കുഞ്ഞിന് കൊടുക്കേണ്ടത് സ്നേഹമാണ്, അധികാരമല്ല
മക്കളോടു സ്നേഹം മാത്രമാണ് നിങ്ങള്‍ പ്രകടിപ്പിച്ചിരുന്നതെങ്കില്‍ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്കിടയില്‍ സൗഹൃദം ഉടലെടുക്കുമായിരുന്നു. ഏതാണ് നല്ലത്? ഏതാണ് ചീത്ത? എന്നു തിരിച്ചറിയാനുള്ള കഴിവ് അവനുണ്ടാകുമായിരുന്നു.
 
 

सद्गुरु

നിങ്ങള്‍ പറയുന്നത് കുട്ടിയുടെ നന്മയ്ക്കാണെന്ന് അവന്‍ മനസ്സിലാക്കണം. നിങ്ങള്‍ അവനെ അധികാരം കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ഉപദേശത്തിനും സഹായത്തിനും വേണ്ടി അവന്‍ വരാന്‍ മടിക്കും

വളരെ മോഹത്തോടുകൂടിയാണ് നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്, പക്ഷേ ഇപ്പോള്‍ അവരോടൊപ്പം പോരടിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ നിങ്ങളുടെ നിയന്ത്രണത്തില്‍ നിന്നു പുറത്തു പോകുന്നു എന്നുള്ള വിഷമം നിങ്ങളെ അസ്വസ്ഥനാക്കുന്നു. നിങ്ങളുടെ മകന്‍ സുഹൃത്തുക്കളോടൊപ്പം പുകവലിച്ചിട്ടു വരുന്നത് നിങ്ങള്‍ക്കു സഹിക്കാന്‍ സാധിക്കുന്നില്ല. "ഇങ്ങനെയൊക്കെ ചെയ്യുന്നതു കാരണം നമ്മുടെ കുടുംബത്തിന്‍റെ അന്തസ്സു നീ നശിപ്പിച്ചു" എന്നു നിങ്ങള്‍ ക്ഷോഭിച്ചു സംസാരിക്കുന്നു. ഉടന്‍തന്നെ അവന്‍ പുകവലി നിര്‍ത്തുമോ? നിങ്ങള്‍ കാണാതെ എവിടെയെങ്കിലും മാറിനിന്നു പുകവലിച്ചശേഷം ഒന്നും അറിയാതിരിക്കാനായി വായില്‍ എന്തെങ്കിലും ഇട്ട് ചവച്ചുകൊണ്ടുവരും.

അധികാരം കാണിച്ച് കുറച്ചുകാലം മാത്രമേ അവനെ നിങ്ങളുടെ അരികില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല നിങ്ങളുടെ ആത്മാര്‍ത്ഥത അവന് മനസ്സിലാകാതെ പോവുകയും ചെയ്യും.

പുകവലിക്കുന്നതു തെറ്റാണ് എന്നു പഠിപ്പിക്കുവാനാണ് നിങ്ങള്‍ ശ്രമിച്ചത്, പക്ഷേ നുണ പറയാനും കള്ളത്തരം കാണിക്കാനും കൂടിയാണ് നിങ്ങളവനെ പഠിപ്പിച്ചത്. അവന്‍റെ തെറ്റ് തിരുത്താന്‍ വേണ്ടി നിങ്ങള്‍ അവനെ ഭീഷണിപ്പെടുത്തി. അധികാരം കാണിച്ച് കുറച്ചുകാലം മാത്രമേ അവനെ നിങ്ങളുടെ അരികില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല നിങ്ങളുടെ ആത്മാര്‍ത്ഥത അവന് മനസ്സിലാകാതെ പോവുകയും ചെയ്യും. അവനില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന മാറ്റം ഉണ്ടായെന്നു വരില്ല. അവന്‍റടുത്ത് സ്നേഹം മാത്രമാണ് നിങ്ങള്‍ പ്രകടിപ്പിച്ചിരുന്നതെങ്കില്‍ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്കിടയില്‍ സൗഹൃദം ഉടലെടുക്കുമായിരുന്നു. ഏതാണ് നല്ലത്? ഏതാണ് ചീത്ത? എന്നു തിരിച്ചറിയാനുള്ള കഴിവ് അവനുണ്ടാകുമായിരുന്നു. നിങ്ങള്‍ പറയുന്നത് അവന്‍റെ നന്മയ്ക്കാണെന്ന് അവന്‍ മനസ്സിലാക്കുമായിരുന്നു. പക്ഷേ നിങ്ങള്‍ അവനെ അധികാരം കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ഉപദേശത്തിനും സഹായത്തിനും വേണ്ടി അവന്‍ വരാന്‍ മടിക്കും.

ശങ്കരന്‍പിള്ള ഒരിക്കല്‍ തന്‍റെ സഹോദരിയുടെ മകന് ജന്മദിന സമ്മാനമായി വില കുറഞ്ഞ ഒരു തകര ചെണ്ട വാങ്ങി കൊടുത്തു. ഒരു മാസം കഴിഞ്ഞ് ശങ്കരന്‍പിള്ള കുട്ടിയെ കാണാന്‍ ചെന്നു. കുട്ടി ഓടിവന്നു, "അമ്മാവാ, എനിക്കിതുവരെ കിട്ടിയ സമ്മാനങ്ങളില്‍ വച്ച് ഏറ്റവും നല്ലത് ഇതാണ്. ഇതു കാരണം ഞാന്‍ സമ്പാദിക്കാന്‍ പഠിച്ചു" എന്നു പറഞ്ഞു.

"ഓഹോ, സംഗീത കച്ചേരികളില്‍ പക്കവാദ്യം വായിക്കാന്‍ വേണ്ടി അഭ്യസിക്കുകയാണോ,നീ?" ശങ്കരന്‍പിള്ള ചോദിച്ചു.

"അല്ല അമ്മാവാ, ഈ കൊട്ടാതിരുന്നാല്‍ ദിവസം അഞ്ചു രൂപ വീതം അമ്മയും, ഒരാഴ്ചയ്ക്ക് 50 രൂപ വീതം മുത്തശ്ശനും തരുന്നു" എന്നു കുട്ടി പറഞ്ഞു.

നിങ്ങളെ മണ്ടനാക്കി കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ നിങ്ങളുടെ മകനും ശ്രമിക്കും. അത് അവന്‍റെ തെറ്റല്ല, അവനെ ആ രീതിയില്‍ വളര്‍ത്തിയ നിങ്ങളാണ് തെറ്റുകാരന്‍. ഒരു കാര്യം നല്ലവണ്ണം മനസ്സിലാക്കണം. ഒരു കുഞ്ഞു നിങ്ങളുടെ സ്വത്തല്ല. നിങ്ങള്‍ കാരണം ഒരു ജീവന്‍ ലോകത്തേക്ക് വന്നു എന്നത് നിങ്ങള്‍ക്ക് അഭിമാനം തരുന്ന ഒരു കാര്യമാണ്, എന്നല്ലാതെ കുഞ്ഞ് ഒരിക്കലും നിങ്ങളുടെ സ്വന്തമല്ല. കുഞ്ഞിനെ ശിക്ഷിച്ചുവളര്‍ത്തുന്നത് മോശമായ ഒരു പ്രവൃത്തിയാണ്. സത്യത്തില്‍ ആ കുഞ്ഞ് നിങ്ങളെ എതിര്‍ത്തു നില്‍ക്കുകയില്ല എന്ന ധൈര്യത്തിലാണല്ലോ നിങ്ങള്‍ ശിക്ഷിക്കുവാന്‍ കൈ ഉയര്‍ത്തുന്നത്. നിരായുധനായ ഒരാളിന്‍റെ നേര്‍ക്കു വാളോങ്ങുന്നത് ധൈര്യമാണോ? വിവേകമാണോ?

നിങ്ങളെ മണ്ടനാക്കി കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ നിങ്ങളുടെ മകനും ശ്രമിക്കും. അത് അവന്‍റെ തെറ്റല്ല, അവനെ ആ രീതിയില്‍ വളര്‍ത്തിയ നിങ്ങളാണ് തെറ്റുകാരന്‍

ശാരീരികമായി തന്നെ സംരക്ഷിക്കുവാനുള്ള കഴിവു മാത്രമേ കുഞ്ഞിന് ഇല്ലാതെയുള്ളൂ. അല്ലാതെ കുഞ്ഞ് എന്നത് ഒരു കുറവും ഇല്ലാത്ത ഒരു പുതിയ ജീവന്‍ ആണ്. ജീവിതത്തെ ഭാരമായോ, ദു:ഖമായോ കരുതാന്‍ അറിയാത്ത ജീവന്‍. നുണകള്‍ അറിയാത്തിനാല്‍ നിങ്ങളെക്കാളും വളരെ ഭംഗിയായി ലോകത്തെ ആസ്വദിക്കുന്ന ഒരു ജീവന്‍.

ഒരു ചെറിയ ചെടി നന്നായിട്ട് വളരണമെങ്കില്‍ അരികില്‍ തന്നെയിരുന്ന് അതിനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമോ? ഇല്ല പകരം, അതിനാവശ്യമായ വളമിട്ട് ജലം പകര്‍ന്ന്, ചെടി വളരാന്‍ സഹായിക്കും. ചെടി താനേ പുഷ്പിക്കുകയും ചെയ്യും. കുഞ്ഞും അതുപോലെയാണ്. ആവശ്യമായ സംരക്ഷണം മാത്രം കൊടുക്കുക. നിങ്ങളുടെ ചിന്തകളെ അതിന്‍റെ പുറത്ത് ബലം പ്രയോഗിച്ച് അടിച്ചേല്‍പ്പിക്കാതിരിക്കുക.

ചുറുചുറുക്കുള്ള ഒരു വ്യവസായിയുടെ ഒറ്റ മകന്‍ ബിസിനസ്സില്‍ താല്‍പര്യം കാണിക്കാതെ സംഗീതത്തില്‍ ആകൃഷ്ടനായി ഗിത്താര്‍ മീട്ടിക്കൊണ്ടിരുന്നാല്‍ വ്യവസായിക്ക് സഹിക്കാന്‍ പറ്റില്ല. ഒരു സംഗീതസംവിധായകന്‍റെ മകന്‍ ആട്ടോ മൊബൈല്‍ വര്‍ക്ഷോപ്പില്‍ സ്ക്രൂകളുമായി കഴിയുകയാണെങ്കില്‍ അയാള്‍ക്ക് അതു സഹിക്കാന്‍ പറ്റില്ല. എന്തുകൊണ്ടാണ്? തന്‍റെ മരണത്തിന് ശേഷവും തന്‍റെ ബാക്കിയായി ഭൂമിയില്‍ എന്തെങ്കിലും ഉണ്ടായിരിക്കണം എന്ന കേവലമായ ആഗ്രഹം മാത്രമാണ്. അതുകൊണ്ടാണ് കുഞ്ഞുങ്ങളെ തങ്ങളെപ്പോലെതന്നെ വളര്‍ത്തി തങ്ങളുടെ അനന്തര അടയാളങ്ങളാക്കി വച്ചിട്ടു പോകാന്‍ ആഗ്രഹിക്കുന്നത്.

നിങ്ങള്‍ക്കുശേഷം നിങ്ങളുടെ കുഞ്ഞും നിങ്ങള്‍ ചെയ്യുന്ന അതേ വിഡ്ഡിത്തങ്ങളെ തുടര്‍ന്നു ചെയ്യണം എന്ന് എന്തിനാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങള്‍ ചെയ്യാന്‍ അധൈര്യപ്പെട്ടിരുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിവുള്ള ആളായിരിക്കണ്ടേ? അങ്ങനെ അടുത്തടുത്ത തലമുറകള്‍ ചെയ്താല്‍ മാത്രമല്ലേ നിശ്ചലാവസ്ഥയില്ലാതെ പ്രപഞ്ചം മുന്നോട്ടു പോകൂ?

സ്നേഹവും ആത്മാര്‍ത്ഥമായ ശ്രദ്ധയുമാണ് നിങ്ങളുടെ കുഞ്ഞിന് നിങ്ങള്‍ കൊടുക്കേണ്ടത്, അധികാരമല്ല. നിങ്ങളുടെ കുഞ്ഞിന് ക്ഷോഭവും അഹങ്കാരവുമില്ലാത്ത ആനന്ദമയമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക. നിങ്ങളേക്കാളും നല്ല രീതിയില്‍ നിങ്ങളുടെ കുഞ്ഞു വളരും, സംശയിക്കണ്ട. അങ്ങനെ വളരുന്ന കുഞ്ഞ് ഒരിക്കലും തെറ്റായ പഥത്തില്‍ സഞ്ചരിക്കുകയുമില്ല. എന്തെങ്കിലും കാരണവശാല്‍ അങ്ങനെ വഴിതെറ്റിപ്പോയാലും, പെട്ടെന്നു തന്നെ തെറ്റു മനസ്സിലാക്കി നേരായ വഴിയില്‍ നിങ്ങളുടെ അരികില്‍ തന്നെ വന്നു ചേരും.

ധ്യാനം പഠിക്കാന്‍ അതറിഞ്ഞവരുടെ അടുത്തു പോയാല്‍ പോരേ? ഒരു ഗുരുവിന്‍റെ അടുത്തു നിന്നുതന്നെ പഠിക്കണോ?

ഒരിക്കല്‍ ബീര്‍ബല്‍ കണ്ണുകളടച്ചുകൊണ്ടു ചില മന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ടിരുന്നത് അക്ബര്‍ ശ്രദ്ധിച്ചു. തനിക്കും അതൊക്കെ പറഞ്ഞുതരണമെന്ന് അക്ബര്‍ ആവശ്യപ്പെട്ടു.

"മഹാരാജന്‍, ഇത് ഒരു ഗുരുമുഖത്തു നിന്നു തന്നെ അഭ്യസിക്കേണ്ടതാണ്" എന്ന് ബീര്‍ബല്‍ പറഞ്ഞു.

എന്നാല്‍ അക്ബര്‍ സ്വന്തം അധികാരം പ്രയോഗിച്ച് വേറെ ഒരാളിന്‍റടുത്തുനിന്നും മന്ത്രം പഠിച്ചിട്ട് ബീര്‍ബലിനെ അത് പറഞ്ഞു കേള്‍പ്പിച്ചു.

"വാക്കുകളൊക്കെ അതുതന്നെയാണ്, രാജാവേ. പക്ഷേ ഗുരുമുഖത്ത് നിന്നു പഠിച്ചാല്‍ മാത്രമേ അവയ്ക്ക് ശക്തിയുള്ളൂ" ബീര്‍ബല്‍ പറഞ്ഞു.

"വാക്കുകള്‍ അതുതന്നെയാണെങ്കില്‍ പിന്നെ അതാരു പറഞ്ഞു കൊടുത്താലെന്താ?" എന്നായി അക്ബര്‍.

ബീര്‍ബല്‍ കൈകൊട്ടി ഭടന്‍മാരെ വിളിച്ചു. "ഈ വിഡ്ഢിയെ കാരാഗ്രഹത്തിലിടൂ" എന്നു അക്ബറിനെ ചൂണ്ടിക്കാട്ടി ഉത്തരവിട്ടു.

ഭടന്‍മാര്‍ അനങ്ങിയില്ല. ബീര്‍ബല്‍ ആവര്‍ത്തിച്ചു പറഞ്ഞ ശേഷവും ഭടന്‍മാര്‍ ഒന്നും ചെയ്തില്ല. അക്ബറിന് ദേഷ്യം വന്നു. "എന്നെ കാരാഗ്രഹത്തിലിടാന്‍ പറയാന്‍ ഇയാളാരാണ്? ഇയാളെ കാരാഗ്രഹത്തിലടയ്ക്കൂ" എന്ന് അക്ബര്‍ ആജ്ഞാപിച്ച ഉടനെ ഭടന്‍മാര്‍ ഓടിവന്നു ബീര്‍ബലിനെ പിടിച്ചു.

"ഇതേ വാക്കുകള്‍ തന്നെ ഞാന്‍ പറഞ്ഞപ്പോള്‍ ആരും വകവച്ചില്ല. പക്ഷേ രാജാവ് പറഞ്ഞപ്പോള്‍ അതിന്‍റെ വില എങ്ങനെ മാറിയെന്ന് മനസ്സിലായില്ലേ മഹാജന്‍

അപ്പോള്‍ ബീര്‍ബല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. "ഇതേ വാക്കുകള്‍ തന്നെ ഞാന്‍ പറഞ്ഞപ്പോള്‍ ആരും വകവച്ചില്ല. പക്ഷേ രാജാവ് പറഞ്ഞപ്പോള്‍ അതിന്‍റെ വില എങ്ങനെ മാറിയെന്ന് മനസ്സിലായില്ലേ മഹാജന്‍ ?

ഗുരുവിന്‍റടുത്തുനിന്ന് അഭ്യസിക്കണം എന്നു പറഞ്ഞതിന്‍റെ അര്‍ത്ഥം രാജാവിനു മനസ്സിലായി, നിങ്ങള്‍ക്കു മനസ്സിലായോ?

 
 
  0 Comments
 
 
Login / to join the conversation1