ജീവിച്ചിരിക്കുന്നു എന്നുള്ളതു തന്നെയാണേറ്റവും വലിയ ഭാഗ്യം!
ഇതു വരെയുള്ള ജീവിതം നിരാശാജനകമായിരുന്നു എന്ന അഭിപ്രായത്തില്‍ കഴിയുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. ജീവിതത്തിലെ താളപ്പിഴകളെ അധികം പേരും വലിയ പ്രശ്‌നങ്ങളായി കാണുന്നു. അതിനുപകരം അവയെ അവസരങ്ങളായി കാണാന്‍ നമുക്കവരെ പ്രോത്സാഹിപ്പിച്ചുകൂടെ?
 
 

सद्गुरु

ഇതു വരെയുള്ള ജീവിതം നിരാശാജനകമായിരുന്നു എന്ന അഭിപ്രായത്തില്‍ കഴിയുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. ജീവിതത്തിലെ താളപ്പിഴകളെ അധികം പേരും വലിയ പ്രശ്‌നങ്ങളായി കാണുന്നു. അതിനുപകരം അവയെ അവസരങ്ങളായി കാണാന്‍ നമുക്കവരെ പ്രോത്സാഹിപ്പിച്ചുകൂടെ?

സദ്ഗുരു : ചുറ്റുപാടും നോക്കൂ. ഒരു വലിയ ശതമാനം മനുഷ്യരും ജീവിതത്തിനെ കാണുന്നത്‌ 'ജീവിക്കാന്‍ വേണ്ടി ജീവിക്കുന്നു' എന്ന നിസ്സംഗതാബോധത്തോടെയാണ്. അവരുടെ മനസ്സില്‍ ജീവിതത്തെ പ്രതി വെറുപ്പും, പുച്ഛവും, നിന്ദയും മാത്രമേയുള്ളൂ. ജീവിതം ഞങ്ങളെ അമ്പേ തോല്‍പിച്ചു കളഞ്ഞു എന്നു നിരാശപ്പെടുന്നവര്‍, പൊരുതാന്‍ നില്‍ക്കാതെ ആ തോല്‍വിക്കു കീഴടങ്ങുന്നവര്‍. സാമൂഹ്യസ്ഥിതികള്‍ തന്നെയാണ് അവരെ അങ്ങനെയൊരവസ്ഥയിലേക്കു തള്ളിവിടുന്നത്. ഈയൊരു സ്ഥിതിവിശേഷം ഒഴിവാക്കാന്‍, പ്രത്യേകിച്ചും പ്രായംചെന്നവരുടെ ഇടയില്‍, നമുക്കെന്തുചെയ്യാന്‍ സാധിക്കും?

പരാജയം നേരിടുമ്പോഴാണ്‌ മനസ്സിന്‍റെ ഉത്സാഹം കെടുന്നത്‌, മറ്റുള്ളവരോട്‌ ദേഷ്യവും, പുച്ഛവും, വെറുപ്പുമൊക്കെ തോന്നുന്നത്‌.

പരാജയം നേരിടുമ്പോഴാണ്‌ മനസ്സിന്‍റെ ഉത്സാഹം കെടുന്നത്‌, മറ്റുള്ളവരോട്‌ ദേഷ്യവും, പുച്ഛവും, വെറുപ്പുമൊക്കെ തോന്നുന്നത്‌. ഇന്നത്തെ സാമൂഹിക സ്ഥിതി വെച്ചു നോക്കുമ്പോള്‍, പരാജയം സംഭവിയ്ക്കുക സര്‍വസാധാരണമാണുതാനും. സാമ്പത്തികമായി മേലേത്തട്ടിലുള്ള രാജ്യങ്ങളുടെ കാര്യം നോക്കൂ. സാധാരണക്കാരനായ ഒരു വ്യക്തിക്ക്‌ വിജയം വരിക്കുക എന്നത് 90 ശതമാനവും അസാദ്ധ്യമാണ്. അല്‍പമെങ്കിലും ബുദ്ധിഭ്രമം ബാധിച്ചവനെ ജയിക്കാനാവൂ എന്നതാണിന്നത്തെ സ്ഥിതി. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്‌തമാണ്‌. പക്ഷെ നമ്മളും ആ വഴിയിലേക്കു തന്നെ നീങ്ങുകയാണ്‌ എന്നാശങ്കപ്പെടേണ്ടിയിരിക്കുന്നു. മനുഷ്യന്‌ ജീവിക്കാന്‍ തീര്‍ച്ചയായും പണം ആവശ്യമാണ്‌. എന്നാല്‍ ഇന്ന് മനുഷ്യന്‌ ജീവിക്കാന്‍ പണം മാത്രമേ വേണ്ടു എന്നായിരിക്കുന്നു. ധനമായിരിക്കുന്നു ലോകത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘടകം! കമ്പോള ശക്തികളാണ്‌ ലോകത്തെ ഇങ്ങനെയൊരു സ്ഥിതിവിശേഷത്തില്‍ കൊണ്ടുവന്നെത്തിച്ചിരിക്കുന്നത്‌. അവരുടെ കാഴ്‌ചപ്പാടില്‍ ‘പണത്തിനു മീതെ പരുന്തും പറക്കില്ല’ എന്നതാണ്‌ സത്യം. എന്റെ ആശ ഞാന്‍ പറയട്ടെ?' "പട്ടിണികിടന്നിട്ടായാലും ജീവിച്ചു തന്നെ മരിച്ചുപോകണം. വെറുതെ വയറുമുട്ടെ തിന്ന്‍ ചത്തുപോകാന്‍ എനിക്കാഗ്രഹമില്ല.”

ഒരു കാലത്ത്‌, ഏതെങ്കിലും സമൂഹത്തിലോ, രാജ്യത്തിലോ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടാല്‍ ചെലവുചുരുക്കുക എന്നതായിരുന്നു രീതി. അമിതചിലവ്‌ ഉപേക്ഷിക്കുക, കഴിയുന്നത്ര മിച്ചം വെക്കുക, ഇതെല്ലാം ആരും പറയാതെ തന്നെ എല്ലാവരും അറിഞ്ഞു ചെയ്‌തിരുന്നു. ഇന്നത്തെ സര്‍ക്കാരിന്റെ സമ്പ്രദായമെന്താണ്‌? ലോണ്‍ (കടം) എടുക്കാനാണ്‌ ജനങ്ങളെ പ്രേരിപ്പിക്കുന്നത്‌. എന്തിനും ഏതിനും ലോണ്‍. ഒന്നും വേണ്ടെന്നു വെക്കേണ്ട. സ്വന്തം കീശയിലില്ലാത്ത കാശ്‌ എങ്ങനെ ഒരാള്‍ക്കു ചെലവാക്കാനാകും? ബുദ്ധിമോശമല്ലേ അത്? എല്ലാവര്‍ക്കും അറിയാവുന്നകാര്യമാണല്ലോ അത്. എന്നാല്‍ ആധുനിക സമൂഹത്തിന്‌ ഈ തത്വം അറിഞ്ഞുകൂട. കൈയ്യില്‍ ഒരു പിടി ക്രെഡിറ്റ്‌ കാര്‍ഡുകളുണ്ട്‌. അതുപയോഗിച്ച്‌ ആകാവുന്നത്ര വാങ്ങിച്ചുകൂട്ടുക. ഇന്നോ നാളേയോ തീരാവുന്ന ജീവിതം, ഇനിയൊരവസരം കിട്ടിയില്ലെങ്കിലോ! വിദ്യാര്‍ത്ഥികളുടെ കാര്യം നോക്കൂ. പഠിത്തച്ചിലവിനായി വലിയൊരു തുക ലോണ്‍ എടുത്തിരിക്കും. അതു വീട്ടിത്തീരും മുമ്പേ കാറിനുള്ള ലോണ്‍. പിന്നാലെ വരുന്നു വീടുവാങ്ങാനെടുക്കുന്ന കടം. മുപ്പതു വര്‍ഷത്തിനുള്ളില്‍ വീട്ടിയാല്‍ മതി. പക്ഷെ അതുവരെ വീട്‌ പണയത്തിലായിരിക്കും. ജീവിതം തന്നെ പണയപ്പെടുത്തുന്നവര്‍. എനിക്കു ചോദിക്കാനുള്ളത്‌ ഇത്രമാത്രം; എന്താ, ഈ മനുഷ്യരുടെ ബുദ്ധി ഇത്രത്തോളം മുരടിച്ചുപോയോ? ഇവര്‍ക്ക്‌ ബുദ്ധിയും ബോധവുമില്ലേ? ജീവിതമെന്നാല്‍ ഇതാണോ?

എന്തിനും ഏതിനും ലോണ്‍. ഒന്നും വേണ്ടെന്നു വെക്കേണ്ട. സ്വന്തം കീശയിലില്ലാത്ത കാശ്‌ എങ്ങനെ ഒരാള്‍ക്കു ചെലവാക്കാനാകും? ബുദ്ധിമോശമല്ലേ അത്?

ആയിരമായിരം ആണ്ടുകള്‍ക്കുമുമ്പ്‌ മനുഷ്യര്‍ ജീവിച്ചിരുന്നത്‌ വേട്ടയാടിയും ഫലമൂലാദികള്‍ പറിച്ചു തിന്നുമായിരുന്നു. അന്നവര്‍ പൂര്‍ണമായും സ്വതന്ത്രരായിരുന്നു. ഒരു ദിവസം ഒരു മൃഗത്തെ കൊന്നാല്‍ പിന്നെ പത്തു പതിനഞ്ചു ദിവസം അതുകൊണ്ടവര്‍ വിശപ്പടക്കും. ഒരുപക്ഷെ വേട്ടമൃഗത്തിന്റെ തോല്‍കൊണ്ടുണ്ടാക്കിയ ചെണ്ട കൊട്ടി അവര്‍ ആടിപ്പാടി രസിച്ചിരുന്നിരിക്കാം. എന്തെങ്കിലും കൈവേലകള്‍ ചെയ്യാനും ശ്രമിച്ചിരുന്നിരിക്കാം. ഭക്ഷണം ഒരിക്കലും കൈ നീട്ടിയാല്‍ കിട്ടുന്ന വസ്‌തുവായിരുന്നില്ല. അതിവേഗത്തില്‍ ഓടിമറയുന്ന കാട്ടുമൃഗങ്ങള്‍, അവയെ കൊല്ലുക എളുപ്പമായിരുന്നില്ല. പലപ്പോഴും അവര്‍ ദിവസങ്ങളോളം പട്ടിണികിടന്നിട്ടുണ്ടാവണം. ക്രമേണ അവര്‍ കൃഷിചെയ്യാന്‍ പഠിച്ചു. അപ്പോഴും ഭക്ഷണം സുലഭമായിരുന്നില്ല. എല്ലാകാലത്തും ഒരുപോലെ വിളകൊയ്യാനാവില്ലല്ലോ! അതുകൊണ്ട് ഉപജീവനത്തിന്റെ കാര്യത്തില്‍ ചില ചിട്ടവട്ടങ്ങളുണ്ടായി. ജീവിതം മുന്നാട്ടുപോയി.

നാണയവിളകളുടെ കാര്യമല്ല ഞാന്‍ പറയുന്നത്‌, ഭക്ഷ്യവിളകളെപ്പറ്റിയാണ്‌. ഇന്ത്യയില്‍ ആണ്ടില്‍ അമ്പതു മുതല്‍ നൂറുവരെ ദിവസങ്ങള്‍ കൃഷിപ്പണിക്കുള്ളതാണ്‌. വിതച്ചിരിക്കുന്നത്‌ എന്താണ്‌ എന്നതിനെയനുസരിച്ച്‌ കാലയളവില്‍ ഏററക്കുറച്ചിലുണ്ടാകും. ഏതായാലും ശേഷിക്കുന്ന ദിവസങ്ങള്‍ ഉത്സവാഘോഷങ്ങള്‍ക്കുള്ളതാണ്. ഒന്നുകഴിഞ്ഞാല്‍ മറ്റൊന്ന്‍, അങ്ങനെ അത്‌ നീണ്ടുപോകും. ഓരോ ഗ്രാമത്തിനും അതിന്റേതായ വേലപൂരങ്ങളുണ്ട്‌. അപ്പോഴൊക്കെ ചുറ്റുവട്ടത്തു നിന്നുമുള്ള ആളുകള്‍ അങ്ങോട്ടൊഴുകിയെത്തും. അതുപോലെതന്നെയായിരുന്നു വിവാഹങ്ങള്‍. നാലഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പലവിധ ചടങ്ങുകളും ആഘോഷങ്ങളും. ആണ്ടില്‍ അമ്പതോ നൂറോ ദിവസങ്ങള്‍ മാത്രമേ ഉപജീവനത്തിനായി ആളുകള്‍ അദ്ധ്വാനിക്കാറുള്ളു. ഇന്നത്തെ സ്ഥിതിയതാണൊ? ആണ്ടുമുഴുവന്‍ പണിയെടുത്താലേ കാര്യം നടക്കൂ. മുപ്പതുകൊല്ലത്തെ പണയം വീട്ടാന്‍ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും വേലതന്നെ വേല. താല്‍പര്യമുണ്ടോ ഇല്ലയൊ, ജോലിയെടുക്കാതിരിക്കാനാവില്ല, കടം വീട്ടണമല്ലോ. കുറെ കഴിയുമ്പോള്‍ ആര്‍ക്കായാലും മടുക്കും. തുടക്കത്തിലെ ഉത്സാഹം ക്രമേണ ഇല്ലാതാകും. എല്ലാം ഒരു ഭാരമാകും. ചിലരുടെ മനസ്സിന്റെ സമനില തെറ്റിയെന്നും വരാം. എല്ലാവര്‍ക്കും ഒരുപോലെ ഈ ഭാരം താങ്ങാനായെന്നുവരില്ല.

ഇപ്പോള്‍ ആരോഗ്യത്തിനു മാത്രമല്ല, ശവസംസ്‌കാരത്തിനും കൂടി ഇന്‍ഷുറന്‍സ്‌ ഉണ്ട്. ആളുകള്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ശവസംസ്‌കാരത്തിനുള്ള തവണകള്‍ അടയ്ക്കുന്നു. ഇതെല്ലാം തട്ടിത്തെറുപ്പിച്ച് എല്ലാവര്‍ക്കും പ്രയോജനകരമായ വിധത്തില്‍ സുന്ദരമായൊരു ജീവിതം നയിക്കാന്‍ ശ്രമിക്കൂ. മരിച്ചുകഴിഞ്ഞാല്‍ ആര്‌ ഏതുവിധത്തില്‍ ആ ദേഹം സംസ്‌കരിക്കുമെന്നോര്‍ത്ത് ഇപ്പോഴെ വേവലാതിപ്പെടേണ്ടതുണ്ടോ? താന്‍ മൂലം ഇനിയൊരാള്‍ക്ക്‌ ഉപദ്രവമുണ്ടാകരുത്‌ എന്ന ചിന്ത മനസ്സിലാക്കാം. എന്നാല്‍ മരണശേഷം ആ ജഡം ദഹിപ്പിച്ചാലെന്ത്‌, മണ്ണിലടക്കം ചെയ്‌താലെന്ത്‌, നരിയും നായും തിന്നാലെന്ത്‌? ഇതിനെ കുറിച്ചൊക്കെയുള്ള ചിന്ത ജീവിതത്തിലെ രസം കെടുത്തും എന്നല്ലാതെ അതുകൊണ്ട് വേറെ ഗുണമൊന്നുമുണ്ടാകാനില്ല.

ഇപ്പോള്‍ ആരോഗ്യത്തിനു മാത്രമല്ല, ശവസംസ്‌കാരത്തിനും കൂടി ഇന്‍ഷുറന്‍സ്‌ ഉണ്ട്. ആളുകള്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ശവസംസ്‌കാരത്തിനുള്ള തവണകള്‍ അടയ്ക്കുന്നു.

ആധുനിക ജീവിതത്തിന്റെ മറ്റൊരു വശം, മനുഷ്യന്‍ യന്ത്രത്തെപ്പോലെ പണിയെടുക്കാന്‍ നിര്‍ബന്ധിതനാകുന്നു എന്നുള്ളതാണ്. ചെയ്യുന്നതെന്തും യാന്ത്രികം, സ്വന്തമായൊരു താല്‍പര്യമൊ ഉത്സാഹമോ അതില്‍ കാണില്ല. സമൂഹം നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതും അത്ര മാത്രം, യന്ത്രത്തെപ്പോലെ പണിയെടുക്കുക. ഓരോ ദിവസവും രാവിലെ നിങ്ങള്‍ ഉണരുന്നത്‌ പുതിയ പ്രതീക്ഷകളോടെയല്ല, ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന വിചാരത്തോടു കൂടിയുമല്ല. ആത്മാര്‍ത്ഥമായി ജോലി ചെയ്യണമെന്ന ഉത്സാഹം പോലും നിങ്ങളുടെ മനസ്സിലില്ല. ചെയ്യാതെ നിവൃത്തിയില്ലല്ലോ എന്ന നിസ്സഹായതയോടുകൂടിയാണ്‌ നിങ്ങള്‍ ഓരോ പ്രവൃത്തിയും ചെയ്യുന്നത്‌. നിങ്ങളെ സംബന്ധിച്ചടത്തോളം, ചെയ്യുന്ന ജോലി എന്തായാലും അത്‌ വയറ്റിപ്പിഴപ്പിനുമാത്രം വേണ്ടിയുള്ളതാണ്‌. അവനവന്റേതായ രീതിയില്‍ ജീവിക്കുക എന്ന സംഗതി വളരെ ലളിതമാണ്‌. ഇനിയൊരാളെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്‌. ലളിതവും മ്ലേച്ഛവുമായ ജീവിതം. അത്‌ ഏതൊരാള്‍ക്കും സാദ്ധ്യമാണ്‌.

അയല്‍ക്കാരന്റെ പ്രൌഢഗംഭീരമായ മോടിപിടിപ്പിച്ച ജീവിതരീതി, തന്റെ ജീവിതത്തിലേക്കു പകര്‍ത്താന്‍ പാടുപെടുമ്പോഴാണ്‌ ജീവിതം സങ്കീര്‍ണമാകുന്നത്‌. ഇന്നത്തെ സമ്പദ്‌ഘടന രൂപപ്പെടുത്തിയിട്ടുള്ളത്‌ മനുഷ്യന്റെ ഈ ദുഷ്‌പ്രവണതയെ മുതലെടുത്തുകൊണ്ടാണ്‌. ഈ പ്രവണത സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്തോറും, സമൂഹം കൂടുതല്‍ അശാന്തവും അക്രമാസക്തവുമാകും, ആത്മഹത്യയുടെ തോത്‌ വര്‍ദ്ധിക്കും, ഭ്രാന്തന്‍മാരുടെ എണ്ണം കൂടും, മനുഷ്യമനസ്സുകളില്‍ വിഷാദവും നിരാശയും വന്നു കുമിയും. ഇതിനെല്ലാറ്റിനും കാരണം ജീവിതത്തിന്റെ ലാളിത്യം നഷ്‌ടപ്പെട്ടിരിക്കുന്നു എന്നതാണ്‌. ആര്‍ക്കും ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത സ്ഥിതി. ആരോ പുറകില്‍ നിന്ന്‍ നിരന്തരം ഉന്തികൊണ്ടിരിക്കുകയാണ്. സ്‌കൂളില്‍ പോയില്ലെങ്കില്‍, നല്ല മാര്‍ക്കു വാങ്ങിയില്ലെങ്കില്‍, നല്ല ജോലി നേടിയില്ലെങ്കില്‍, നല്ല ശമ്പളം കൈപറ്റിയില്ലെങ്കില്‍, പിന്നെ എന്തിനുകൊള്ളാം? പെട്ടെന്നൊരു ദിവസം ജീവിതത്തിന്റെ വഴി മാറ്റണമെന്നു തോന്നിയാല്‍, അതിനും സാദ്ധ്യമല്ല. വലിയ ചാഞ്ചാട്ടമൊന്നുമുണ്ടാക്കാതെ, ജീവിതം തുടങ്ങിയത് പോലെതന്നെ മുഴുമിപ്പിക്കണം, തിരഞ്ഞെടുത്ത വഴിയേതന്നെ നടക്കണം എന്നെല്ലാവരും നിര്‍ബന്ധിക്കും. മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമില്ല. വര്‍ദ്ധിച്ച സമ്പത്ത്‌ മനുഷ്യനെ കൂടുതല്‍ സ്വതന്ത്രനാക്കുമെന്ന ചിന്ത വെറുതെയാണ്‌. അവന്‍ കൂടുതല്‍ കൂടുതല്‍ ബന്ധനസ്ഥനാവുകയാണ്‌ ചെയ്യുന്നത്‌.

Photo credit to : https://pixabay.com/en/sprout-plant-growing-new-life-1136131/

 
 
  0 Comments
 
 
Login / to join the conversation1