सद्गुरु

കാവേരി തര്‍ക്കത്തിന് പിന്നിലുള്ള അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ എന്താണെന്നു സദ്ഗുരു നോക്കിക്കാണുന്നു. ഈ പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരമെന്തെന്നും സദ്ഗുരു നിര്‍ദ്ദേശിക്കുന്നു.

നമ്മൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒരു വസ്തുവാണ് ജലം. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നാം അത് വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. ജല സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് സഹായ ധനം ലഭ്യമാണ്. പക്ഷെ ജലം സംരക്ഷിച്ചു കൊണ്ട് കൃഷി എങ്ങിനെ നടത്താമെന്നു നാം ഇനിയും ശ്രദ്ധിച്ചിട്ടില്ല. തമിഴ് നാട്ടിൽ ഇപ്പോഴും കൃഷിസ്ഥലത്തു വെള്ളം കയറ്റിയാണ് ജലസേചനം നടത്തുന്നത്. ഇത് ജലത്തിന്‍റെ ഏറ്റവും വലിയ ദുരുപയോഗമാണ്. ഇത് മണ്ണിനും വിളവിനും നല്ലതല്ല . പണ്ട് ഈ രീതിയാണ് ഉണ്ടായിരുന്നത് . പക്ഷെ ഇന്ന് കൃഷിക്ക് ഉപയോഗിക്കുവാൻ പറ്റിയ കൂടുതൽ കാര്യക്ഷമമായ രീതികൾ ഉണ്ട്. ഒരു സ്ഥലത്തു ഇത്രയധികം ജലം കെട്ടി നിൽക്കുവാൻ അനുവദിച്ചാൽ മണ്ണ് കുതിർന്നു പോകുകയും അതിലെ ജൈവ പ്രവർത്തനം കുറയുകയും ചെയ്യും. ചെടികൾ പച്ചപ്പുള്ളവയായിരിക്കും. പക്ഷെ അതിനു പലേ പ്രശ്നങ്ങളും ഉണ്ടായിരിക്കും. ഈ സമ്പ്രദായം മാറ്റിയാൽ തമിഴ്നാടിനും കര്‍ണാടകത്തിനും അവരുടെ ജലത്തിന്‍റെ ആവശ്യം നടത്താം.

ഇതിനു പുറമെ നാം കാവേരി നദിക്കു കൂടുതൽ ശ്രദ്ധ നൽകണം. അഞ്ചു വർഷത്തിന് മുന്‍പുണ്ടായിരുന്നതിന്‍റെ നാല്പതു ശതമാനം മാത്രമായി കാവേരി ഇന്ന് ചുരുങ്ങിയിരിക്കുന്നു. വർഷത്തിൽ ഒന്ന് രണ്ട് മാസം ആ നദി കടലിൽ എത്തുന്നില്ല. ഇത് കാവേരിയുടെ മാത്രം കാര്യമല്ല. നമ്മുടെ ഒട്ടുമിക്ക നദികളും ഇപ്രകാരമായിത്തീർന്നിരിക്കുന്നു. ഇത് ഈ രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ്.

River_Cauvery_EN

കാവേരിയുടെ ഭാഗമണ്ഡലത്തുനിന്നും കർണാടകത്തിലെ കൃഷ്ണ രാജ സാഗർ ഡാമും , വൃന്ദാവൻ ഉദ്യാനവും വരെ ഞാൻ ചങ്ങാടത്തിൽ സഞ്ചരിച്ചിട്ടുണ്ട്. ഇത് നൂറ്റി അറുപതു കിലോമീറ്ററിൽ കൂടുതലുണ്ട്. ട്രക്കിന്‍റെ നാല് ട്യൂബുകളും പന്ത്രണ്ട് മുളകളും ഉപയോഗിച്ചുണ്ടാക്കിയ ആ ചങ്ങാടത്തിൽ പതിമൂന്നു ദിവസം ഞാൻ സഞ്ചരിച്ചു. ഈ പ്രദേശം എനിക്ക് നല്ല പരിചയമുണ്ട്. ഈ ഭാഗത്തിന്‍റെ ഒരു പ്രത്യേകത ഇതാണ്; ഈ നൂറ്റി അറുപതു കിലോമീറ്ററിൽ ആദ്യത്തെ മുപ്പതോ , മുപ്പത്തഞ്ചോ കിലോമീറ്ററിൽ മാത്രമാണ് തീരങ്ങളിൽ കാട് ഉള്ളത്. അതിനു ശേഷമുള്ള സ്ഥലങ്ങളിലെല്ലാം കൃഷിയിടങ്ങളാണ് . ഇങ്ങനെയാണെങ്കിൽ നദിയിൽ എങ്ങിനെ നീരൊഴുക്കുണ്ടാകും? ദക്ഷിണേന്ത്യയിൽ നമുക്ക് മഞ്ഞുരുകി വെള്ളം ലഭിക്കുന്ന നദികൾ ഇല്ല. ഇവിടെയെല്ലാം കാടുകളിൽ നിന്നും ജലം ലഭിക്കുന്ന നദികളാണ്. കാടുകളില്ലെങ്കിൽ കുറച്ചു കാലം കഴിയുമ്പോൾ നമുക്ക് നദികളും ഉണ്ടാകുകയില്ല. ഇന്ന് നമ്മുടെ ജല സംഭരണ ഭാഗം ഈ മുപ്പത്തഞ്ചു കിലോമീറ്ററുള്ള താഴ്വരയാണ്. അത് പോരാ. നദിയുടെ മുഴുവൻ നീളത്തിലും ഈ സംഭരണ സ്ഥലങ്ങളാകണം.

സാധരണ ജനങ്ങളുടെ വിചാരം, ജലമുള്ളതുകൊണ്ട് മരങ്ങൾ വളരുന്നു എന്നാണു. എന്നാൽ വാസ്തവത്തിൽ മരങ്ങളുള്ളതുകൊണ്ടാണ് ജലം ലഭിക്കുന്നത്. നദിയുടെ രണ്ട് കരയിലും, സർക്കാർ ഭൂമി ഉള്ള സ്ഥലങ്ങളിൽ, ഒരു കിലോമീറ്ററെങ്കിലും വീതിയിൽ, ഉടനടി വനവത്കരണം നടപ്പാക്കണം. ഭൂമി കൃഷിക്കാരന്‍റേതാണെങ്കിൽ , ഗവണ്മെന്‍റ് ഫലവൃക്ഷങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കണം. ഫലവൃക്ഷങ്ങളിലേക്ക് കർഷകർ മാറണമെങ്കിൽ അതിൽ നിന്നും ആദായം കിട്ടി തുടങ്ങുന്നതിനു മുൻപുള്ള ആദ്യത്തെ അഞ്ചു വർഷമെങ്കിലും കർഷകർക്ക് ധനസഹായം നൽകണം. ഫലവൃക്ഷങ്ങളില്‍ നിന്നും വിളവ് ലഭിച്ചു തുടങ്ങുമ്പോൾ, ഈ നൂറു കണക്കിന് കിലോമീറ്റര്‍ ഭൂമിയില്‍ നിന്നും ലഭിക്കുന്ന വിളവുപയോഗിച്ച് അനുബന്ധ വ്യവസായങ്ങൾ ആരംഭിക്കുവാൻ ഉള്ള പ്രോത്സാഹനം സ്വകാര്യസംരംഭകര്‍ക്കു നൽകണം.

ഈ മാറ്റത്തിന്‍റെ സാമ്പത്തിക വശം കൃഷിക്കാരെ മനസ്സിലാക്കി കൊടുത്താൽ , അതായത് മരങ്ങൾ നടുകയും , കൃഷിയിൽ നിന്നും ഫലവൃക്ഷങ്ങളിലേക്കു മാറുകയും ചെയ്യുന്നത് കൊണ്ട് ലാഭം കൂടുതൽ ലഭിക്കും എന്ന കാര്യം അവരെ മനസ്സിലാക്കി കൊടുത്താൽ, അവർ അത് സ്വീകരിക്കുവാൻ തയ്യാറാകും. നദിയുടെ ഇരു വശത്തും ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ വീതിയിൽ ഇത് സാധ്യമായാൽ, ഒരു കിലോമീറ്ററിൽ കൂടുതൽ വീതിയിൽ ചെയ്യുവാൻ കഴിഞ്ഞാൽ അത് അത്യുത്തമമായിരിക്കും, പതിനഞ്ചു വർഷത്തിനകം കാവേരിയിൽ പത്തു മുതൽ ഇരുപതു ശതമാനം വരെ കൂടുതൽ ജലം ഉണ്ടായിരിക്കും.

സാധരണ ജനങ്ങളുടെ വിചാരം, ജലമുള്ളതുകൊണ്ട് മരങ്ങൾ വളരുന്നു എന്നാണു. എന്നാൽ വാസ്തവത്തിൽ മരങ്ങളുള്ളതുകൊണ്ടാണ് ജലം ലഭിക്കുന്നത്.

ഇത് നടപ്പിൽ വരുത്തുന്നതിനായി ഉള്ള ഒരു പദ്ധതിക്ക് ഞാൻ ഗവണ്മെന്‍റിനു ഒരു ശുപാർശ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്. ”നദികളെ രക്ഷിക്കൂ” എന്ന പേരിൽ സെപ്റ്റംബർ മൂന്ന് മുതൽ ഒക്ടോബർ രണ്ട് വരെ ഒരു പ്രചാരണജാഥ നടത്തുവാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇതിൽ കന്യാകുമാരി മുതൽ ഹിമാലയം വരെ ഞാനും ഈ ജാഥയിൽ പങ്കു ചേരുന്നുണ്ട്. , നമ്മുടെ നദികൾ മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന അവബോധം ജനങ്ങളിൽ സൃഷ്ടിക്കുവാൻ വേണ്ടിയാണ് ഈ റാലി നടത്തുന്നത്.. പതിനാറു സംസ്ഥാനങ്ങളിൽ കൂടി ഞാൻ യാത്ര നടത്തുകയും, അവിടെയെല്ലാം വിവിധ പരിപാടികൾ നടത്തുകയും ചെയ്യുന്നുണ്ട്. പല മുഖ്യമന്ത്രിമാരും, ഗവർണർമാരും, ഇതിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഡൽഹിയിൽ വച്ച് പദ്ധതിയുടെ ശുപാർശ സർക്കാരിന് സമർപ്പിക്കുന്നതായിരിക്കും.

ഇന്ത്യ എന്ന പേര് തന്നെ ഇന്‍ഡസ് എന്ന നദിയുടെ പേരിൽ നിന്നാണ് ഉണ്ടായത്. നമ്മുടേത് ഒരു നദീതടസംസ്കാരമാണ്. നാം നദീതടങ്ങളിലാണ് വളർന്നത്. ഇന്ന് നമ്മുടെ നദികളെല്ലാം തന്നെ അപകടസ്ഥിതിയിലാണ്. തമ്മിൽ തല്ലുന്നത് നിർത്തി, ഈ നദികളെ എങ്ങിനെ പുനരുജ്ജീവിപ്പിക്കാമെന്നു നാം ചിന്തിക്കണം. അല്ലെങ്കിൽ കുറച്ചു കാലത്തിനുള്ളിൽ നാം കുപ്പിയിൽ നിന്നും വെള്ളം കുടിക്കുകയല്ല ചെയ്യുക, കുപ്പിയിൽ നിന്നുള്ള വെള്ളത്തിൽ കുളിക്കുകയായിരിക്കും. നമ്മുടെ രാജ്യത്തിലെ പകുതിയിലധികം ഭാഗത്ത് , വേണ്ടത്ര വെള്ളം ലഭ്യമല്ലാത്തതുകൊണ്ട്, രാവിലെ കുളിക്കുന്ന പതിവ് ഇല്ലാതായിരിക്കുന്നു. കുറച്ചു വർഷങ്ങൾക്കുള്ളിൽ നമുക്ക് പത്തു ദിവസത്തിൽ ഒരിക്കൽ മാത്രമേ കുളിക്കുവാൻ പറ്റുകയുള്ളു എന്ന സ്ഥിതി വന്നിട്ടുണ്ടായിരിക്കും. നമ്മുടെ കുട്ടികൾക്ക് നാം നൽകുന്ന പൈതൃകം ഇതാകും - നിങ്ങൾക്ക് എന്ത് തന്നെ ഉണ്ടായിരുന്നാലും, ഒരിക്കലും സുഖമായി ജീവിക്കുവാൻ സാധിക്കുകയില്ല. പ്രകൃതി വളരെ ശക്തമായ ഒരു മാറ്റം വരുത്തിയില്ല എങ്കിൽ ഇതായിരിക്കും അവരുടെ ജീവിതം. നമുക്ക് ഇതിൽ ഒന്ന് തിരഞ്ഞെടുക്കാം - ഒന്നുകിൽ നാം തന്നെ ഈ മാറ്റം വരുത്തുക, അല്ലെങ്കിൽ പ്രകൃതിയെ അതിന് അനുവദിക്കുക. പ്രകൃതി മാറ്റം വരുത്തുകയാണെങ്കിൽ അത് വളരെ നിർദ്ദയമായിരിക്കും.

ആയിരകണക്കിന് വർഷങ്ങളായി ഈ നദികളാണ് നമ്മെ ആശ്ലേഷിക്കുകയും പോഷിപ്പിക്കുകയും ചെയ്തു. ഇനി നാം അവയെ തിരിച്ചു ആശ്ലേഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യേണ്ട സമയം വന്നിരിക്കുന്നു.

കുറിപ്പ്: നമ്മുടെ നദികളെ രക്ഷിക്കുന്നതിനായി വോട്ടു ചെയ്യുക. 8000980009 എന്ന നമ്പറിൽ ഒരു മിസ്സ്ഡ് കോൾ ചെയ്യൂ. www.RallyForRivers.org എന്ന സൈറ്റിൽ നിന്നും സദ്ഗുരു നിങ്ങളുടെ നഗരത്തിൽ എപ്പോൾ എത്തുന്നു എന്ന് കണ്ടുപിടിക്കുക. ഈ രാജ്യവ്യാപകമായ പരിപാടിയിൽ നിങ്ങൾക്ക് എങ്ങിനെ പങ്കെടുക്കാം എന്നും അതിൽ നിന്നും മനസ്സിലാക്കാം.