सद्गुरु

ചോദ്യം:- ഞാനൊരു ഉദ്യോഗസ്ഥനാണ്. കാര്യസാദ്ധ്യത്തിനായി ഏതു മാര്‍ഗമാണ് ഞാന്‍ സ്വീകരിക്കേണ്ടത്? വളരെ സൗമ്യമാണ് സമീപനമെങ്കില്‍ ഒന്നും തന്നെ നടക്കുകയില്ല, അപ്പോള്‍ പിന്നെ ക്രോധത്തിന്റെ വഴിയാണോ ഞാന്‍ സ്വീകരിക്കേണ്ടത്?

സദ്ഗുരു:- പല സന്ദര്‍ഭങ്ങളിലും നമ്മള്‍ പറയാറുണ്ട്‌, "വളരെ പ്രായോഗികമായതാണ് എന്‍റെ രീതി"യെന്ന്. അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വികാരങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല എന്നാണ്. കാര്യം നടത്താന്‍ എന്താണോ വേണ്ടത് അതുപോലെ ചെയ്യുന്നു എന്ന്. ഒരാള്‍ക്ക്‌ ഒരു പ്രവൃത്തി ചെയ്യാന്‍ തക്കതായ പരിശീലനം ലഭിച്ചിട്ടുണ്ട്, അത് പ്രകാരം അയാള്‍ ആ പ്രവൃത്തി ചെയ്യുന്നു. അവിടെ ദേഷ്യത്തിനോ അതുപോലുള്ള മറ്റു വികാരങ്ങള്‍ക്കോ എവിടെയാണ് സ്ഥാനം? ഒരു കാര്യം വേണ്ടതായ രീതിയില്‍ ചെയ്യുമ്പോള്‍ അതില്‍ വികാരങ്ങളെ ഉള്‍ക്കൊള്ളിക്കേണ്ടതില്ല, ചെയ്യേണ്ടത് ചെയ്യേണ്ട പോലെ ചെയ്യുന്നു എന്ന് മാത്രം മനസിലാക്കിയാല്‍ മതി.

എല്ലാ സമയത്തും എല്ലാ കാര്യങ്ങളും പ്രായോഗിക തലത്തില്‍ മാത്രം കാണാന്‍ തുടങ്ങിയാല്‍ ജീവിതം അത്ര സുന്ദരമായി തോന്നുകയില്ല. ഒരു തുടക്കക്കാരനെന്ന നിലയില്‍ ആ മനോഭാവത്തില്‍ തെറ്റില്ല, എന്നാല്‍ ജീവിതത്തെ നിസ്വാര്‍ത്ഥ സേവനത്തിനുള്ള ഒരു വേദിയായാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ പ്രായോഗികത തന്നെയാണ് ഉചിതമായ മാര്‍ഗം. അനുഭവ സമ്പന്നനായ ഒരാള്‍ എന്നതിനേക്കാള്‍ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. തുടക്കക്കാരന്‍ എന്ന് പറയുമ്പോള്‍ എന്ത് എങ്ങിനെ ചെയ്യണം എന്നറിയാത്തവന്‍ എന്നാണ് സാമാന്യമായി ഉദ്ദേശിക്കുന്നത്. അത്തരക്കാരെയല്ല ഞാനുദ്ദേശിക്കുന്നത്, ഒരു പ്രവൃത്തി അതിനോടുള്ള അഭിനിവേശം കൊണ്ട് ചെയ്യുന്ന ആള്‍ എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത് - തന്‍റെ പ്രവൃത്തിയില്‍ ഒരര്‍ത്ഥം കാണുന്നവന്‍. പക്ഷെ അനുഭവസമ്പന്നനായ ഒരാള്‍ക്ക്‌ അങ്ങനെ തോന്നണമെന്നില്ല, അയാള്‍ അത് ചെയ്യുന്നത് അതിന്റെ ഫലത്തില്‍ മാത്രം മനസ്സിരുത്തിക്കൊണ്ടാണ്. മറ്റു ചിന്തയൊന്നും അയാള്‍ക്കില്ല. അങ്ങിനെയുള്ള ജീവിതം വളരെ വിരസമായി പോകും. ചെയ്യുന്ന പ്രവൃത്തി എന്തായാലും അതില്‍ അവനവന്‍റെ മനസ്സുണ്ടായിരിക്കണം, അതിനോട് പ്രത്യേകിച്ചൊരു പ്രതിപത്തി ഉണ്ടായിരിക്കണം. ഇല്ല എങ്കില്‍ അത് വെറും ഒരു പാഴ്വേലയായി പോകും. ജീവിതത്തിന്‍റെ വിലയേറിയ നിമിഷങ്ങളും വൃഥാവിലാവും.

എന്തെങ്കിലും ചെയ്യുന്നു എന്നതുകൊണ്ട് നിങ്ങളില്‍ അര്‍പ്പണബോധം തെളിയുന്നില്ല, എന്നാല്‍ നിങ്ങളില്‍ അര്‍പ്പണബോധമുണ്ടെങ്കില്‍ നിങ്ങളില്‍ നിന്നും പലതും സംഭവിക്കും എന്നത് സത്യം. ജീവിതത്തെ സുന്ദരവും സാര്‍ത്ഥകവുമാക്കാനുള്ള മാര്‍ഗം അതാണ്‌. ആത്മാര്‍ത്ഥതയില്ലാതെ, അര്‍പ്പണബുദ്ധിയില്ലാതെ ജീവിതം നയിക്കുക...അങ്ങിനെയുള്ള ജീവിതം ഒരിക്കലും ശുദ്ധമോ സുന്ദരമോ ആവുകയില്ല.

പ്രായോഗികതയെ മുറുകെ പിടിച്ചു ജീവിക്കുമ്പോള്‍ നിശ്ചയമായും അതിന്‍റെ രസം നഷ്ടപ്പെടുന്നു. ചെയ്യുന്നതെന്തും താല്പര്യത്തോടെ ഉത്സാഹത്തോടെ ചെയ്യാനായാല്‍ അത് വലിയൊരു നേട്ടമാണ്. ആ പ്രവൃത്തിയുടെ പരിണതഫലമെന്താണ്, വഴിയില്‍ എന്തെല്ലാം തടസ്സങ്ങള്‍ നേരിടേണ്ടിവരും, ആരൊക്കെയാണ് നിങ്ങളോടോപ്പമുള്ളത്, ആരൊക്കെയാണ് എതിര്‍ത്ത് നില്‍ക്കുന്നത് - ഈ വക സംഗതികള്‍ ഒന്നും തന്നെ നിങ്ങളുടെ ചിന്തക്ക് വിഷയമാകുന്നില്ല. ചെയ്യുന്ന പ്രവൃത്തിയോട് നിങ്ങള്‍ക്കുള്ള താല്പര്യം, ആത്മാര്‍ത്ഥത.അത് തന്നെ അതിനെ വിജയത്തിലേക്ക് നയിക്കുന്നു.

ഒരു വശത്ത് നിങ്ങള്‍ ഒരു പ്രായോഗിക വാദിയാണ്, മറുവശത്ത് ദേഷ്യം നിങ്ങള്‍ക്ക് പ്രശ്നവുമുണ്ടാക്കുന്നു. നിങ്ങളുടെ പ്രവൃത്തികളില്‍ ദേഷ്യത്തിന് വലിയൊരു പങ്കുണ്ട് എന്ന് കരുതുന്നതെന്തിനാണ്? നിങ്ങള്‍ പറയുന്നത് മറ്റുള്ളവര്‍ അനുസരിക്കാതിരിക്കുമ്പോള്‍ ആണല്ലോ നിങ്ങള്‍ക്ക് ദേഷ്യം വരുന്നത്. അവിടെ ആവശ്യം താല്‍പര്യവും ഉത്സാഹവുമാണ്. നിങ്ങള്‍ ഓരോ പ്രവൃത്തിയും ചെയ്യുന്നത് അതില്‍ പൂര്‍ണമായും മനസ്സിരുത്തിയാണെന്നു കാണുമ്പോള്‍ കൂടെയുള്ളവരും അതുപോലെ പ്രവൃത്തിക്കാന്‍ തുടങ്ങും. അത് സ്വാഭാവികമായി സംഭവിക്കുകയും ചെയ്യും.