सद्गुरु

ഈ പ്രപഞ്ചത്തില്‍ പലതരത്തിലും പലതലത്തിലുമായി ഓരോരോ ഇടപാടുകള്‍ ഓരോ നിമിഷവും നടന്നുകൊണ്ടേയിരിക്കുന്നു, നമ്മുടെ അറിവോടെയും അറിവില്ലാതെയും, തുടര്‍ച്ചയായി, രാജ്യങ്ങള്‍ തമ്മില്‍, സംസ്‌കാരങ്ങള്‍ തമ്മില്‍, വ്യക്തികള്‍ തമ്മില്‍. നിങ്ങള്‍ അറിയാതെ പോകുന്ന നിങ്ങളുടെ ശ്വാസോച്ഛ്വാസം പോലും ഒരുവിധത്തില്‍ നോക്കിയാല്‍ ഒരിടപാടു തന്നെയാണ്‌. ജീവിതം എന്ന ബൃഹത്തായ വ്യാപാരത്തിനെ കുറിച്ച്, കൊടുക്കല്‍ വാങ്ങലിനെക്കുറിച്ച് സദ്ഗുരു സംസാരിക്കുന്നു..

സദ്ഗുരു : വാസ്തവത്തില്‍ ഈ ജീവിതം തന്നെ ബൃഹത്തായ ഒരു വ്യാപാരം തന്നെയല്ലേ? പലതരത്തിലും പലതലത്തിലുമായി ഓരോരോ ഇടപാടുകള്‍ നടന്നുകൊണ്ടേയിരിക്കുന്നു. തുടര്‍ച്ചയായി, രാജ്യങ്ങള്‍ തമ്മില്‍, സംസ്‌കാരങ്ങള്‍ തമ്മില്‍, വ്യക്തികള്‍ തമ്മില്‍. ഇടതടവില്ലാതെ അത്‌ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ചിലത്‌ സമൂഹതലത്തിതാണ്‌, വേറെ ചിലത്‌ കണികതലത്തില്‍ (atomic), ഇനിയും ചിലത്‌ പ്രാപഞ്ചിക തലത്തിലാണ്‌ എന്ന് മാത്രം .

ഇപ്പോള്‍ ഇവിടെ നിങ്ങള്‍ വെറുതേയിരിക്കുന്നു, അപ്പോഴും നിങ്ങള്‍ ശ്വസിക്കുന്നുണ്ട്. ആ ശ്വാസോച്ഛ്വാസം പോലും ഒരു ഇടപാടാണ്‌. ഈ വക ഇടപാടുകളില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കാവില്ല. ഒന്നു മാത്രമേ നിങ്ങള്‍ക്കു തീരുമാനിക്കാനാവൂ, അത്‌ എങ്ങിനെയാണ്‌ നിര്‍വ്വഹിക്കേണ്ടത്‌ എന്ന കാര്യം. ഒന്നുകില്‍ അന്തസ്സോടെ, ഭംഗിയായി നിര്‍വഹിക്കാം, അതല്ലെങ്കില്‍ ശ്രദ്ധയും ശുഷ്‌കാന്തിയും കൂടാതെ തോന്നിയമാതിരിയാകാം. അതിഭീകരമായ യുദ്ധവും, അങ്ങേയറ്റം ഹീനമായ ബലാല്‍സംഗവും, ഭക്തിയും, പ്രണയവും, വ്യാപാരവും എല്ലാം ഒരുതരം ഇടപാടുതന്നെ. ചിലത്‌ യാതൊരു ധര്‍മബോധവുമില്ലാത്ത മനുഷ്യമനസ്സിന്റെ പ്രകടനങ്ങളാകാം, വേറെ ചിലത്‌ അത്ത്യുദാത്തമായ, ഭാവനാസമ്പന്നമായ മനസ്സിന്റെ പ്രതിഫലനമാകാം, ഇനിയും ചിലത്‌ അന്തരാത്മാവു വിടര്‍ന്നു വികസിക്കുന്നതിന്റെ ഫലമായിട്ടാകാം. നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്ന, ഈ മഹാപ്രപഞ്ചത്തോളം വലുപ്പമുള്ള പലവിധ ഇടപാടുകള്‍ കണ്ടറിയാന്‍, ഒന്ന് നിശ്ചിന്തനായി, നിശ്ചലനായി ഇരുന്ന് നിരീക്ഷിച്ചാല്‍ മാത്രം മതി, വേറൊന്നും ചെയ്യേണ്ടതില്ല.

അവിടെ എത്തിച്ചേരാന്‍ എളുപ്പമായ ചില വഴികളുണ്ട്. അതില്‍ ഏറ്റവും എളുപ്പമായ ഒരു വഴി, സ്വന്തം ജീവിതത്തെ തന്നെ ദാനമായി കൊടുക്കാനുള്ള ഒരുപാധിയായി മാറ്റുക എന്നതാണ്‌.

ഈശ്വരന്റെ ആ ദിവ്യാനുഗ്രഹത്തിന്‌ പാത്രമാവാന്‍ അവനവനെക്കൊണ്ടാവില്ല എന്നു തോന്നുന്നുണ്ടോ? സാരമില്ല... അവിടെ എത്തിച്ചേരാന്‍ എളുപ്പമായ ചില വഴികളുണ്ട്. അതില്‍ ഏറ്റവും എളുപ്പമായ ഒരു വഴി, സ്വന്തം ജീവിതത്തെ തന്നെ ദാനമായി കൊടുക്കാനുള്ള ഒരുപാധിയായി മാറ്റുക എന്നതാണ്‌. ദാനം ചെയ്യുക എന്നതുകൊണ്ടു ഞാനുദ്ദേശിക്കുന്നത്‌ കേവലം നാമമാത്രമായ ഒരു കര്‍മമല്ല. അങ്ങിനെയുള്ള ചിന്ത തന്നെ യഥാര്‍ത്ഥത്തില്‍ ഒരു വഞ്ചനയാണ്‌. കാരണം, ദാനമായി കൊടുക്കാന്‍ എന്തുണ്ട് നിങ്ങളുടെ കൈയ്യില്‍? നമ്മുടേതെന്ന് നമ്മള്‍ അവകാശപ്പെടുന്ന എല്ലാം തന്നെ, സ്വന്തം ശരീരമടക്കം, ഈ ഭൂമി കനിഞ്ഞു നല്‍കിയിട്ടുള്ള സ്വത്താണ്‌. ഭൂമിയില്‍നിന്നും നമ്മള്‍ എടുത്തിട്ടുള്ളതിന്റെ ഏറ്റവും ചെറിയൊരംശം മാത്രമേ നമുക്കു തിരിച്ചുനല്‍കാനാവുകയുള്ളു. അതുകൊണ്‍്‌ ആ നല്‍കലില്‍ തന്നെ ഒരപാകതയുണ്ട്, കാപട്യവുമുണ്ട്. എന്നാല്‍ നിറഞ്ഞ മനസ്സോടു കൂടി അന്യനു നല്‍കലാണ്‌ നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതമെങ്കില്‍, ഓരോ ദാനവും നിങ്ങളുടെ ആന്തരിക സ്വഭാവത്തിന്റെ കാഴ്‌ചപ്പാടായിത്തീരും. നല്‍കുവാനായി ഹൃദയകവാടങ്ങള്‍ മലര്‍ക്കെ തുറക്കുമ്പോള്‍, ദൈവാനുഗ്രഹം സ്വാഭാവികമായും അവിടേക്കൊഴുകിയെത്തുന്നു. ആ കാര്യത്തില്‍ ഒരു സംശയവും വേണ്ട.

ഞാന്‍ നന്നേ കുട്ടിയായിരുന്നപ്പോള്‍, അത്യപൂര്‍വ്വമായൊരു ദാനം കൊടുക്കലിന്‌ സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. അത്‌ വലിയൊരു അനുഗ്രഹമായും കൂടി ഞാന്‍ കരുതുന്നു, സാധാരണ ഒരു മനസ്സിന്‌, എന്റേതടക്കം, മനസ്സിലാക്കാന്‍ സാദ്ധ്യമല്ലാത്തൊരു സംഭവം. എന്റെ മുത്തശ്ശിയെപ്പറ്റി പലതവണ ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. 113 വയസ്സുവരെ അവര്‍ ജീവിച്ചിരുന്നു. ഇത്രയൊക്കെ അയുസ്സോ? എന്താ ഇവര്‍ക്ക്‌ മരണമില്ലേ? പലരും കരുതി അവര്‍ ഏതോ പിശാചിന്‍റെ മനുഷ്യരൂപമാണെന്ന്. സ്വന്തം ഭര്‍ത്താവിന്റേയും, മക്കളില്‍ എല്ലാപേരുടേയും മരണത്തിന്‌ അവര്‍ സാക്ഷിയായിരുന്നു. പേരക്കുട്ടികളില്‍ പോലും പലരും അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചു. എന്നിട്ടും അവര്‍ മാത്രം മരിച്ചില്ല.

രാവിലത്തെ ഭക്ഷണം കൈയ്യില്‍ കിട്ടിയാല്‍ അതുംകൊണ്ടവര്‍ പുറത്തേക്കിറങ്ങും. അതില്‍ മൂന്നില്‍ രണ്ടു ഭാഗം പക്ഷികള്‍ക്കും ഉറുമ്പുകള്‍ക്കും, അണ്ണാരക്കണ്ണന്‍മാര്‍ക്കുമുള്ളതാണ്‌; പ്രത്യേകിച്ചും ഉറുമ്പുകള്‍ക്ക്‌. ചുറ്റുമുള്ളവര്‍ പരാതി പറഞ്ഞു, ചിലര്‍ പരിഹസിച്ചു, "മുത്തശ്ശി ഭക്ഷണം വെറുതെ എറിഞ്ഞുകളയുകയാണ്‌. അവര്‍ ആഹാരമില്ലാതെ ചത്തുപോവുകയേയുള്ളു.” അങ്ങിനെപോയി ജനസംസാരം. ആ പറഞ്ഞവരില്‍ അധികം പേരും മരിച്ചുപോയി. എന്നിട്ടും മുത്തശ്ശിയുടെ ആയുസ്സൊടുങ്ങിയില്ല. എത്രയോ തവണ ഞാന്‍ കണ്‍ണ്ടിരിക്കുന്നു, കിണ്ണത്തില്‍ പ്രാതലിന്റെ പൊട്ടും പൊടിയുമായി മുത്തശ്ശി നോക്കിയിരിക്കും. കൂട്ടംകൂട്ടമായി ഉറുമ്പുകള്‍ അരിച്ചുവന്ന് അതിന്റെ പങ്കു പറ്റും. അപ്പോള്‍ അവരുടെ കവിളില്‍കൂടി കണ്ണീര്‍ ഒലിച്ചിറങ്ങുന്നുണ്ടാകും.
"എന്താ ഭക്ഷണം കഴിക്കാതിരിക്കുന്നത്‌?” എന്നാരെങ്കിലും ചോദിച്ചാല്‍ അവര്‍ പറയും,

"കഴിച്ചുവല്ലൊ, എന്റെ വയറു നിറഞ്ഞു."

അവരും ഉറുമ്പുകളുമായി എന്തോ വൈകാരിക ബന്ധമുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അന്നെനിക്ക്‌ അഞ്ചോ ആറോ വയസ്സില്‍ കൂടുതല്‍ പ്രായമില്ല. അവര്‍ക്കാണെങ്കിലോ? നൂറും കവിഞ്ഞിരുന്നു. വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌, ലോകവുമായി ഇടപെടാന്‍ മറ്റൊരു മാര്‍ഗമുണ്ടെന്ന്. ഉറുമ്പുകള്‍ മതിയാവോളം തിന്നുമ്പോള്‍ മുത്തശ്ശിയുടെ വയറും നിറയുന്നു. യുക്തിസഹജമായി ചിന്തിക്കുന്നവര്‍ക്ക്‌ ഇതിനോട്‌ യോജിക്കാനാവില്ല. അവര്‍ക്കിത്‌ ശുദ്ധ അസംബന്ധമായേ തോന്നു. പക്ഷെ മുത്തശ്ശിയെ സംബന്ധിച്ചിടത്തോളം, ശരിക്കും അവരുടെ വയറു നിറഞ്ഞിരുന്നു. ഇങ്ങനെയായിരുന്നിരിക്കാം അവര്‍ അസാമാന്യമായ ഒരായുസ്സിന്‌ ഉടമയായത്‌. ഉറുമ്പിന്‌ തീറ്റി കൊടുത്ത്‌ സ്വന്തം വയറു നിറയ്‌ക്കുന്ന രീതി, അത്ഭുതം അസാധാരണം എന്നൊക്കെയല്ലാതെ എന്തു പറയാന്‍!
വൈദ്യശാസ്‌ത്രപരമായി നമുക്കിതിനെ വ്യാഖ്യാനിക്കാനാവില്ല. ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എപ്പോഴൊക്കെ ഞാന്‍ ഉപവാസം അനുഷ്‌ഠിക്കുന്നുവൊ അപ്പോഴൊക്കെ ആദ്യത്തെ രണ്ടുദിവസം എന്റെ ശരീരഭാരം കൂടുന്നതായി കാണാറുണ്‍്‌. ഒന്നരയോ രണ്ടോ കിലോ വരെ കൂടാറുണ്ട്. പലരും പറയാറുണ്ട്, "ലിറ്റര്‍ കണക്കിന്‌ വെള്ളം കുടിക്കുന്നുണ്ടല്ലോ, അതുകൊണ്ടായിരിക്കുമിങ്ങനെ സംഭവിക്കുന്നത്‌." വാസ്‌തവത്തില്‍ കാരണം അതല്ല. ജീവിതം നിലനില്‍ക്കുന്നത്‌ പല പ്രകാരത്തിലാണ്‌. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നു മാത്രമല്ല നമുക്കുവേണ്ട പോഷണം കിട്ടുന്നത്‌. നമുക്ക്‌ ആവശ്യമുള്ള പോഷണത്തിന്റെ ഇരുപത്തിയഞ്ചോ മുപ്പതോ ശതമാനം മാത്രമേ ആഹാരത്തില്‍ നിന്നും ലഭിക്കുന്നുവുള്ളു. ബാക്കിയുള്ളതെല്ലാം കിട്ടുന്നത്‌ നമ്മള്‍ കുടിക്കുന്ന വെള്ളത്തില്‍നിന്നും, ശ്വസിക്കുന്ന വായുവില്‍ നിന്നും, നമ്മളേല്‍ക്കുന്ന സൂര്യപ്രകാശത്തില്‍നിന്നുമാണ്. ഇതൊന്നുമില്ലായിരുന്നെങ്കില്‍ നമ്മള്‍ തന്നെയില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.

ഒരു കാര്യം ഓര്‍മവെയ്ക്കേണ്ടതുണ്ട്. നമ്മളാരും എന്തെങ്കിലും കൈവശം കരുതിക്കൊണ്ടല്ല ഈ ഭൂമിയിലേക്കു വന്നിരിക്കുന്നത്‌. അതുകൊണ്ട് എന്റേതെന്ന അഭിമാനത്തോടെ ആര്‍ക്കും ഒന്നും നല്‍കാനുമാവില്ല. നല്‍കുന്നു എന്നു പറഞ്ഞ്‌ വാസ്‌തവത്തില്‍ നമ്മള്‍ നമ്മുടെ സ്രഷ്‌ടാവിനെ കബളിപ്പിക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അത്‌ നമ്മുടെ ഒരു അഭിനയം മാത്രമാണ്‌. ഈശ്വരനും ആ നാടകത്തില്‍ നമ്മോടൊപ്പം ഒത്തുചേരുന്നു എന്നു മാത്രം. അതങ്ങനെ തുടര്‍ന്നു പോകുന്നു. നമ്മുടെ വിചാരം നമ്മള്‍ സമര്‍ത്ഥരാണ്‌, നമ്മുടെ കാപട്യം അവിടുന്നു മനസ്സിലാക്കുന്നില്ല എന്നാണ്‌. എന്നാല്‍ നമ്മളേക്കാള്‍ എത്രയോ വലിയ സൂത്രശാലിയാണ്‌ അവിടുന്ന് എന്ന് നമ്മളോര്‍ക്കുന്നില്ല. നമ്മള്‍ നല്‍കുന്നത്‌ എന്തുതന്നെയായാലും, അത്‌ ഈ ഭൂമിയില്‍ വന്നു പിറന്നതിനുശേഷം നമ്മുടെ കൈവശം വന്നു ചേര്‍ട്ടിന്നുള്ളതല്ലേ? നമ്മള്‍ എടുക്കുന്നത്‌ എത്രയോ അധികം, തിരികെക്കൊടുക്കുന്നതോ, വെറും നാമമാത്രം. ഈ വിധത്തിലാണ്‌ നമ്മള്‍ നമ്മുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്‌. നിങ്ങള്‍ എത്ര കൊടുക്കുന്നു എന്നത്‌ ഒരു വിഷയമേയല്ല. കാരണം, എത്രയൊക്കെ കൊടുത്താലും അത്‌ നിങ്ങള്‍ എടുക്കുന്നതിന്റെ നന്നേ ചെറിയ ഒരംശം മാത്രമേ ആകുന്നുള്ളൂ. അതാണ്‌ മനുഷ്യജീവിതത്തിന്റെ പ്രവണത.

ചെയ്യുന്നതെന്തായാലും അത്‌ മറ്റെല്ലാവര്‍ക്കും പ്രയോജനകരമായിത്തീരട്ടെ എന്ന ഭാവന ഉണ്ടായാല്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അതിന്റെ ഫലം നിങ്ങള്‍ക്കനുഭവിക്കാറാകും.

അതുകൊണ്ട് നല്‍കുന്നതിനെകുറിച്ച്‌ വലിയ വര്‍ത്തമാനമൊന്നും പറയേണ്ടതില്ല. അത്‌ വെറും ഒരു സൂത്രം മാത്രമാണ്‌. ഈശ്വരനിലേക്കടുക്കാന്‍ മറ്റു മാര്‍ഗമൊന്നും കാണുന്നില്ലെങ്കില്‍ ഇതൊരു എളുപ്പവഴിയായി എടുക്കാമെന്നുമാത്രം. ജീവിതത്തില്‍ ചെയ്യുന്ന ഓരോ കര്‍മവും, എടുക്കുന്ന ഓരോ ശ്വാസവും ഒരു ദാനമായി മാറ്റുക. ചെയ്യുന്നതെന്തായാലും അത്‌ മറ്റെല്ലാവര്‍ക്കും പ്രയോജനകരമായിത്തീരട്ടെ എന്ന ഭാവന ഉണ്ടായാല്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അതിന്റെ ഫലം നിങ്ങള്‍ക്കനുഭവിക്കാറാകും. മനസ്സ്‌ പ്രതീക്ഷിക്കാത്ത വിധത്തില്‍ സമൃദ്ധവും സമ്പന്നവുമാകും. ജീവിതം കൂടുതല്‍ സുന്ദരമായിത്തീരും. ആ അനുഭവത്തിന്റെ ധന്യത, നിങ്ങളുടെ മുഖത്തെ നിശ്ചയമായും അതുവരെയില്ലാത്ത വിധം പ്രകാശപൂര്‍ണമാക്കും. കാരണം, അതാണ്‌ ജീവിതത്തിന്റെ ശരിയായ രീതി!
ജീവിതം എന്നുവെച്ചാല്‍ ദാനമാണ്‌, അതൊരിടപാടാണ്‌, കൊടുക്കല്‍ വാങ്ങലാണ്‌. ഓരോ തവണ കൊടുക്കുമ്പോഴും എന്തെങ്കിലും ചിലത്‌ നമുക്ക്‌ കിട്ടുന്നുമുണ്ട്. കൊടുക്കുന്നതില്‍ എത്രയോ മടങ്ങ്‌ കൂടുതലായി നമുക്ക്‌ കിട്ടുന്നുണ്ട്. പക്ഷെ എന്തുകൊണ്ടോ, അത്‌ നമ്മളുടെ ശ്രദ്ധയില്‍പെടുന്നില്ല. "ഞാനെപ്പോഴും കൊടുത്തുകൊണ്‍ണ്ടിരിക്കുന്നു. തിരിച്ചൊന്നും വാങ്ങാറില്ല," എന്ന് നിങ്ങള്‍ നടിച്ചതുകൊണ്ടു കാര്യമൊന്നുമില്ല. നിങ്ങള്‍ അങ്ങോട്ടു കൊടുക്കുന്നതില്‍ എത്രയോ കൂടുതല്‍ ഈശ്വരന്‍ എപ്പോഴും നിങ്ങളുടെ മടിയിലേക്ക്‌ ചൊരിയുന്നുണ്ട്. അവിടുന്ന് അത്രയും ഉദാരമനസ്‌കനാണ്‌. നമ്മുടെ ഭാഗ്യം!

ഒരിക്കല്‍ ഒരാള്‍ ഒരു നൂറു ഏക്കറോളം കാട്‌ വെട്ടിനിരപ്പാക്കി കൃഷിയിടമായി മാറ്റി. അയാളും രണ്ടു മക്കളും കൂടി നന്നായി അദ്ധ്വാനിച്ചു. താമസിയാതെ അവര്‍ വലിയ ധനികരായി. വര്‍ഷങ്ങള്‍ കഴിഞ്ഞു. അച്ഛന്‍ മരണശയ്യയിലായി. മരിക്കും മുമ്പേ ഒരു കാര്യം നിര്‍ബന്ധമായി അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും ആ ഭൂമി വിഭജിക്കരുത്‌. എന്നാലും വിളവ്‌ തുല്ല്യമായി പങ്കുവെച്ചെടുക്കാം. അച്ഛന്റെ വാക്ക്‌ മക്കള്‍ അതുപോലെ പാലിച്ചു. മൂത്തവന്‍ വിവാഹിതനായി, അഞ്ചു മക്കളും ആയി. ഇളയവന്‍ അവിവാഹിതനായി കഴിഞ്ഞു. അച്ഛന്‍ പറഞ്ഞതു പ്രകാരം മൊത്തം വിളവ്‌ രണ്ടായി പങ്കുവെച്ച്‌ അവര്‍ കാലം കഴിച്ചു.
അങ്ങിനെ കഴിയവേ ഒരു ദിവസം മൂത്തവന്റെ മനസ്സില്‍ ഒരു ചിന്ത കടന്നുകൂടി, "ഇത്രനാളും വിളവിന്റെ നേര്‍പകുതി പങ്കുവെച്ചെടുത്ത്‌ രണ്ടുപേരും സുഖമായി കഴിഞ്ഞു. ഇപ്പോള്‍ രണ്ടുപേര്‍ക്കും പ്രായമായി. എനിക്ക്‌ ഭാര്യയും മക്കളുമുണ്ട്. അതുതന്നെ വലിയൊരു സമ്പത്താണ്‌. അനുജനാണെങ്കില്‍ ആരുമില്ല. വയസ്സായി, വയ്യാതെ കിടന്നാല്‍ ആരുണ്ട് സഹായത്തിന്‌? അതുകൊണ്ട് ഇനിമുതല്‍ വിളവിന്റെ പകുതിയല്ല, കുറച്ചുകൂടി അവനായി മാറ്റിവെയ്ക്കണം. പക്ഷെ ആളൊരു അഭിമാനിയാണ്‌. ഞാന്‍ കൂടുതല്‍ കൊടുത്താലും അവന്‍ സ്വീകരിക്കാന്‍ തയ്യാറാവില്ല."

അന്നുരാത്രിതന്നെ ഒരു ചാക്ക്‌ അരി ആരുമറിയാതെ ജ്യേഷ്‌ഠന്‍ അനുജന്റെ കലവറയില്‍ കൊണ്ടുവച്ചു. ഒന്നുംപറയാതെ മടങ്ങുകയും ചെയ്‌തു. പിന്നേയും ഇടയ്ക്കിടക്ക്‌ അവസരം കിട്ടുമ്പോഴൊക്കെ അയാള്‍ അത്‌ ആവര്‍ത്തിച്ചു.

അനുജന്റെ മനസ്സിലുമുണ്ടായി ഇതേ ആശയം, "ഞാനൊരു ഒറ്റത്തടി, ജ്യേഷ്‌ഠനാണെങ്കില്‍ ഭാര്യയും അഞ്ചു മക്കളുമുള്ള വലിയൊരു കുടുംബം. പകുതി വിളവുകൊണ്ടെന്താവാനാ? എന്റെ പങ്കില്‍ നിന്നും കുറച്ച്‌ ജ്യേഷ്‌ഠനു കൊടുത്താല്‍, അതവര്‍ക്ക്‌ വലിയ സഹായമാകും.”
ആരുമറിയാതെ അന്നുരാത്രിതന്നെ ഒരു ചാക്കരി അനുജന്‍ ജ്യേഷ്‌ഠന്റെ കലവറയില്‍ കൊണ്ടുവെച്ചു. സൌകര്യം കിട്ടിയപ്പോഴൊക്കെ അയാള്‍ ഓരോരോ ചാക്കായി ജ്യേഷ്‌ഠന്റെ വീട്ടില്‍ കൊണ്ടുവെച്ചുപോന്നു.

അസാധാരണമായൊരു കൊടുക്കല്‍ വാങ്ങലിന്‌ സാക്ഷ്യം വഹിച്ച പരിസരം. ഒരു ക്ഷേത്രം പണിതുയര്‍ത്താന്‍ ഇതില്‍ കൂടുതല്‍ നല്ലൊരു സ്ഥലം എവിടെ കിട്ടാന്‍!

വര്‍ഷങ്ങള്‍ കഴിഞ്ഞു, ഈ സത്‌പ്രവൃത്തി അവര്‍ രണ്ടുപേരും പരസ്‌പരം അറിഞ്ഞില്ല. ഒരു ദിവസം രാത്രി പതിവുപോലെ ചാക്കും ചുമന്നു നടക്കുന്നതിനിടയില്‍ ഓര്‍ക്കാപ്പുറത്ത്‌ ജ്യേഷ്‌ഠനും അനുജനും ഇടവഴിയില്‍ കണ്ടുമുന്നി. അപ്പോഴാണവര്‍ക്ക്‌ കാര്യം മനസ്സിലായത്‌. എന്തു പറയണമെന്നറിയാതെ രണ്ടുപേരും മിണ്ടാതെ നിന്നു. അരിച്ചാക്കുകള്‍ വഴിയില്‍തന്നെയിട്ട് രണ്ടുപേരും അവനവന്റെ വഴിയേ തിരിച്ചുനടന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. രണ്ടു സഹോദരന്മാരും മരിച്ചു. കുറെവര്‍ഷം കഴിഞ്ഞൊരുനാള്‍ ഗ്രാമവാസികള്‍ ചേര്‍ന്നു ഗ്രാമത്തില്‍ ഒരു ക്ഷേത്രം പണിയണമെന്ന് നിശ്ചയിച്ചു. അതിനായി അവര്‍ തിരഞ്ഞെടുത്ത സ്ഥലം ആ സഹോദരന്മാര്‍ അരിച്ചാക്കുകള്‍ വഴിയിലിട്ടു തിരിഞ്ഞു നടന്ന ഇടമായിരുന്നു. അസാധാരണമായൊരു കൊടുക്കല്‍ വാങ്ങലിന്‌ സാക്ഷ്യം വഹിച്ച പരിസരം. ഒരു ക്ഷേത്രം പണിതുയര്‍ത്താന്‍ ഇതില്‍ കൂടുതല്‍ നല്ലൊരു സ്ഥലം എവിടെ കിട്ടാന്‍!

പറഞ്ഞു വരുന്നത്‌ ഇതാണ്‌ – ആര്‍ക്കെങ്കിലും നിങ്ങളെന്തെങ്കിലും ദാനം ചെയ്യുന്നുവെങ്കില്‍, അതിനെ കുറിച്ച്‌ നിങ്ങള്‍ക്കു യാതൊരു സങ്കോചവും തോന്നുന്നില്ലായെങ്കില്‍, മനസ്സിലാക്കിക്കൊള്ളു - നിങ്ങള്‍ ഒരമ്പലം പണിതു കഴിഞ്ഞു, നിങ്ങള്‍ നില്‍ക്കുന്നിടത്തു തന്നെ!

Photo credit to : https://pixabay.com/en/hands-give-take-brown-white-306885/