ജോലിസ്ഥലത്തെ കാര്യക്ഷമത കൂട്ടാന്‍ യോഗയും ധ്യാനവും
 
 

सद्गुरु

ഭൂരിപക്ഷം ജനങ്ങളെയും ശ്രദ്ധിച്ച് ഒരു സര്‍വ്വേ നടത്തിയപ്പോള്‍ അവര്‍ എട്ടുമണിക്കൂര്‍ സമയം ജോലി ചെയ്യുന്നുവെങ്കിലും രണ്ടോ മൂന്നോ മണിക്കൂര്‍ സമയം മാത്രമേ അവരുടെ കഴിവുകള്‍ പുറത്തുവരുന്നുള്ളൂ എന്ന് അറിയാന്‍ കഴിഞ്ഞു. പേന എടുക്കുക, താഴെ വയ്ക്കുക, ആവശ്യമില്ലാതെ തിരിഞ്ഞു നോക്കുക, കസേര വലിച്ചിടുക, വിരലിലെ നഖങ്ങള്‍ പരിശോധിക്കുക തുടങ്ങി എന്തെങ്കിലുമൊക്കെ അവരറിയാതെ തന്നെ ചെയ്തു സമയം നഷ്ടപ്പെടുത്തുകയാണ്.

നിങ്ങള്‍ക്കറിയാമോ, ശരീരം പ്രകടിപ്പിക്കുന്ന ഈ ലക്ഷണങ്ങള്‍ ആകുലമായ മനസ്സിന്‍റെ വെളിപാടുകളാണ്. ഇങ്ങനെ ആകുലചിന്തകളില്‍പ്പെട്ട് ശക്തി നഷ്ടപ്പെടുത്താതെ ഉന്നമനത്തിനു വേണ്ടി പ്രയോജനപ്പെടുത്തിയാല്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഒരു ജോലിയും കഠിനമാണെന്നു തോന്നുകയില്ല. ആ ജോലി സാധാരണ എടുക്കുന്നതിനേക്കാളും പകുതി സമയം മാത്രം എടുത്ത് തീര്‍ക്കുവാന്‍ സാധിക്കും.

ശരി, എന്തുകൊണ്ട് മനസ്സ് ആകുലമാകുന്നു? ക്ഷോഭം, വിഷാദം, സന്തോഷം തുടങ്ങിയ എല്ലാം നിങ്ങളുടെ വികാരങ്ങളുടെ പ്രത്യക്ഷപ്പെടുത്തലാണ്. മിക്കവാറും നിങ്ങളുടെ വികാരങ്ങള്‍ പുറമേയുള്ള സാഹചര്യങ്ങള്‍ കാരണമാണ് ഉത്തേജിപ്പിക്കപ്പെടുന്നത്. അവയെ നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇത്തരം വികാരങ്ങളെയും നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നു.


മനസ്സ് തെളിഞ്ഞിരിക്കുമ്പോള്‍ പ്രതിസന്ധികളെപ്പോലും പടവുകളാക്കി മാറ്റി മുകളിലേക്ക് പോകാന്‍ സാധിക്കും.

പദവി കൂടുംതോറും അപ്രതീക്ഷിതമായ സാഹചര്യങ്ങളെ നിങ്ങള്‍ക്കു നേരിടേണ്ടിവരും. ഒരു സാധാരണ പ്രജയെക്കാളും കൂടുതലായി രാജ്യത്തിന്‍റെ ആദ്യത്തെ പ്രജയായ ജനാധിപതിയും പ്രധാനമന്ത്രിയുമാണ് പുറമേയുള്ള സാഹചര്യങ്ങളെ നേരിടുന്നത്. അശാന്തമായ മനസ്സിന് ചെറിയ മണല്‍ത്തരിപോലും വലിയ പാറയായിട്ടു കാണപ്പെടും. മനസ്സ് തെളിഞ്ഞിരിക്കുമ്പോള്‍ പ്രതിസന്ധികളെപ്പോലും പടവുകളാക്കി മാറ്റി മുകളിലേക്ക് പോകാന്‍ സാധിക്കും. ഇതിനുദാഹരണമായി ഒരു തമാശക്കഥ പറയാം.

ഒരു ഗുരുവിന് ധാരാളം ശിഷ്യന്‍മാര്‍ ഉണ്ടായിരുന്നു. അവരില്‍ രണ്ടുപേര്‍ക്കു പുകവലിക്കുന്ന ശീലം ഉണ്ടായിരുന്നു. ആശ്രമത്തില്‍ പുകവലിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ധ്യാനത്തില്‍ ഏകാഗ്രത പാലിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇങ്ങനെ കഷ്ടപ്പെടുന്നതിനേക്കാളും 'ഇവിടെ ഞങ്ങള്‍ക്കു പുകവലിക്കാമോ' എന്ന് ഗുരുവിനോടു ചോദിച്ചാലെന്താണെന്ന് രണ്ടുപേരും ആലോചിച്ചു. അടുത്തദിവസം, കൂട്ടുകാരില്‍ ഒരാള്‍ മുഖം വീര്‍പ്പിച്ചുകൊണ്ട് തോട്ടത്തില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ മറ്റേയാള്‍ പുകവലിച്ചു കൊണ്ട് അവിടെ വന്നു. അവനെ കണ്ട ഉടന്‍ ചാടിയെണീറ്റ് "അതെങ്ങനെ നീ മാത്രം പുകവലിക്കുന്നത്? ഞാന്‍ ചോദിച്ചപ്പോള്‍ ഗുരു അനുവാദം തന്നില്ലല്ലോ" എന്നു പറഞ്ഞു.

"നീ ഗുരുവിനോട് എന്താണു ചോദിച്ചത്?" അയാള്‍ ചോദിച്ചു. "ധ്യാനം ചെയ്യുമ്പോള്‍ പുകവലിക്കാമോ എന്നു ചോദിച്ചപ്പോള്‍ പാടില്ല എന്നദ്ദേഹം പറഞ്ഞുവല്ലോ" എന്നായി ഇയാള്‍. "ഞാന്‍ ആ ചോദ്യം തന്നെ മാറ്റി ചോദിച്ചു. പുകവലിക്കുമ്പോള്‍ ധ്യാനം ചെയ്യാമോ എന്ന് "ചെയ്തോളൂ" എന്ന് ഗുരു അനുവാദം തന്നു" എന്നു പറഞ്ഞു ചിരിച്ചു, മറ്റേയാള്‍.

മനസ്സ് ശാന്തമായിരുന്നാല്‍ ഒന്നും പ്രശ്നമായി തോന്നാറില്ല. എപ്പോഴൊക്കെയാണ് ശാന്തതയെ നിങ്ങള്‍ അനുഭവിച്ചറിയുന്നത്? വയറു നിറയെ ഭക്ഷണം കഴിച്ചവരെ നോക്കൂ. അവര്‍ ക്ഷീണത്താല്‍ കിടന്നിരിക്കും. ശാന്തിക്കുവേണ്ടി കുടിക്കുകയാണെന്നു് പറഞ്ഞുകൊണ്ട് ചിലര്‍ മദ്യം കഴിച്ചിട്ട് ബോധമില്ലാതെ കിടക്കും.


നിങ്ങളുടെ അഹങ്കാരത്തെ ആദരിക്കുന്നവര്‍ സത്യത്തില്‍ നിങ്ങളുടെ സ്നേഹിതډാരല്ല, നിങ്ങളെ അജ്ഞാനത്തില്‍ തന്നെ ഇരുത്തി നിങ്ങളുടെ വളര്‍ച്ചയ്ക്കു തടസ്സം നില്‍ക്കുന്ന മോശമായ ശത്രുക്കളാണ്.

ഇങ്ങനെ പ്രവര്‍ത്തിയൊന്നുമില്ലാതെ അലസനായി കഴിയുന്നതല്ല ശാന്തി. അകത്തു ശാന്തതയുണ്ടെങ്കില്‍ മനസ്സ് പൂര്‍ണ്ണ ഏകാഗ്രതയോടെ എന്തും നേരിടാന്‍ തയാറാകും. പച്ചപ്പു നിറഞ്ഞ ഒരു മലയിലേക്ക് കണ്ണയച്ചു നിങ്ങളിരിക്കുന്നു. നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കും, സന്തോഷത്തോടെയുമിരിക്കും. പെട്ടെന്ന് മരങ്ങളുടെ മറവില്‍നിന്നും നീണ്ട ദന്തങ്ങളോടെ ഒരു ആന പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങളുടെ സമാധാനം നഷ്ടപ്പെട്ട് ഭീതിദനായി എന്തു ചെയ്യണമെന്നറിയാതെ ഉഴലും. പക്ഷേ ഉള്ളില്‍ നിങ്ങള്‍ ശാന്തനായിരുന്നാല്‍ ആനയെ കണ്ടയുടന്‍ സ്തംഭിച്ചു നില്‍ക്കാതെ നിങ്ങളെ രക്ഷപ്പെടുത്താനുള്ള വഴി കണ്ടെത്തും. സാധാരണയായി എപ്പോഴൊക്കെയാണ് നിങ്ങളുടെ സമാധാനം നശിപ്പിക്കപ്പെടുന്നത്? നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ അന്യര്‍ പെരുമാറാതിരിക്കുമ്പോള്‍, നിങ്ങള്‍ക്കു കോപം വരുന്നു. ക്ഷോഭം വരുന്നു. എവിടെയൊക്കെ മനുഷ്യര്‍ നിങ്ങളോടു ചോദ്യം ചോദിക്കാതെ, പറയുന്നതനുസരിച്ചു പ്രവര്‍ത്തിച്ച്, നിങ്ങളുടെ പ്രവൃത്തികളെ സഹിച്ചുകൊണ്ട്, കഴിയുന്നുവോ അവിടെ നിങ്ങള്‍ ശാന്തനായിരിക്കുന്നു. അതായത്, നിങ്ങള്‍ ശാന്തനായിരിക്കണമെങ്കില്‍ നിങ്ങളുടെ അഹങ്കാരത്തിന് ആഹാരം കൊടുക്കേണ്ടിയിരിക്കുന്നു.

മനസ്സിലാക്കൂ! നിങ്ങളുടെ അഹങ്കാരത്തെ ആദരിക്കുന്നവര്‍ സത്യത്തില്‍ നിങ്ങളുടെ സ്നേഹിതډാരല്ല, നിങ്ങളെ അജ്ഞാനത്തില്‍ തന്നെ ഇരുത്തി നിങ്ങളുടെ വളര്‍ച്ചയ്ക്കു തടസ്സം നില്‍ക്കുന്ന മോശമായ ശത്രുക്കളാണ്. നിങ്ങളുടെ ഉള്ള് ശാന്തമായിരിക്കാത്തതാണ് ഇതിനൊക്കെ കാരണം. നിങ്ങളുടെ ഉള്ളിലുള്ള ശക്തിയെ നിയന്ത്രണത്തില്‍ വച്ചുകൊണ്ട് നിങ്ങളുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ പഠിക്കാതിരുന്നതു കൊണ്ടാണ് ഇത്രയും കുഴപ്പങ്ങള്‍ ഉണ്ടാകുന്നത്.

നിങ്ങള്‍ ഉള്ളില്‍ ശാന്തനായും പുറത്ത് ചുറുചുറുക്കുള്ളവനായും ഇരിക്കുവാന്‍ സാധിക്കും. ഉള്ളില്‍ ശാന്തനായിരിക്കുവാന്‍ എന്താണു ചെയ്യേണ്ടത്? മുറപ്രകാരമുള്ള യോഗയും ധ്യാനവും നിങ്ങളുടെ ശക്തിയെ ഏകോപിപ്പിച്ചു നിറുത്താന്‍ സഹായിക്കും. മനസ്സിനെ അങ്ങനെ ഏകോപിപ്പിച്ചു നിറുത്തിയാല്‍ മാത്രമേ നിങ്ങളുടെ കഴിവു പൂര്‍ണ്ണമായും പ്രത്യക്ഷപ്പെടുകയുള്ളൂ.

 
 
  0 Comments
 
 
Login / to join the conversation1