ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ എന്താണു ചെയ്യേണ്ടത്?
തലക്കുള്ളില്‍ കൂടുതല്‍ ചിന്തകള്‍ തിരുകി കയറ്റിയതുകൊണ്ട് കാര്യമില്ല എന്ന് സദ്ഗുരു പറയുന്നു. ഭൗതികലോകത്തിലെ വഴികളിലൂടെ ചിലര്‍ക്ക് അന്തസ്സോടെ കടന്നുപോകാന്‍ സാധിച്ചേക്കും. എന്നാല്‍ മനസ്സിലാക്കേണ്ട കാര്യം ഒന്നാണ്........ ബാഹ്യമായ വസ്തു വകകളല്ല യഥാര്‍ത്ഥ സന്തോഷത്തിനു നിദാനം...... അത് അവനവന്‍റെ ഉള്ളില്‍നിന്ന് ഉറപൊട്ടി വരുന്നതാണ്. പരമമായ ഈ യഥാര്‍ത്ഥ്യം എല്ലാ മനുഷ്യരും ഒരു പോലെ തിരിച്ചറിഞ്ഞാല്‍ മാത്രമേ ഈ ലോകം ഗുണകരമായ വിധത്തില്‍ മാറുകയുള്ളൂ.
 
 

ചോദ്യം: സദ്ഗുരുവിന് നമസ്‌കാരം ''എനിക്കെന്തു സംഭവിക്കും എന്ന ചിന്ത ജീവിതത്തില്‍ നിന്നും ഒഴിവാകണം എന്നാണല്ലോ അവിടുന്നു നിര്‍ദേശിക്കുന്നത്. എന്നാല്‍ ഞാന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും പ്രത്യക്ഷമായോ പരോക്ഷമായോ എന്‍റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി മാത്രമുള്ളതാണ്. ''എന്‍റെ ജീവിതം'' എന്ന ചിന്ത ഞാന്‍ ഒഴിച്ചുനിര്‍ത്താന്‍ ശ്രമിക്കാം. അപ്പോഴും അതിന്‍റെ ഉദ്ദേശ്യം ''എന്‍റെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താം'' എന്നല്ലേ? ഇക്കാര്യത്തില്‍ ഞാന്‍ എന്താണു ചെയ്യേണ്ടത്?

സദ്ഗുരു:- ആലോചിച്ചുറപ്പിച്ച ഒരു ചോദ്യംതന്നെ! ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. ഒരു സ്ത്രീയെ ഞാന്‍ കണ്ടിരുന്നു കുറച്ചുകാലം മുമ്പ് വരെ അവരെ എനിക്കു നല്ല പരിചയമുണ്ടായിരുന്നു. ഒരു ദിവസം വൈകുന്നേരം അവര്‍ തന്‍റെ അലമാര തുറന്ന് അതിന്‍റെ മുമ്പില്‍ ചെന്നു നിന്നു. അന്ന് ഏതു വസ്ത്രം ധരിക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാനാവുന്നില്ല. ആകപ്പാടെ ഒരു വേവലാതി. ഇതാണൊ വലിയ കാര്യം?'' ഞാന്‍ അവരോടു പറഞ്ഞു. ഈ അലമാരിയിലുള്ള വസ്ത്രങ്ങളെല്ലാം ആര്‍ക്കെങ്കിലും എടുത്തുകൊടുക്കണം. അവനവനായി ഏഴുജോഡി മാത്രം മാറ്റിവെച്ചോളൂ... ഏഴു ദിവസത്തേക്ക് ഏഴു ജോഡി ഞായറാഴ്ച ഇന്ന്.... തിങ്കളാഴ്ച മറ്റേത്... കാര്യം എളുപ്പമായില്ലേ.

എല്ലാവരും ഏഴു ജോഡിവസ്ത്രങ്ങള്‍ മാത്രമല്ല അവനവനായി കരുതിവെക്കാവൂ എന്ന് ഞാന്‍ ശാഠ്യം പിടിക്കുകയല്ല. മനസ്സില്‍ യാതൊരു വിധത്തിലുള്ള ചാഞ്ചല്യവും കൂടാതെ ഈ ഭൗതികതയുടെ വഴികളിലൂടെ കടന്നുപോകാന്‍ നിങ്ങള്‍ക്കാകണം എന്ന് ഓര്‍മ്മിപ്പിക്കുകയാണ്. അതായത് വസ്തു വകകളെ കുറിച്ച് ആകാവുന്നയത്ര നിസ്സംഗത പാലിക്കാന്‍ നിങ്ങള്‍ക്കാവണം. എന്നാല്‍ കാണുന്നതെല്ലാം തന്‍റേതാകണമെന്ന് മോഹിക്കുകയും, ആകാവുന്നതെല്ലാം വാരികൂട്ടി സ്വന്തം തലയിലേറ്റി നടക്കുകയും ചെയ്താല്‍.... ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാവും എന്നു വിചാരിക്കുന്നുണ്ടെങ്കില്‍.... തെറ്റി. ഇതു ഞാന്‍ വെറുതെ പറയുന്നതല്ല.... തെളിവുകളുടെ ബലമുണ്ട് ഈ വാക്കുകള്‍ക്ക്.

പരിണാമത്തിന്‍റേതായ വഴികളില്‍ പരസ്പരം സഹകരിക്കാനും, കൂട്ടത്തിലുള്ളവരുടെ രക്ഷയേയും കൂടി കുറിച്ച് ചിന്തിക്കാനും തയ്യാറായ സമൂഹങ്ങള്‍ മാത്രമേ നിലനിന്നിട്ടുള്ളൂ. മറ്റേതെല്ലാം കാലാന്തരത്തില്‍ ഇല്ലാതായി. ''എന്തുവന്നാലും ഞാന്‍ രക്ഷപ്പെടണം'' എന്ന ചിന്താഗതിയുള്ളവയൊന്നും രക്ഷപ്പെടുകയുണ്ടായില്ല. ഇന്നു ചുറ്റും നോക്കുമ്പോള്‍, അതും ഇതും കൈക്കലാക്കാനായി പരക്കം പായുന്ന ഒട്ടനവധി പേരെ നമുക്കു കാണാനാകും. എന്നാല്‍ യഥാര്‍ത്ഥ സൗഖ്യം അവരുടെ ആരുടേയും ജീവിത്തിലില്ല എന്നതാണ് സത്യം.

പരിണാമത്തിന്‍റേതായ വഴികളില്‍ പരസ്പരം സഹകരിക്കാനും, കൂട്ടത്തിലുള്ളവരുടെ രക്ഷയേയും കൂടി കുറിച്ച് ചിന്തിക്കാനും തയ്യാറായ സമൂഹങ്ങള്‍ മാത്രമേ നിലനിന്നിട്ടുള്ളൂ. മറ്റേതെല്ലാം കാലാന്തരത്തില്‍ ഇല്ലാതായി.

നിങ്ങളുടെ കൈവശം ആയിരം സാധനങ്ങളുണ്ടാകാം. ഇന്നേതു വസ്ത്രം ധരിക്കണം എന്ന ചിന്ത എന്നും നിങ്ങളെ കുഴക്കുന്നുണ്ടാവും. എന്നാല്‍ ഉള്ളുകൊണ്ടു നിങ്ങള്‍ സന്തോഷിക്കുന്നു എന്നു പറയാനാവുമോ? അതേസമയം ഇതൊന്നുമില്ല എങ്കിലും നിങ്ങള്‍ക്കു സന്തോഷമായി കഴിയാന്‍ സാധിക്കുമെങ്കില്‍ പറയൂ... ഏതാണ് കൂടുതല്‍ നല്ലവഴി?

നിങ്ങള്‍ സ്വന്തമായി സമ്പാദിച്ചു വെച്ചിട്ടുള്ള ഓരോന്നും ഈ ഭൂമിയില്‍നിന്നും ഉണ്ടായിട്ടുള്ളതാണ്. മെച്ചപ്പെട്ട ജീവിതം എന്നതിനു പലരും ധരിച്ചുവെച്ചിരിക്കുന്ന അര്‍ത്ഥം, കൂടുതല്‍ കൂടുതല്‍ സമ്പാദ്യം എന്നാണ്. ആരെങ്കിലും വന്ന് വീടിന്‍റെ ജനാലക്കൊരു കല്ലെറിഞ്ഞാല്‍ തന്നെ അവരുടെ ഹൃദയം തകരും. ഭൂമിയുള്ളതെല്ലാം സ്വന്തം മുടിയിലേക്കെടുത്തു വെച്ചാല്‍ ജീവിതം മെച്ചപ്പെട്ടതാവില്ല. ഭൂമിയിലുള്ളതെല്ലാം നിങ്ങളുടേതാവുന്ന ഒരു സമയമുണ്ട്. അതു സ്വയം മരിച്ചു മണ്ണടിയുമ്പോഴാണ്. ജീവിച്ചിരിക്കുമ്പോള്‍ ഭൂമിയില്‍ കാലുറപ്പിച്ചു നടക്കൂ... അതിനെ ഒന്നാകെ സ്വന്തം കയ്യിലൊതുക്കാന്‍ ശ്രമിക്കേണ്ട.

മെച്ചപ്പെട്ട ജീവിതം എന്ന നമ്മുടെ സങ്കല്‍പത്തിനും മാറ്റം വരുത്തണം. അതു നമ്മുടെ മാത്രമല്ല ഈ ലോകത്തിന്‍റെ നിലനില്‍പ്പിനും അനിവാര്യമാണ്. ലോകത്തെ രക്ഷിക്കാനായി എന്തെല്ലാം നിര്‍ദേശങ്ങളാണ് ദിവസന്തോറും കേള്‍ക്കുന്നത്. ഇന്നമാതിരി ഇന്ധനം ഉപയോഗിക്കണം. ഇലക്ട്രിക് കാറുകള്‍ പ്രചാരത്തിലാക്കണം... ഇതെല്ലാം താരമ്യേന ലഘുവായ കാര്യങ്ങളാണ്. ആത്മാര്‍ത്ഥമായി പരിസ്ഥിതിയെ പരിരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചെയ്യേണ്ടത് ഒന്നുമാത്രമാണ്. മാനവരാശി മുഴുവനായും അദ്ധ്യാത്മികതയുടെ വഴിയിലേക്കു തിരിയണം. ഓരോ വ്യക്തിയും ഒരു ആത്മാന്വേഷകനാകണം.

സുഖമായ ജീവിതമുണ്ടാവുന്നത്, സ്വത്തുക്കള്‍ വാരിക്കൂട്ടുമ്പോഴല്ല എന്ന് ആദ്യമേ മനസ്സിലാക്കണം. അവനവന്‍ എങ്ങനെയാണ് എന്നതാണ് സുഖത്തിനടിസ്ഥാനം. അതു മനസ്സിലാക്കി ജീവിക്കാന്‍ തുടങ്ങുന്നതോടെ പ്രശ്‌നങ്ങള്‍ ഓരോന്നായി കൊഴിഞ്ഞു വീഴാന്‍ തുടങ്ങുന്നതു കാണാം. 2050 ആകുമ്പോഴേക്കും ഭൂമിയിലെ ജനസംഖ്യ ആയിരം ദശകോടിയിലെത്തുമെന്നു പറയുന്നു. എങ്കിലും പ്രശ്‌നമൊന്നുമുണ്ടാവില്ല. സന്തോഷത്തിനു നിദാനം പദാര്‍ത്ഥങ്ങളല്ല സ്വന്തം മനസ്സുതന്നെയാണെന്നറിഞ്ഞ് മനുഷ്യര്‍ പെരുമാറുകയാണെങ്കില്‍...

 
 
 
 
  0 Comments
 
 
Login / to join the conversation1