ജീവിതാന്ത്യത്തിലെ ശൂന്യത.... അതര്‍ത്ഥവത്തായിത്തീര്‍ക്കാം
ജീവിച്ചിരുന്നകാലം മുഴുവന്‍ എത്രത്തോളം സമ്പാദിച്ചുകൂട്ടാമെന്ന കാര്യത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. മനസ്സ്‌ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ കൂട്ടാക്കാതിരുന്നകാലം. അതവസാനിക്കാറാകുന്നതോടെ ജീവിതം ശൂന്യമായി, അര്‍ത്ഥമില്ലാത്തതായിപ്പോയി എന്നൊക്കെയുള്ള ശക്തമായ തോന്നല്‍ സ്വാഭാവികം മാത്രം. ജീവിച്ചിരിക്കുന്നു എന്നുള്ളതു തന്നെയാണേറ്റവും വലിയ ഭാഗ്യം എന്ന പംക്തിയുടെ രണ്ടാം ഭാഗം.
 
 

सद्गुरु

ജീവിച്ചിരുന്നകാലം മുഴുവന്‍ എത്രത്തോളം സമ്പാദിച്ചുകൂട്ടാമെന്ന കാര്യത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. മനസ്സ്‌ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ കൂട്ടാക്കാതിരുന്നകാലം. അതവസാനിക്കാറാകുന്നതോടെ ജീവിതം ശൂന്യമായി, അര്‍ത്ഥമില്ലാത്തതായിപ്പോയി എന്നൊക്കെയുള്ള ശക്തമായ തോന്നല്‍ സ്വാഭാവികം മാത്രം. ജീവിച്ചിരിക്കുന്നു എന്നുള്ളതു തന്നെയാണേറ്റവും വലിയ ഭാഗ്യം എന്ന പംക്തിയുടെ രണ്ടാം ഭാഗം.

സദ്ഗുരു : ഒരിക്കല്‍ ഞാന്‍ കാറില്‍ യാത്ര ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു, വാഷിങ്‌ടണ്‍ സിറ്റിയിലെ പ്രധാനപ്പെട്ട ഒരു പ്രദേശത്തുകൂടിയാണ്‌ കാറ്‌ പോയ്‌ക്കൊണ്ടിരുന്നത്‌. പ്രധാനപ്പെട്ട പല കമ്പനികളുടേയും ആസ്ഥാനം ആ ഭാഗത്തായിരുന്നു. റോഡിനിരുവശത്തുമുള്ള നടപ്പാതകളിലൂടെ പത്തിരുനൂറുപേര്‍ നടക്കുന്നുണ്ടായിരുന്നു. നന്നായി വസ്‌ത്രം ധരിച്ചവര്‍, നല്ല പദവിയിലിരിക്കുന്നവരാണെന്ന്‍ കണ്ടാലറിയാം. ഉച്ചഭക്ഷണത്തിന്റെ സമയമായിരുന്നു. എന്നിട്ടും ആരും സ്വൈര്യമായി ഒരിടത്തിരുന്നു ഭക്ഷണം കഴിക്കുന്നത്‌ കണ്ടില്ല. വഴിയോരക്കടകളില്‍ നിന്നും തിടുക്കത്തില്‍ ആഹാരം വാങ്ങിച്ചു കഴിക്കുകയായിരുന്നു. ട്രാഫിക്‌ വിളക്കു തെളിയാന്‍ കാത്തു നില്‍ക്കവേ ഞാന്‍ ശ്രദ്ധിച്ചു നോക്കി, ആരും പരസ്‌പരം സംസാരിക്കുന്നതേയില്ല. കൈയ്യിലെ പൊതിയഴിച്ച്‌ (ബര്‍ഗര്‍) ആര്‍ത്തിപിടിച്ച നായ്ക്കളെപ്പോലെ കടിച്ചുപറിച്ചു ധൃതഗതിയില്‍ തിന്നുതീര്‍ക്കുന്നു. മനുഷ്യന്‍ സാവധാനത്തില്‍ ആഹാരം രുചിച്ചു കഴിക്കുകയാണ്‌ വേണ്ടത്‌. അവരില്‍ അധികവും ചെറുപ്പക്കാരായിരുന്നു, സാമ്പത്തികമായി ഉയര്‍ന്ന തട്ടിലുള്ളവര്‍, നല്ല ജോലികള്‍ നേടിയവര്‍. എന്ത് കാര്യം? വഴിയോരത്തുനിന്ന്‍ ഇടംവലം നോക്കാതെ ആഹാരം വലിച്ചുവാരി വിഴുങ്ങുകയാണ്‌. ഇതായിരിക്കണം അവരുടെ പതിവു ഭക്ഷണ രീതി. ഇതുപോലെയാണ് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നതെങ്കില്‍, വെള്ളം കുടിക്കുന്നതെങ്കില്‍, ശ്വസോച്ഛ്വാസം നടത്തുന്നതെങ്കില്‍, ജീവിതത്തെ സമീപിക്കുന്നതെങ്കില്‍, തീര്‍ച്ച - ഒരിക്കലും സൌഖ്യമായി ഇരിക്കുവാനാവില്ല, നിങ്ങള്‍ക്കതിന്‌ സാദ്ധ്യമാവില്ല.

പ്രായം ചെല്ലുന്തോറും എന്തിനോടും ഏതിനോടുമുള്ള അതൃപ്‌തിയായിരിക്കും നിങ്ങളുടെ മുഖമുദ്ര.

 

അയല്‍ക്കാരന്റേതിനേക്കാള്‍ വില കൂടിയ ഒരു കാര്‍ നിങ്ങള്‍ക്കു സ്വന്തമാക്കാന്‍ സാധിച്ചേക്കാം. ആ ഒരല്പസുഖം മാത്രമേ നിങ്ങള്‍ക്കു അനുഭവിക്കാനാകൂ. ജീവിതത്തിന്റെ ആസ്വാദ്യത നിങ്ങള്‍ക്കൊരിക്കലും രുചിക്കാനാവില്ല. ""ഞാന്‍ ജീവിച്ചിരിക്കുന്നല്ലോ" എന്ന കേവലമായ ആശയം കൊണ്ടു തൃപ്തിപ്പെടാന്‍ സാധിക്കുന്നില്ലെങ്കില്‍, അയല്‍ക്കാരനേക്കാള്‍ മുന്തിയ ഒരു കാറാണല്ലോ ഞാന്‍ ഓടിക്കുന്നത്‌ എന്ന സംതൃപ്തി താനേ ഇല്ലാതാവും. നിങ്ങള്‍ വീണ്ടും നൈരാശ്യത്തിലേക്ക്‌ വഴുതി വീഴും. പ്രായം ചെല്ലുന്തോറും എന്തിനോടും ഏതിനോടുമുള്ള അതൃപ്‌തിയായിരിക്കും നിങ്ങളുടെ മുഖമുദ്ര. പ്രായംകൊണ്ടു വരേണ്ട പക്വത നിങ്ങള്‍ക്കുണ്ടാവില്ല. എപ്പോഴും ഒരു ദേഷ്യം, അടിക്കടി മണ്ട ത്തരങ്ങള്‍ ചെയ്യുന്നു, ഉണ്ടായിരുന്ന തന്റേടംകൂടി ഇല്ലാതായ മട്ട്‌, വിഷാദവും, നിരാശയും, ലോകത്തോടു മുഴുവന്‍ നിന്ദയും. പലരുടേയും ഓര്‍മശക്തി തന്നെ തീര്‍ത്തും ഇല്ലാതാകുന്നു. അതിനൊരു പ്രധാന കാരണം, ആയിരുന്ന കാലത്ത് ചിന്തിച്ചിരുന്നതത്രയും ധനപരമായ കാര്യങ്ങള്‍ മാത്രമായിരുന്നു എന്നതാണ്.

ഒരു കാലത്ത്‌ മനുഷ്യജീവിതം മറ്റൊരു വിധത്തിലായിരുന്നു. അന്ത്യയാത്രക്കു സമയമാകുമ്പോള്‍ പിന്‍മുറക്കാര്‍ക്കുവേണ്ടി എന്തെങ്കിലുമൊന്ന്‍ ഇവിടെ വിട്ടുപോകാന്‍ ഓരോരുത്തരുടേയും പക്കലുണ്ടായിരുന്നു. ആ കാലം കഴിഞ്ഞിരിക്കുന്നു. ജീവിതം ബാക്കി നില്‍ക്കുമ്പോള്‍ത്തന്നെ കൈയിലെ സമ്പാദ്യമെല്ലാം തീര്‍ന്നു പോകുന്ന അവസ്ഥയാണിന്നധികവും കണ്ടുവരുന്നത്‌. ജീവിച്ചിരുന്നകാലം മുഴുവന്‍ എത്രത്തോളം സമ്പാദിച്ചുകൂട്ടാമെന്ന കാര്യത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. മനസ്സ്‌ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ കൂട്ടാക്കാതിരുന്നകാലം. അതവസാനിക്കുന്നതോടെ ജീവിതം ശൂന്യമായി, അര്‍ത്ഥമില്ലാത്തതായിപ്പോയി എന്നൊക്കെയുള്ള തോന്നല്‍ സ്വാഭാവികം മാത്രം. അതിന്റെ ഫലമോ, എല്ലാവരോടും ദേഷ്യം, അതൃപ്‌തി!

ലോകം അതിന്റെ രീതികള്‍ മാറ്റാന്‍ പോകുന്നുണ്ടോ ഇല്ലയൊ, നിങ്ങള്‍ സ്വന്തം ജീവിതരീതി തീര്‍ച്ചയായും മാറ്റേണ്ടതാണ്‌. ജീവിതത്തിലെ ഏറ്റവും വിലയേറിയ ഘടകം ജീവിതം തന്നെയാണ്‌. മറ്റുള്ളതെല്ലാം വെറും പൊടിപ്പും തൊങ്ങലും മാത്രം. “""ഞാന്‍ ജീവിച്ചിരിക്കുന്നു” എന്നുള്ളതുതന്നെയാണേറ്റവും വലിയ ആനന്ദം. നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നത്‌ കാര്യമാക്കേണ്ട. ജീവിതം ഉല്ലാസഭരിതമാകണം, ആനന്ദപൂരിതമാകണം, അത്‌ മനസ്സിലാക്കുന്നുണ്ടോ എന്നതാണ്‌ പ്രധാനം. അത്‌ മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, മറ്റെന്തൊക്കെയുണ്ടായിട്ടും എന്തുകാര്യം? ജീവിക്കുന്നത്‌ കൊട്ടാരത്തില്‍, ജീവിതമോ, അങ്ങേയറ്റം ദുരിതപൂര്‍ണം. അങ്ങനെയൊരു ജീവിതംകൊണ്ടാരെന്തു നേടാന്‍?

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ ചെന്നെയിലെ അമേരിക്കന്‍ എംബസിയില്‍ പോവുകയുണ്ടായി. അവിടെ നിന്ന്‍ പുറത്തേക്കിറങ്ങിയപ്പോള്‍, വഴിവക്കിലിരുന്ന്‍ ഒരു പയ്യന്‍ പൊട്ടിക്കരയുന്നു. ആന്ധ്രക്കാരനാണ്‌. "തനിക്കിനിയൊരു ഭാവിയില്ല, ജീവിതം അവസാനിച്ചിരിക്കുന്നു’ എന്ന മട്ടിലാണ്‌ കരച്ചില്‍. ഞാന്‍ കാരണമന്വേഷിച്ചു. അവന്‍റെ മറുപടി ഇതായിരുന്നു, "അമേരിക്കയില്‍ പോകാനുള്ള വിസ പുറംതള്ളപ്പെട്ടു. ഞാന്‍ ഇന്ത്യ എന്ന ഈ പെരും ജയിലില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ്‌.”’ ഇവിടെ നിന്നും സ്വാതന്ത്ര്യം നേടി അമേരിക്കയില്‍ ചെന്ന്‍ വിജയം കൈവരിക്കാമെന്ന അവന്റെ മോഹമാണ്‌ തകര്‍ന്നിരിക്കുന്നത്‌. ഇനി മരിക്കുകയാണ്‌ ഭേദം എന്ന തോന്നല്‍. അവനറിയില്ല, അമേരിക്കയില്‍ ജനിച്ചവിടെ ജീവിക്കുന്ന പലരുടേയും സങ്കടം, 'ഞങ്ങള്‍ ഈ കെണിയില്‍ പെട്ടുപോയല്ലോ' എന്നതാണ്‌.'

ധനം വേണ്ടത്ര സമ്പാദിച്ച്‌, പണക്കാരുടെ കൂട്ടത്തില്‍ ചെന്നുപെട്ടാലോ, അപ്പോഴുമുണ്ടാകും ഉള്ളിന്റെയുള്ളില്‍ നീറിനില്‍ക്കുന്ന അസംതൃപ്‌തി. കൈ എത്തിച്ചതൊന്നും കൈവശം വന്നുചേര്‍ന്നില്ല എന്ന നിരാശ.

 

ജീവിതത്തിന്റെ ശുദ്ധമായ ആസ്വാദ്യത നുകരാന്‍ സാധിക്കാത്തവര്‍ക്ക്‌ മറ്റെന്തു തന്നെ നേടാനായാലും ആ സുഖം അധികകാലം നീണ്ടുനില്‍ക്കുകയില്ല. ഇച്ഛാഭംഗം മാത്രമായിരിക്കും അവരുടെ എക്കാലത്തേയും അനുഭവം, എല്ലാറ്റിനോടും നിന്ദ, അമര്‍ഷം. ആദ്യം മനസ്സിലാക്കൂ, ജീവിതത്തിന്റെ വില അറിയാത്തപക്ഷം സാമ്പത്തികമായി എത്ര തന്നെ ഉയര്‍ന്നാലും നിങ്ങള്‍ക്ക്‌ മാനസികമായി സന്തോഷമോ സംതൃപ്‌തിയോ തോന്നുകയില്ല, ലോകമാകെ നിങ്ങളെ നോക്കി പരിഹസിച്ചു ചിരിക്കുകയാണെന്ന്‍ തോന്നുകയും ചെയ്യും. കൈയ്യില്‍ കാശില്ലാതിരുന്നകാലത്ത്‌, 'ഒരു കാലത്ത്‌ ഞാനും പണക്കാരനാകും; ജീവിതം സുഖസമൃദ്ധമാകും’ എന്നൊക്കെയുള്ള സ്വപ്‌നങ്ങളുണ്ടായിരുന്നിരിക്കാം, എന്നാല്‍ ധനം വേണ്ടത്ര സമ്പാദിച്ച്‌, പണക്കാരുടെ കൂട്ടത്തില്‍ ചെന്നുപെട്ടാലോ, അപ്പോഴുമുണ്ടാകും ഉള്ളിന്റെയുള്ളില്‍ നീറിനില്‍ക്കുന്ന അസംതൃപ്‌തി. കൈ എത്തിച്ചതൊന്നും കൈവശം വന്നുചേര്‍ന്നില്ല എന്ന നിരാശ. ലോകം തന്നെ ചതിച്ചു എന്ന പക. അങ്ങനെയുള്ളവരുടെ പ്രവൃത്തികളിലൊക്കെ ഒരു ക്രിത്രിമത്വം മുഴച്ചു നില്‍ക്കുന്നതു കാണാം. പുഞ്ചിരിയായാലും, പൊട്ടിച്ചിരിയായാലും അഭിനന്ദനമായാലും, സ്‌നേഹപ്രകടനമായാലും അത്‌ വെച്ചുകെട്ടിയതുപോലെ ആയിരിക്കും. സമൂഹത്തിന്റെ പൊതു സ്വഭാവം തന്നെയങ്ങനെയാകും. പരസ്‌പരം പറയേണ്ട വാക്കുകള്‍ നേരത്തേ പഠിച്ചുവെച്ചിരിക്കും. സന്ദര്‍ഭാനുസരണം പ്രയോഗിച്ചാല്‍ മാത്രം മതി. അതില്‍ ആത്മാര്‍ത്ഥതയുണ്ടാവണമെന്ന്‍ ആര്‍ക്കും നിര്‍ബന്ധമില്ല. ഇത്‌ ഏതെങ്കിലും ഒരു കൂട്ടരുടെ സ്വഭാവമാണെന്ന്‍ കരുതേണ്ട. ഉള്ളവരും ഇല്ലാത്തവരുമൊക്കെ ഒരുപോലെയാണ്‌ ഈ കാര്യത്തില്‍.

ഓരോ നിമിഷവും ഇത്‌ സ്വയം ഓര്‍മപ്പെടുത്തൂ, “ഞാന്‍ ഈ നിമിഷം ജീവിച്ചിരിക്കുന്നുണ്ടല്ലോ, അത് തന്നെ ഏറ്റവും വലിയ ഭാഗ്യം!”

ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണേറ്റവും വലിയ നേട്ടം. അതില്‍ കൂടുതല്‍ എന്തെങ്കിലുമുണ്ടെന്ന്‍ കരുതുന്നുണ്ടെങ്കില്‍ നിരാശയായിരിക്കും ഫലം. ജീവിതത്തോടുതന്നെ കടുത്ത വെറുപ്പു തോന്നാന്‍ പിന്നെ അധികകാലം വേണ്ട. ജീവിതം തന്നെയാണ്‌ ഏറ്റവും വലിയ സന്തോഷം എന്നത് മനസ്സില്‍ ആഴത്തില്‍ പതിയട്ടെ. ഓരോ നിമിഷവും ഇത്‌ സ്വയം ഓര്‍മപ്പെടുത്തൂ, “ഞാന്‍ ഈ നിമിഷം ജീവിച്ചിരിക്കുന്നുണ്ടല്ലോ, അത് തന്നെ ഏറ്റവും വലിയ ഭാഗ്യം!”

 

https://www.pexels.com/photo/man-person-sitting-bench-7044/

 
 
  0 Comments
 
 
Login / to join the conversation1