കുടുംബബന്ധങ്ങളും ആത്മീയതയും തമ്മില്‍ ചേരില്ലെന്നാണോ?

സങ്കടകരമായ ഒരു കാര്യം, ആത്മീയതക്ക് വേണ്ടി ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നവരേക്കാള്‍ എത്രയോ അധികമാണ് ബന്ധങ്ങള്‍ നിലനിര്‍ത്താനായി ആത്മീയതയെ കൈവിടുന്നവര്‍!
 
 

सद्गुरु

ആദ്ധ്യാത്മീക രംഗത്തേക്കു പ്രവേശിക്കുന്ന അധികം പേരും കുടുംബബന്ധങ്ങള്‍ കൈവിടുന്നതായാണ് കണ്ടിട്ടുള്ളത്. ആദ്ധ്യാത്മീക മാര്‍ഗം അതാവശ്യപ്പെടുന്നതുകൊണ്ടല്ല, ലൌകീക ബന്ധങ്ങളുടെ താല്പര്യങ്ങള്‍ പരിരക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നതുകൊണ്ടാണത്

ചോദ്യം : ആത്മീയ മാര്‍ഗ്ഗത്തില്‍ ചരിക്കണമെങ്കില്‍ കുടുംബബന്ധങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ടോ ?

സദ്‌ഗുരു : കുടുംബബന്ധങ്ങള്‍ ഉപേക്ഷിച്ചാലേ ആത്മീയമായി പുരോഗമിക്കാനാവൂ എന്നില്ല. അവനവന്റെ നിലവിലുള്ള സ്ഥിതിയെ കുറിച്ച് ബോധമുണ്ടായിരിക്കണം. മറ്റുള്ളവരുടെ കണ്ണിലൂടെയല്ല, സ്വന്തം നിലയില്‍ അതിനെ വിലയിരുത്തണം. അതിന്റെ വേദനകളും, പ്രയാസങ്ങളും വ്യക്തിഗതമാണ്. അവനവന്റെ അവസ്ഥ മനസ്സിലാക്കാന്‍ അവനവനു തന്നെയേ കഴിയൂ.

ആത്മീയതയും കുടുംബ ജീവിതവും തമ്മില്‍ ചേരുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം, രണ്ടും രണ്ടാണ്. ഒരിടത്തും അവ രണ്ടും കൂട്ടിമുട്ടുന്നില്ല. അദ്ധ്യാത്മീകത അവനവന്റെ ഉള്ളിലാണ് സംഭവിക്കുന്നത്‌. നിങ്ങള്‍ പുറമേ എന്തു ചെയ്യുന്നു എന്നത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ്. കുടുംബത്തോടൊപ്പം താമസിക്കണോ അതോ തനിയെ താമസിക്കണോ, നഗരത്തില്‍ താമസിക്കണോ അതോ ഏതെങ്കിലും കാട്ടിലോ മലയിലോ ചെന്ന് കൂടണോ, അതൊക്കെ ഒരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണ്. അവിടെ നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കുമാണ് മുന്‍തൂക്കം. ആദ്ധ്യാത്മീകതയുമായി അതിനൊരു വക ബന്ധവുമില്ല.

ആത്മീയതയേയും കുടുംബബന്ധങ്ങളെയും തമ്മില്‍ കൂട്ടികലര്‍ത്തേണ്ട കാര്യമില്ല. ഒന്ന് ബാഹ്യമായിട്ടുള്ളതാണ് മറ്റേത് തികച്ചും ആന്തരീകവും

അതുപോലെ ആരോട് ഏതുതരത്തിലുള്ള ബന്ധമാണ് നിങ്ങള്‍ക്കുള്ളത്‌, അതും നിങ്ങളുടെ തീരുമാനമാണ്. അതാശ്രയിച്ചിരിക്കുന്നത് ഓരോരുത്തരുടേയും താല്പര്യങ്ങളെയും ആവശ്യങ്ങളെയുമാണ്. നിങ്ങളുടേയോ ഇനിയൊരാളുടെയോ ആദ്ധ്യാത്മീക പ്രവര്‍ത്തനങ്ങളുമായി അതിനു ബന്ധമില്ല. അതുകൊണ്ട് ആത്മീയതയേയും കുടുംബബന്ധങ്ങളെയും തമ്മില്‍ കൂട്ടികലര്‍ത്തേണ്ട കാര്യമില്ല. ഒന്ന് ബാഹ്യമായിട്ടുള്ളതാണ് മറ്റേത് തികച്ചും ആന്തരീകവും.

ആവശ്യങ്ങളും പ്രതീക്ഷകളും

ആദ്ധ്യാത്മീക രംഗത്തേക്കു പ്രവേശിക്കുന്ന അധികം പേരും കുടുംബബന്ധങ്ങള്‍ കൈവിടുന്നതായാണ് കണ്ടിട്ടുള്ളത്. ആദ്ധ്യാത്മീക മാര്‍ഗം അതാവശ്യപ്പെടുന്നതുകൊണ്ടല്ല അവര്‍ അങ്ങിനെ ചെയ്യുന്നത്. ലൌകീക ബന്ധങ്ങളുടെ താല്പര്യങ്ങള്‍ പരിരക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നതുകൊണ്ടാണ്, അവര്‍ അത് വേണ്ടെന്നു വെക്കുന്നത്. ആദ്ധ്യാത്മീക മാര്‍ഗ്ഗം ആരോടും കുടുംബബന്ധങ്ങള്‍ ഉപേക്ഷിക്കണമെന്ന് പറയുന്നില്ല എന്നാല്‍ കുടുംബബന്ധങ്ങള്‍ ആവശ്യപ്പെടുന്നു, അദ്ധ്യാത്മീകതയില്‍ നിന്നും ഒഴിഞ്ഞു നില്ക്കണമെന്ന്. ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നത്.

ആദ്ധ്യാത്മീക മാര്‍ഗ്ഗം ആരോടും കുടുംബബന്ധങ്ങള്‍ ഉപേക്ഷിക്കണമെന്ന് പറയുന്നില്ല എന്നാല്‍ കുടുംബബന്ധങ്ങള്‍ ആവശ്യപ്പെടുന്നു, അദ്ധ്യാത്മീകതയില്‍ നിന്നും ഒഴിഞ്ഞു നില്ക്കണമെന്ന്

സങ്കടകരമായ ഒരു കാര്യം, ആത്മീയതക്ക് വേണ്ടി ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നവരേക്കാള്‍ എത്രയോ അധികമാണ് ബന്ധങ്ങള്‍ നിലനിര്‍ത്താനായി ആത്മീയതയെ കൈവിടുന്നവര്‍! എന്നാല്‍ ഒരിക്കലും അവ രണ്ടും ഏറ്റുമുട്ടാന്‍ ഇടയാവുന്നില്ല എന്നതാണ് വാസ്തവം. പുറമെയുള്ള ബന്ധം ആന്തരീകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും തടസ്സം സൃഷ്ടിക്കുന്നില്ല. അത് തികച്ചും നിങ്ങളുടെ "സ്വകാര്യമാണ്." എന്നാല്‍ ചിലപ്പോള്‍ ബാഹ്യമായ സാഹചര്യങ്ങള്‍ നിങ്ങളെ ഒരു പ്രത്യേകം ചട്ടക്കൂട്ടില്‍ തളച്ചിടാന്‍ ശ്രമിക്കും . അപ്പോഴാണ്‌ സംഘര്‍ഷങ്ങള്‍ തലപൊക്കുന്നത്, പ്രതിബന്ധങ്ങള്‍ വഴിമുടക്കുന്നത്.

spirituality and familyഇത് വളരെ സാധാരണയായി സംഭവിക്കുന്നതാണ് - ഗൃഹനാഥന്‍ ധ്യാനം പതിവാക്കുന്നു. തുടക്കത്തില്‍ വീട്ടുകാര്‍ക്ക് സന്തോഷമാണ്. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ കുറയുന്നു, പെരുമാറ്റം കൂടുതല്‍ സൌമ്യമാണ്, എല്ലാ കാര്യങ്ങളും കൂടുതല്‍ ശ്രദ്ധയോടെ ചെയ്യുന്നു. എന്നാല്‍ അദ്ദേഹം ആത്മീയതയിലേക്ക് കൂടുതലായി ആണ്ടിറങ്ങുമ്പോള്‍, അധിക സമയവും ഏകാന്തതയില്‍ കഴിയാന്‍ തുടങ്ങുമ്പോള്‍, ഒറ്റയ്ക്ക് കണ്ണടച്ചിരിക്കുകയാണ് സുഖം എന്ന തോന്നല്‍ ശക്തമാകുമ്പോള്‍, കുടുംബത്തിന് അതൊരു പ്രശ്നമാവുകയായി. ഗൃഹനാഥന്‍ ആരുടെയെങ്കിലും പിന്നാലെ ഭ്രമിച്ചുപോവുകയാണെങ്കില്‍, അതെങ്ങിനെ കൈകാര്യം ചെയ്യാമെന്ന് ഭാര്യക്കറിയാം. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല . "ഞാന്‍ തനിയെ മതി. അതാണെനിക്ക് സന്തോഷം" ഭര്‍ത്താവ് അങ്ങിനെയൊരു മനോഭാവം കാണിക്കാന്‍ തുടങ്ങുമ്പോള്‍ ഭാര്യ എന്താണ് ചെയ്യുക? അവര്‍ക്ക് വല്ലാത്തൊരു അരക്ഷിതാവസ്ഥ തോന്നിതുടങ്ങും.

“ഭജനയും ധ്യാനവും ഒന്നും വേണ്ട, അവനവന്റെ ജോലികള്‍ ചെയ്യുക, പഴയതുപോലെ എന്നോടും മക്കളോടും സംസാരിക്കുക" അങ്ങിനെയായിരിക്കും അവരുടെ പ്രതികരണം. സ്വസ്ഥനായി തനിയെ ഇരിക്കാന്‍ അവര്‍ അയാളെ അനുവദിക്കുകയില്ല. ആര്‍ക്കും ഉപദ്രവമില്ലാത്ത ചെറിയ കാര്യങ്ങളില്‍ പോലും അവര്‍ നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങും. ചെറുത്തുനില്‍ക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടും. എന്തിനാണിതൊക്കെ എന്ന് സ്വയം ചോദിച്ചു തുടങ്ങും. പരസ്പരം കണ്ടും അറിഞ്ഞും പെരുമാറിയില്ലെങ്കില്‍ നിശ്ചയമായും ബന്ധങ്ങള്‍ വഷളാകും. കുടുംബ സൌഖ്യവും നഷ്ടമാകും.

സ്ഥാപിത താല്‍പര്യങ്ങളില്‍ നിന്നും സ്നേഹത്തിലേക്ക്

ആയിരകണക്കിന് ആളുകളുമായി എനിക്ക് വളരെ അടുത്ത തീവ്രമായ ബന്ധമുണ്ട്. പല തരത്തിലും തലത്തിലുമുള്ള ബന്ധങ്ങള്‍. എന്റെ ആത്മീയതയും എന്റെ ബന്ധങ്ങളും തമ്മില്‍ ഒരിക്കലും ഒരു ഏറ്റുമുട്ടല്‍ ഉണ്ടാവാറില്ല. കാരണം രണ്ടും ജീവിതത്തിന്റെ രണ്ടു വ്യത്യസ്ഥ മേഖലകളാണ് - ബാഹ്യമായതാണ് ബന്ധങ്ങള്‍ തീര്‍ച്ചയായും പരമാവധി ഭംഗിയായി അവ നിറവേറ്റുണം. ആത്മീയത തികച്ചും ആന്തരീകമാണ്. ദമ്പതികളില്‍ ആരുതന്നെ ആത്മീയമാര്‍ഗ്ഗത്തിലേക്ക് ചുവടുവെച്ചാലും അത് ആ ബന്ധത്തിന് ഉലച്ചില്‍ തട്ടുന്ന വിധത്തിലാകരുത് .

ആത്മീയതക്ക് വളരെ അപൂര്‍വമായൊരു സവിശേഷതയുണ്ട്. ഒരിക്കല്‍ ആ രുചി അറിഞ്ഞു കഴിഞ്ഞാല്‍ അതില്‍ നിന്ന് പിന്മാറാനാവില്ല. അതായിത്തീരും നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു. എന്നാല്‍ സാധാരണ ദാമ്പത്യ ബന്ധങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആഗ്രഹിക്കുന്നത്, താന്‍ മാത്രമേ തന്റെ പങ്കാളിയുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ്. തനായിരിക്കണം ജീവിതത്തിന്റെ കേന്ദ്രബിന്ദു. ആ ആഗ്രഹത്തിന് ഇളക്കം തട്ടുമ്പോഴാണ് ബന്ധങ്ങള്‍ ഉലയാന്‍ തുടങ്ങുന്നത്. എന്തോ ഒരു ഭീതി അവരെ ബാധിക്കുന്നു. എല്ലാവരും പറയും ഈശ്വരനില്‍ വിശ്വസിക്കുന്നു എന്ന്. അങ്ങിനെയാണെങ്കില്‍ ഈശ്വരനാകേണ്ടേ നിങ്ങളുടെ ജീവിതത്തിനാധാരം? വാസ്തവത്തില്‍ പ്രശ്നത്തിന് കാരണം ബന്ധമല്ല, മനസ്സിലെ അരക്ഷിതത്വമാണ്. സ്നേഹത്തില്‍ അധിഷ്ടിതമാണ് ബന്ധം എങ്കില്‍ അവിടെ പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ല. കാര്യം കാണാന്‍ വേണ്ടി മാത്രമുള്ളതാണ് ബന്ധങ്ങള്‍ എങ്കില്‍ അത് സാധിക്കാതെ വരുമ്പോള്‍ നിരാശയും, അരക്ഷിതത്വവും തോന്നുക സ്വാഭാവീകം.

യഥാര്‍ത്ഥത്തില്‍ ആദ്ധ്യാത്മീക മാര്‍ഗത്തില്‍ അഭിരുചി വളരുമ്പോള്‍ ബന്ധങ്ങള്‍ കൂടുതല്‍ പക്വവും മാധുര്യമുള്ളതാവുകയുമാണ് ചെയ്യുന്നത്. അനാവശ്യമായ മോഹങ്ങളും പ്രതീക്ഷകളും ബന്ധങ്ങളുടെ നിറം കെടുത്തുകയില്ല. പരസ്പരമുള്ള സ്നേഹാദരങ്ങളുടെ ദൃഡത വര്‍ദ്ധിക്കും. ഒരാള്‍ മറ്റെയാള്‍ക്ക് ജീവനോളം പ്രീയപ്പെട്ടവനാകും. നമുക്ക് ഏറ്റവും പ്രധാനപ്പെട്ടത് ജീവിതമാണല്ലോ? അപ്പോള്‍ പിന്നെ സ്വന്തം ജീവിത പങ്കാളിയെ തന്റെ ജീവിതമായി തന്നെയല്ലേ കാണേണ്ടത്?

 
 
  0 Comments
 
 
Login / to join the conversation1