ജ്യോതിഷം എത്രത്തോളം പ്രായോഗികമാണ്?
വിശ്വാസികള്‍ ജ്യോതിഷം സത്യമാണ്, അച്ചട്ടാണ് എന്നൊക്കെ പറയും. വിശ്വാസമില്ലാത്തവര്‍ അതിനെ അവഗണിക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ജ്യോതിഷം എത്രത്തോളം ഫലപ്രദമാണ്?
 
 

सद्गुरु

വൈദീക ജ്യോതിഷത്തെ പറ്റിയും ഗ്രഹങ്ങളും നക്ഷത്രങ്ങളും മനുഷ്യജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടൊ എന്നതിനെപ്പറ്റിയും സദ്ഗുരു വിശകലനം ചെയ്യുന്നു.

 

ചോദ്യം: വൈദീകമായ ജ്യോതിഷം ഞാന്‍ പഠിച്ചിട്ടുണ്ട്. അതില്‍ എത്രത്തോളം വാസ്തവമുണ്ട്? യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തിന്‍റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നത് ഒരു പിടി ഗ്രഹങ്ങളും നക്ഷത്രങ്ങളുമാണോ, അതോ സ്വന്തം ഇച്ഛയാണോ? അതുമല്ലെങ്കില്‍, അവനവന്‍ തന്നെയാണോ തന്‍റെ വിധികര്‍ത്താവ്?

സദ്‌ഗുരു: ഒരു കാര്യം ആദ്യമേ മനസ്സിലാക്കണം. ഇന്ത്യ എന്നാല്‍ കേവലം വേദങ്ങളും വൈദീക പാരമ്പര്യവും മാത്രമല്ല. വേദങ്ങള്‍ സമാഹരിച്ച മഹര്‍ഷി വേദവ്യാസന്‍റെ പിതാവ് ആര്യനായിരുന്നു. മാതാവ് ദ്രവീഡ വനിതയും, എന്നിട്ടും ദക്ഷിണേന്ത്യക്കാര്‍ ജ്യോതിഷത്തിന് അത്ര വലിയ പ്രാധാന്യം കല്‍പിക്കുന്നില്ല. നക്ഷത്രങ്ങളെ നോക്കി ദ്രാവിഡര്‍ ജ്യോതിഷം പഠിച്ചിരുന്നില്ല, മുമ്പിലിരിക്കുന്ന വ്യക്തിയെ നോക്കിയാണ് അവര്‍ പ്രവചനങ്ങള്‍ നടത്തിയിരുന്നത്. അതിന് നാഡീ ജ്യോത്സ്യമെന്നാണ് പറയുക. ആര്യന്‍മാരാണ് ജ്യോതിഷ ശാസ്ത്രവുമായി കടന്നുവന്നത്. ജ്യോതിശാസ്ത്രത്തിന്‍റെ തന്നെ മറ്റൊരു രൂപമാണ് ജ്യോതിഷം. നമ്മള്‍ എന്തിനേയെങ്കിലുമൊന്ന് വ്യഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലുള്ള ചില പ്രധാന സംഗതികള്‍ വഴുതിപ്പോവുക സ്വാഭാവികമാണ്. ഇവിടേയും അങ്ങനെ സംഭവിച്ചിരിക്കുന്നു. പല മുഖ്യ വസ്തുതകളും, മന:പൂര്‍വമല്ലെങ്കിലും നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങളെ സംബന്ധിച്ച പ്രവചനങ്ങളെല്ലാം തെറ്റാവട്ടെ എന്നാണ് ഞാന്‍ പറയുക. അങ്ങിനെയായാല്‍ അതിന്‍റെ അര്‍ത്ഥം നിങ്ങളുടെ ജീവിതം ഭംഗിയായി മുന്നോട്ടുപോകുന്നു എന്നാണ്.

നിങ്ങളെ സംബന്ധിച്ച പ്രവചനങ്ങളെല്ലാം തെറ്റാവട്ടെ എന്നാണ് ഞാന്‍ പറയുക. അങ്ങിനെയായാല്‍ അതിന്‍റെ അര്‍ത്ഥം നിങ്ങളുടെ ജീവിതം ഭംഗിയായി മുന്നോട്ടുപോകുന്നു എന്നാണ്

ആര്യന്‍മാര്‍ നാടോടികളായിരുന്നു, പലയിടങ്ങളിലും ചുറ്റിനടന്നിരുന്നവര്‍. അതുകൊണ്ട് സ്വാഭാവികമായും അവരുടെ ശ്രദ്ധ നക്ഷത്രങ്ങളിലേക്കു തിരിഞ്ഞു. പാതകളും വഴികളുമൊന്നും ഇല്ലാതിരുന്ന കാലം. നക്ഷത്രങ്ങളെ നോക്കിയാണ് അവര്‍ വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമൊക്കെ കണ്ടെത്തിയിരുന്നത്. സുര്യനുദിച്ചാല്‍ വെളിച്ചമായി. അസ്തമിച്ചാല്‍ ഇരുട്ടായി. പിന്നെ വെളിച്ചത്തിന് ആശ്രയം തീയും നക്ഷത്രങ്ങളും മാത്രം. ആര്യന്മാരുടെ ജീവിതത്തില്‍ അഗ്നിക്കും നക്ഷത്രങ്ങള്‍ക്കും വളരെയധികം സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ഇപ്പോഴും നമ്മള്‍ മംഗളാവസരങ്ങളില്‍ പ്രത്യേകിച്ചും വിളക്കു കൊളുത്തുന്നത്, അഗ്നി ജ്വലിപ്പിച്ച് വലംവെക്കുന്നത്. അഗ്നി ചൂടും, വെളിച്ചവും മാത്രമല്ല നല്‍കിയത്, കാട്ടുജന്തുക്കളില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കുകയും ചെയ്തിരുന്നു. നക്ഷത്രങ്ങള്‍ യാത്രക്കാര്‍ക്കുവേണ്ട കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കി. പതുക്കെ പതുക്കെ നക്ഷത്രങ്ങളെ നിരീക്ഷിച്ച് നേര്‍വഴി കണ്ടുപിടിക്കാന്‍ അവര്‍ ശീലിച്ചു. വിശദമായ നിരീക്ഷണങ്ങളിലൂടെ അവര്‍ നക്ഷത്രങ്ങളെ കുറിച്ച് കൂടുതലായി മനസ്സിലാക്കി. ക്രമേണ നക്ഷത്രങ്ങളെ വ്യാഖ്യാനിക്കാനും അവര്‍ പഠിച്ചു, അവര്‍ ആ ശാസ്ത്രത്തില്‍ നൈപുണ്യം നേടി.

താഴോട്ടു നോക്കണൊ, അതോ മേലാട്ടോ?

നാട്ടില്‍ വേരുറപ്പിച്ചിരുന്നവര്‍ മുകളിലേക്കു നോക്കിയില്ല. അവരുടെ നോട്ടം ഭൂമിയിലേക്കായിരുന്നു. ഭൂമിയായിരുന്നു അവരുടെ മാതാവ്. അവരുടെ ഭക്തിയും ശ്രദ്ധയും മുഴുവന്‍ ഭൂമിയെപ്രതിയായിരുന്നു. ഈ ഭൂമിഭക്തി അവരെ കൃഷിയിലേക്കു നയിച്ചു. ഭൂമിയില്‍ ഏറ്റവും ആദ്യമായി കൃഷിയിറക്കിയത് ഈ കൂട്ടരാണ്. ആ കാലത്ത് മറ്റൊരു സമൂഹവും കൃഷിയെപറ്റി ചിന്തിച്ചിരുന്നുപോലുമില്ല. തങ്ങള്‍ക്കാവശ്യമായ ഭക്ഷണവിഭവങ്ങള്‍ അങ്ങനെ ഒരിടത്ത് അവര്‍ വിളയിക്കാന്‍ തുടങ്ങി. ഭക്ഷണത്തിനായി മൃഗങ്ങളുടെ പുറകെ പായേണ്ടതില്ല, തീറ്റ സാധനങ്ങള്‍ സംഭരിക്കാന്‍ കാട്ടില്‍ ചുറ്റിത്തിരിയേണ്ടതില്ല എന്ന സ്ഥിതിവിശേഷം നിലവില്‍ വന്നു. മണ്ണില്‍ വിളവിറക്കി കൊയ്തെടുക്കാന്‍ അവര്‍ ക്രമേണ പരിചയിച്ചു. അതോടെ ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കലും അവരുടെ പതിവായി.

അവര്‍ പാര്‍പ്പിടങ്ങള്‍ പണിയാന്‍ തുടങ്ങി. പണിക്കിടയിലെ വിരസതയകറ്റാന്‍ പാട്ടുപാടാന്‍ തുടങ്ങി. കൊയ്തെടുത്ത വിളവ് സംഭരിക്കേണ്ട സമയമായി. എത്ര കുട്ട നെല്ല് അല്ലെങ്കില്‍ എത്ര ചാക്ക് എന്നറിയാനായി എണ്ണം പഠിക്കാന്‍ തുടങ്ങി. ക്രമേണ അത് കണക്കു വെക്കലായി. ഗണിതവും, സംഗീതവും, സൗന്ദര്യബോധവും, കൃഷിയും, ആത്മാന്വേഷണവുമെല്ലാം, കാലക്രമത്തില്‍ അവരുടെ ജീവിതത്തിന്‍റെ ഭാഗമായി. അതിനു കാരണമായത് ഭൂമിയോടുള്ള അവര്‍ക്കുണ്ടായിരുന്ന ആദരവുതന്നെയായിരുന്നു. ഈ രണ്ടു വ്യത്യസ്ത സംസ്കാരത്തില്‍ വേരൂന്നിയ പാതകള്‍ ഇന്നും ലോകത്തില്‍ പ്രകടമാണ്.

ഒരു കൂട്ടര്‍ എപ്പോഴും മുകളിലേക്കു നോക്കുന്നു. അവര്‍ നോക്കുന്നത് നക്ഷത്രങ്ങളെയല്ല, ദൈവത്തിനെയാണ് – ഒന്നേ ഒന്നായ ദൈവത്തെ. മറ്റേ കൂട്ടര്‍ നോക്കുന്നത് എപ്പോഴും താഴേക്കാണ്. അവരാണ് കൂടുതല്‍ വിവേകപൂര്‍വ്വം ജീവിക്കുന്നത്. അവര്‍ ഭൂമിയെ മാതാവായി ആരാധിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ ഓരോ ചുവടുവെപ്പും കൂടുതല്‍ സൗമ്യമാണ്. ഭൂമാതാവിനോടുള്ള ആദരവിന്‍റെ പ്രതീകം -ആര്‍ക്കും യഥേഷ്ടം വഴി തിരഞ്ഞെടുക്കാം. ജ്യോത്സ്യസംബന്ധമായ പ്രവചനങ്ങള്‍ക്കനുസരിച്ച് ജീവിതം നയിക്കാം, അല്ലെങ്കില്‍ സ്വന്തമായി ഒരു പദ്ധതി രൂപപ്പെടുത്താം, അതുമായി യോജിച്ചു ജീവിച്ച് സാഫല്യം നേടാന്‍ പ്രയത്നിക്കാം.

അവനവന്‍റെ ഭാവി നിര്‍ണയിക്കാനും അതിനുവേണ്ടി പ്രയത്നിക്കാനുമുള്ള ശേഷിയില്ലാത്തവര്‍ക്ക് പ്രവചനങ്ങളുടെ പുറകെ പോകാം. ആകാശത്തില്‍ മിന്നിത്തിളങ്ങുന്ന താരങ്ങള്‍ എത്രയോ വിദൂരത്താണ്. അവ നിങ്ങളുടെ ജീവതത്തെ ഒരു നിലക്കും സ്വാധീനിക്കുന്നില്ല. ഒരു നക്ഷത്രത്തിനു മാത്രമേ നിങ്ങളുടെ ജീവിതത്തില്‍ വലിയൊരു പങ്കു വഹിക്കാനുള്ളൂ. ആ നക്ഷത്രമാണ് സൂര്യന്‍. സൂര്യന്‍റെ ഉപഗ്രഹമായ ചന്ദ്രനും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. വാസ്തവത്തില്‍ സൂര്യനേക്കാള്‍ ശക്തമാണ് ചന്ദ്രനുള്ള സ്വാധീനം. എന്നാല്‍ ഇതിനൊക്കെ ഉപരിയാണ് ഒരാളുടെ മനസ്സിന് അയാളുടെ ജീവിതത്തില്‍ ചെലുത്താനാവുന്ന സ്വാധീനം. സ്വന്തമായൊരു ലക്ഷ്യം കണ്ടെത്താനും, അത് കൈവരിക്കാനായി അദ്ധ്വാനിക്കാനും കഴിവോ ബുദ്ധിയോ ഇല്ലാത്തവരാണ് ജ്യോത്സന്‍റെ പ്രവചനത്തെ ആശ്രയിക്കുക. പ്രവചനങ്ങള്‍ക്ക് ഒരു മെച്ചമുണ്ട്, അത് മാറികൊണ്ടിരിക്കും, അതിന് സ്ഥിരതയില്ല. എന്നാല്‍ പദ്ധതിയുടെ കാര്യം അങ്ങനെയല്ല. അത് ഫലപ്രദമാകണമെങ്കില്‍ മുഴുവന്‍ ശ്രദ്ധയും അതില്‍ത്തന്നെ ഉറപ്പിക്കണം. ആദ്യമായി നല്ലൊരു ലക്ഷ്യം കണ്ടെത്തണം, തുടര്‍ന്ന് ശ്രദ്ധമാറിപ്പോകാതെതന്നെ ആ ലക്ഷ്യം നേടാന്‍ സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിക്കണം.

പ്രവചനങ്ങള്‍ക്കനുസരിച്ച് സ്വന്തം ജീവിതം നയിക്കുന്നവര്‍ ഏറിയ ഭാഗവും ആലോചനാശൂന്യരാണ്.

ഇരുപത്തിയഞ്ചു രൂപ ചെലവാക്കിയാല്‍ ഇതുപോലെയുള്ള കുറുപ്പടികള്‍ ആര്‍ക്കും എഴുതിക്കിട്ടും. അതില്‍ നിങ്ങളുടെ ജീവിതം മുഴുവനായി കാണാം. സ്വന്തം ജീവിതത്തെ അത്രയും വില കുറഞ്ഞതായി കാണേണ്ടതുണ്ടൊ?

പ്രവചനങ്ങള്‍ക്കനുസരിച്ച് സ്വന്തം ജീവിതം നയിക്കുന്നവര്‍ ഏറിയ ഭാഗവും ആലോചനാശൂന്യരാണ്. ആരോ കുറിച്ചുവെച്ച ഒരു മുന്‍വിധി പ്രകാരം അവര്‍ ജീവിച്ചു പോകുന്നു. ഇന്ത്യയില്‍ ഇരുപത്തിയഞ്ചു രൂപ ചെലവാക്കിയാല്‍ ഇതുപോലെയുള്ള കുറുപ്പടികള്‍ ആര്‍ക്കും എഴുതിക്കിട്ടും. അതില്‍ നിങ്ങളുടെ ജീവിതം മുഴുവനായി കാണാം. സ്വന്തം ജീവിതത്തെ അത്രയും വില കുറഞ്ഞതായി കാണേണ്ടതുണ്ടൊ? എന്തു സംഭവിക്കാന്‍ പോകുന്നു എന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട. പ്രവചിക്കപ്പെട്ടതിനപുറത്തുള്ള എന്തെങ്കിലും സംഭവിക്കട്ടെ. നിങ്ങളുടെ പ്രവചനങ്ങളും സ്വപ്നങ്ങളും സത്യമാവാതെ പോകട്ടെ. കാരണം സ്വപ്നവും പ്രവചനവും തമ്മില്‍ കാര്യമായ അന്തരമില്ല. രണ്ടും തമ്മില്‍ ഇടകലര്‍ന്നിരിക്കുന്നു.

 
 
  0 Comments
 
 
Login / to join the conversation1