ജീവിതത്തിലെ ഒരേ ഒരു ദുരന്തം
സദ്ഗുരു പറയുന്നു, ദുരന്തങ്ങളെന്നു നാം വിളിക്കുന്ന പലതും ഈ ഭൂമിയിലെ വളരെ സ്വാഭാവികമായ പ്രക്രിയകള്‍ മാത്രമാണ്. യഥാര്‍ത്ഥ ദുരന്തം എന്താണെന്നും അതിനുള്ള പരിഹാരമെന്തെന്നും അദ്ദേഹം പറയുന്നു.
 
 

ചോദ്യം: പ്രകൃതി ദുരന്തങ്ങളുടെ കാരണമെന്താണ്? കര്‍മ്മഫലമാണോ?

സദ്ഗുരു: എന്താണ് സത്യത്തില്‍ ദുരന്തം? ജീവിതത്തെ അതിന്‍റെ ഒഴുക്കില്‍ നിന്ന് വലിയ തോതില്‍ തടയുകയോ അസ്വസ്ഥപ്പെടുത്തുകയോ, കഷ്ടനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്യുന്ന ചില കാരണങ്ങളെയാണ് ദുരന്തങ്ങള്‍ എന്നു പറയുന്നത്. 2004 ല്‍ സുനാമി ദുരന്തം ഉണ്ടായപ്പോള്‍ നമ്മുടെ ഈശാ യോഗ കേന്ദ്രവും അതിനോട് സേവന പ്രവര്‍ത്തനങ്ങളിലൂടെ പ്രതികരിച്ചു. ഇരുപത്തിയാറ് മണിക്കൂറുകള്‍ കൊണ്ട് വൈദ്യസഹായ ട്രക്കുകള്‍ ദുരന്ത ബാധിത സ്ഥലങ്ങളില്‍ എത്തി. വാക്‌സിനേഷനും ഭക്ഷണവും വസ്ത്രങ്ങളും നല്‍കി.

ആയിരങ്ങള്‍ മരിച്ചു. പക്ഷെ എന്നെ സംബന്ധിച്ച് അതൊരു ദുരന്തമല്ല. മറിച്ച്, ആയിരങ്ങള്‍ക്ക് കുടുംബം നഷ്ടമായി. ഉറ്റവരും ഉടയവരും പോയി. വീടുകള്‍ ഇല്ലാതായി. ഒരു കൂരയുടെ തണലില്‍ കഴിഞ്ഞവര്‍ തെരുവിലായി. അതാണ് ദുരന്തം. ജീവിക്കുന്ന മനുഷ്യരുടെ യാതനകള്‍ ദുരന്തമാണ്. മരണം ഒരു ദുരന്തമല്ല. അതൊരു സ്വാഭാവിക പ്രക്രിയ മാത്രം.

എന്താണ് പ്രകൃതി ദുരന്തങ്ങള്‍- ഭൂചലനം, അഗ്നിപര്‍വ്വ സ്‌ഫോടനങ്ങള്‍, സുനാമികള്‍- ഭൂമിയില്‍ സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയകള്‍ മാത്രമാണിത്. എവിടെ ചെന്നാലും മനുഷ്യരെക്കൊണ്ട് നിറഞ്ഞതിനാലാണ് ഈ സ്വാഭാവിക പ്രക്രിയകള്‍ ദുരന്തങ്ങളാവുന്നത്. നമ്മുടെ മാതാവായ ഭൂമിക്ക് ആയാസപ്പെട്ട് നിവരാന്‍ ഒരിഞ്ച് സ്ഥലംപോലും ബാക്കിയില്ല. ഭൂമിയൊന്നു നടുനിവര്‍ത്താന്‍ ശ്രമിച്ചാല്‍, നമ്മള്‍ അതിനെ ഭൂമികുലുക്കമെന്ന് പറയും. അവള്‍ തനിക്കുള്ളിലെ ചൂടുവാതകത്തെ പുറമേക്ക് വിട്ടാല്‍, അഗ്നിപര്‍വ്വത പ്രവാഹമെന്ന് പഴിക്കും. ഒരു തിരമാല ഉയര്‍ന്നാല്‍ സുനാമി എന്ന് ശപിക്കും.എന്നാല്‍ ഇതൊക്കെ പ്രകൃതിയിലെ ആശ്ചര്യകരമായ ചില പ്രതിഭാസങ്ങള്‍ മാത്രം. ഒരു ഗ്രഹം എന്ന നിലയില്‍ ഭൂമിയുടെ പരിണാമ പ്രക്രിയയുടെ ഒരു ഭാഗം - സ്വയം മാറ്റി ക്രമീകരിക്കുന്നതിന്‍റെ വിവിധ ഘട്ടങ്ങള്‍. ഭൂമിയിലെ അമിതമായ മനുഷ്യ ജനസംഖ്യ മൂലമാണ് നമുക്കിതെല്ലാം ദുരന്തങ്ങളായി തോന്നുന്നത്.

മനുഷ്യന്‍റെ അജ്ഞത, ജീവിതത്തെ, അതിന്‍റെ സാധ്യതകളോ, പരിമിതികളോ, അതിന്‍റെ അത്യന്തിക പ്രകൃതത്തെ മനസ്സിലാക്കാനുള്ള കഴിവുകേട്-ഇതാണ് ഏറ്റവും വലിയ ദുരന്തം.

മനുഷ്യ ജനസംഖ്യ എത്ര മടങ്ങ് അധികമായി എന്നു കൃത്യമായി അറിയണമെങ്കില്‍ - 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ അത് 1.6 ബില്ല്യണ്‍ ആയിരുന്നു. ഇന്നത് 7.2 ബില്ല്യണ്‍ ജനങ്ങളാണ്. 2015 തോടെ അത്, 9.6 ബില്യണ്‍ ആയേക്കാം. ഇതെല്ലാം നമ്മുടെ സൃഷ്ടിയാണ്. അതു നാം സമ്മതിക്കുന്നതാണ് നല്ലത്. അപ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോള്‍ നാം വേഗം മുകളിലേക്ക് നോക്കേണ്ടതില്ല. നമ്മളിലേക്ക് തന്നെയാണ് നോക്കേണ്ടത്- എന്താണ് ഭൂമി മാതാവിനോടും സ്വയം നമ്മളോടും നാം ചെയ്തു കൊണ്ടിരിക്കുന്നത്.

അജ്ഞത എന്ന സാക്ഷാല്‍ ദുരന്തം

മനുഷ്യന്‍റെ അജ്ഞത, ജീവിതത്തെ, അതിന്‍റെ സാധ്യതകളോ, പരിമിതികളോ, അതിന്‍റെ അത്യന്തിക പ്രകൃതത്തെ മനസ്സിലാക്കാനുള്ള കഴിവുകേട്-ഇതാണ് ഏറ്റവും വലിയ ദുരന്തം. ചുരുക്കത്തില്‍ ഒരേ ഒരു ദുരന്തമേ മനുഷ്യനുള്ളൂ. അത് അജ്ഞതയാണ്. അതിനുള്ള പരിഹാരവും ഒന്നേയുള്ളൂ. ബോധോദയം! ജീവിതത്തിന്‍റെ പ്രകൃതത്തെ അറിയാനുള്ള ശ്രമം. ആത്മനിരീക്ഷണമില്ലാതെ അതിന് മറ്റൊരു വഴിയുമില്ല.

ആത്മ-ജ്ഞാനം എന്നത് ഏതെങ്കിലും ഹിമാലയന്‍ ഗുഹകളില്‍ ഇരുന്ന് നേടേണ്ട സംഗതിയൊന്നുമല്ല. ജീവിതത്തെ നന്നായി കൈകാര്യം ചെയ്യാന്‍, അതിനെ നന്നായി അറിയേണ്ടിയിരിക്കുന്നു. എത്ര ആഴത്തില്‍ അറിയുന്നുവോ, അത്രയും അനായാസമായി അതിനെ കൈകാര്യം ചെയ്യാം. നാമാകുന്ന ഈ മനുഷ്യ ജീവനെ, അതിന്‍റെ ഉത്ഭവം തൊട്ട്, അനാദി വരെ അറിയാന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ ജീവിതത്തില്‍ ഒരു ദുരന്തവും ഉണ്ടാവില്ല. ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളിലുടേയും നിങ്ങള്‍ക്കു അനായാസമായി കടന്നു പോകാനാവും.

 
 
 
 
  0 Comments
 
 
Login / to join the conversation1