सद्गुरु

യോഗേശ്വരലിംഗം ആർക്കും മറക്കാനാവാത്ത ഒരു രൂപമാണ് - ഈ ലോകത്തിലെ ഏറ്റവും മഹോന്നതമായ ഒരു മുഖം! ത്രാണം അഥവാ മുക്തി ആഗ്രഹിക്കുന്നവർക്ക് അത് ഒരു വലിയ വാതിലാണ് തുറന്നു കൊടുക്കുന്നത്. നിങ്ങളെ കെട്ടിയിടുന്നതെന്തായാലും അതിൽ നിന്നുള്ള മോചനമാണ് ഈ ലിംഗം പ്രദാനം ചെയ്യുന്നത്.

യോഗസംസ്കൃതി ശിവനെ ഒരു ഈശ്വരനായല്ല, ആദിയോഗി അഥവാ പ്രഥമയോഗിയായിട്ടാണ് സങ്കല്‍പ്പിക്കുന്നത് - എന്നുവെച്ചാല്‍ യോഗശാസ്ത്രത്തിന്റെ യോജകന്‍! മനുഷ്യ മനസ്സിലേക്ക് യോഗ എന്ന ബീജത്തെ നിക്ഷേപിച്ചത് അദ്ദേഹമാണ്. "ക്രമാനുഗതമായി സ്വയം ആര്‍ജ്ജിക്കുന്ന കര്‍മശൈലിയിലൂടെ നിങ്ങള്‍ക്ക് എല്ലാ പരിമിതികളെയും മറികടന്ന് വികാസം പ്രാപിക്കാന്‍ സാധിക്കും” എന്നാണ് ആദിയോഗി ഉദ്ബോധിപ്പിക്കുന്നത്.

മനുഷ്യ വർഗ്ഗത്തിന് ചില നിർദിഷ്ട പരിധികളുണ്ട്. എങ്കിലും മനുഷ്യന്‍ അത്തരം പരിമിതികള്‍ക്കുള്ളില്‍ സ്വയം ഒതുങ്ങിക്കൂടേണ്ട ആവശ്യമില്ല എന്ന വസ്തുത അദ്ദേഹം വെളിപ്പെടുത്തി. ഭൗതികതയുടെ ചട്ടക്കൂട്ടിൽ നിൽക്കുമ്പോഴും അതിൽ കുടുങ്ങിപോകാതിരിക്കുവാനുള്ള വഴിയുണ്ട്. ശരീരത്തിൽ പാര്‍ത്തുകൊണ്ടു തന്നെ വെറും ശരീരം മാത്രമായിത്തീരാതിരിക്കാനും മാർഗ്ഗമുണ്ട്.

മനസ്സ് സൃഷ്ടിക്കുന്ന ദുരിതങ്ങൾ അനുഭവിക്കാതെ തന്നെ മനസ്സിനെ ഏറ്റവും ഉദാത്തമായ രീതിയിൽ പ്രയോജനപ്പെടുത്താം. ഇപ്പോൾ നിങ്ങൾ അസ്തിത്വത്തിന്റെ ഏതു വ്യാപ്തിയിലായാലും, നിങ്ങൾക്ക് അതിനുപരിയായ ഒരു ജീവിതം സാധ്യമാണ്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ്, ആദിയോഗിയില്‍ നിന്നും ഉദ്ഭൂതമായ ഈ ആശയം, ഭൂമിയില്‍ വസിക്കുന്ന മനുഷ്യന്‍റെ ബോധതലത്തിന് അദ്ദേഹം നല്‍കിയ മികച്ച സംഭാവനയാണ്.
ഈ ജ്ഞാനപ്രകാശത്തെ സംപ്രാപ്യമാക്കാനുള്ള മാർഗ്ഗങ്ങളും ആദിയോഗി നിർദേശിച്ചിട്ടുണ്ട്; തങ്ങളുടെ പരിമിതികളെ മറികടന്ന്, വികാസത്തിന്‍റെ ഔന്നത്യത്തിലേക്കു നയിക്കുന്ന 112 മാർഗ്ഗങ്ങൾ!

എന്തുകൊണ്ട് 112?

മനുഷ്യശരീരത്തിൽ ചക്രങ്ങളുടെ എണ്ണം 112 ആണ്. വാസ്തവത്തില്‍ 114 ചക്രങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ രണ്ടെണ്ണം ഭൗതിക ശരീരത്തിന് പുറത്താണ്. ഭൗതിക ശരീരത്തിനുള്ളിൽ 112 ചക്രങ്ങളുണ്ട്. അവയില്‍ ഓരോന്നിനെയും സാധകമാക്കി നിങ്ങളുടെ കഴിവിന്റെ പാരമ്യത്തിലെത്തുവാനുള്ള മാര്‍ഗങ്ങളാണ് അദ്ദേഹം ഉപദേശിക്കുന്നത്. മനുഷ്യശരീരത്തിലെ 112 ചക്രങ്ങളെകുറിച്ച് ആദിയോഗി സപ്തര്‍ഷികളോട് സംസാരിച്ചുകൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ പത്നി പാർവതി ഇടപെട്ടു. "നൂറ്റി പന്ത്രണ്ടോ? അതിൽ കൂടുതൽ ഉണ്ടായിരിക്കണം." (അവർ ഒരു സ്ത്രീയായതുകൊണ്ട് കൂടുതൽ വൈവിധ്യം ഇഷ്ടപെടുമല്ലോ.) (ചിരിക്കുന്നു). ശിവൻ ആ സമയത്ത് സപ്തര്‍ഷികളെ പഠിപ്പിക്കുന്നതിൽ ലയിച്ചിരിക്കയായിരുന്നു. അതിനാൽ അദ്ദേഹം, "അതിൽ കൂടുതൽ ഇല്ല" എന്നു മാത്രം പറഞ്ഞു.

"ഞാൻ അതിൽ കൂടുതൽ കണ്ടു പിടിക്കും," എന്നായി പാർവതി. മനുഷ്യശരീരത്തിലെ നൂറ്റിപ്പതിമൂന്നാമത്തെ ചക്രം കണ്ടു പിടിക്കാൻ അവര്‍ കഠിനമായ തപസ്സു തുടങ്ങി; മറ്റു സാധനകളും അനുഷ്ഠിച്ചു. വർഷങ്ങൾക്കു ശേഷം അവർ തിരിച്ചു വന്നപ്പോഴും ശിവൻ സപ്തര്‍ഷിമാരെ പഠിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹം പാർവതിയെ ശ്രദ്ധിച്ചില്ല. സുദീര്‍ഘമായ ഒരു കാലയളവിനു ശേഷമാണ് മടങ്ങിവന്നതെങ്കിലും പാർവതി ശിവനെക്കാൾ ഒരു പടി താഴെയേ ഇരുന്നുള്ളൂ. ഇത് അവർക്കിടയില്‍ നിലനിന്നിരുന്ന ഒരു സൂക്ഷ്മവിനിമയത്തിന്‍റെ ഭാഗമായിരുന്നു. ഭാര്യ എന്നനിലയിൽ അദ്ദേഹത്തോടൊപ്പം ഇരിക്കാന്‍ അവകാശമുണ്ടായിട്ടും അവര്‍ ഒരു പടി താഴെ ഇരുന്നത്, താൻ പരാജയപെട്ടു എന്ന് കാണിക്കാനാണ്.

മനുഷ്യപ്രജ്ഞക്ക് ഏറ്റവും വലിയ ഒരു സംഭാവനയാണ് ആദിയോഗി നൽകിയത്. അതിനെ നാം ഇന്ന് യോഗ എന്ന പേരില്‍ പ്രയോജനപ്പെടുത്തികൊണ്ടിരിക്കുന്നു.

എന്തുകൊണ്ട് ആദിയോഗി?

നാം ആദിയോഗിയെ പ്രതിഷ്ഠിക്കുന്നത് ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ്. ശിവൻ എന്ന നാമം കൊണ്ട് നാം ഉദ്ദേശിക്കുന്ന ഊർജ്ജത്തെ അഥവാ രൂപമില്ലാത്ത ആ ഊർജ്ജത്തെ (ശിവ എന്ന വാക്കിന്റെ അർഥം അതാണ് - ' ഇല്ലാത്ത, രൂപമില്ലാത്ത') - അനേകം രൂപങ്ങളിൽ പ്രത്യക്ഷമാക്കാമെന്ന സാധ്യതയെയാണ് നാം പരിശോധിക്കുന്നത്. ഭാരതീയ സംസ്കാരത്തിൽ ഇത്തരത്തിലുള്ള അനുമാനങ്ങൾ സാധാരണവുമാണ്. ഒരിടത്ത് ശിവൻ നർത്തകനാണ്; മറ്റൊരിടത്തു ശിവൻ വൈദ്യനാണ്; ഇനിയുമൊരിടത്തു അദ്ദേഹം പലേ വസ്തുക്കളും നമുക്കു പ്രദാനം ചെയ്യുന്ന ആളാണ്. ശിവന്‍ അജ്ഞാനത്തെ നശിപ്പിക്കുന്നവനായിട്ടും, ഭയങ്ങളെ അകറ്റുന്നവനായിട്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഭൃഹദീശ്വരൻ, വൈദീശ്വരൻ, നടരാജൻ എന്ന് തുടങ്ങി അനേകായിരം പേരുകളില്‍ അദ്ദേഹം അറിയപ്പെടുന്നു - അവയെല്ലാം ഒരേ ഊർജ്ജത്തിന്റെ വിവിധ മൂർത്തീകരണങ്ങളാണ്. അതിനാലാണ് മനുഷ്യരുടെ പലതരം ആവശ്യങ്ങൾക്കായി വിവിധരൂപങ്ങളില്‍ ശിവപ്രതിഷ്ഠകൾ നടത്തിയിട്ടുള്ളത്.

ഇത് യോഗേശ്വരനാണ്. അതായത് ഒരു പരിപൂർണ യോഗിയുടെ രൂപത്തിലാണ് നാം ഇവിടെ ശിവനെ പ്രതിഷ്ഠിക്കുന്നത്. ആദിയോഗി ജന്മമെടുത്തിരിക്കുന്നത് നിങ്ങളെ രോഗങ്ങളിൽ നിന്നും, വിഷമങ്ങളിൽ നിന്നും, അനാഥത്വത്തിൽനിന്നും, ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാനാണ്;നിങ്ങളെ ജനനമരണ ദുരിതങ്ങളിൽ നിന്നും കരകയറ്റുവാനാണ്. അപ്പോൾ യോഗീശ്വരൻ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. (ചിരിച്ചുകൊണ്ട്) അതിനാലാണ് നാം അദ്ദേഹത്തെ ഈഷ സെന്‍റെറിൽ നിന്നും കുറച്ചു പുറത്തായി പ്രതിഷ്ഠിക്കുന്നത്– സ്വന്തം ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം കൊടുക്കുകയാണ്.

കൂലങ്കഷമായ നിരീക്ഷണമില്ലെങ്കില്‍ ഈ സവിശേഷത നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയില്ല. ഒരുപക്ഷെ ധ്യാനലിംഗ പ്രതിഷ്ഠയൊഴിച്ചാൽ, ഇത് ഞാന്‍ ഇന്നോളം ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ധ്യാനലിംഗപ്രതിഷ്ഠ വളരെ സങ്കീർണ്ണമാണ്. അതുമായി സാമ്യമുണ്ടെങ്കിലും ഇതു വളരെ സരളമാണ്! രണ്ടും മോക്ഷത്തിനായി പ്രതിഷ്ഠിക്കപ്പെട്ടതാണ് എന്ന പ്രത്യേകതയുമുണ്ട്. 112 അടി പൊക്കമുള്ള ഈ മൂര്‍ത്തിയെ ലോകത്തിലെ ഏറ്റവും വലിയതും ഉജ്ജ്വലവുമായ മുഖമുള്ള ആദിയോഗിയുടെ ഈ വിഗ്രഹത്തെ, മോക്ഷത്തിന്റെ പ്രതീകമായി നാം ഇവിടെ പ്രതിഷ്ഠിക്കുകയാണ്. ഭുവനമംഗളത്തെ സുസാധ്യമാക്കുന്ന ഒരു മൂര്‍ത്തീസാന്നിധ്യമായിത്തീരട്ടെ ഈ വിഗ്രഹം!

മോക്ഷം ആഗ്രഹിക്കുന്നവരില്‍ ഏറെപ്പേരും വാസ്തവത്തിൽ ഏതെങ്കിലും വസ്തുവുമായി ബന്ധപ്പെട്ടിരിക്കുവാനാണ് ശ്രമിക്കുന്നത്. അവരുടെ മാനസികനിലയും, സാമൂഹ്യ പരിശീലനവും പറഞ്ഞു തരുന്നത് എന്തിനോടെങ്കിലും ചേര്‍ന്നു നിന്നെങ്കിൽ മാത്രമേ നിങ്ങൾ സുരക്ഷിതരാകൂ എന്നാണ്.

സുരക്ഷിതത്വത്തിനു നിദാനം ബന്ധനമല്ല, സ്വാതന്ത്ര്യമാണ്

നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് - മോക്ഷം ആഗ്രഹിക്കുന്നവരില്‍ ഏറെപ്പേരും വാസ്തവത്തിൽ ഏതെങ്കിലും വസ്തുവുമായി ബന്ധപ്പെട്ടിരിക്കുവാനാണ് ശ്രമിക്കുന്നത്. അവരുടെ മാനസികനിലയും, സാമൂഹ്യ പരിശീലനവും പറഞ്ഞു തരുന്നത് എന്തിനോടെങ്കിലും ചേര്‍ന്നു നിന്നെങ്കിൽ മാത്രമേ നിങ്ങൾ സുരക്ഷിതരാകൂ എന്നാണ്. ഇതാണ് ഞാൻ മാറ്റാൻ ശ്രമിക്കുന്നത്.

നിങ്ങളുടെ സുരക്ഷിതത്വത്തിനു നിദാനം ബന്ധനമല്ല, സ്വാതന്ത്ര്യമാണ്! പക്ഷെ ഭയത്തിന്‍റെ പിടിയിലമര്‍ന്ന ഒരു മനസ്സിന് സ്വാതന്ത്ര്യം കൂടുതൽ ഭയാനകമായിരിക്കും. അത്തരക്കാർക്ക് "ഞാൻ എന്തിനെയാണ് മുറുകെ പിടിക്കുക?" എന്ന വേവലാതിയുണ്ടാവും. സമതുലനം നഷ്ടപെടുമ്പോഴാണ് നിങ്ങൾക്ക് താങ്ങ് ആവശ്യമാകുന്നത്. സമതുലനമുള്ളപ്പോൾ ഒന്നിനെയും ആശ്രയിക്കേണ്ടതില്ല. ചൊടിയുള്ള ഒരാൾ നടക്കുമ്പോൾ മതിലിൽ പിടിക്കുന്നില്ല. തളർച്ചയുള്ളവനേ മതിലിൽ പിടിച്ചു നടക്കയുള്ളൂ. ചൊറുചൊറുക്കും, സമതുലനവും ഉള്ള ഒരു ലോകം സൃഷ്ടിക്കാനാണ് നാം ശ്രമിക്കുന്നത്. അവിടെ എന്തെങ്കിലും താങ്ങു വേണം എന്ന ചിന്ത മനുഷ്യരുടെ മനസ്സിൽ ഉദിക്കയേയില്ല. ഒരു താങ്ങു കൂടിയേ തീരൂ എന്ന ചിന്ത മനസ്സിൽ നിന്ന് പോയാൽ, എന്തിനോടെങ്കിലും വിധേയത്വം കൂടാതെ വയ്യെന്ന തോന്നലില്ലാതായാല്‍, സ്വാഭാവികമായും നിങ്ങള്‍ മോചനം കാംക്ഷിക്കും.

നാം ഈ ലോകത്തിന്‍റെ നല്ലഭാവിക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. നമ്മൾ ഇതുവരെ ആശ്രയിച്ചിരുന്ന പുരാതന വിന്യാസങ്ങളില്‍ പലതും വരും ദശകങ്ങളിൽ തകരുമ്പോൾ, സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം വർധിക്കുന്നത് നിങ്ങള്‍ മനസ്സിലാക്കും. സ്വയം മോചിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദിയോഗിയും ഈ യോഗേശ്വരലിംഗവും അതിനുള്ള പ്രധാനപ്പെട്ട ഉപാധികളായിത്തീരും. മോചനം നേടാന്‍ മറ്റു പല മാര്‍ഗങ്ങളും ഇല്ലാതില്ല. പക്ഷെ യോഗേശ്വരലിംഗം ആർക്കും മറക്കാനാവാത്ത ഒരു രൂപമാണ് - ഈ ലോകത്തിലെ ഏറ്റവും മഹോന്നതമായ ഒരു മുഖം! മഹത്തരം എന്നു നാം പറയുന്നത് മറ്റെന്തി നോടെങ്കിലുമുള്ള ഒരു താരതമ്യമല്ല; അത് തുറന്നുതരുന്ന സാധ്യതകളെ ആധാരമാക്കിയുള്ള ഒരു നിര്‍ണയമാണ്. ത്രാണം അഥവാ മുക്തി ആഗ്രഹിക്കുന്നവർക്ക് അത് ഒരു വലിയ വാതിലാണ് തുറന്നു കൊടുക്കുന്നത്. നിങ്ങളെ കെട്ടിയിടുന്നതെന്തായാലും അതിൽ നിന്നുള്ള മോചനമാണ് ഈ ലിംഗം പ്രദാനം ചെയ്യുന്നത്.

ലോകത്തിൽ ഒരു പുതിയ മതവിശ്വാസം തുടങ്ങുകയല്ല, ഒരു പുതിയ ഉണർവ്വുണ്ടാക്കുകയാണ് ആദിയോഗിപ്രതിഷ്ഠയുടെ ഉദ്ദേശം.

നമ്മുടെ കാലത്തിനപ്പുറത്തേക്കും ആദിയോഗിയുടെ ഈ മുഖം ജീവിക്കുകയും, ഉന്നതിപ്രാപിക്കയും വിജയിക്കുകയും ചെയ്യും. ആളുകൾ തീർച്ചയായും ചോദ്യങ്ങൾ ചോദിക്കും. "നമ്മുടെ രാജ്യത്ത് വിശന്നിരിക്കുന്ന കുട്ടികളുണ്ട്, ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുണ്ട്, അപ്പോൾ ഇത്തരമൊരു സ്മാരകം പണിയേണ്ട ആവശ്യമുണ്ടോ?" ഞാൻ ഈ സ്മാരകം പണിയുന്നത് വലിയ ഒരു സ്തംഭം പണിതീർത്തു എന്ന സംതൃപ്തിക്കു വേണ്ടിയല്ല. മുൻപെങ്ങുമില്ലാത്ത വിധത്തിൽ യോഗശാസ്ത്രത്തിന് ഉദ്ദീപകമായ ഒരു ഉണർവ്വു നല്‍കാനാണ് ഞാൻ ഇത് പണിയുന്നത്. മുമ്പത്തെക്കാള്‍ എളുപ്പത്തില്‍ ഇന്ന് ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കും. ഈ ലോകത്തു ജീവിച്ചിരുന്ന ഏറ്റവും ഉന്നതരായവര്‍ പോലും വിനിമയ സാധ്യതകളിൽ ഈ കാലഘട്ടത്തിന്റെ സന്തതികളായ നമ്മെപ്പോലെ ഭാഗ്യവാന്മാരായിരുന്നില്ല. നമുക്ക് ഇന്ന് ലഭ്യമായ സാങ്കേതിക സൌകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് അവർ ചെയ്തതിനേക്കാൾ ഒരു കോടിമടങ്ങ്‌ നാം ചെയ്യണം.

അതുകൊണ്ട് ആന്തരികസൗഖ്യം നേടുവാനുള്ള ഈ ശ്രമത്തിൽ, വിശ്വാസങ്ങളോ, സിദ്ധാന്തങ്ങളോ, തത്വശാസ്ത്രങ്ങളോ ഇല്ലാത്ത ഒരു മാർഗം ഉപയോഗിക്കുമ്പോൾ, നമുക്ക് പ്രതീകാത്മകമായ ഒരു മുഖം ആവശ്യമാണ്.അതാണ് യോഗേശ്വരന്‍! അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരവസരമാണിത്. അനേകജന്മങ്ങളിലൂടെ പ്രയാണം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒരു മുഹൂര്‍ത്തം എന്നു ഞാൻ പറയും. ഈ മുഖം അനേകം കാലം ഈ ലോകത്തു നിലനിൽക്കും. ഈ മൂര്‍ത്തീസാന്നിദ്ധ്യം ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ആളുകള്‍ക്ക് പ്രചോദനം പകരും; നിങ്ങളും അവിടെ ഉണ്ടായിരിക്കണം.
ഒരു പുതിയ ഉണർവ്വുണ്ടാക്കുകയാണ് ആദിയോഗിപ്രതിഷ്ഠയുടെ ഉദ്ദേശം

മണ്ണിനെ ഭക്ഷണമാക്കുന്നത് കൃഷിയാണ്.

ഭക്ഷണത്തിനെ മാംസമാക്കുന്നത് ദഹനമാണ്.

കല്ലിനെ ഈശ്വരനാക്കുന്നത് പ്രതിഷ്ഠയാണ്.

ലോകത്തിൽ ഒരു പുതിയ മതവിശ്വാസം തുടങ്ങുകയല്ല, ഒരു പുതിയ ഉണർവ്വുണ്ടാക്കുകയാണ് ആദിയോഗിപ്രതിഷ്ഠയുടെ ഉദ്ദേശം. ഇത്തരമൊരു അവസരം ഇനി അടുത്ത കാലത്തൊന്നും ലഭിക്കയില്ല. പത്തു വയസ്സ് തികയും മുമ്പ് ഓരോ കുട്ടിക്കും തന്‍റെ വിചാരങ്ങളെയും വികാരങ്ങളെയും രൂപാന്തരപ്പെടുത്താന്‍ ഉതകുന്ന ഒരുപകരണം ലഭ്യമാക്കുക എന്നത് എന്‍റെ പ്രതിബദ്ധതയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

നമ്മുടെ തലമുറക്ക്, വരും തലമുറക്കായി ഈയൊരു സദ്‌കൃത്യം ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കയാണ്. ഈ സന്ദർഭം നാം യഥാവിധി പ്രയോജനപ്പെടുത്തണം. ഇത് നടപ്പാക്കാനുള്ള ഒരു പ്രതീകമാകണം ആദിയോഗി എന്നതാണ് എന്‍റെ ആഗ്രഹം. അദ്ദേഹത്തെ ഈശ്വരനായി കാണേണ്ട, യോഗിയായി കണ്ടാൽ മതി. അതുകൊണ്ട് 2017 ഫെബ്രുവരി ഇരുപത്തിനാലാം തീയതി, നമ്മൾ ഇവിടെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഈ മഹാകായരൂപം ലോകത്തിനായി സമർപ്പിക്കുന്ന അതിവിശിഷ്ഠമായ ചടങ്ങു നടക്കും.

ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന വെള്ളിയംഗിരി കുന്നില്‍ സ്ഥിതിചെയ്യുന്ന ഈഷ യോഗസെന്‍റെറിൽ നാം മഹാശിവരാത്രി വളരെ വിശേഷപ്പെട്ട രീതിയിലാണ് ആഘോഷിക്കുന്നത്. ആദിയോഗിയുടെ അനുഗ്രഹം നേടി, നിങ്ങളിൽ അനുഭവങ്ങളുടെ ഒരു പുത്തൻതലം തുറക്കൂ. ലോകത്തിനായി ആദിയോഗിയെ സമർപ്പിക്കുന്ന ഈ ചടങ്ങിൽ പങ്കാളികളാകൂ.

"ഇത് ജീവിതത്തിൽ ഒരു തവണമാത്രം ലഭിക്കുന്ന അവസരമാണ് അതുകൊണ്ട് ധ്യാനലിംഗത്തിന്‍റെ പ്രതിഷ്ടാകര്‍മ്മം കാണാൻ സാധിക്കാത്തവരെല്ലാം ഈ അവസരം പ്രയോജനപ്പെടുത്തണം. ഇന്ന് പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമെന്തെന്നാല്‍, ഈ ലോകത്തിലെ അടുത്ത തലമുറ അന്വേഷകരുടെതാണെന്നതാണ്; വിശ്വാസികളുടെതല്ല. യോഗേശ്വരലിംഗ പ്രതിഷ്ഠ അനുപമമായ ഒരു സംഭവമായിരിക്കും. ഇനിയെപ്പോഴാണ് ഇതിനു സമാനമായ ഒരു സംഭവം നടക്കുകയെന്ന് പറയാനാവില്ല; അങ്ങിനൊന്ന് ഉണ്ടാകുമോ എന്നുപോലും പറയുക വയ്യ. ഇത്തരത്തിലുള്ള ഒരു പ്രതിഷ്ഠാകര്‍മ്മത്തിൽ പങ്കെടുക്കുന്നത് ഒരു ശക്തമായ പ്രക്രിയയാണ്. ഇവിടെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്, ഒരു ജീവിതകാലം മുഴുവൻ കഠിനമായ സാധനകളില്‍ മുഴുകിയാല്‍ മാത്രം സ്വയം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞേക്കാവുന്ന വൈശിഷ്ട്യങ്ങളാണ്! ഇവിടെ സൗജന്യമായി പ്രസരിച്ചുകൊണ്ടിരിക്കുന്ന തരംഗങ്ങള്‍ ആഗിരണം ചെയ്യുക മാത്രമേ വേണ്ടൂ. നിങ്ങളും ശോഭിക്കും! പ്രതിധ്വനികളുണര്‍ത്തും!"

എഡിറ്റരുടെ കുറിപ്പ് : ഈ വരുന്ന ഫെബ്രുവരി ഇരുപത്തിനാലാം തിയ്യതി(24-2-2017) ഈഷ യോഗ സെന്‍റെറിൽ പതിവുപോലെ മഹാശിവരാത്രി വിപുലമായ രീതിയില്‍ ആഘോഷിക്കാനും, യോഗിയും മിസ്റ്റിക്കും പദ്മവിഭൂഷൺ ജേതാവും ന്യൂയോർക്ക് ടൈംസിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഗ്രന്ഥകർത്താക്കളുടെ പട്ടികയിൽ പെടുന്ന വ്യക്തിയുമായ സദ്ഗുരുവിന്റെ കാര്‍മ്മികത്വത്തില്‍ യോഗേശ്വര്‍ ലിംഗയുടെ പ്രതിഷ്ടാകര്‍മ്മം നിര്‍വ്വഹിക്കാനും ആദിയോഗി ശിവന്‍റെ ഉത്തുംഗമായ വിഗ്രഹത്തിന്‍റെ അനാച്ഛാദനം നിര്‍വ്വഹിക്കാനും തീരുമാനിച്ചിരിക്കുന്നു.