കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കാന്‍
കുട്ടികളുടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളിലും, അവരെ വളര്‍ത്തിയെടുക്കുന്ന രീതിയിലും ഒരൊറ്റ നിര്‍വ്വചനമോ, കൃത്യമായ പഠനപരമ്പരകളോ ഇല്ലെങ്കിലും, കുട്ടികള്‍ ആഹ്‌ളാദഭരിതരാണെന്ന് ഉറപ്പുവരുത്തണം. അതാണ് മാതാപിതാക്കളുടെ പ്രധാന കര്‍ത്തവ്യം. കുഞ്ഞുങ്ങളെ എങ്ങിനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് ചില മാര്‍ഗ്ഗരേഖകള്‍
 
 

सद्गुरु

കുട്ടികളുടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളിലും, അവരെ വളര്‍ത്തിയെടുക്കുന്ന രീതിയിലും ഒരൊറ്റ നിര്‍വ്വചനമോ, കൃത്യമായ പഠനപരമ്പരകളോ ഇല്ലെങ്കിലും, കുട്ടികള്‍ ആഹ്‌ളാദഭരിതരാണെന്ന് ഉറപ്പുവരുത്തണം. അതാണ് മാതാപിതാക്കളുടെ പ്രധാന കര്‍ത്തവ്യം. കുഞ്ഞുങ്ങളെ എങ്ങിനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് ചില മാര്‍ഗ്ഗരേഖകള്‍.

സദ്ഗുരു : കുറെയൊക്കെ വിവേകം പ്രയോഗിക്കേണ്ടുന്ന ഒന്നാണ്‌ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും. എല്ലാ കുട്ടികള്‍ക്കും പറ്റിയ ഒരു ഏകീകൃതനിയമം ഉണ്ടാവില്ല. ഓരോ കുട്ടിയെയും ഓരോ രീതിയില്‍ വേണം ശ്രദ്ധിക്കുക്കയും, സ്‌നേഹിക്കുകയും, ശാസിക്കുകയും ചെയ്യാന്‍. നിങ്ങള്‍ വളര്‍ത്തുന്ന സസ്യം ഏതാണെന്നും, അതിന്‌ എത്ര വെള്ളം ആവശ്യമുണ്ടെന്നും ആദ്യം തിരിച്ചറിയുക. ഒരു പനിനീര്‍ചെടിക്കും തെങ്ങിനും ഒരേ കണക്കിന് വെള്ളമൊഴിച്ചാല്‍ എന്താകും? കുട്ടികളെ മനസ്സിലാക്കി, അവരുടെ കഴിവിനനുസരിച്ച് അവര്‍ക്ക് പ്രോത്സാഹനം നല്‍കുക. അല്ലാതെ അവരുടെ കഴിവിനതീതമായതു അവരെക്കൊണ്ട് നിര്‍ബ്ബന്ധിച്ചു ചെയ്യിക്കാന്‍ ശ്രമിച്ചാല്‍ പരിണാമം പരിതാപകരമാകും.

നിങ്ങള്‍ സ്വന്തം ജീവിതത്തില്‍ ചെയ്‌തത്‌ അല്ലെങ്കില്‍ ചെയ്യാനാശിച്ചത്, നിങ്ങളുടെ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്.

1. ശിശു നിങ്ങള്‍ക്കു കൈവന്ന അനുഗ്രഹമാണ്‌ : ശിശുവില്‍ നിന്ന് തുടങ്ങാം. ഈ ശിശു – ഈ ആനന്ദമലര്‍ച്ചെണ്ട്‌, നിങ്ങളിലൂടെ നിങ്ങളുടെ ഭവനത്തില്‍ എത്തിയെന്ന കാര്യം ഒരനുഗ്രഹം തന്നെയാണ്‌. അതിന്റെ അര്‍ത്ഥം, അവന്‍ നിങ്ങളുടെ സ്വന്തം സ്വത്താണ് എന്നതല്ല (അവന്‍ എന്നുള്ള എല്ലായിടത്തും അവള്‍ എന്നും വായിക്കാം). അവനില്‍കൂടി എങ്ങനെ സന്തോഷിക്കാം, അവനെ എങ്ങിനെ പരിപാലിക്കാം, അവനെ എങ്ങിനെ സംരക്ഷിക്കാം, ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

2. അവന്‍ അവനായിത്തന്നെയിരിക്കട്ടെ : അവന്‍ എന്തായി തീരേണ്ടവനാണൊ, അങ്ങിനെ ഭവിക്കാന്‍ അവനെ അനുവദിക്കുക. നിങ്ങള്‍ ജീവിതത്തെ മനസ്സിലാക്കിയതിന്റെ വെളിച്ചത്തില്‍ അവനെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കാതിരിക്കുക. അവനെ നിങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള നിക്ഷേപമാക്കിമാറ്റാന്‍ ശ്രമിക്കാതിരിക്കുക. നിങ്ങള്‍ സ്വന്തം ജീവിതത്തില്‍ ചെയ്‌തത്‌ അല്ലെങ്കില്‍ ചെയ്യാനാശിച്ചത്, നിങ്ങളുടെ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ജീവിതത്തില്‍ നിങ്ങള്‍ ചിന്തിക്കാന്‍ പോലും മുതിരാത്ത എന്തെങ്കിലും വേണം നിങ്ങളുടെ കുട്ടി ചെയ്യാന്‍.

3. നേരായ സ്‌നേഹം : മക്കളെ സ്‌നേഹിക്കുക എന്നുവച്ചാല്‍ അവര്‍ ആവശ്യപ്പെടുന്നതെന്തും സാധിച്ചുകൊടുക്കലാണെന്ന ധാരണ വച്ചുപുലര്‍ത്തുന്ന ചില മാതാപിതാക്കളുണ്ട്. അവര്‍ ആവശ്യപ്പെടുന്നതെല്ലാം നല്‍കുക എന്നത്‌ വിഡ്ഡിത്തമാണ്‌ അല്ലേ? നിങ്ങള്‍ സ്‌നേഹമയനായിരിക്കുമ്പോള്‍, ഒരു വ്യക്തിയെ നേരായും സ്‌നേഹിക്കുമ്പോള്‍, എന്താണോ അവനാവശ്യമായിട്ടുള്ളത്‌ അത്‌ നിങ്ങള്‍ക്ക് ചെയ്യാനാവും, നിങ്ങള്‍ അവന് അപ്രിയനാകാതിരിക്കാന്‍ സന്നദ്ധനാവും; അതേസമയം, എന്താണോ അവനേറ്റവും ഉത്തമം, അക്കാര്യം നിര്‍വ്വഹിക്കുക്കയും ചെയ്തിരിക്കും.

4. വളരാന്‍ തിടുക്കം കൂട്ടണ്ട : കുട്ടികള്‍ കുട്ടികളായിത്തന്നെയിരിക്കുക എന്നത്‌ വളരെ പ്രധാനപ്പെട്ട സംഗതിയാണ്‌. അവനെ മുതിര്‍ന്ന വ്യക്തിയാക്കാന്‍ തിടുക്കം കാട്ടരുത്‌. എന്തുകൊണ്ടെന്നാല്‍, പിന്നീട്‌ ഈ കുട്ടിത്തത്തെ തിരികെ കൊണ്ടുവരാന്‍ നിങ്ങള്‍ക്കു കഴിയില്ല. അവന്‍ കുട്ടിയായിരിക്കുന്നതും, ഇപ്പോള്‍ കുട്ടിയെപ്പോലെ പെരുമാറുന്നതും കൌതുകകരമായ സംഗതിയാണ്‌. ഒരാള്‍ മുതിര്‍ന്ന വ്യക്തിയായതിനു ശേഷവും കുട്ടിയെപ്പോലെ പെരുമാറുന്നതു കഷ്‌ടമാണ്‌. കുട്ടി വളരും, മുതിര്‍ന്ന വ്യക്തിയാകും, അതിനു തിടുക്കമിട്ടിട്ടു കാര്യമില്ല.

5. പഠിക്കാനുള്ള സമയമാണ്‌, പഠിപ്പിക്കാനുള്ളതല്ല : കുട്ടികളെ പഠിപ്പിക്കാന്‍പോരും വിധം ജീവിതത്തെക്കുറിച്ച്‌ എന്തറിയാം നിങ്ങള്‍ക്ക്‌? ഏതാനും അതിജീവനവിദ്യകള്‍ മാത്രമാവും നിങ്ങള്‍ക്ക്‌ അവരെ പഠിപ്പിക്കാന്‍ കഴിയുക. കുട്ടിയെയും നിങ്ങളെയും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കിയിട്ട് കൂടുതല്‍ ആനന്ദമയരായിരിക്കാന്‍ കഴിയുന്നത്‌ ആര്‍ക്കാണെന്നു പരിശോധിക്കുക. നിങ്ങളുടെ കുട്ടിക്കുതന്നെ, അല്ലേ?അവന്‍ നിങ്ങളേക്കാള്‍ ആനന്ദകരമായിട്ടാണ് കാണുന്നതെങ്കില്‍, ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ കൂടുതല്‍ യോഗ്യത ആര്‍ക്കാണ്‌? നിങ്ങള്‍ക്കോ അതോ നിങ്ങളുടെ കുട്ടിക്കോ? കുഞ്ഞിന്റെ വരവോടെ, അറിയാതെ ചിരിക്കുക്കയും, കളിക്കുക്കയും, പാടുകയും, സോഫയുടെ അടിയില്‍ കിടന്നരുളുകയും തുടങ്ങി, ജീവിതത്തില്‍ മറന്നു പോയിരുന്ന കാര്യങ്ങളൊക്കെ ചെയ്യുകയായി നിങ്ങള്‍. അപ്പോള്‍ കുഞ്ഞിന്റെ വരവ് എന്നത്, ജീവിതത്തില്‍ നിങ്ങള്‍ക്ക് പഠിക്കാനുള്ള സമയമാണെന്ന് സാരം, അല്ലാതെ പഠിപ്പിക്കുവാനുള്ളതല്ല

6. കുട്ടികള്‍ പ്രകൃത്യാ ആധ്യാത്മികരാണ്‌ : ആധ്യാത്മിക വികസനത്തിനു വളരെയടുത്തു നില്‍ക്കുന്നവരാണു കുട്ടികള്‍, മറ്റാരും തലയിടുന്നില്ലെങ്കില്‍മാത്രം. പൊതുവേ, മാതാപിതാക്കള്‍ അധ്യാപകര്‍, സമൂഹം, ടെലിവിഷന്‍ തുടങ്ങി ആരെങ്കിലും അവരുടെ കാര്യങ്ങളില്‍ അമിതമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാവും. ഈ സമ്മര്‍ദ്ദം പരമാവതി കുറയ്ക്കാന്‍ ശ്രമിക്കുക, നിങ്ങളുടെ മതവിശ്വാസങ്ങള്‍ക്ക്‌ എന്നതിനേക്കാള്‍, സ്വന്തം ജ്ഞാനസമ്പാദനത്തിലൂടെ വളരാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം ഒരുക്കുക. അപ്പോള്‍ കുട്ടി ആധ്യാത്മികത എന്ന വാക്കു അറിയുകപോലും ചെയ്യാതെ അവന്റെ മനസ്സ് പ്രകൃത്യാ ആധ്യാത്മികമായി മാറും.

അവനില്‍ നിന്നും സ്നേഹമാണ് ആഗ്രഹിക്കുന്നതെങ്കില്‍, സ്നേഹം വാരിക്കോരിക്കൊടുക്കുക, അവന്‍റെ അനാവശ്യമായ നിര്‍ബ്ബന്ധങ്ങള്‍ക്കു വഴങ്ങാതെ.

7. സംരക്ഷണവും സ്‌നേഹവുമുള്ള അന്തരീക്ഷമൊരുക്കുക : നിങ്ങള്‍ കാട്ടിക്കൊടുക്കുന്നത്‌ ഭയാശങ്കകളുടെ മാതൃകയാണെങ്കില്‍ കുട്ടികള്‍ ആനന്ദത്തോടെ ജീവിക്കണമെന്ന് എങ്ങിനെ പ്രതീക്ഷിക്കാനാവും? അവരും അതൊക്കെത്തന്നെ സ്വായത്തമാക്കും. ആനന്ദവും സ്‌നേഹവും നിറഞ്ഞ അന്തരീക്ഷമൊരുക്കുക എന്നതാണ്‌ നിങ്ങള്‍ക്കു ചെയ്യാവുന്ന ഏറ്റവും മുഖ്യമായ കാര്യം.

8. സൌഹൃദം നിലനിര്‍ത്തുക : നിങ്ങളുടെ സത്തയെ അടിച്ചേല്‍പിക്കുന്ന രീതി അവസാനിപ്പിക്കയും, മേലാളനായിരിക്കുന്നതിനു പകരം ദൃഢമായ സൌഹൃദം സ്‌ഥാപിക്കയും ചെയ്യുക. നിങ്ങള്‍ ഉയര്‍ന്ന പീഠത്തില്‍ കയറിയിരുന്നിട്ട് ‘അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ’ എന്ന് കുട്ടിയോട്‌ ആജ്ഞാപിക്കാതിരിക്കുക. നിങ്ങള്‍ കുട്ടിയോടൊപ്പം ഇരുന്ന് അവന്‍റെ നിലയില്‍ അവനോടു പെരുമാറുക. അപ്പോള്‍ അവര്‍ക്ക്‌ നിങ്ങളോട്‌ സംസാരിക്കാന്‍ എളുപ്പമാവും.

9. ആദരവല്ല, സ്നേഹമാണാര്‍ജ്ജിക്കേണ്ടത് : കുട്ടിയില്‍ നിന്നു സ്‌നേഹം വേണം എന്നാവും നിങ്ങള്‍ ആഗ്രഹിക്കുന്നത് അല്ലേ? എന്നാല്‍, എല്ലാ മാതാപിതാക്കളും പറയുന്നതോ, 'നീ എന്നെ ആദരിക്കണം, ഞാന്‍ പറയുന്നത് കേള്‍ക്കണം, കാരണം - നിന്നെക്കാള്‍ എത്രയോ ലോകം ഞാന്‍ കണ്ടിട്ടുണ്ട്, അതിജീവനവിദ്യകള്‍ പലതും എനിക്കറിയാം' എന്നൊക്കെയല്ലേ? ഇത്രയും ഒഴിച്ചു നിര്‍ത്തിയാല്‍, ഏതു വിധത്തിലാണ്‌ നിങ്ങളുടേത്‌ കുട്ടിയുടേതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതമാകുന്നത്‌. അവനില്‍ നിന്നും സ്നേഹമാണ് ആഗ്രഹിക്കുന്നതെങ്കില്‍, സ്നേഹം വാരിക്കോരിക്കൊടുക്കുക, അവന്‍റെ അനാവശ്യമായ നിര്‍ബ്ബന്ധങ്ങള്‍ക്കു വഴങ്ങാതെ.

10. നിങ്ങള്‍ സ്വയം ആകര്‍ഷകമാക്കുക : ടിവി, അയല്‍വാസികള്‍, വിദ്യാലയം തുടങ്ങി ഒത്തിരിയൊത്തിരി കാര്യങ്ങളാല്‍ കുട്ടി സ്വാധീനിക്കപ്പെടുന്നുണ്ട്‌. ഏതാണോ തനിക്ക്‌ ആകര്‍ഷകമായി തോന്നുന്നത്‌ ആ വഴിക്കേ കുട്ടി നീങ്ങൂ. അവന് സ്വന്തം മാതാപിതാക്കളോടൊപ്പമിരിക്കുന്നത്‌ ഏറ്റവും ആകര്‍ഷകമായി തോന്നുംവിധം സ്വയം അവനവനെത്തന്നെ മാറ്റിയെടുക്കുക എന്നതു വേണം മാതാപിതാക്കളായ നിങ്ങള്‍ ചെയ്യേണ്ടത്. നിങ്ങള്‍ ആനന്ദവും ജ്ഞാനവുമുള്ള ആദര്‍ശ വ്യക്തിത്വങ്ങളാണെങ്കില്‍ കുട്ടികള്‍ മറ്റാരുടെയും കൂട്ടുതേടിപ്പോവില്ല. ഏതു പ്രശ്നവും അവര്‍ നിങ്ങളോടാരായും. കുട്ടികളെ നന്നായി വളര്‍ത്തിയെടുക്കുന്നതില്‍ നേരായും തല്‍പരരാണെങ്കില്‍, ആദ്യം ശാന്തിയും സ്‌നേഹവും പ്രസരിപ്പിക്കുന്ന മനുഷ്യജീവിയായി നിങ്ങള്‍ നിങ്ങളെത്തന്നെ സ്വയം മാറ്റിയെടുക്കുക.

Photo credit to : https://www.pexels.com/photo/light-sunset-people-water-34014/

 
 
  0 Comments
 
 
Login / to join the conversation1