सद्गुरु

നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജ്യോതിര്‍ശാസ്‌ത്രത്തില്‍ അഗാധജ്ഞാനമുള്ള പണ്ഡിതന്‍മാര്‍, ജ്യോതിര്‍ഗോളങ്ങളുടെ നിലയും ചലനവും പരിഗണനയിലെടുത്ത്‌, ശ്രദ്ധാപൂര്‍വം അളന്ന്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ് ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങള്‍.

സദ്ഗുരു : ഭാരതീയ സംസ്‌കാരം എന്നും ഊന്നല്‍ നല്‍കിയിട്ടുള്ളത്‌ മനുഷ്യന്റെ ആത്മീയ വികാസത്തിനായിരുന്നു. താത്‌കാലികമായ സുഖങ്ങളും നേട്ടങ്ങളും ഒരു കാലത്തും ഈ സംസ്കാരത്തിന്‍റെ ലക്ഷ്യമായിരുന്നില്ല. അതെല്ലാം ജീവിതത്തിലെ നിസ്സാരസംഭവങ്ങളായാണ്‌ പരിഗണിക്കപ്പെട്ടിരുന്നത്‌. ഭാരതത്തില്‍ ജനിക്കുന്ന ഏതൊരുവനും, അവന്‍റെ ജീവിതമെന്നാല്‍ സ്വന്തം വ്യാപാരമോ, കുടുബമോ, ബന്ധുമിത്രാദികളോ ഒന്നുമായിരുന്നില്ല. ജീവിതത്തിലെ ഓരോ നിമിഷവും മുക്തി മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ളതായിരുന്നു. സാമൂഹ്യജീവിതത്തെ ചിട്ടപ്പെടുത്തിയിട്ടുള്ളതും ഈയൊരു ലക്ഷ്യം കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. ലോകത്തില്‍ ആകെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളാണുള്ളത്‌. അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്‌ ഭൂമിശാസ്‌ത്രപരമായും ജ്യോതിശാസ്‌ത്രമായും സവിശേഷതകളുള്ള പ്രദേശങ്ങളിലാണ്‌.

മുക്തിമാര്‍ഗത്തിലൂടെയുള്ള മനുഷ്യന്‍റെ പ്രയാണം സത്വരവും സുഗമവുമാക്കുക - മനുഷ്യന്‍റെ കണ്ടുപിടുത്തങ്ങളുടേയും, ആവിഷ്‌ക്കാരങ്ങളുടേയും ഉദ്ദേശ്യം ഇതുമാത്രമായിരുന്നു.

മുക്തിമാര്‍ഗത്തിലൂടെയുള്ള മനുഷ്യന്‍റെ പ്രയാണം സത്വരവും സുഗമവുമാക്കുക - മനുഷ്യന്‍റെ കണ്ടുപിടുത്തങ്ങളുടേയും, ആവിഷ്‌ക്കാരങ്ങളുടേയും ഉദ്ദേശ്യം ഇതുമാത്രമായിരുന്നു. സാമൂഹ്യ ജീവിതത്തിലെ ഓരോരോ സന്ദര്‍ഭങ്ങള്‍ രൂപകല്‍പന ചെയ്‌തതും, ഈ ആശയം മനസ്സില്‍വച്ചുകൊണ്ടായിരുന്നു. പഴയ ആചാരവിധികള്‍ പാലിച്ചുകൊണ്ടുള്ള ഒരു വിവാഹമാണ്‌ നടക്കുന്നതെങ്കില്‍, പുരോഹിതന്‍ വധൂ വരന്മാര്‍ക്ക്‌ പറഞ്ഞു കൊടുക്കും.

“നിങ്ങള്‍ രണ്ടുപേരും, പതി-പത്‌നിമാര്‍ തമ്മിലുള്ള ഈ ചേര്‍ച്ചയ്ക്ക്‌ അത്ര വലിയ പ്രാധാന്യമൊന്നുമില്ല. ഈ വിവാഹവും വലിയൊരു സംഭവമല്ല. സാരമായിട്ടുള്ളത്‌, നിങ്ങള്‍ രണ്ടുപേരും ഒന്നിച്ചു ചേരുന്നു എന്നുള്ളതാണ്; നിങ്ങളുടെ പരമമായ ലയനത്തിന്‌ ഈ ചേര്‍ച്ച ഉപകാരപ്രദമാകണം. പ്രത്യേകം ചില ഉള്‍പ്രേരണകള്‍ കൊണ്ടാണ്‌ നിങ്ങള്‍ ഒന്നിച്ചു ചേരുന്നത്‌. മോക്ഷപ്രാപ്‌തിയാണ്‌ ജീവിതത്തിന്റെ അന്തിമലക്ഷ്യം, അതിലേയ്ക്കുള്ള യാത്രയുടെ ഒരു ഭാഗം മാത്രമാണ്‌ വിവാഹം.”

ഈ അസുലഭ സന്ദര്‍ഭങ്ങളെ പ്രയോജനപ്പെടുത്താനായി അതീവ ശക്തിയുള്ള പല ഉപകരണങ്ങളും സൃഷ്‌ടിക്കപ്പെടുകയുണ്ടായി. അവയിലൊന്നാണ് ജ്യോതിര്‍ലിംഗം. അവയ്ക്ക്‌ അസാധാരണമായ ശക്തിയുണ്ട്‌. ആ കൂട്ടത്തില്‍ ചിലത്‌ ഇപ്പോഴും വളരെയധികം സജീവമാണ്‌. അഭൂതാവഹമായ വീര്യവും അവയിലുണ്ട്‌. അവയെ നമുക്ക്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌. ഒരു വ്യക്തിയില്‍ ധ്യാനത്തിനുളള വാസന സഹജമായി ഉണ്ടെങ്കില്‍, പ്രത്യേകിച്ച്‌ ബാഹ്യപ്രേരണകളും സഹായവുമൊന്നും ആവശ്യമായി വരുന്നില്ല. പക്ഷെ അങ്ങനെയല്ലാത്തവര്‍ക്ക്‌, പുറമെ നിന്നുള്ള സഹകരണം ആവശ്യമായിരിക്കും. ജ്യോതിര്‍ലിംഗത്തിന്‍റെ സാമീപ്യം ഒരു വ്യക്തിക്ക്‌ ശക്തമായ പ്രേരണകള്‍ പ്രദാനം ചെയ്യും.

പല സവിശേഷതകളുമുള്‍ക്കൊള്ളുന്നതാണ്‌ ജ്യോതിര്‍ലിംഗങ്ങള്‍. പ്രത്യേക രീതിയിലുള്ളതാണ്‌ അവയുടെ സൃഷ്‌ടിയും പ്രതിഷ്‌ഠയും. ജ്യോതിര്‍ശാസ്‌ത്രപരമായി ചില പ്രത്യേകതയുള്ള ഇടങ്ങളിലാണ്‌ അവ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുള്ളത്‌. അപാരശക്‌തിയും ചൈതന്യവുമുള്ളതാണ്‌ ഓരോ ജ്യോതിര്‍ലിംഗവും. ജ്യോതിര്‍ലിംഗങ്ങള്‍ പ്രതിഷ്‌ഠിക്കപ്പെടുന്ന സ്‌ഥലങ്ങള്‍, ജീവശാസ്‌ത്രപരമായി നോക്കുമ്പോള്‍, അപൂര്‍വമായ ചൈതന്യവും ഊര്‍ജവും പ്രസരിപ്പിക്കുന്നതായി കാണാം.

എത്രയോ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജ്യോതിര്‍ശാസ്‌ത്രത്തില്‍ അഗാധജ്ഞാനമുള്ള പണ്ഡിതന്‍മാര്‍, ജ്യോതിര്‍ഗോളങ്ങളുടെ നിലയും ചലനവും പരിഗണനയിലെടുത്ത്‌ ശ്രദ്ധാപൂര്‍വം അളന്ന്‍ രേഖപ്പെടുത്തിയിട്ടുള്ളതാണീ സ്ഥലങ്ങള്‍! പല പല സവിശേഷതകളും കണക്കിലെടുത്താണ്‌ അവര്‍ സ്ഥാനനിര്‍ണയം ചെയ്‌തിട്ടുള്ളത്‌. അതുതന്നെയാണ്‌ ജ്യോതിര്‍ലിംഗങ്ങളുടെ ശക്തിചൈതന്യങ്ങള്‍ക്കു നിദാനമായിരിക്കുന്നതും.

അല്‍പനേരം ജ്യോതിര്‍ലിംഗങ്ങള്‍ക്കരികില്‍ ശരീരവും മനസ്സും നിശബ്ദമായി ഇരുന്നാല്‍, ആയിരമായിരം ആണ്ടുകളായി അവിടെ കിടക്കുന്ന കല്ലുകള്‍ പോലും നിങ്ങളെ വിസ്‌മയാധീനനാക്കും. അവയില്‍നിന്നുപോലും ഊര്‍ജം പ്രവാഹിച്ചുകൊണ്ടേയിരിക്കുന്നത് ചിലരുടെയെങ്കിലും ശ്രദ്ധയില്‍പ്പെടും. ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്‌ പ്രത്യേക ശാസ്‌ത്രവിധികളനുസരിച്ചാണ്‌. ഏറ്റവുമധികം ശക്തിയും ചൈതന്യവും പ്രസരിപ്പിക്കാന്‍ കഴിയുന്ന രൂപഘടനകള്‍ ഏതൊക്കെയാണ്‌ എന്ന്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ പഠിച്ചും പരീക്ഷിച്ചും മനസ്സിലാക്കിയിരുന്നു. പ്രപഞ്ചത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രാണോര്‍ജ്ജത്തെ, മനുഷ്യജീവിതത്തെ മെച്ചപ്പെടുത്താന്‍ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്ന്‍ അവര്‍ കണ്ടെത്തിയിരുന്നു.

ആലോചിച്ചു നോക്കൂ, ചേറിനെ ധാന്യമായി രൂപപ്പെടുത്തുന്ന കല, അതിനെയല്ലേ നമ്മള്‍ കൃഷി എന്നുപറയുന്നത്‌! അതുപോലെ ആഹാരത്തെ നമ്മള്‍ അസ്ഥിയും, മാംസവും, രക്തവുമായി രൂപാന്തരപ്പെടുത്തുന്നു, നമ്മുടെ ഭാഷയില്‍ അത്‌ ദഹനമാണ്‌. വീണ്ടും മാംസത്തെ നമ്മള്‍ ചാരവും മണ്ണുമായി മാറ്റുന്നു, ഈ പ്രക്രിയയക്ക്‌ നാം കൊടുത്തിരിക്കുന്ന പേര്‌ ശവസംസ്‌ക്കാരമെന്നാണ്‌.

ഇതുപോലെയുള്ള ഒന്നാണ്‌ ദേവപ്രതിഷ്‌ഠയും. ഒരു കല്ലിനെ, ഒരു സ്ഥലത്തിനെ , അല്ലെങ്കില്‍ ഒരു രൂപത്തെ ദൈവീക ചൈതന്യമുള്ള ഒന്നായി നമ്മള്‍ രൂപാന്തരപ്പെടുത്തുന്നു. അത്യത്ഭുതകരമായ ഒരു ശാസ്‌ത്രമാണത്‌. എന്നാല്‍ നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ദേവപ്രതിഷ്‌ഠയെകുറിച്ചുള്ള യഥാര്‍ത്ഥജ്ഞാനം കാലാന്തരത്തിലൂടെ ഇന്ന്‍ നമുക്ക്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. നിരര്‍ത്ഥകവും, നിരാശാജനകവുമായ ഒരു കൂട്ടം ചടങ്ങുളാണ്‌ ഇന്ന് ആ പേരില്‍ നടന്നുവരുന്നത്‌. ലക്ഷങ്ങള്‍ വാരിയെറിഞ്ഞ്, പൊതുജനത്തെ കബളിപ്പിച്ചുകൊണ്ട്, ക്ഷേത്ര നിര്‍മാണത്തെപ്പറ്റി ആഴത്തിലുള്ള ജ്ഞാനമില്ലാത്തവര്‍ പലതരത്തിലുമുള്ള പ്രതിഷ്ടാകര്‍മങ്ങള്‍, വെറും കച്ചവടമായിപ്പോലും നടത്തിവരുന്നുണ്ട്.

ഉജ്ജൈനിലെ മഹാകാലേശ്വര ക്ഷേത്രം :–

സാധാരണയായി ഞാന്‍ ക്ഷേത്രദര്‍ശനം നടത്താറില്ല, എന്നാല്‍ ഒരിക്കല്‍ ഉജ്ജൈനിലെ ജ്യോതിര്‍ലിംഗക്ഷേത്രത്തില്‍ സന്ദര്‍ഭവശാല്‍ പോവുകയുണ്ടായി. പല വിധത്തിലുള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേത്രം ഇരയായിത്തീര്‍ന്നിട്ടുണ്ട്‌. അക്രമികള്‍ ക്ഷേത്രം പലതവണ തകര്‍ക്കുകയുണ്ടായി. രണ്ടു മൂന്നു തവണ പുനര്‍നിര്‍മ്മാണവും നടന്നു, എന്നാലും ഇന്നും ഒരു തുണ്ട് ശിലമാത്രമായ ആ വിഗ്രഹത്തിന്‍റെ അടുത്തുചെന്നിരുന്നാല്‍ ആശ്ചര്യചിത്തനായി, അചഞ്ചലിതനായി നിന്നുപോകും. ആയിരമായിരമാണ്ടുകള്‍ പഴക്കമുള്ള ആ ശിലാവിഗ്രഹം – ദാ... ഇപ്പോഴാണ്‌ പ്രതിഷ്‌ഠ നടത്തിയതെന്നപോലെ ശക്തമായ ചൈതന്യം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നതനുഭവപ്പെടും!

ജ്യോതിര്‍ലിംഗങ്ങള്‍ അതീവ ചൈതന്യമുള്ള ഉപാധികളാണ്‌, അവയെ പ്രയോജനപ്പെടുത്തേണ്ടത്‌ എങ്ങനെയാണെന്ന്‍ അറിഞ്ഞിരിക്കണമെന്നുമാത്രം.

ജ്യോതിര്‍ലിംഗങ്ങള്‍ അതീവ ചൈതന്യമുള്ള ഉപാധികളാണ്‌, അവയെ പ്രയോജനപ്പെടുത്തേണ്ടത്‌ എങ്ങനെയാണെന്ന്‍ അറിഞ്ഞിരിക്കണമെന്നുമാത്രം. അങ്ങനെയുള്ള ഒരു ലിംഗത്തിന്‍റെ സാന്നിദ്ധ്യത്തില്‍ അവിടെ ഉറഞ്ഞു നില്‍ക്കുന്ന ഊര്‍ജത്തെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒരൊഴിഞ്ഞ പാത്രമായി സ്വന്തം ശരീരമനോബുദ്ധികളെ എങ്ങനെ രൂപാന്തരം ചെയ്യാന്‍ സാധിക്കും എന്ന അറിവാണ്‌ ആദ്യം വേണ്ടത്‌. നമ്മുടെ ഋഷീശ്വരന്‍മാര്‍ രൂപകല്‍പനചെയ്‌ത്‌ പ്രതിഷ്‌ഠ നടത്തിയിട്ടുള്ള ഓരോ ലിംഗത്തിനും അതിന്‍റെതുമാത്രമായ പ്രത്യേകം സാധനാ രീതികളുണ്ട്‌.
അതിനെപ്പറ്റിയുള്ള ആധികാര്യമായ ജ്നാനമെല്ലാം എന്നോ നമുക്കു നഷ്‌ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്നാരും അങ്ങനെയുള്ള ചിട്ടകള്‍ പാലിക്കുന്നുണ്ടെന്നു തോന്നുന്നില്ല. പലരുടേയും കാഴ്‌ചപ്പാടില്‍, ക്ഷേത്രങ്ങള്‍ മണ്‍മറഞ്ഞുപോയ ആരുടേയോ പേരിലുള്ള സ്‌മാരകമന്ദിരങ്ങളാണ്‌. പലതും കാലപ്രയാണത്തില്‍ ചൈതന്യരഹിതമായിക്കഴിഞ്ഞിരിക്കുന്നു. ഏതാനും ജ്യോതിര്‍ലിംഗങ്ങള്‍ മാത്രമേ ഇന്നും ചൈതന്യപൂര്‍ണമായി നിലനില്‍ക്കുന്നുള്ളു.

 

Photo credit to : https://upload.wikimedia.org/wikipedia/commons/0/0e/Rameshwaram.jpg