ്രാമപാതയിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു വൃദ്ധനായ മനുഷ്യന്‍ കൈയില്‍ രണ്ടു കോഴികളുമായി നടക്കുന്നതു കണ്ടു. മാര്‍ക് ട്വയിന്‍ അയാളോടൊപ്പം നടന്നെത്തി ഇപ്രകാരം ചോദിച്ചു, 'സഖാവേ, നിങ്ങള്‍ക്ക് രണ്ട് വീടുണ്ടെങ്കില്‍, ഒരെണ്ണം വീടില്ലാത്തവന് കൊടുക്കുമെന്നു പറയുന്നത് ശരിയാണോ?' വൃദ്ധനായ മനുഷ്യന്‍ പറഞ്ഞു, 'അതെ സഖാവേ, തീര്‍ച്ചയായും. എനിക്ക് രണ്ട് വീടുണ്ടെങ്കില്‍, ഒരെണ്ണം, വീടില്ലാത്ത ഏറ്റവും പാവപ്പെട്ട സഖാവിന് ഞാന്‍ കൊടുക്കും.' ട്വയിന്‍ പറഞ്ഞു, 'അതിശയം തന്നെ. അത് ശരിക്കും മഹത്തരം തന്നെ. ഇപ്പോള്‍ നിങ്ങള്‍ക്ക് രണ്ട് വാഹനങ്ങള്‍ അല്ലെങ്കില്‍ രണ്ടു കാറുകള്‍ ഉണ്ടെങ്കില്‍, ഒരു കാര്‍ നിങ്ങള്‍ പാവപ്പെട്ട സഖാവിന് നല്കുമോ?' അയാള്‍ പറഞ്ഞു, 'തീര്‍ച്ചയായും, എനിക്ക് രണ്ട് വാഹനങ്ങള്‍ ഉണ്ടെങ്കില്‍, ഞാന്‍ ഒരെണ്ണം സാധുവായ സഖാവിന് നല്കും.' ട്വയിന്‍ പറഞ്ഞു, 'അത് മഹത്തരം തന്നെ. ഈ രണ്ടു കോഴികളില്‍ ഒരെണ്ണം നിങ്ങളുടെ സാധുവായ സഖാവിനു നല്കുമോ?' വൃദ്ധന്‍ ചോദിച്ചു, 'നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ? എനിക്ക് രണ്ടെണ്ണമേ ഉള്ളൂ.' അതായത് ജനങ്ങള്‍ അവര്‍ക്കില്ലാത്തത് പങ്കുവെയ്ക്കാന്‍ തയ്യാറാണ്; അവര്‍ക്കുള്ളത് പങ്കുവെയ്ക്കാന്‍ തയ്യാറല്ല.

പങ്കുവെയ്ക്കല്‍, അനുരഞ്ജനം, സമാധാനം, ഇവയെക്കുറിച്ചൊക്കെ സംസാരിക്കുന്നത്, അതൊന്നും ഇല്ലാത്തവരാണ്. ഇവയെല്ലാമുള്ളവര്‍, എപ്പോഴും പോയി അവര്‍ക്കാവശ്യമുള്ളതു നേടുന്നു. ഈ മനോഭാവം വച്ചുകൊണ്ട്, നിങ്ങള്‍ക്ക് സമാധാനം സൃഷ്ടിക്കാനാവില്ല. കാരണം, കഴിവുള്ളവര്‍ എപ്പോഴും കൂടുതല്‍ കൂടുതല്‍ വേണമെന്നാഗ്രാഹിക്കുന്നു. ഇന്ന് ഈ ലോകത്തിലെ 90 ശതമാനം സമ്പത്തും ലോകത്തിലെ അഞ്ചു ശതമാനം ജനങ്ങളുടെ കൈകളിലാണ്. അതിനാല്‍ ഈ മനോഭാവം ഉള്ളപ്പോള്‍ സമാധാനം ഉണ്ടാകുക ബുദ്ധിമുട്ടാണ്.

പക്ഷേ സമാധാനം സൃഷ്ടിക്കാന്‍ നാം ആഗ്രഹിക്കുമ്പോള്‍, സമാധാനത്തിന്‍റെ സംസ്ക്കാരത്തെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍, നാം ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചല്ല ചിന്തിക്കുന്നത്; വരുന്ന അമ്പതോ നൂറോ വര്‍ഷങ്ങളെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്. ഈ ലോകം സാവധാനത്തില്‍ സമാധാനമുള്ളതാകാനാണ് നാം ആഗ്രഹിക്കുന്നത്. അത് സാധ്യമാകണമെങ്കില്‍, മനുഷ്യരെന്ന നിലയില്‍ നാം സ്വീകരിക്കേണ്ട ആദ്യ ചുവട് നമ്മില്‍ നിന്നുതന്നെ തുടങ്ങുകയാണ്: ഈ ഒരു വ്യക്തിയെ (സ്വയം ചൂണ്ടിക്കാണിക്കുന്നു) എങ്ങനെ ശരിക്കും സമാധാനമുള്ള ഒരാളാക്കാമെന്ന് നോക്കുക.

സമാധാനമുള്ളയാള്‍ എന്നാല്‍ നിഷ്ക്രിയനായ ആളെന്നല്ല അര്‍ത്ഥം, ദയവായി ഇത് മനസ്സിലാക്കുക. സമാധാനം എന്നാല്‍ നിഷ്ക്രിയത്വമെന്നും, അക്രമമെന്നാല്‍ പ്രവൃത്തിയെന്നും കരുതുന്ന ഒരു പ്രവണത പ്രത്യേകിച്ച് ലോകത്തിലെ യുവാക്കളുടെ ഇടയില്‍ ഉണ്ട്. അല്ല, അത് വാസ്തവമല്ല. നിങ്ങള്‍ക്ക് നിങ്ങളുടെയുള്ളില്‍ വളരെ സമാധാനമുള്ളവരായിരുന്നുകൊണ്ടു തന്നെ ആവശ്യമുള്ളതെല്ലാം ചെയ്യാം. യഥാര്‍ത്ഥത്തില്‍, വേണ്ടതെല്ലാം ഭംഗിയായി ചെയ്യണമെങ്കില്‍, നിങ്ങള്‍ക്കുള്ളില്‍ സമാധാനം ഉണ്ടെങ്കില്‍ മാത്രമേ കഴിയുകയുള്ളൂ.

നിങ്ങള്‍ ദേഷ്യത്തിലായിരിക്കുമ്പോള്‍, നിങ്ങളോടുതന്നെ ഏറ്റവും ബുദ്ധിശൂന്യമായ കാര്യങ്ങളാണ് നിങ്ങള്‍ ചെയ്യുക. അങ്ങനെയല്ലേ? നിങ്ങള്‍ ദേഷ്യത്തിലായിരിക്കുമ്പോള്‍, നിങ്ങള്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുമോ, അതോ വിഡ്ഢിത്തങ്ങള്‍ ചെയ്യുമോ? ദേഷ്യത്തിലായിരിക്കുമ്പോള്‍ നിങ്ങള്‍ ഒരുപക്ഷേ മറ്റാരോടും ഒന്നും ചെയ്യില്ലായിരിക്കാം, എന്നാല്‍ എന്താണ് നിങ്ങള്‍ നിങ്ങളോടുതന്നെ ചെയ്യുന്നത്? നിങ്ങള്‍ സ്വയം സന്തോഷമുണ്ടാക്കുകയാണോ? അതോ സന്താപമുണ്ടാക്കുകയാണോ? സന്താപം, അല്ലേ? സ്വയം സന്താപമുണ്ടാക്കുന്നയാളെ നിങ്ങള്‍ എന്ത് വിളിക്കും: ബുദ്ധിമാനെന്നോ വിഡ്ഢിയെന്നോ? നോക്കൂ, നമുക്ക് ചുറ്റുമുള്ള ഈ ലോകത്തില്‍ തന്നെ വേണ്ടുവോളം സന്തോഷമില്ലായ്മ ഉണ്ട്, ഇല്ലേ? നിങ്ങള്‍ നിങ്ങള്‍ക്കുള്ളില്‍തന്നെ സന്തോഷമില്ലായ്മ സൃഷ്ടിക്കേണ്ട കാര്യമില്ല.

 
 
 
 
  0 Comments
 
 
Login / to join the conversation1