सद्गुरु

അന്വേഷി: ഞാന്‍ ചിന്തിക്കുന്നതും, പ്രവൃത്തിക്കുന്നതും എന്താണെന്ന്‍ തിരഞ്ഞെടുക്കാന്‍ തക്കവണ്ണമുള്ള ഉണര്‍വിലേക്ക്‌ എത്തിച്ചേരാന്‍ കഴിയാത്തിടത്തോളം കാലം ഞാന്‍ അറിയാതെ തന്നെ എന്‍റെ കര്‍മങ്ങള്‍ കൂടുകയല്ലേ? എങ്ങിനെ ഈ തിരഞ്ഞെടുക്കല്‍ നടത്തും സദ്‌ഗുരോ?

സദ്‌ഗുരു: എല്ലാവരും തിരഞ്ഞെടുക്കല്‍ നടത്തുന്നുണ്ട്. അവരുടെ ഓരോന്നിനോടുമുള്ള നിര്‍ബന്ധങ്ങള്‍തന്നെ തിരഞ്ഞെടുക്കലാണ്‌. ഉണര്‍വോടെയല്ലാത്ത തിരഞ്ഞെടുക്കലാണ്‌ നിര്‍ബന്ധങ്ങള്‍. നിങ്ങള്‍ ഇപ്പോള്‍ കോപിഷ്‌നാണ്‌ എന്ന്‍ വിചാരിക്കുക. കോപം നിങ്ങള്‍ സ്വയം തിരഞ്ഞെടുത്തതാണ്‌. കോപമാണ്‌ ആ സന്ദര്‍ഭത്തെ കൈകാര്യം ചെയ്യാനുളള വഴി എന്ന്‍ നിങ്ങള്‍ വിശ്വസിച്ചു, പക്ഷെ ഉണര്‍വോടെയുള്ള ചിന്തയല്ല അത്‌. അത്‌ നിര്‍ബന്ധപ്രേരണമൂലമുള്ള ഒരു പ്രവൃത്തിയായി മറ്റൊരുതലത്തില്‍ സംഭവിക്കുന്നു. തെരഞ്ഞെടുക്കല്‍ നടക്കുന്നത്‌ അബോധപൂര്‍വമായിട്ടാണ്‌.

നിങ്ങള്‍ ഇപ്പോള്‍ കോപിഷ്‌നാണ്‌ എന്ന്‍ വിചാരിക്കുക. കോപം നിങ്ങള്‍ സ്വയം തിരഞ്ഞെടുത്തതാണ്‌, പക്ഷെ ഉണര്‍വോടെയുള്ള ചിന്തയല്ല അത്

ശങ്കരന്‍പിള്ള ഒരു ഒട്ടകപക്ഷിയേയും കൂടെ കൂട്ടി ബാറില്‍ പോയി. അയാള്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ ബാര്‍ജീവനക്കാരന്‍ ഓര്‍ഡര്‍ എടുക്കാന്‍ വന്നു. ശങ്കരന്‍പിള്ള പറഞ്ഞു, "എനിക്കൊരു ബിയര്‍”, എന്നിട്ട്‌ തിരിഞ്ഞ്‌ ഒട്ടകപ്പക്ഷിയോട്‌ ചോദിച്ചു, "നിനക്കെന്താണ്‌ വേണ്ടത്‌?”

"ഞാനും ഒരു ബിയര്‍ കഴിക്കാം,” ഒട്ടകപ്പക്ഷി പറഞ്ഞു.

ബിയര്‍ ഒഴിച്ചു കൊടുത്തിട്ട്‌ ജീവനക്കാരന്‍ പറഞ്ഞു, ``എല്ലാംകൂടി നൂറ്റിയമ്പത്താറു രൂപ അമ്പതു പൈസ.”

ശങ്കരന്‍പിളള പോക്കറ്റില്‍ നിന്ന്‍ കൃത്യമായ തുക എടുത്തു നല്‍കി. അടുത്ത ദിവസവും ശങ്കരന്‍പിള്ള ഒട്ടകപ്പക്ഷിയുമായി വന്ന്‍ ബിയര്‍ ചോദിച്ചു. ഒട്ടകപ്പക്ഷി പറഞ്ഞു, ``എനിക്കും അത്‌ തന്നെ”. പോക്കറ്റില്‍നിന്ന്‍ ഒരിക്കല്‍കൂടി കൃത്യമായ തുക എടുത്തു നല്‍കി. ഇത്‌ ഒരു പതിവായിത്തീര്‍ന്നു.

പിന്നീട്‌ ഒരു ദിവസം വൈകുന്നേരം രണ്ടുപേരും വന്നപ്പോള്‍ ജോലിക്കാരന്‍ ചോദിച്ചു, ``പതിവുപോലെയാണോ?”

ശങ്കരന്‍പിളള പറഞ്ഞു, ``എനിക്ക്‌ ഒരു വലിയ പെഗ്ഗ്‌ സ്‌കോച്ച്‌.” പക്ഷി പറഞ്ഞു, ``എനിക്കും അത്‌ തന്നെ.”

രണ്ടിനുംകൂടി ഇരുന്നൂറ്റി എഴുപത്തി ഒന്‍പത്‌ രൂപയെന്ന്‍ ജീവനക്കാരന്‍ പറഞ്ഞു. വീണ്ടും പോക്കറ്റില്‍ നിന്ന്‍ കൃത്യമായ തുക പുറത്തുവന്നു. ആകാംക്ഷ അടക്കാന്‍കഴിയാതെ ജീവനക്കാരന്‍ ചോദിച്ചു, "ക്ഷമിക്കണം സര്‍, എങ്ങിനെയാണ്‌ താങ്കള്‍ എല്ലായ്‌പ്പോഴും കൃത്യമായ തുക പോക്കറ്റില്‍നിന്ന്‍ എടുത്തു തരുന്നത്‌?”

ശങ്കരന്‍പിള്ള പറഞ്ഞു, "വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ തട്ടിന്‍പുറം വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍ ഒരു പഴയ വിളക്ക്‌ കിട്ടി. അതില്‍ കൈ ഉരസിയപ്പോള്‍ ഒരു ഭൂതം പ്രത്യക്ഷപ്പെടുകയും എനിക്ക്‌ രണ്ടു വരങ്ങള്‍ നല്‍കുകയും ചെയ്‌തു. ഞാന്‍ ചോദിച്ച ആദ്യത്തെ വരം, ‘എന്തെങ്കിലും വാങ്ങാനായി എനിക്ക്‌ തോന്നുമ്പോള്‍, അതിന്‍റെ വില കൃത്യമായി പോക്കറ്റില്‍ ഉണ്ടാവണം” എന്നാണ്‌.

"സമര്‍ത്ഥന്‍തന്നെ” ജീവനക്കാരന്‍ പറഞ്ഞു,  "കൂടുതല്‍പേരും കോടിക്കണക്കിന്‌ രൂപയോ മറ്റെന്തെങ്കിലുമോ ആവശ്യപ്പെടും, എന്നാല്‍ നിങ്ങള്‍ ജീവിച്ചിരിക്കുവോളം എത്ര ധനം വേണമോ അത്രയും താങ്കളുടെ പക്കലുണ്ടാകും.”  "ശരിയാണ്‌, ഒരു ലിറ്റര്‍ പാലിനായാലും, നിങ്ങള്‍ പണക്കാരനായിരിക്കും. റോള്‍സ്‌ റോയ്‌സ്‌ കാറിനായാലും കൃത്യമായ തുക എപ്പോഴും ലഭിക്കും”, ശങ്കരന്‍പിള്ള പറഞ്ഞു.

അപ്പോള്‍ ജീവനക്കാരന്‍ വീണ്ടും ചോദിച്ചു,  "ഒരു കാര്യം കൂടി, സര്‍, ഈ ഒട്ടകപ്പക്ഷിയെ എങ്ങിനെ കിട്ടി?” അയാള്‍ മറുപടി പറഞ്ഞു,  "എന്‍റെ രണ്ടാമത്തെ ആവശ്യം നീളമുള്ള കാലുകളുള്ള ഒരു സുന്ദരി വേണമെന്നായിരുന്നു."

ബോധത്തോടുകൂടിയുള്ള തിരഞ്ഞെടുക്കലാണ്‌ ഏറ്റവും പ്രധാനം. രാവിലെ ഉണരുക ഒരു സാധാരണ പ്രവൃത്തിയാണെങ്കിലും നിങ്ങളുടെ ഉപബോധ മനസ്സിലുള്ളത്‌ വൈകി ഉണര്‍ന്നാല്‍ മതി എന്നാണ്‌. സൂര്യനുദിച്ചാലും, പുതപ്പ്‌ മുഖത്തേക്ക്‌ വലിച്ചിട്ട്‌ ഉറങ്ങാന്‍ നോക്കും. ഇതാണ്‌ അബോധമായിട്ടുള്ള തിരഞ്ഞെടുക്കല്‍. “കുറച്ചു സമയം കൂടി, കുറച്ചു സമയംകൂടി”, ഇതാണ്‌ നിങ്ങളുടെ ശരീരത്തിന്‍റെ ആവശ്യം. പല കാരണങ്ങളാലും അത്‌ കിടക്കയില്‍നിന്ന്‍ എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല, ജീവിതത്തിലെ പല പലകാരണങ്ങളാലും അത്‌ പരിമിതികളാവാം, കാഴ്‌ചപ്പാടിന്‍റെ വ്യത്യാസമാവാം – പലതുകൊണ്ടും നിങ്ങളുടെ അബോധമനസ്സില്‍ ആ പകലിനെ പ്രതീക്ഷിക്കുന്നില്ല.

പക്ഷേ നാളെയൊരു പിക്‌നിക്കിന്‌ പോവാന്‍ തീരുമാനിച്ചിരുന്നു എന്ന്‍ വെയ്ക്കുക നേരം വെളുക്കുന്നതിന്‌ മുന്‍പുതന്നെ നിങ്ങള്‍ ഉണര്‍ഴുന്നേല്‍ക്കും അല്ലേ? നിങ്ങളുടെ ബോധമനസ്സില്‍ തലേദിവസംതന്നെ നിങ്ങള്‍ അത്‌ തീരുമാനിച്ചതിനാല്‍ നിങ്ങള്‍ വളരെ ആവേശഭരിതനാണ്‌. നാളെ ആവാന്‍ നിങ്ങള്‍ കാത്തിരിക്കുകയാണ്‌. അത്‌ സന്തോഷകരമായ അനുഭവമാണ്‌. സാധാരണ രീതിയില്‍ നേരം പുലര്ന്നാല്‍ പുതപ്പ്‌ മുഖത്തേക്ക്‌ വലിച്ചിടുന്നു. പ്രകാശം വരുന്നത്‌ നിങ്ങള്‍ ഇഷ്‌ടപ്പെടുന്നില്ല, എന്തെന്നാല്‍ പ്രകാശത്തോടുകൂടി നേരം വെളുക്കുന്നു. അതോടെ നിങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍, ലോകത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം മുന്‍പിലെത്തും. നിങ്ങള്‍ ഇതില്‍ നിന്നെല്ലാം നിങ്ങളെ മറയ്ക്കാന്‍ ശ്രമിക്കുന്നു, പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ബോധപൂര്‍വം ഒരു തിരഞ്ഞെടുപ്പ്‌ നടത്തുകയാണ്‌. ഉണര്‍ന്നാല്‍തന്നെ അബോധമനസ്സില്‍ നിങ്ങളുടെ ചിന്ത ഒരു കാപ്പി കുടിക്കുന്നതിനെക്കുറിച്ചും അതില്‍നിന്നുള്ള സുഖത്തെക്കുറിച്ചുമായിരിക്കും. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ബോധപൂര്‍വം തിരഞ്ഞെടുക്കേണ്ടത്‌. ``ഇല്ല. ഞാന്‍ പച്ചവെളളത്തില്‍ കുളിച്ചിട്ട്‌, യോഗാസനം ചെയ്യും.”

ഇഷ്‌ടമുണ്ടാവാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍ ചെയ്യുക. ബോധപൂര്‍വം മാത്രമേ നിങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്ത കാര്യം ചെയ്യാന്‍ സാധിക്കൂ.

സന്യാസമാര്‍ഗങ്ങള്‍ ഉണ്ടാക്കിയതുതന്നെ ഇതിനുവേണ്ടിയാണ്‌. സ്വാഭാവികമായി നിങ്ങള്‍ക്ക്‌ ഇഷ്‌ടമുണ്ടാവാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍ ചെയ്യുക. അങ്ങിനെ അനിഷ്‌ടമുളവാക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ഇഷ്‌ടമില്ലാതെ ചെയ്യുന്നു. ബോധപൂര്‍വമായി മാത്രമേ നിങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്ത കാര്യം ചെയ്യാന്‍ സാധിക്കൂ. അല്ലാതെ മറ്റൊരു മാര്‍ഗമില്ല. അതിനാണ്‌ സന്യാസമാര്‍ഗം. എല്ലാ കാര്യങ്ങളും നിങ്ങള്‍ ബോധപൂര്‍വം ചെയ്‌തു തുടങ്ങുന്നു, മറ്റൊരു മാര്‍ഗവുമില്ല. നിങ്ങള്‍ക്ക്‌ വിശന്നാല്‍ സ്വാഭാവികമായി ചെയ്യുന്നത്‌ എവിടെ നിന്നെങ്കിലും ഭക്ഷണം എടുത്തു കഴിക്കുക എന്നതാണ്‌. ഇവിടെ നിങ്ങള്‍, “എനിക്ക്‌ വിശക്കുന്നു, എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഒന്നും കഴിക്കുന്നില്ല” എന്ന്‍ ബോധപൂര്‍വം തീരുമാനിക്കുന്നു. ബോധപൂര്‍വമല്ലാതെ നിങ്ങള്‍ക്ക്‌ ഭക്ഷണത്തില്‍നിന്ന്‍ ഒഴിഞ്ഞുനില്‍ക്കാനാവില്ല. എന്നാല്‍ പോയി ഭക്ഷണം എടുത്തു കഴിക്കുന്നതിന്‌ ബോധം ആവശ്യമാവുന്നില്ല.

ജീവിതത്തില്‍ ഇത്തരത്തിലുള്ള കൊച്ചു കൊച്ചു കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയാല്‍ നിങ്ങള്‍ ക്രമേണ ബോധപൂര്‍വം പ്രവര്‍ത്തിച്ചു തുടങ്ങും. ഉദാഹരണത്തിന്‌ ഇവിടെ നമ്മള്‍ക്ക്‌ രണ്ടു നേരത്തെ ഭക്ഷണമേ ദൈനം ദിന ജീവിതത്തില്‍ ഉള്ളു. ചിലപ്പോള്‍ അത്‌ ഒന്നുമാവാം. സ്വാഭാവികമായും ഭക്ഷണം വരുന്ന സമയത്ത്‌ നിങ്ങള്‍ക്ക്‌ നല്ല വിശപ്പുണ്ടായിരിക്കും, എന്നാല്‍ ഭക്ഷണം കിട്ടിയാല്‍ ഉടന്‍തന്നെ നിങ്ങള്‍ കഴിച്ചു തുടങ്ങുന്നില്ല. എല്ലാര്‍ക്കും ഭക്ഷണം വിളമ്പുന്നതുവരെ കാത്തിരുന്ന്‍, പ്രാര്‍ത്ഥനക്കുശേഷം മാത്രമേ ഭക്ഷിച്ചു തുടങ്ങുകയുള്ളു. ഇതിന്‌ അന്തര്‍ബോധം ആവശ്യമാണ്‌. നിങ്ങള്‍ക്ക്‌ നന്നായി വിശക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌വേണ്ടി മൂന്നോ നാലോ മിനുട്ടുകള്‍ കാത്തിരിക്കാന്‍ വലിയ അളവില്‍ അന്തര്‍ബോധം ആവശ്യമാണ്‌. കയ്യില്‍ കിട്ടിയ ഉടനെ കഴിക്കുവാന്‍ എളുപ്പമാണെങ്കിലും, അത്‌ അബോധമായി ചെയ്യുന്ന പ്രവൃത്തിയാണ്‌.

ഇതേ രീതിയില്‍ ജീവിതത്തിലെ എല്ലാ പ്രവൃത്തികളും ബോധപൂര്‍വം ചെയ്യാന്‍ ശീലിക്കുക. തുടക്കത്തില്‍ ഒരു ദിവസം അര മണിക്കൂര്‍ മാത്രം ഉണര്‍വോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നുവരും. അതുവഴി യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഈ ഉണര്‍വ്‌ വളര്‍ത്തിയെടുക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിന്‍റെ ഒരു പ്രത്യേകത, അത്‌ നിങ്ങളുടെ ജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു എന്നതാണ്‌, എന്നാല്‍ അതുകൊണ്ട് ‌ എല്ലാമായില്ല. ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ഈ ഉണര്‍വ്‌ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ, ഈ ശരീരത്തെ പിരിയേണ്ട സമയത്തും, നിങ്ങള്‍ക്ക്‌ അതിനെ ബോധപൂര്‍വം അഭിമുഖീകരിക്കാന്‍ കഴിയൂ. അല്ല എങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും അത്‌ സാധ്യമാവുകയില്ല.

മരണം ജീവന്‍റെ ഒരു തലത്തില്‍ നിന്ന്‍ മറ്റൊരു തലത്തിലേക്കുള്ള പ്രയാണത്തിന്‍റെ മുഹൂര്‍ത്തമാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബന്ധനങ്ങളില്‍ നിന്നുള്ള മോചനം. ഒരാളുടെ ആത്യന്തികമായ മോചനത്തിനുള്ള പുറപ്പാടാണത്‌. ജീവന്‍ അതിന്‍റെ പ്രാരബ്ധ കര്‍മങ്ങളില്‍ നിന്ന്‍ സ്വതന്ത്രമായി ശരീരം ത്യജിക്കാന്‍ തയ്യാറായിരിക്കുമ്പോള്‍ – ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുമ്പോള്‍ – വീണ്ടും പ്രാരാബ്‌ധ കര്‍മങ്ങളില്‍ പെടാതെ സ്വതന്ത്രമാകാനുള്ള ഒരവസരം, ആ സമയം പൂര്‍ണ ഉണര്‍വോടുകൂടിയിരിക്കാനായാല്‍, പരമാത്മാവില്‍ എന്നെന്നേക്കുമായി ലയിക്കാനുള്ള സന്ദര്‍ഭം ലഭിക്കുന്നു. ജീവിതത്തിലെ ഈ ചെറിയ ഇടവേളയില്‍ നിങ്ങളുടെ അവസ്ഥ തല്‍ക്കാലത്തേക്ക് ഏതാണ്ട് ‌ മോചിപ്പിക്കപ്പെട്ടതു പോലെയാണ്‌. ജീവിതത്തിന്‌ വേണ്ട അവബോധം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍, അത്‌ അന്തിമമായ മോചനത്തിനുള്ള സാധ്യതയാവുന്നു.

https://pixabay.com/static/uploads/photo/2015/11/20/03/55/awareness-1052371_960_720.jpg