ജീവിതം: ഒരു തീർത്ഥയാത്ര

 

सद्गुरु

ലോകത്തിന്‍റെ നെറുകയിൽ ഇരുന്നുകൊണ്ടാണ് സദ്ഗുരു അദ്ദേഹത്തിന്‍റെ തീര്‍ത്ഥയാത്രകളെപ്പറ്റിയും ജീവിതത്തെ പറ്റിയും ഉള്ള വിചാരങ്ങൾ പങ്കുവയ്ക്കുന്നത്. അദ്ദേഹം പറയുന്നു, "ഞാൻ ഒരു കാര്യവും ഒരു പ്രശ്നമായി കാണാറില്ല. ഞാൻ ഉൾപ്പെടെ എല്ലാ കാര്യങ്ങളും എങ്ങിനെ കുറച്ചുകൂടി ഭംഗിയാക്കാം എന്ന് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. " സദ്ഗുരുവിനോടൊപ്പം നേപ്പാളിലേയും ടിബറ്റിലേയും ഹിമാലയ പ്രദേശങ്ങളിലേക്കുള്ള തീർത്ഥയാത്രയുടെ ചിത്രങ്ങൾ ഇവിടെ നമുക്ക് ആസ്വദിക്കാം.

[soliloquy id="4361"]

ഇന്നിപ്പോൾ എന്‍റെ കൂടെ കൈലാസത്തിലേക്ക് പോകുവാൻ വന്നിട്ടുള്ളവരിൽ അധികം പേരും ഇത്തരമൊരു തീർത്ഥ യാത്രയെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല. ഞാൻ ഇത്തരത്തിൽ ഒരു തീര്‍ത്ഥയാത്രക്ക് പോകേണ്ട ആവശ്യമുണ്ടെന്നു ഞാൻ പോലും കരുതിയിരുന്നില്ല. പക്ഷെ ഞാൻ ഇതാ ഇവിടെ വന്നിരിക്കുന്നത് പതിമൂന്നാമത്തെ തവണയാണ്. ഓരോ തവണ ഇത്തരമൊരു യാത്ര കഴിഞ്ഞു വരുമ്പോഴും ഞാൻ ചിന്തിക്കും , "മതി . എനിക്ക് പർവ്വതങ്ങളെ മടുത്തു ." പക്ഷെ രണ്ട് മാസം കഴിയുമ്പോഴേക്കും ഞാൻ അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ടായിരിക്കും. ശക്തി അനുഭവപ്പെടുന്ന പല സ്ഥലങ്ങളിലും ഞാൻ പോയിട്ടുണ്ട്, അസാധാരണ ഗുണങ്ങളുള്ള പലരെയും കണ്ടിട്ടുണ്ട്, ഊർജ്ജം തുടിച്ചു നിൽക്കുന്ന അനേകം സ്ഥലങ്ങളിൽ പോയിട്ടുണ്ട്. പക്ഷെ കൈലാസം പോലെ മാറ്റൊലികൊള്ളൂന്ന ഒരു പ്രദേശം വേറെ എവിടെയും കണ്ടിട്ടില്ല. അതുകൊണ്ടാണ് ഞാൻ കൈലാസത്തിലേക്ക് വീണ്ടും, വീണ്ടും തിരിച്ചു വരുന്നത്. കൈലാസം അത്തരത്തിൽ ഒരു ലഹരിയാണ്.

ഇത്തരമൊരു യാത്ര നിങ്ങളെ ഉള്ളിലേക്ക് തിരിയുവാൻ സഹായിക്കും. നിങ്ങളുടെ തന്നെ സീമകളെ ലംഘിക്കുവാൻ സഹായിക്കും.

നാം ഇതിനെ എന്തിനാണ് ഒരു തീര്‍ത്ഥയാത്രയെന്നു വിളിക്കുന്നത്? അത് ഒരു ഉല്ലാസയാത്രയോ, സാഹസിക യാത്രയോ അല്ലാത്തത് എന്തുകൊണ്ടാണ്? നിങ്ങൾ വെറും ഒരു ഉല്ലാസ യാത്രക്കാരനാണെങ്കിൽ, നിങ്ങളുടെ യാത്ര കൊണ്ട് ആ മലമ്പാത കുറച്ചു കൂടി ഉപയോഗിക്കപ്പെട്ടു എന്നതിൽ കവിഞ്ഞു പ്രത്യേകം ഒരു ഗുണവും ഉണ്ടാകുന്നില്ല. നിങ്ങൾ ഒരു തീര്‍ത്ഥാടകനാണെങ്കിൽ പുറമെയുള്ള ഈ യാത്രക്കൊപ്പം നിങ്ങൾ ഉള്ളിലേക്കും ഒരു യാത്ര നടത്തുകയാണ്. നിങ്ങൾക്ക് മലമ്പാതക്കു തേയ്മാനം വരുത്തണമോ അതോ നിങ്ങളുടെ ഉള്ളിൽ ഉള്ള എന്തോ വസ്തുവിനെ ഉപയോഗം മൂലം കുറച്ചു കളയണമോ? ഈ തീരുമാനം നിങ്ങൾ തന്നെ എടുക്കേണ്ടതാണ്. അവനവന്‍റെ പ്രാധാന്യം കുറക്കലാണ് തീർത്ഥയാത്രയുടെ ഉദ്ദേശം. നിങ്ങളെ സ്വയം ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുവാൻ സാധിച്ചാൽ നിങ്ങൾക്ക് ഇവിടെ ജീവന്‍റെ ഒരു ഭാഗമായി നിൽക്കാം. അത് അസാധ്യമാണെങ്കിൽ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും അല്പമെങ്കിലും ചെറുതാക്കുക. അതാണ് തീർത്ഥയാത്രയിൽ പങ്കെടുക്കുവാനുള്ള ശരിയായ വഴി.

ഇത് എന്തുകൊണ്ട് വീട്ടിൽ വച്ച് തന്നെ ചെയ്തുകൂടാ? നിങ്ങൾക്ക് സാധിക്കും പക്ഷെ ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ടാണ് നാം ഇവിടെ വന്നിരിക്കുന്നത്. നിങ്ങൾ എളുപ്പത്തിൽ വഴങ്ങാത്ത ഒരാളാണെങ്കിൽ ഇത്തരമൊരു യാത്ര നിങ്ങളെ ഉള്ളിലേക്ക് തിരിയുവാൻ സഹായിക്കും. നിങ്ങളുടെ തന്നെ സീമകളെ ലംഘിക്കുവാൻ സഹായിക്കും. നിങ്ങൾ ജീവിതം എന്ന പേരിൽ അറിയുന്ന പ്രക്രിയയിൽ എല്ലാത്തിനും അതിരുകളുണ്ട്. നിങ്ങളുടെ ശരീരം തന്നെയാണ് നിങ്ങളുടെ ഭൗതികമായ അതിര്. പക്ഷെ നിങ്ങളുടെ മനസ്സിനും, വികാരങ്ങൾക്കും, ഊർജ്ജത്തിനും അതിരുകളുണ്ട്. അതിർത്തി ഉണ്ടാവുകയും അതിനെ ലംഘിക്കുന്നതിൽ നിങ്ങൾ വിജയിക്കുകയും ചെയ്‌താൽ പിന്നെ ഉള്ളത് അനന്തതയാണ്. അതാണ് കൈലാസം - അനന്തത അനുഭവിക്കുവാനുള്ള നിങ്ങളുടെ അവസരം.

ഒരാൾക്ക് എങ്ങിനെ സീമകളില്ലാതായി തീരുവാൻ സാധിക്കും ? സ്വാതന്ത്ര്യം എന്നതിനെക്കുറിച്ച് സാധാരണക്കാരന്‍റെ ബോധം പക്ഷിയെപ്പോലെ പറക്കുവാൻ സാധിക്കുക എന്നായതു കൊണ്ട്, ഞാൻ ആ ഉദാഹരണം ഉപയോഗിക്കാം. പറക്കുവാൻ നിങ്ങൾക്ക് ആകാശത്തെ കൈകാര്യം ചെയ്യണമെന്നില്ല. നിങ്ങളെ എന്താണോ താഴെ പിടിച്ചു നിർത്തുന്നത്, അതിനെ മാത്രം കൈകാര്യം ചെയ്‌താൽ മതി. അതായത് നിങ്ങൾക്ക് ഗുരുത്വാകര്‍ഷണത്തെ കൈകാര്യം ചെയ്യുവാൻ സാധിക്കണം. അതുപോലെ നിങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്നുണ്ടെങ്കിൽ, നിങ്ങളെ കെട്ടിയിട്ടിട്ടുള്ള കയറുകൾ അഴിക്കുവാൻ കഴിയണം. സ്വാതന്ത്ര്യം എന്നാൽ നിങ്ങളെ പിടിച്ചു നിർത്തുന്ന വസ്തുക്കളെ കാണുകയും അവയെ ശരിയായി കൈകാര്യം ചെയ്യുകയും എന്നതാണ്. പ്രശ്നത്തെ കൈകാര്യം ചെയ്‌താൽ പരിഹാരം ലഭിക്കും. ആളുകൾക്ക് അത് ലഭിക്കാതിരിക്കുമ്പോൾ, നിങ്ങൾ നൽകുന്ന ഓരോ പരിഹാരവും ഒരു പ്രശ്നമാക്കി മാറ്റുവാനുള്ള വഴി അവർ അന്വേഷിച്ചുകൊണ്ടിരിക്കും.

ലോകത്തിന്‍റെ ഈ ഭാഗത്തുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് കൈലാസം ഒരു സ്വപ്നത്തിന്‍റെ ഭാഗമാണ്.

ലോകത്തിന്‍റെ ഈ ഭാഗത്തുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് കൈലാസം ഒരു സ്വപ്നത്തിന്‍റെ ഭാഗമാണ്. തീർത്ഥയാത്രയെ ഒരു പ്രശ്നമാക്കി മാറ്റരുത്. എന്ത് തന്നെ സംഭവിച്ചാലും അതിനെ ഒരു പ്രശ്നമായി കാണരുത്; മറ്റൊരു അവസ്ഥയായി മാത്രം കണ്ടാൽ മതി. "പ്രശനം" എന്നത് നാം കൊടുക്കുന്ന ഒരു പേരാണ്. ജീവിതം ഒരു സംഭവം മാത്രമാണ്. ജീവിതത്തെ മുഴുവനായി അനുഭവിക്കാൻ കഴിയുന്നതെല്ലാം ഉപയോഗിക്കാം അല്ലെങ്കിൽ ജീവിതം ഒരു ഊരാ കുടുക്കാക്കാം. എന്തിനെയും "പ്രശനം" എന്ന പേരിട്ടു വയ്ക്കുന്നത് നിങ്ങളുടെ ജീവിത അനുഭവങ്ങളെ മെച്ചപ്പെടുത്തില്ല. ഞാൻ ചെയ്യുന്നത് പോലെ നിങ്ങളും ജീവിത സന്ദർഭങ്ങളെ അനുഭവിക്കണം എന്നാണ് എന്‍റെ ആഗ്രഹം. ഞാൻ ഒന്നിനെയും ഒരിക്കലും ഒരു പ്രശ്നമായി കാണുന്നില്ല. ഞാനുൾപ്പടെ എല്ലാ കാര്യങ്ങളും കൂടുതൽ മെച്ചപ്പെട്ട വിധത്തിൽ എങ്ങിനെ ആക്കിത്തീർക്കാം എന്ന് മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഇങ്ങിനെയാകുമ്പോൾ നിങ്ങളുടെ ജീവിതം തന്നെ ഒരു തീർത്ഥ യാത്രയായി തീരും.

 
 
  0 Comments
 
 
Login / to join the conversation1