ജയവും പരാജയവും
 
 

सद्गुरु

ജയപരാജയങ്ങളെകുറിച്ച് സമൂഹത്തിന് അതിന്‍റേതായ സങ്കല്‍പമുണ്ട്. അതിനെകുറിച്ച് നമ്മള്‍ വേവലാതിപ്പെടേണ്ടതില്ല. വലിയൊരു സാദ്ധ്യതയിലേക്കെത്താനുള്ള ചെറിയൊരു ചവിട്ടുപടിയായി ജീവിതത്തെ കാണാന്‍ കഴിഞ്ഞാല്‍, ജീവിതത്തില്‍ ജയപരാജയങ്ങള്‍ക്ക് പ്രസക്തിയില്ല എന്ന് സദ്ഗുരു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ചോദ്യം:- പരാജയ ഭീതി മറികടക്കാനുള്ള മാര്‍ഗമെന്താണ്?

സദ്ഗുരു:- പരാജയം എന്ന ഒന്ന് എന്‍റെ അറിവിലില്ല. ജയവും പരാജയവുമൊക്കെ അര്‍ത്ഥമില്ലാത്ത സങ്കല്‍പങ്ങളാണ്. ലോകത്തെ മാറ്റാന്‍ ശ്രമിക്കുന്നതിനു പകരം  ആ ആശയത്തെ മാറ്റാന്‍ ശ്രമിക്കാം. അതിനു സാധിച്ചാല്‍ പിന്നെ ഭയമുണ്ടാവില്ല. തെരുവുതെണ്ടിയായ ഒരു പിച്ചക്കാരനായിരിക്കേ നല്ലൊരു ഹോട്ടലില്‍ കയറി ഇഷ്ടഭക്ഷണം കഴിക്കാന്‍ സാധിച്ചാല്‍ വലിയൊരു വിജയമാവില്ലേ?


നിങ്ങളുടെ മനസ്സിലെ വിജയ സങ്കല്‍പം വാസ്തവത്തില്‍ നിങ്ങളുടേതല്ല, മറ്റാരോ നിങ്ങളുടെ മനസ്സില്‍ വരച്ചിട്ടുള്ളതാണ്.

നമ്മുടെ മനസ്സില്‍ നിരവധി സങ്കല്‍പങ്ങളും അഭിപ്രായങ്ങളുമുണ്ട്, വിചാരങ്ങളും വികാരങ്ങളുമുണ്ട്, മൂല്യങ്ങളും ആദര്‍ശങ്ങളുമുണ്ട്. ഇതെല്ലാം നമ്മള്‍ ചുറ്റുപാടുകളില്‍ നിന്നും പെറുക്കികൂട്ടിയിട്ടുള്ളതാണ്. എന്നാലും അവ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. നിങ്ങളുടെ മനസ്സിലെ വിജയ സങ്കല്‍പം വാസ്തവത്തില്‍ നിങ്ങളുടേതല്ല, മറ്റാരോ നിങ്ങളുടെ മനസ്സില്‍ വരച്ചിട്ടുള്ളതാണ്. അതില്‍ നിങ്ങളുടെ കുടുംബത്തിനും സമൂഹത്തിനും, മതത്തിനും സംസ്കാരത്തിനുമൊക്കെ വലിയ പങ്കുണ്ട്. അവ കുറിച്ചിട്ട വിശ്വാസമാണ്  നിങ്ങള്‍ നിങ്ങളുടേതായി കൊണ്ടു നടക്കുന്നത്. മറ്റൊരാളുടെ അഭിപ്രായത്തിന് അടിമയാവേണ്ടതില്ല. വിജയത്തിന്‍റെ ഒന്നാമത്തെ പാഠം അതാണ്. കീശയില്‍ വന്നുവീഴുന്ന പണത്തിന്‍റെ  ആധിക്യമല്ല നിങ്ങളുടെ വിജയത്തിന്‍റെ മാനദണ്ഡം. സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ആദരവും അംഗീകാരവും സ്വന്തം വിജയമായി കാണേണ്ടതില്ല. മനസ്സുനിറയെ സന്തോഷവും സംതൃപ്തിയും തോന്നുന്നുണ്ടോ, സമാധാനമായി ഈ ലോകത്തില്‍ ജീവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുന്നുണ്ടോ എന്നാല്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ വിജയം കൈവരിച്ചിരിക്കുന്നു, ഒരു നരകത്തേയും പിന്നെ നിങ്ങള്‍ ഭയക്കേണ്ടതില്ല.

ഒരു ചവിട്ടു പടി

ജീവിതത്തിലെ സാധാരണ സംഭവങ്ങളെ സ്വന്തം ലക്ഷ്യമായി കാണുന്നവനാണ് ജയപരാജയങ്ങളുള്ളത്. വലിയ ഉയരങ്ങളിലേക്കെത്താനുള്ള ഒരു ചവിട്ടുപടിയായി മാത്രം ജീവിതത്തെ കാണുന്നവന്‍റെ മുമ്പില്‍ പരാജയം എന്നൊന്നില്ല. സാഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ .... സാരമാക്കേണ്ട, ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ സ്വന്തം ഗുണത്തിനായി അവയെ പ്രയോജനപ്പെടുത്തുന്നു. ഒരു കൃഷിക്കാരന്‍ - തുടര്‍ച്ചയായി പ്രകൃതിയില്‍ ഓരോരോ മാറ്റങ്ങള്‍, വലിയ വിളനാശം. അയാള്‍ക്കാകെ മടുത്തു. ഒരു ദിവസം അയാള്‍ ശിവഭാഗവാനെ വിളിച്ചു പറഞ്ഞു."കാലാവസ്ഥ കെടുതികള്‍ എനിക്കു നന്നേ മടുത്തു. അങ്ങ് കൃഷിക്കാരനല്ല. അതുകൊണ്ട് കൃഷിക്കാരുടെ പ്രയാസങ്ങള്‍ അറിയുകയുമില്ല. അങ്ങ് വേട്ടക്കാരനാണ് എന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് ഇനി കാലാവസ്ഥയുടെ വകുപ്പ് എനിക്കു വിട്ടുതരൂ, മഴയും വെയിലും കാറ്റും, വേണ്ട സമയം എനിക്കറിയാം. അങ്ങേക്കറിയാവുന്ന രണ്ടുകാര്യം നായാട്ടും ധ്യാനവും മാത്രമാണല്ലോ. അതുകൊണ്ട് ഇനിയുള്ള കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം.”

“അങ്ങനെയാവാം”, ശിവന് ആകപ്പാടെ രസം തോന്നി "ഇനി മുതല്‍ കാലാവസ്ഥയുടെ ചുമതല താങ്കള്‍ക്ക്.”

കൃഷിക്കാരന് സന്തോഷമായി. നന്നായി ആലോചിച്ചതിനുശേഷം പാടത്ത് വിളയിറക്കി. "മഴവരട്ടെ" അയാള്‍ വിളിച്ചു പറഞ്ഞു. ആ ക്ഷണം മഴപെയ്തു. കുറച്ചുനേരം കാത്തുനിന്ന് മണ്ണിളക്കി നോക്കി. നന്നായി കുതിര്‍ന്നിരിക്കുന്നു. മഴയെ വിളിച്ച് അയാള്‍ പറഞ്ഞു, "മതി തല്‍ക്കാലം നിര്‍ത്താം" അയാള്‍  വയല്‍ ഉഴുതു, ചോളം വിതച്ചു. രണ്ടുദിവസം കഴിഞ്ഞു വിളിച്ചു പറഞ്ഞു, "മഴയും വെയിലും യഥാക്രമം വരട്ടെ" എല്ലാം അയാള്‍ ആശിച്ചതുപോലെ നടന്നു. ഒന്നാന്തരം വിളവുണ്ടായി. കൃഷിക്കാരന് സന്തോഷമായി.

കൊയ്യാന്‍ കാലമായി . അപ്പോള്‍ പുതിയൊരു ഭയം കിളികള്‍ വന്ന് വിള തിന്നാലോ! ആ വിചാരം വന്നതോടെ ചുറ്റപാടുമുള്ള കിളികളൊക്കെ പറന്നുപോയി. "അതിശയം തന്നെ!"

കൃഷിക്കാരന്‍ വിളവുകൊയ്യാന്‍ പാടത്തേക്കിറങ്ങി. അയാള്‍ അമ്പരന്നുപോയി, ചോളചെടികളില്‍ ഒരുമണി ധാന്യമില്ല. എവിടേയാണ് തനിക്ക് തെറ്റുപറ്റിയത്. വെയില്‍, മഴ, കാറ്റ് എല്ലാം വേണ്ടതുപോലെ. കിളികളുടെ ശല്യവും ഉണ്ടായില്ല. അയാള്‍ നേരെ ശിവനെ സമീപിച്ചു. "വേണ്ടതെല്ലാം ഞാന്‍ യഥാസമയം ചെയ്തു. എന്നിട്ടും ഇപ്പോള്‍ ... അങ്ങാണോ ഈ ചതി ചെയ്തത്?


സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ അതില്‍നിന്നും കൂടുതല്‍ കരുത്ത് നേടാന്‍ ശ്രമിക്കാം.

ശിവന്‍ ഒന്നു ചിരിച്ചു, "താങ്കള്‍ എല്ലാം വേണ്ടതുപോലെ ചെയ്തു. കാലാവസ്ഥ താങ്കളുടെ വകുപ്പാണല്ലോ. അതുകൊണ്ട് ഞാന്‍ ഇടപെടാതെ മാറിനിന്നു. താങ്കള്‍ കാറ്റിനെ മാറ്റി നിര്‍ത്തിയത് ശരിയായില്ല. ഞാന്‍ ശക്തമായ കാറ്റുകളെ പാടത്തേക്കയക്കാറുണ്ടായിരുന്നു. ചെടികള്‍ കാറ്റിലുലഞ്ഞ് വീഴുമെന്ന് തോന്നും, പക്ഷെ വീണുപോകാതിരിക്കാന്‍ വേണ്ടി അവ വേരുകള്‍ മണ്ണിലേക്ക് കൂടുതല്‍ ആഴ്ത്തും. അങ്ങനെയാവുമ്പോഴാണ് ചെടികളില്‍ കനത്തില്‍ ധാന്യങ്ങളുണ്ടാവുക. ഇത്തവണ അതുണ്ടായില്ല. അങ്ങനെ കതിരെല്ലാം പതിരായി, ഞാനെന്തു ചെയ്യാന്‍!".

ശക്തമായ കാറ്റ് ചോളം തനിക്ക് ഗുണകരമാക്കി മാറ്റി. അങ്ങനെ നിറഞ്ഞ കതിരുകള്‍ ഉണ്ടായി. നമുക്കും അതു ചെയ്യാനാവും. സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ അതില്‍നിന്നും കൂടുതല്‍ കരുത്ത് നേടാന്‍ ശ്രമിക്കാം. ഇരുന്നു കരഞ്ഞതുകൊണ്ട് പ്രയോജനമില്ല. ഇത് ഓരോ വ്യക്തിയും സ്വന്തമായി എടുക്കേണ്ട തീരുമാനമാണ്. എത്ര തന്നെ വലിയ ദുരന്തമായാലും അതിനെ ഗുണകരമാക്കിമാറ്റുക, കരുത്താര്‍ജ്ജിക്കുക. നിങ്ങളുടെ ഉദ്യോഗം, വിവാഹം, മകളുടെ പ്രശ്നങ്ങള്‍, ഇതൊന്നും അത്ര വലിയ കാര്യങ്ങളല്ല. മുന്നോട്ടു പോകാനുള്ള ഓരോ ചുവടായി മാത്രം കണ്ടാല്‍ മതി. ഭാരതീയ പാരമ്പര്യത്തില്‍ ഇതൊരു പുതിയ ചിന്തയല്ല. പഴയകാലം മുതലേ നമ്മുടെ പൂര്‍വ്വികര്‍ രൂപപ്പെടുത്തിയിട്ടുള്ള ഒരാശയമാണ്. തലമുറകള്‍ക്ക് പകര്‍ന്നുതന്നിട്ടുള്ളതാണ് .... "ആത്മസാക്ഷാത്കാരം - പരമമായ മുക്തി - അതുമാത്രമാണ് നിന്‍റെ ലക്ഷ്യം”.... ജീവിതത്തില്‍ സംഭവിക്കുന്ന മറ്റെല്ലാം തന്നെ ഓരോ ചവിട്ടുപടികളാണ്. വിവാഹവും കുടുംബ ജീവിതവും ചിലര്‍ ഒഴിവാക്കുന്നുണ്ടാവും. എന്തായാലും സന്ന്യാസിയായാലും, സംസാരിയായാലും ലക്ഷ്യം ഒന്നു തന്നെ.... മോക്ഷം.

 
 
 
  0 Comments
 
 
Login / to join the conversation1