ജീവിതസൌഖ്യം എവിടെയുണ്ടോ , അവിടെ ആരോഗ്യം നിലനില്‍ക്കും
ഒരു പട്ടാള ക്യാമ്പ്‌ കാണാന്‍ ഇടവന്നതിന്‍റെ കഥ സദ്‌ഗുരു പറയാറുണ്ട്‌. ക്യാപ്‌റ്റന്‍റെ നിര്‍ബന്ധം കൊണ്ടാണെങ്കിലും അവിടെ തമ്പടിച്ചിരുന്ന പട്ടാളക്കാര്‍ ദിവസേന മുപ്പതോളം കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്തിരുന്നതു തന്നെയാണ് അവരുടെ ആരോഗ്യത്തിന്‍റെ രഹസ്യം എന്ന വിഷയം അവര്‍ മനസ്സിലാക്കിയിരുന്നില്ല.....
 
 

सद्गुरु

ഒരു പട്ടാള ക്യാമ്പ്‌ കാണാന്‍ ഇടവന്നതിന്‍റെ കഥ സദ്‌ഗുരു പറയാറുണ്ട്‌. ക്യാപ്‌റ്റന്‍റെ നിര്‍ബന്ധം കൊണ്ടാണെങ്കിലും അവിടെ തമ്പടിച്ചിരുന്ന പട്ടാളക്കാര്‍ ദിവസേന മുപ്പതോളം കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്തിരുന്നതു തന്നെയാണ് അവരുടെ ആരോഗ്യത്തിന്‍റെ രഹസ്യം എന്ന വിഷയം അവര്‍ മനസ്സിലാക്കിയിരുന്നില്ല.....

ഓര്‍ക്കാപ്പുറത്തൊരു പട്ടാള ക്യാമ്പ്‌ കാണാന്‍ ഇടവന്നതിന്‍റെ കഥ സദ്‌ഗുരു പറയാറുണ്ട്‌. അദ്ദേഹത്തിന്‍റെ ചെറുപ്പകാലത്തിലൊരിക്കല്‍ മംഗലാപുരത്തിനടുത്തുള്ള വനാന്തരങ്ങളില്‍വെച്ചാണതുണ്ടായത്‌. ആ സംഭവം വിവരിച്ചുകൊണ്ട്‌ എങ്ങനെയാണ്‌ നമ്മള്‍ സ്വന്തം ആരോഗ്യം പരിരക്ഷിക്കേണ്ടതെന്ന് അദ്ദേഹം വിവരിക്കുന്നു.

സദ്‌ഗുരു : ഞങ്ങള്‍ നാല്‍പതോളം പേരുള്ള ഒരു സംഘം മംഗലാപുരത്തിനടുത്ത്‌ പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലൂടെ കാല്‍നടയായി ഒരു യാത്ര പോയി. കാടും മലകളും കയറിയിറങ്ങി ഞങ്ങള്‍ മുന്നിലോട്ടു പോയി.

ശരീരത്തെ പരമാവധി ഉപയോഗപ്പെടുത്തുക. ആരോഗ്യം നിലനിര്‍ത്താനുള്ള ഏറ്റവും എളുപ്പമായ വഴി അതു തന്നെയാണ്‌.

അതിന്‌ ഒരാറാഴ്‌ചമുമ്പ്‌ നേവിയുടെ ഒരു ഹെലികോപ്‌റ്റര്‍ കാണാതായിരുന്നു. ആ കാടുകളിലെവിടേയോ ആണ്‌ അത്‌ തകര്‍ന്നു വീണത്‌. അതന്വേഷിച്ച്‌ കണ്ടുപിടിക്കാനായി ഒരു ബറ്റാലിയന്‍ പട്ടാളക്കാര്‍ അവിടെ തമ്പടിച്ചിരുന്നു. കാടുമുഴുവന്‍ അവര്‍ അരിച്ചുപെറുക്കി. എന്നിട്ടും തകര്‍ന്നുവീണ ഹെലികോപ്‌റ്ററിന്‍റെ പൊടിപോലും കണ്ടെത്താനായില്ല. ഞങ്ങളും വലിയ ബുദ്ധിമുട്ടിലായിരുന്നു. കനത്ത മഴ, ഭക്ഷണത്തിനും സൌകര്യമില്ല. എന്തായാലും പട്ടാളത്തലവന്‍റെ കാരുണ്യം രക്ഷയായി, സന്തോഷപൂര്‍വം അദ്ദേഹം ഞങ്ങളെ സ്വാഗതം ചെയ്‌തു. കഴിക്കാന്‍ ഭക്ഷണം തന്നു, വിശ്രമിക്കാനുള്ള സൌകര്യവും ചെയ്‌തുതന്നു.
പട്ടാളക്കാരില്‍ ഒരാള്‍ ഞങ്ങളോടു ചോദിച്ചു, ``എന്തിനാ കാട്ടില്‍കൂടി ഇങ്ങനെ നടക്കുന്നത്‌?
``പ്രത്യേകിച്ച്‌ ഉദ്ദേശ്യമൊന്നുമില്ല. ഒരു രസത്തിന്‌ എന്നുപറയാം.”

ഞങ്ങളുടെ മറുപടി അയാള്‍ക്കു തീരെ വിശ്വസിക്കാനായില്ല. `
`ഒരു രസത്തിനുവേണ്ടി ആരെങ്കിലും ഇത്രയൊക്കെ ബുദ്ധിമുട്ടി നടക്കാനോരുമ്പുമോ? ആറാഴ്‌ചയായി ഞങ്ങളീകാട്ടിലുണ്ട്‌.” അയാള്‍ പറഞ്ഞു, ``കാണാതായ ഹെലികോപ്‌റ്ററിന്‍റെ അവശിഷ്‌ടങ്ങളും തിരഞ്ഞ്‌ മുപ്പതോളം കിലോമീറ്ററുകള്‍ ഞങ്ങള്‍ ദിവസവും നടക്കുന്നു. ഇതുവരെ ഫലമൊന്നുമുണ്ടായിട്ടില്ല, നിങ്ങളാണെങ്കില്‍ നേരമ്പോക്കിനുവേണ്ടി നടക്കുന്നു.” അയാള്‍ അത്ഭുതം പ്രകടിപ്പിച്ചു.
ക്യാപ്‌റ്റന്‍റെ നിര്‍ബന്ധം കൊണ്ടാണെങ്കിലും അയാള്‍ ദിവസേന മുപ്പതോളം കിലോമീറ്റര്‍ നടക്കുന്നതുതന്നെയാണ്‌ അയാളുടെ ആരോഗ്യത്തിന്‍റെ രഹസ്യം എന്ന വിഷയം ആ പട്ടാളക്കാരന്‌ മനസ്സിലായിരുന്നില്ല എന്ന കാര്യം ഉറപ്പ്‌.

ശരീരത്തെ പരമാവധി ഉപയോഗപ്പെടുത്തുക. ആരോഗ്യം നിലനിര്‍ത്താനുള്ള ഏറ്റവും എളുപ്പമായ വഴി അതു തന്നെയാണ്‌. അത്‌ ചെയ്യേണ്ടതുപോലെ ചെയ്‌താല്‍ ശരീരം സ്വാഭാവികമായും ആരോഗ്യദൃഢമായിരിക്കും. എന്നുവെച്ചാല്‍, നിങ്ങളെ ഒരുകാലത്തും ഒരു രോഗവും ബാധിക്കുകയില്ല എന്നര്‍ത്ഥമാകുന്നില്ല. എണ്‍പതു ശതമാനത്തോളം അസുഖങ്ങളെ ഒഴിവാക്കാമെന്നേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളു. ശേഷിക്കുന്നതില്‍ പത്തുശതമാനം തെറ്റായ ഭക്ഷണരീതി കൊണ്ടുണ്ടാവുന്നതാണ്‌. നമ്മുടെ ഭക്ഷണക്രമത്തില്‍ ശരിയായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാവുകയാണെങ്കില്‍ ആ പത്തുശതമാനത്തേയും നമുക്ക്‌ ഒഴിച്ചുനിര്‍ത്താനാവും. ആലോചിച്ചു നോക്കൂ, നമ്മുടെ രോഗികളില്‍ നൂറില്‍ തൊണ്ണൂറുപേരേയും ശരിയായ ഭക്ഷണരീതികൊണ്ടും, ക്രമപ്രകാരമുള്ള ശാരീരികവ്യായാമം കൊണ്ടും സുഖപ്പെടുത്താനാവും. ശേഷിക്കുന്നത്‌ പത്തു ശതമാനമല്ലേ, അവരെ നമുക്ക്‌ ഒരു പ്രശ്‌നമായി കാണേണ്ടതില്ല. അവരുടെ കാര്യവും നമുക്ക്‌ ഒരു ബുദ്ധിമുട്ടും കൂടാതെ പരിഹരിക്കാവുന്നതേയുള്ളു. ലോകത്തെവിടെയും പലവിധത്തിലുമുള്ള രോഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതായി കാണുന്നു. അതിനുള്ള പ്രധാനകാരണങ്ങള്‍, വേണ്ടവിധത്തിലുള്ള ഭക്ഷണം കഴിക്കുന്നില്ല എന്നതും, ശരിയായ വിധത്തില്‍ ശരീരത്തെ ഉപയോഗിക്കുന്നില്ല എന്നതുമാണ്‌.

ഇരുനൂറുകൊല്ലം മുമ്പ്‌ ഈ ഭൂമിയില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ ഇന്നു ജീവിക്കുന്നവരേക്കാള്‍ ഒരു 20% കൂടുതല്‍ ശാരീരിക ക്ഷമതയുള്ളവരായിരുന്നു. ശരീരത്തെ ആവുംവിധം പ്രവര്‍ത്തനനിരതമാക്കണം. അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ വളരെയേറെ പ്രയോജനമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. ഒന്നു ശ്രമിച്ചു നോക്കൂ, ദിവസത്തില്‍ പല തവണ ഉള്ളംകൈ അടയ്ക്കുകയും തുറക്കുകയും ചെയ്‌തു നോക്കു, ഒരു മാസംകൊണ്ട്‌ ഫലം കാണും. നിങ്ങളുടെ കൈകള്‍ക്ക്‌ കൂടുതല്‍ ജോലിചെയ്യാനുള്ള ശേഷി കൈവരും. അതുപോലെതന്നെ തലച്ചോറിനും വേണ്ട വ്യായാമം നല്‍കി നോക്കു, ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക്‌ അതിന്‍റേതായ ഫലം ലഭിക്കും. ഹൃദയത്തി ന്‍റെ കാര്യമായാലും, പ്രാണോര്‍ജത്തിന്‍റെ കാര്യമായാലും ഇതുതന്നെയാണ്‌ പ്രമാണം. ശരീരത്തിലെ ഓരോ അവയവങ്ങളും അതിന്‍റേതായ രീതിയില്‍ ഭംഗിയായി പ്രവര്‍ത്തിപ്പിക്കുക. അതുതന്നെയാണ്‌ ആരോഗ്യം. ആരോഗ്യമെന്താണെന്നത്‌ നിങ്ങള്‍ പുതുതായി കണ്ടുപിടിക്കേണ്ട ഒരു വസ്‌തുവല്ല, അതൊരു തത്വമാണ്‌, ആശയമാണ്‌. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ശരിയായ രീതിയില്‍ നടക്കുന്നുവെങ്കില്‍ നിങ്ങള്‍ ആരോഗ്യവാനാണ്‌. ബുദ്ധിഹീനത കൊണ്ടു സ്വയം എന്തെങ്കിലും ഉണ്ടാക്കിവെക്കുന്നുവെങ്കില്‍, അതാനാരോഗ്യമാണ്‌.

ഒന്നു ശ്രമിച്ചു നോക്കൂ, ദിവസത്തില്‍ പല തവണ ഉള്ളംകൈ അടയ്ക്കുകയും തുറക്കുകയും ചെയ്‌തു നോക്കു, ഒരു മാസംകൊണ്ട്‌ ഫലം കാണും.

ഇനി ഇരുനൂറു വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്നവരുടെ കാര്യം നോക്കാം, അവര്‍ക്ക്‌ ശാരീരിക വ്യായാമം വേണ്ടുവോളം ലഭിച്ചിരുന്നു, യന്ത്രസഹായം ഏതുമില്ലാത്ത കാലം, എല്ലാ പണികള്‍ക്കും ശരീരാദ്ധ്വാനം മാത്രം, കൈകാലുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. അതില്‍ നിന്നൊക്കെ എത്രയോ വ്യത്യസ്‌തമാണ്‌ ഇന്നത്തെ ജീവിതം. പഴയകാലങ്ങളിലേക്ക്‌ മടങ്ങിപ്പോകാനാവില്ല എന്നതു നേരുതന്നെ. പക്ഷെ അതിനര്‍ത്ഥം, ഇരുപതു വയസ്സാകുമ്പോഴേക്കും അറുപതു വയസ്സിന്‍റെ അനാരോഗ്യം ചോദിച്ചു വാങ്ങണമെന്നതല്ല. നൂറുവര്‍ഷം മുമ്പ്‌ അറുപതുവയസ്സുകാര്‍ ചെയ്‌തിരുന്നതിന്‍റെ പകുതിപോലും ഇന്നത്തെ ഇരുപതുവയസ്സുകാരന്‌ ചെയ്യാനാവില്ല. ഇതില്‍നിന്നും എന്താണ്‌ മനസ്സിലാക്കേണ്ടത്‌? മനുഷ്യന്‍തന്നെയാണ്‌ മനുഷ്യസമൂഹത്തെ കൂടുതല്‍ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുന്നത്‌, എന്നതല്ലേ?
സ്വന്തം ശരീരത്തേയും, തലച്ചോറിനേയും, ഊര്‍ജത്തേയും വേണ്ടവിധത്തില്‍ ഉപയോഗിക്കുക. ഈ മൂന്നു ഘടകങ്ങള്‍ക്കും ശരിയായ വ്യായാമം ലഭിച്ചാല്‍ നിങ്ങളുടെ ആരോഗ്യം തൃപ്‌തികരമായി നിലനില്‍ക്കും. പൊടുന്നനെ ഒരു ദിവസം എന്തെങ്കിലും കുറെയേറെ പണിയെടുക്കുകയല്ല വേണ്ടത്‌. അത്‌ നിങ്ങളുടെ ശരീരത്തെ തളര്‍ത്തുകയേയുള്ളു. ശരീരത്തിനും, ബുദ്ധിക്കും, കരുത്തിനും ക്രമപ്രകാരം വ്യായാമം കിട്ടത്തക്ക രീതിയില്‍ വൈവിധ്യമാര്‍ന്ന ജോലികളിലേര്‍പ്പെടണം. അങ്ങനെയായാല്‍ നിങ്ങള്‍ എന്നും ആരോഗ്യവാനായിരിക്കും. ശരീരവും ബുദ്ധിയും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു, അവയ്ക്ക്‌ പിന്‍ബലം നല്‍കിക്കൊണ്ട്‌ നിങ്ങളുടെ ജീവോര്‍ജവും അതിന്‍റേതായ ചുമതല നിര്‍വഹിക്കുന്നു, ദൈനംദിനപ്രവര്‍ത്തനങ്ങളുടെ താളവും തെറ്റുന്നില്ല – ഈയൊരു സ്ഥിതിവിശേഷത്തിനുള്ള പേരാണ്‌ ആരോഗ്യം. ശരീരം അതിന്‍റേതായ താളത്തില്‍, നിര്‍ബാധം ഒഴുകികൊണ്ടിരിക്കുന്ന അവസ്ഥ. അതാണ്‌ ആരോഗ്യം!

 
 
 
 
 
 
Login / to join the conversation1
 
 
1 കൊല്ലം 10 മാസങ്ങള്‍ സമയം മുമ്പ്

nice article..