കെട്ടുറപ്പുള്ള ഇന്ത്യ; അതിനെന്തു ചെയ്യാനാകും?

ഇന്ത്യ ഇന്നും പല സംസ്ഥാനങ്ങളായി ചിതറി കിടക്കുകയാണ്. ജനങ്ങള്‍ ദരിദ്രരാണെങ്കില്‍, എങ്ങനെയെങ്കിലും അവര്‍ ഒരുമിച്ചു ചേര്‍ന്നുനില്‍ക്കും, എന്നാല്‍ സമ്പത്തു കൈവരുമ്പോള്‍ ഈ ഐക്യം ഉണ്ടാവില്ല. തന്‍കാര്യം നോക്കാനാണ് എല്ലാവരും മിടുക്കുകാണിക്കുക.
 
 

सद्गुरु

പലതതരത്തിലുള്ള അഴിമതികളും അപവാദങ്ങളും പത്രങ്ങളില്‍ പ്രമുഖവാര്‍ത്തകളായി നിറഞ്ഞുനില്‍ക്കുന്ന കാലം. 2ജി, കോള്‍ഗേറ്റ്, ഐ.പി. എല്‍, അങ്ങനെ പട്ടിക നീളുന്നു. സമൂഹത്തിനെ ബാധിച്ചിരിക്കുന്ന ഈ ദുഷ്പ്രവണതകളെ എങ്ങനെയാണ് വേരോടെ പിഴുതെറിയേണ്ടത്?

സദ്‌ഗുരു: ജാതി, മത, വര്‍ഗ, ലിംഗ ഭേദമന്യേ നമ്മെ എല്ലാവരേയും ഒന്നിച്ചു ചേര്‍ത്തി നിര്‍ത്താന്‍ - അതിനു വേണ്ടത് തെളിവാര്‍ന്ന സംസ്കാരത്തിന്‍റെ ശക്തമായ ഒരു ചരടാണ്, ബലമായ ഒരു ചരട്. നമ്മുടെ നാട് മുന്നോട്ടു പോകണമെങ്കില്‍, പുരോഗതി പ്രാപിക്കണമെങ്കില്‍. അങ്ങനെ ഒന്ന് ഉണ്ടായേ തീരൂ.

അഴിമതി നാടൊട്ടുക്ക് ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്ന കാലം. നമ്മള്‍ അറിയാതെ ചോദിച്ചു പോകുന്നു, "മര്യാദക്കാരനായി ആരുണ്ട്?" അഴിമതിക്കാര്‍ ആരെങ്കിലുമുണ്ടോ എന്നു ചോദിക്കാന്‍ നമുക്കവസരം കിട്ടുന്നില്ല, കാരണം, കൂട്ടത്തിലേറെയും അത്തരക്കാരാണ്. ഈ സാഹചര്യം ശരിയായ കാഴ്ചപ്പാടിലൂടെ നമ്മള്‍ നോക്കി കാണേണ്ടതാണ്. ഒരുപിടി അഴിമതിക്കാരല്ല നമ്മുടെ പ്രശ്നം, രാജ്യം മുഴുവന്‍ അവര്‍ അടക്കി വാഴുന്നു എന്നതാണ്. ട്രാഫിക് ലൈറ്റില്‍ ചുവന്ന വിളക്കു തെളിയുന്നു, അവിടെ ഒരു പോലീസുകാരന്‍ നില്‍ക്കുന്നില്ല എങ്കില്‍ എത്രപേര്‍ വണ്ടി നിര്‍ത്താന്‍ തയ്യാറാവും? ഒരു പക്ഷെ പത്തു ശതമാനം പേര്‍ കാത്തു നില്‍ക്കും, ശേഷിക്കുന്ന 90% വും നിയമം ലംഘിക്കാന്‍ മടിയില്ലാത്തവരാണ്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ എന്തും ചെയ്യാന്‍ തുനിയുന്നവര്‍ എന്നാണ് അതിനര്‍ത്ഥം.

ഇന്നത്തെ സ്ഥിതിയില്‍ നമ്മള്‍ അറിയാതെ ചോദിച്ചു പോകും, "മര്യാദക്കാരനായി ആരുണ്ട്?" അഴിമതിക്കാര്‍ ആരെങ്കിലുമുണ്ടോ എന്നു ചോദിക്കാന്‍ നമുക്കവസരം കിട്ടുന്നില്ല, കാരണം, കൂട്ടത്തിലേറെയും അത്തരക്കാരാണ്

കുറച്ചു ദിവസം മുമ്പ് ഞാന്‍ ഏതാനും വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു. പതിനാലു വയസ്സായ ഒരാണ്‍കുട്ടി എന്നോടു പറഞ്ഞു, സര്‍ക്കാര്‍ തലത്തില്‍ ഏറ്റവും അഴിമതിയുള്ള വിഭാഗങ്ങളില്‍ ജോലിനേടാനാണ് അവന് താല്‍പര്യം എന്ന്. “എന്നാല്‍ എളുപ്പത്തില്‍ ധാരാളം പണം സമ്പാദിക്കാമല്ലൊ!" അവന്‍ അതിനുള്ള കാരണവും വിശദമാക്കി. ആ ചിന്ത എത്രത്തോളം തെറ്റാണ് എന്നവനറിഞ്ഞുകൂട, അതാണ് ശരിയായ ജീവിതമാര്‍ഗം എന്നാണ് അവന്‍റെ ധാരണ. അറുപത്തിയഞ്ചുകൊല്ലം മുമ്പ് ഇതേ നാട്ടില്‍ തന്നെയാണ് സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മുടെ പൂര്‍വീകര്‍ അവരുടെ പ്രാണന്‍തന്നെ ത്യജിച്ചതെന്നും ഈ സമയം നമുക്കഭിമാനത്തോടെ ഓര്‍ക്കാം. ഒരു തലമുറ കഴിഞ്ഞപ്പോഴേക്കും ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിക്ക് പറയാന്‍ കഴിഞ്ഞു, അഴിമതിയാണ് അവന് യോജിച്ച ജീവിതമാര്‍ഗം എന്ന്. ഇതിലും വലിയൊരു നാണക്കേടുണ്ടൊ? ഇതിലും ആഴത്തിലേക്ക് നമ്മുടെ വിവേകത്തിന് ചെന്നു വീഴാനാകുമൊ? സാധാരണയായി എല്ലാവരും വിചാരിക്കും "ഈ വക കാര്യങ്ങളെകുറിച്ച് ഇത്രയേറെ പറയാനുണ്ടൊ? ഞാന്‍ എന്‍റെ കാര്യം നോക്കിയാല്‍ പോരെ?” പോരാ, അതല്ല ലോകത്തിന്‍റെ വഴി. നമ്മുടെ സമൂഹവും, രാഷ്ട്രവും ഒരുപോലെ നേര്‍വഴിയിലൂടെ നീങ്ങണം. അപ്പോഴേ നമുക്കു നേരായി ജീവിക്കാന്‍ സാധിക്കൂ.

വ്യക്തിപരമായി നിങ്ങള്‍ എത്രതന്നെ പ്രാപ്തനും സത്യസന്ധനുമായാലും ഇവിടെ അത് പ്രസക്തമാവുന്നില്ല. രാഷ്ട്രനിര്‍മ്മാണം എന്നതിന് റോഡുകളും കെട്ടിടങ്ങളും പണിതുണ്ടാക്കുക എന്നുമാത്രമല്ല അര്‍ത്ഥം, നല്ല മനുഷ്യരെ വാര്‍ത്തെടുക്കുക എന്നുകൂടിയാണ്. വാസ്തവത്തില്‍ അതാണ് ഒന്നാമതായി വേണ്ടതും.

നമ്മള്‍ പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. ഈ രാജ്യം ഇത്രത്തോളം അധ:പതിക്കാന്‍ അതുതന്നെയാണ് കാരണം. ഒരു രാഷ്ട്രം എന്ന സങ്കല്‍പം ഇന്നും നമ്മുടെ ഹൃദയങ്ങളില്‍ തെളിഞ്ഞു വന്നിട്ടില്ല. ആ സങ്കല്‍പത്തിന് ദൃഢതയും മിഴിവും വരുത്താനുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല. ഇന്ത്യയെ മുഴുവന്‍ ഒരു രാഷ്ട്രമായി കാണാന്‍ ഇനിയും നമ്മള്‍ പഠിച്ചിട്ടില്ല എന്നതാണ് വലിയൊരു സത്യം. സാമ്പത്തികമായ നേട്ടങ്ങള്‍ കൈവരുമ്പോള്‍ അത് രാജ്യത്തിന് വലിയൊരു വെല്ലുവിളിയാകാനും സാദ്ധ്യതയുണ്ട്, കാരണം ഇന്ത്യ ഇന്നും പല സംസ്ഥാനങ്ങളായി ചിതറി കിടക്കുകയാണ്. ജനങ്ങള്‍ ദരിദ്രരാണെങ്കില്‍, എങ്ങനെയെങ്കിലും അവര്‍ ഒരുമിച്ചു ചേര്‍ന്നുനില്‍ക്കും, എന്നാല്‍ സമ്പത്തു കൈവരുമ്പോള്‍ ഈ ഐക്യം ഉണ്ടാവില്ല. തന്‍കാര്യം നോക്കാനാണ് എല്ലാവരും മിടുക്കുകാണിക്കുക. അതുകൊണ്ടാണ് ഞാന്‍ ഉറപ്പിച്ചുപറയുന്നത് ദേശീയമായും സാംസ്കാരികമായും നമ്മള്‍ ഒന്നാണ് എന്ന തിരിച്ചറിവ് ഓരോ മനസ്സിലും ശക്തമാകേണ്ടതുണ്ട്.

ദേശീയമായും സാംസ്കാരികമായും നമ്മള്‍ ഒന്നാണ് എന്ന തിരിച്ചറിവ് ഓരോ മനസ്സിലും ശക്തമാകേണ്ടതുണ്ട്.

ഇന്ത്യയില്‍ ഒരു നൂറു കിലോമീറ്റര്‍ ചെല്ലുമ്പോഴേക്കുംതന്നെ ജനങ്ങളുടെ ഉടുപ്പും, നടപ്പും, ഭാഷയും, ഭക്ഷണവും, എന്തിന് രൂപം പോലും വ്യത്യാസമുള്ളതായി കാണാം. അങ്ങനെ അതിവിശാലമായ ഈ രാജ്യത്തില്‍ എത്രയെത്ര ജനവിഭാഗങ്ങളുണ്ടാകും? എന്നാലും ആദ്ധ്യാത്മികവും സാംസ്കാരികവുമായ ഏതോ ഒരു ചരട് ഈ ജനവിഭാഗങ്ങളെയൊക്കെ ചേര്‍ത്തു നിര്‍ത്തുന്നുണ്ട്. പക്ഷെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആ ചരടിനേയും ജീര്‍ണ്ണത ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇതൊരു മഹാ വിപത്തുതന്നെയാണ്. അതിന്‍റെ ഉറപ്പും ബലവും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഓരോ ഇന്ത്യനും ബോധപൂര്‍വം ശ്രമിച്ചുക്കുകതന്നെ വേണം.

 
 
 
 
  0 Comments
 
 
Login / to join the conversation1