सद्गुरु

അമ്പേഷി: സദ്‌ഗുരു, ഒരിക്കലും തീരാത്ത ജ്ഞാനത്തിന്‍റെ ഉറവിടമാണ് അങ്ങ്. ഇതെല്ലാം അങ്ങയുടെ തലച്ചോറില്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുള്ളതാണോ, അതോ അപ്പപ്പോള്‍ എവിടുന്നെങ്കിലും ലഭിക്കുന്നതാണോ?

സദ്‌ഗുരു : കര്‍മ്മം പല വിധത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു, ഓര്‍മ്മയായി, സ്പര്‍ശബോധമായി, ജീവ ശാസ്ത്രബോധമായി, ഊര്‍ജമായി എല്ലാം. അറിവിന്‍റെ കാര്യത്തിലും അതുപോലെയാണ്. ശരീരത്തിലൂടെയും മനസ്സിലൂടെയും അറിവ് നിങ്ങളിലേക്ക് പകരുന്നു. ഒരിക്കല്‍ നീന്തല്‍ പഠിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് അത് എന്നും ചെയ്യാന്‍ സാധിക്കും. അതുപോലെ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചാല്‍, പിന്നെ അതില്‍ കയറി ഇരിക്കുമ്പോള്‍ പ്രത്യേകിച്ച് ഓര്‍ക്കേണ്ട കാര്യമില്ല, താനേ ഓടിച്ചുകൊള്ളും, ശരിയല്ലേ? ഇരുപത് കൊല്ലത്തെ ഇടവേളക്കുശേഷമാണ് നിങ്ങള്‍ സൈക്കിളില്‍ കയറുന്നതെങ്കിലും ആദ്യം ചിലപ്പോള്‍ ബാലന്‍സ് തെറ്റിയാലും പെട്ടെന്ന് നേരെയാക്കി ഓടിച്ചുകൊള്ളും. ഇതിന് കാരണം ശരീരത്തില്‍ നിലനില്‍ക്കുന്ന ഓര്‍മ്മകളാണ്. അത് മനസ്സിലല്ല, ശരീരത്തിലാണ് നിലനില്‍ക്കുന്നത്. സംപ്രേഷണം നടക്കുന്നത് പല നിലകളിലാണ്.

ഇരുപത് കൊല്ലത്തെ ഇടവേളക്കുശേഷമാണ് നിങ്ങള്‍ സൈക്കിളില്‍ കയറുന്നതെങ്കിലും ആദ്യം ചിലപ്പോള്‍ ബാലന്‍സ് തെറ്റിയാലും പെട്ടെന്ന് നേരെയാക്കി ഓടിച്ചുകൊള്ളും

എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഒരു നിമിഷത്തില്‍ സംഭവിക്കുന്നതാണ്. തെരുവിലൂടെ നടക്കുമ്പോള്‍ അറിവിന്‍റെ ഭാരം പേറേണ്ടതായിട്ടില്ല. നിങ്ങള്‍ എന്‍റെ കൂടെ വളരെയേറെ സമയം ചെലവഴിച്ചാല്‍ ഇത് നിങ്ങള്‍ക്കു മനസ്സിലാവും. നിങ്ങള്‍ അതിശയിച്ചു പോകും. എനിക്ക് ഒന്നുമറിയില്ല, അതേ സമയം എല്ലാം അറിയാം താനും. ഒരാളുടെ ആന്തരിക തലങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദിച്ചാല്‍ യാതൊരു തടസ്സവുമില്ലാതെ കൃത്യമായ ഉത്തരം ഞാന്‍ നല്‍കും. ആരെങ്കിലും ഗീതയില്‍ അങ്ങിനെയല്ല പറഞ്ഞിരിക്കുന്നതെന്ന് പറഞ്ഞാല്‍, “ശ്രീകൃഷ്ണന് അത് അറിയാന്‍ കഴിയാത്തതിന് ഞാന്‍ എന്ത് ചെയ്യും” എന്ന് ഞാന്‍ ഉത്തരം പറയും. എന്‍റെ ഉള്ളില്‍ അത് അത്ര വ്യക്തമായി തെളിയുന്നതിനാല്‍ അത് മറ്റൊരു തലത്തിലാവാന്‍ കഴിയില്ല. അതുകൊണ്ട് കൃഷ്ണന് അതറിയില്ല എന്നര്‍ത്ഥമാക്കേണ്ട. അദ്ദേഹം പറയുന്നത് നിങ്ങള്‍ക്ക് ശരിയായി മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ. ഞാന്‍ പറഞ്ഞുവരുന്നത്, ഇതൊന്നും ഓര്‍മ്മയില്‍ നിന്ന് വരുന്നതല്ല എന്നാണ്. തികച്ചും വ്യത്യസ്തമായ രീതിയിലാണ് അത് സംഭവിക്കുന്നത്, എന്തുകൊണ്ടെന്നാല്‍ അത് എന്നിലേക്ക് വന്നുചേര്‍ന്നതും വ്യത്യസ്ത രീതിയിലാണ്.

എന്‍റെ ഗുരുനാഥനുമായി എന്‍റെ അഭിമുഖം ഏതാനും നിമിഷങ്ങള്‍ മാത്രമേ നിലനിന്നുള്ളു. എന്തുകൊണ്ടെന്നറിയില്ല, കാലു കൊണ്ടു പോലും എന്നെ തൊടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല, അദ്ദേഹം തന്‍റെ ഊന്നുവടി കൊണ്ടാണ് എന്നെ തൊട്ടത്. പത്ത് ജന്മങ്ങള്‍കൊണ്ട് പഠിക്കാനാവാത്ത കാര്യങ്ങള്‍ ഒരു നിമിഷത്തില്‍ പകര്‍ന്നു തന്നു. ഈ വിധത്തില്‍ സ്വയം അറിയുക എന്നതിനുപരി, ഓരോ കാര്യത്തിലും സന്ദര്‍ഭങ്ങളിലും പ്രയോഗിക്കേണ്ട സാങ്കേതിക ജ്ഞാനവും പൂര്‍ണ്ണ വ്യക്തതയോടെ എനിക്ക് പകര്‍ന്നു തന്നു. ഓര്‍മ്മയുടേയോ യുക്തിയിലധിഷ്ഠിതമായ അറിവിന്‍റേയോ രൂപത്തിലല്ലാതെ, ഊര്‍ജരൂപത്തില്‍ ജ്ഞാനം പകര്‍ന്നു കിട്ടുമ്പോള്‍ അറിവിന്‍റെ ഭാരം നിങ്ങളിലില്ലാതാവുന്നു, അതാണ് വ്യത്യാസം.

വായിച്ച് അറിവുണ്ടാക്കുന്നവര്‍ക്ക്, അറിവു കൂടുംതോറും ഘനവും കൂടി വരുന്നുണ്ട്. അവര്‍ ഗൗരവ പ്രകൃതിക്കാരാവുന്നു. സ്വാഭാവിക രീതിയില്‍ ചിരിക്കുവാന്‍ പോലും അവര്‍ക്കാവുന്നില്ല

വായിച്ച് അറിവുണ്ടാക്കുന്നവര്‍ക്ക്, അറിവു കൂടുംതോറും ഘനവും കൂടി വരുന്നുണ്ട്. അവര്‍ ഗൗരവ പ്രകൃതിക്കാരാവുന്നു. സ്വാഭാവിക രീതിയില്‍ ചിരിക്കുവാന്‍ പോലും അവര്‍ക്കാവുന്നില്ല. എന്നാല്‍ സാക്ഷാത്കാരത്തിലൂടെ അറിവുണ്ടാവുന്നവര്‍ക്ക് അറിവിന്‍റെ ഭാരം അനുഭവിക്കേണ്ടി വരുന്നില്ല. അവര്‍ അതു വളരെ ലാഘവമായി കൈകാര്യം ചെയ്യുന്നു. തികച്ചും വ്യത്യസ്തമായ സാങ്കേതിക വിദ്യയാണത്. നോക്കൂ, ആയിരം പേജുകളിലെ വിവരങ്ങള്‍ ഒരു മൈക്രോചിപ്പില്‍ ശേഖരിച്ചുവെക്കാം. അതുപോലെ പത്തുലക്ഷം പുസ്തകങ്ങളില്‍ ശേഖരിക്കാന്‍ കഴിയാത്ത വിവരങ്ങള്‍ ഊര്‍ജത്തിന്‍റെ ക്രമപ്പെടുത്തലിലൂടെ ശേഖരിക്കുവാന്‍ കഴിയും. ആധുനിക ശാസ്ത്രം ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയോ എന്നെനിക്കറിയില്ല, എന്നാല്‍ ഊര്‍ജത്തിന്‍റെ ക്രമീകരണംകൊണ്ട് അറിവുകള്‍ ശേഖരിക്കുന്ന സാങ്കേതികവിദ്യ മനുഷ്യന് സ്വായത്തമാവും എന്ന് എനിക്ക് നിശ്ചയമുണ്ട്. അതാണ് സത്യമെന്ന് എനിക്ക് വ്യക്തമായി അറിയാം. നിങ്ങളുടെ ഊര്‍ജവ്യവസ്ഥക്ക് അതായത് പ്രാണമയകോശത്തിന് എണ്ണിയാലൊടുങ്ങാത്തത്ര അറിവിന്‍റെ ശേഖരം ഒരു ബുദ്ധിമുട്ടുമില്ലാതെ കൊണ്ടുനടക്കാനാവും. അതത്ര എളുപ്പമാണ്!

അമ്പേഷി: ഇപ്പോള്‍ അങ്ങു പറയുന്ന കാര്യങ്ങള്‍ എവിടെയെങ്കിലും ഊര്‍ജരൂപത്തില്‍ രേഖപ്പെടുത്തിയിട്ടുളളവയാണോ?

സദ്‌ഗുരു: നേരത്തേ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ പറയുന്നത്, എന്നാല്‍ അത് ഞാന്‍ ആലോചിച്ച്, ഓര്‍മ്മയില്‍ നിന്നല്ല സംസാരിക്കുന്നത്. ഞാന്‍ പറയുന്നതെന്തോ, അത് തന്നെയാണ് ജിവിതം. എക്കാലത്തും എല്ലായിടങ്ങളിലും അത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് നമ്മള്‍ വീണ്ടും രേഖപ്പെടുത്തേണ്ടതായിട്ടില്ല, അത് അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം എന്നാല്‍ സത്യം എന്നും ഇവിടെ നിലനില്‍ക്കുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെക്കുറിച്ച് സംസാരിക്കാം, അല്ലെങ്കില്‍ അതിനെ സത്യമായി ദര്‍ശിക്കാം. അതൊരിക്കലും നഷ്ടമാവില്ല.

https://upload.wikimedia.org/wikipedia/commons/8/88/Tree-of-Knowledge_art.jpg