കടമ എന്ന ചിന്ത ഉപേക്ഷിക്കുക
 
 

सद्गुरु

ചെറുപ്രായം മുതല്‍ക്കുതന്നെ മറ്റുള്ളവര്‍ നിങ്ങളില്‍ ചുമതലാബോധം വളര്‍ത്തുന്നു. മകനു വിദ്യാഭ്യാസം കൊടുക്കേണ്ടത് പിതാവിന്‍റെ ചുമതല, പ്രായമായ പിതാവിനെ ശുശ്രൂഷിക്കേണ്ടത് മകന്‍റെ ചുമതല, വിദ്യാര്‍ത്ഥിയെ തയാറെടുപ്പിക്കേണ്ടത് അധ്യാപകന്‍റെ ചുമതല, നിയമാനുസൃതം നടക്കേണ്ടത് പൗരന്‍റെ ചുമതല, അതിര്‍ത്തിയില്‍ രാജ്യസംരക്ഷണം ചെയ്യേണ്ടത് പട്ടാളത്തിന്‍റെ ചുമതല എന്നൊക്കെ പറഞ്ഞു പറഞ്ഞ് നിങ്ങളില്‍ ചുമതലാബോധം കുത്തി വച്ചുകൊണ്ടിരിക്കും.

ചുമതല നിറവേറ്റുന്നു എന്നു ചിന്തിച്ചുകൊണ്ട് എന്തു ചെയ്താലും, അതില്‍ തൃപ്തി വരില്ല. ക്ഷീണം മാത്രമേ തോന്നൂ, രക്ത സമ്മര്‍ദ്ദം കൂടുകയും ചെയ്യും.

ഒരു മുതലാളി ഒരുദിവസം തന്‍റെ ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തി. അവിടെ ചെരുപ്പുണ്ടാക്കുന്ന പണി വളരെ കാര്യക്ഷമമായി നടന്നു വരികയായിരുന്നു. "സര്‍, മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്നു ശ്രദ്ധിക്കാതെ തന്‍റെ ചുമതല നിറവേറ്റുക എന്നതില്‍ മാത്രം ശ്രദ്ധിക്കണംچ എന്ന് തൊഴിലാളികള്‍ക്കു പറഞ്ഞുകൊടുത്തിട്ടുണ്ട്" എന്നു സൂപ്പര്‍വൈസര്‍ മുതലാളിയോട് അഭിമാനത്തോടെ പറഞ്ഞു.

ഒരു തൊഴിലാളി ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി എടുത്തു അതില്‍ ലേബല്‍ ഒട്ടിച്ച് അടുത്ത ആളിന്‍റെ പക്കല്‍ നീക്കി വച്ചു. അയാള്‍ ആ പെട്ടിയില്‍ ഒരു ചെരുപ്പുമാത്രം വച്ച് തൊട്ടടുത്തുള്ള ആളിന്‍റെ അരികില്‍ നീക്കി. അയാള്‍ ആ പെട്ടി അടച്ചു. ആ പെട്ടി
വില്പനസെക്ക്ഷനിലേക്ക് പോകുന്ന വണ്ടിയില്‍ കയറ്റപ്പെട്ടു.

മുതലാളി അമ്പരന്നു ചോദിച്ചു, "എന്തു നടക്കുന്നു ഇവിടെ. ചെരുപ്പുകളെ ജോഡിയായിട്ടല്ലേ തയ്യാറാക്കുന്നത്, എന്തിനാണ് ഒറ്റ ചെരുപ്പുമാത്രമായി പാക് ചെയ്യുന്നത്?" "ഇടതുകാല്‍ - ചെരുപ്പ് പെട്ടിയില്‍ വയ്ക്കാന്‍ ഉള്ള ജീവനക്കാരന്‍ ഇന്നു ലീവിലാണ് സാര്‍. എന്നിരുന്നാലും പണിക്കു വന്നിട്ടുള്ളവര്‍ തങ്ങളുടെ കടമ ശരിക്കും നിര്‍വഹിക്കുന്നുണ്ടല്ലോ" എന്നു സൂപ്പര്‍വൈസര്‍ മറുപടി പറഞ്ഞു.

ഏതൊരു ജോലിയായാലും ആസ്വദിച്ചു ചെയ്യാതെ ചുമതല നിര്‍വ്വഹിക്കാന്‍ വേണ്ടിമാത്രം ചെയ്താല്‍ ഇങ്ങനെയൊക്കെ സംഭവിക്കുക തന്നെ ചെയ്യും. പെട്ടെന്നു തന്നെ വിരക്തിയും വെറുപ്പും, മടുപ്പും നിറഞ്ഞ ഒരു യന്ത്രമായിട്ടു മാറുകയും ചെയ്യും. ആരെയെങ്കിലും അനുസരിക്കാന്‍ വേണ്ടി ചെയ്യാതെ അതു നിങ്ങള്‍ സ്വയം ചുമതലാബോധത്തോടെ ഇഷ്ടപ്പെട്ടു ചെയ്താല്‍ മാത്രമേ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കൂ, പുരോഗതിയും നിങ്ങളെ തേടി വരും. ഭൂരിപക്ഷം പേരും വിജയം കൈവരിക്കുമ്പോള്‍ അതു സ്വന്തം നേട്ടമായിട്ടും, പരാജയം നേരിടുകയാണെങ്കില്‍ അതു വിധിയുടെ കളിയാണെന്നും പറയും.

നിങ്ങള്‍ പരീക്ഷ എഴുതി എന്നിരിക്കട്ടെ. നന്നായിട്ടു പരീക്ഷ എഴുതിയിരുന്നാല്‍ 'വളരെ നന്നായിട്ടു ചെയ്തു' എന്നു പറയും. നന്നായിട്ടല്ല എഴുതിയതെങ്കില്‍ 'സമയം മതിയായില്ല' എന്നോ, മറ്റു കാരണങ്ങളോ പറയും. വിജയം വരിക്കുമ്പോള്‍ ഉടന്‍ തന്നെ സ്വന്തം കഴിവാണെന്നു ശിരസ്സുയര്‍ത്തി പറയുന്ന നമ്മുടെ മനസ്സ്, തെറ്റു സംഭവിച്ചു പോയാല്‍ ആരുടെ മേല്‍ പഴിചാരാം എന്നു നോക്കുന്നു.

സാധാരണയായി ഉത്തരവാദിത്തം ഏല്‍ക്കുക എന്നാല്‍ ഭാരം ചുമക്കുക എന്നു മനസ്സിലാക്കുന്നവരാണ് നമ്മില്‍ പലരും. ആരു വിളക്കു കത്തിക്കും, ആരു പ്ലേറ്റ് കഴുകും, ആരു വെള്ളം എടുത്തു വയ്ക്കും എന്നു തുടങ്ങി ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും ചുമതല ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നീണ്ടുനീണ്ടു പോകാറുണ്ട്, അവിശ്വസനീയമാം വിധം.

ഒരിക്കല്‍ ശങ്കരന്‍പിള്ളയും ഭാര്യയും തമ്മില്‍ വാതില്‍ പൂട്ടുന്നത് ആരാണെന്നുള്ള കാര്യത്തില്‍ വഴക്കുണ്ടായി. അവര്‍ സംസാരിച്ച് ഒരു തീരുമാനത്തിലെത്തി, 'ആരാണോ വായ തുറന്ന് ആദ്യത്തെ വാക്കു പറയുന്നത,് അയാളാണു വാതില്‍ പൂട്ടേണ്ടത്" എന്നായിരുന്നു ആ തീരുമാനം.

അത്രതന്നെ, അതിനുശേഷം അവര്‍ തമ്മില്‍ ഒന്നും സംസാരിച്ചില്ല. "ഭക്ഷണം തരൂ" എന്നു ശങ്കരന്‍പിള്ളയോ "ഭക്ഷണം കഴിക്കാന്‍ വരൂ" എന്നു ഭാര്യയോ വാ തുറന്നു പറഞ്ഞില്ല. വായ തുറന്നാല്‍ വാതില്‍ പൂട്ടേണ്ട ചുമതല വന്നു ഭവിക്കുമല്ലോ എന്നു കരുതി വാശിയോടെ മൗനം പാലിച്ച് അവര്‍ പട്ടിണി കിടന്നു.

അര്‍ദ്ധരാത്രിയില്‍ ചില തസ്ക്കരന്‍മാര്‍ വീട്ടില്‍ കയറി വന്നു. ഹാളില്‍ ഇരിക്കുകയായിരുന്ന ദമ്പതികള്‍ ബഹളം വയ്ക്കാതെ വായ പൂട്ടി ഇരിക്കുന്നതു കണ്ട് അവര്‍ അതിശയിച്ചു. അവര്‍ കൈയില്‍ കിട്ടിയ സാധനങ്ങളൊക്കെ വാരിയെടുത്തു. അപ്പോഴും അവര്‍ ഒന്നും മിണ്ടിയില്ല; മറ്റൊരാള്‍, അതുകണ്ട് ധൈര്യപൂര്‍വ്വം ശങ്കരന്‍പിള്ളയുടെ അരികില്‍ ചെന്ന്, ഒരു കത്തിയെടുത്ത് ശങ്കരന്‍പിള്ളയുടെ മീശ വടിക്കാന്‍ തുടങ്ങി. വേറെ നിവൃത്തിയില്ലാതെ ശങ്കരന്‍പിള്ള വാ തുറന്ന് "ശരി, ശരി ഞാന്‍ തന്നെ വാതില്‍ പൂട്ടിക്കൊള്ളാം" എന്നു പറഞ്ഞു.

ഇതാണോ ചുമതലാബോധം? നിങ്ങളുടെ ചുറ്റിലുമുള്ള സാഹചര്യങ്ങളെ നിങ്ങള്‍ക്കനുസൃതമായി മാറ്റണമെങ്കില്‍ അതിനുളള ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായിരിക്കണം, അപ്പോള്‍ മാത്രമേ പരാജയം നേരിട്ടാലും വിഷമം ഉണ്ടാകാതിരിക്കൂ! ആ പരാജയങ്ങളെ എങ്ങനെ വിജയത്തിനുള്ള പാഠങ്ങളായി മാറ്റാന്‍ സാധിക്കും എന്നു നിങ്ങള്‍ക്കു പഠിക്കുവാന്‍ കഴിയും.

 
 
  0 Comments
 
 
Login / to join the conversation1