सद्गुरु

കോപത്തെ ഒരു ശക്തിയായിക്കാണുന്ന മനോഭാവത്തെക്കുറിച്ച് സദ്ഗുരു വിവരിക്കുന്നു.

ഒരു രാഷ്ട്രീയക്കാരനോട്, യാചകനോട് കൊള്ളക്കാരനോട്, കൊച്ചുകളവുകള്‍ ചെയ്യുന്നവനോട്, തത്വജ്ഞാനിയോട്, എല്ലാം ചോദിച്ചുനോക്കൂ; തന്‍റെ കോപത്തിന് ഒരു ന്യായം ഉണ്ട് എന്ന് അവരെല്ലാം പറയും. ഒരു ചെടിയോ, മൃഗമോ, കീടമോ, മറ്റുള്ളവരെ തങ്ങളെപ്പോലെ മാറ്റാന്‍ ശ്രമിക്കുന്നില്ല. സ്വന്തം താല്പര്യങ്ങള്‍ മറ്റുള്ളവന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു മനുഷ്യന്‍ മാത്രമാണ്. തന്നോട് യോജിക്കാന്‍ മടിയുള്ളവരുമായി അവന്‍ പോരാടാന്‍ തുടങ്ങുന്നു.

മതത്തിന്‍റെ അഭിമാനസംരക്ഷണത്തിനുവേണ്ടി കൊല്ലുന്നത് ന്യായമാണ് എന്നു പറയുന്നു. അക്രമങ്ങള്‍ നടത്തുന്ന തീവ്രവാദികളോടു ചോദിച്ചാല്‍ അവരും സ്വന്തം ക്ഷോഭത്തെ ന്യായീകരിക്കും. ഇങ്ങനെ കോപത്തെ ന്യായീകരിക്കുന്നത് ബുദ്ധിയുള്ള പ്രവൃത്തിയേ അല്ല.

കോപത്തെ ഒരു ശക്തിയായി തെറ്റിദ്ധരിച്ച് പലരും അതിനെ ആയുധമാക്കിക്കഴിഞ്ഞു. എന്നാല്‍ ആ ആയുധം മറ്റുള്ളവരുടെ മേല്‍ പ്രയോഗിക്കുമ്പോള്‍ അതിന്‍റെ തിരിച്ചടി പ്രയോഗിക്കുന്നവന്‍റെ ശരീരത്തിലും ഉണ്ടാവുന്നു. എന്തുഫലം കിട്ടാനാണോ കോപമെന്ന ആയുധം പ്രയോഗിച്ചത് ആ ലക്ഷ്യം തെറ്റിപ്പോവുന്നു അല്ലെങ്കില്‍ മോശമായിപ്പോവുന്നു.


കോപത്തെ ഒരു ശക്തിയായി തെറ്റിദ്ധരിച്ച് പലരും അതിനെ ആയുധമാക്കിക്കഴിഞ്ഞു. എന്നാല്‍ ആ ആയുധം മറ്റുള്ളവരുടെ മേല്‍ പ്രയോഗിക്കുമ്പോള്‍ അതിന്‍റെ തിരിച്ചടി പ്രയോഗിക്കുന്നവന്‍റെ ശരീരത്തിലും ഉണ്ടാവുന്നു.

വ്യക്തികളില്‍ നിന്നു തുടങ്ങുന്ന ഈ തീവ്രത വളര്‍ന്നുപെരുകി, കുടുംബം, സമൂഹം, രാജ്യം, എന്ന രീതിയില്‍ ശത്രുതയുടെ സാമ്രാജ്യം വിശാലമാവുന്നു. പകതീര്‍ക്കാന്‍ ഇന്നു പരക്കെ അംഗീകരിക്കപ്പെട്ട ഒരു തത്വമായിരിക്കുന്നു.

കണ്ണടച്ചുകൊണ്ട്, കൈകള്‍ നിവര്‍ത്തിവച്ചുകൊണ്ട്, ശ്വസിക്കുക.കൈകള്‍ കമഴ്ത്തിവച്ചുകൊണ്ടു ശ്വസിക്കുക. രണ്ടിനും വ്യത്യാസം അനുഭവപ്പെടും ശരീരത്തിന്‍റെ ഓരോ അവയവവും ഏതു രീതിയിലാണോ നിങ്ങള്‍ ഉപയോഗിക്കുന്നത് അതിനനുസരിച്ചു നിങ്ങളുടെ ഉള്ളിലെ ജീവശക്തി പ്രവാഹത്തിനും മാറ്റം വരും. ഇതിനെക്കുറിച്ചുള്ള ചിന്തയില്ലാതെ ക്ഷോഭിച്ച്, കൈയ്യും കാലും ഇളക്കി, ശബ്ദമുയര്‍ത്തി ബഹളം ഉണ്ടാക്കുമ്പോള്‍ ഈ ജീവശക്തിക്ക് തകരാറുണ്ടാവും.അതു പാഴായിപ്പോവും.

ഇതിനെപ്പറ്റി ഒരു ചിന്തയുമില്ലാതെ നിങ്ങള്‍ ആ മഹത്ശക്തിയെ പാഴാക്കിക്കൊണ്ടേയിരിക്കുന്നു. ശരിയായ ദിശയില്‍ പോയില്ല എങ്കില്‍ ഒരു കാര്യവും നേരെയാവാന്‍ പോകുന്നില്ല. കുടുംബത്തിലും, ഓഫീസിലും, യാത്രയിലും എല്ലാം നിങ്ങള്‍ മാനസികപിരിമുറുക്കത്തോടെ കഴിഞ്ഞാല്‍ പിന്നെ ഈ ലോകത്തു ജീവിക്കാന്‍ നിങ്ങള്‍ യോഗ്യനേയല്ല.

സ്വന്തം ശരീരവും മനസ്സും കൈകാര്യം ചെയ്യാന്‍ അറിയാത്ത നിങ്ങള്‍ കുടുംബത്തിന്‍റെയും ഓഫീസിന്‍റെയും ചുമതലകള്‍ എങ്ങനെ കൈകാര്യം ചെയ്യും.

എനിക്ക് എല്ലാം അറിയാം എന്നുള്ള അഹങ്കാരം മാറ്റിവച്ച് എല്ലാം ശ്രദ്ധിച്ചു ചെയ്യാന്‍ തുടങ്ങുക. നിങ്ങളെ ഒരു സംഘത്തിന്‍റെ തലവനായി സ്വീകരിക്കുന്നതിന്‍റെ കാരണമെന്താണ്. തങ്ങള്‍ക്കില്ലാത്ത കഴിവും, പ്രവര്‍ത്തനക്ഷമതയും മേധാശക്തിയും നിങ്ങള്‍ക്കുണ്ടെന്ന് അവര്‍ കരുതുന്നതുകൊണ്ടാണ് നിങ്ങള്‍ സംഘത്തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. അവരെക്കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ നിങ്ങള്‍ നടപ്പിലാക്കും എന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ആഗ്രഹിക്കുന്നു. ഇത് ഒരുതരത്തില്‍ നിങ്ങള്‍ക്കു പെരുമയുണ്ടാക്കിത്തന്നാലും മറ്റൊരുവിധത്തില്‍ ഭാരംതന്നെയാണ്.

ഈ ഭാരം സന്തോഷമായി ചുമക്കാന്‍ അറിയാത്തവന് ക്ഷോഭം ഉണ്ടാകുന്നു. ഒരുമിച്ചുനില്‍ക്കുന്നു, ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു അതിന്‍റെ ഓരോ ഘട്ടത്തിലും മറ്റുള്ളവരേയും തന്നേപ്പോലെ കരുതി, വേണ്ടരീതിയില്‍ ബഹുമാനിച്ച്, അവരുടെ അഭിപ്രായം ആരായുക.
അവരുടെ അഭിപ്രായങ്ങള്‍ക്ക് എതിരായ തീരുമാനം എടുക്കേണ്ടിവരുമ്പോഴും അതും അവരുടെ നډയ്ക്കുവേണ്ടിയാണ് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കി, സ്നേഹത്തോടെ പെരുമാറുക. സ്വന്തം തീരുമാനങ്ങള്‍ ശരിയാവുമ്പോള്‍, മികച്ച ഫലം ലഭിക്കുമ്പോള്‍, മറ്റുള്ളവരുടെ പങ്കാളിത്തത്തെ അംഗീകരിച്ചു പ്രശംസിക്കുക.
ഇങ്ങനെ മുന്നോട്ടു പോകുമ്പോള്‍ ചിലപ്പോള്‍ തീരുമാനങ്ങള്‍ക്കു തെറ്റുപറ്റാം. അപ്പോഴും അവര്‍ നിങ്ങളോടൊപ്പം, മുഖം ചുളിക്കാതെ, ചേരും. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്‍തുണയും പങ്കാളിത്തവും തരികയും ചെയ്യും.
നിങ്ങള്‍ നേതാവാകണമെങ്കില്‍ നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് നിങ്ങളുടെ മേല്‍ പൂര്‍ണ്ണവിശ്വാസം ഉണ്ടായിരിക്കണം. തന്നെപ്പറ്റി തികഞ്ഞ ശ്രദ്ധ നിങ്ങള്‍ക്കുണ്ടെങ്കില്‍ മാത്രമേ മറ്റുള്ളവരുടെ ചുമതലയേല്‍ക്കാന്‍ നിങ്ങളെക്കൊണ്ടു സാധിക്കൂ.

ഒരു പക്ഷിയുടെ നേരെ കല്ലെറിയുമ്പോള്‍ അതിന്‍റെ സമീപത്തുള്ള പക്ഷികളും പറന്നുപോകും. ഒരാളോടുക്ഷോഭിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു നിങ്ങളുടെ പേരിലുള്ള വിശ്വാസം നഷ്ടപ്പെടും. എന്തെങ്കിലും തെറ്റുകുറ്റം സംഭവിക്കുമ്പോള്‍ നിങ്ങളെ പഴിചാരി മറ്റുള്ളവര്‍ ചിതറിപ്പോവും.


ബാഹ്യമായ ചുറ്റുപാടുകള്‍ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ബാധിക്കാത്ത രീതിയില്‍ സ്വയം നിയന്ത്രണ വിധേയനായിരിക്കണം. ചുറ്റുമുള്ള ചേറിനെ വളമാക്കിക്കൊണ്ട് വിടര്‍ന്നു വിലസുന്ന താമരപ്പൂ കണ്ടിട്ടില്ലേ?നിങ്ങളുടെ ജീവിതവും ഇങ്ങനെയായിരിക്കണം.

ഈ കോപം ഒഴിവാക്കുന്നത് എങ്ങനെ?

നിങ്ങള്‍ക്കു ചുറ്റും എന്തു സംഭവിച്ചാലും അതൊരു പ്രശ്നമാകാത്ത തരത്തില്‍ ഒരു അന്തരീക്ഷം സൃഷ്ടിച്ചാല്‍ മതി. ടെന്‍ഷന്‍ ഉണ്ടാവുകയില്ല.

റിച്ചാര്‍ഡ് കൗളി എന്ന ഭിക്ഷഗ്വരന്‍റെ അടുത്ത് ഒരാള്‍ വന്നു.

"ഡോക്ടര്‍ എനിക്ക് മുപ്പത്തിരണ്ടു വയസ്സായി. ഇപ്പോഴും തള്ളവിരല്‍ ചപ്പുന്ന സ്വഭാവം മാറ്റാനാവാതെ ഞാന്‍ വിഷമിക്കുന്നു. ഇതിനെന്താണൊരു പോംവഴി?" ഇതില്‍ വിഷമിക്കാനൊന്നുമില്ല.ഇത്രയുംകാലമായി തള്ളവിരല്‍ അല്ലേ ചപ്പുന്നത്ഇന്നുമുതല്‍ മറ്റൊരു വിരല്‍ ചപ്പിനോക്ക്."

ഒരാഴ്ചകഴിഞ്ഞ് അയാള്‍ വീണ്ടും വന്നു.

'മുപ്പതുകൊല്ലങ്ങളായി നിറുത്താന്‍ പറ്റാതിരുന്ന ശീലം ആറു ദിവസംകൊണ്ട് പരിപൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ കഴിഞ്ഞു. എങ്ങനെ?"

ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ ശീലിച്ച വഴിയില്‍ കൂടിയല്ലാതെ വേറൊരു രീതിയില്‍ പുതിയതരത്തില്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ അതീവശ്രദ്ധയോടെയായിരിക്കും ചെയ്യുന്നത്. പുതിയൊരു ശീലമായാലും അങ്ങനെതന്നെയാണ്. നിങ്ങള്‍ പുതിയ ശീലം ശ്രദ്ധയോടെ ആരംഭിച്ചപ്പോള്‍ അതു വേണ്ടാത്തതാണെന്ന് ഉള്ളുണര്‍വുണ്ടായി. അങ്ങനെ മനസ്സ് അതു സ്വയം ഉപേക്ഷിച്ചു."

കോപവും ടെന്‍ഷനും സ്വഭാവത്തിന്‍റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നവരും ഈ രീതി പരിശീലിച്ചാല്‍ മതി. കോപം താനേ നിങ്ങളെ ഉപേക്ഷിക്കും. ജീവിതം സന്തോഷമാവുകയും ചെയ്യും. നിങ്ങളൊരു മുതലാളിയോ, തൊഴിലാളിയോ ആരുമാവട്ടെ, സ്വയം നിയന്ത്രിക്കാനും സ്വന്തം കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താനും ഉള്ള ശേഷിയില്ലാതെ മുന്നോട്ടുപോകാന്‍ ശ്രമിച്ചാല്‍ അതൊരു വിപത്തായി പരിണമിക്കും.

ബാഹ്യമായ ചുറ്റുപാടുകള്‍ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ബാധിക്കാത്ത രീതിയില്‍ സ്വയം നിയന്ത്രണവിധേയനായിരിക്കണം. ചുറ്റുമുള്ള ചേറിനെ വളമാക്കിക്കൊണ്ട് വിടര്‍ന്നു വിലസുന്ന താമരപ്പൂ കണ്ടിട്ടില്ലേ?നിങ്ങളുടെ ജീവിതവും ഇങ്ങനെയായിരിക്കണം. ചുറ്റുപാടുകള്‍ എങ്ങനെയിരുന്നാലും മനധൈര്യത്തോടെ, പതര്‍ച്ചയില്ലാതെ പ്രവര്‍ത്തിക്കാനും, ചുറ്റുപാടുകളില്‍ നിന്നും തനിക്കു വേണ്ടതുമാത്രം സ്വീകരിക്കാനും കഴിയണം.

സ്വന്തമായി ചുമതലാബോധം ഉള്ളവനു മാത്രമേ മറ്റുള്ളവരുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാന്‍ കഴിയൂ. അങ്ങനെയുള്ളവര്‍ മറ്റുള്ളവര്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശികളായി പ്രവര്‍ത്തിക്കുന്നു, നല്ല നേതാക്കളായിത്തീരുന്നു.

ഗുരുവിനോടുള്ള ചോദ്യവും മറുപടിയും.

എന്‍റെ കോപവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നത് എങ്ങനെ?

ഗുരു: കോപം ഒരു ചെടിയുടെ വേരാണ്. മാനസികസമ്മര്‍ദ്ദം അതിന്‍റെ കനിയും. തന്നെപറ്റിയുള്ള ശ്രദ്ധയില്ലാതെ പ്രവര്‍ത്തിക്കുമ്പോഴാണ് ക്ഷോഭമുണ്ടാവുന്നത്. ജാഗ്രതയോടെ, സ്വയം അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ കോപം വരികയില്ല. കോപത്തിന്‍റെ വിളയായ രക്തസമ്മര്‍ദ്ദവും ഉണ്ടാവില്ല.