सद्गुरु

സമൂഹത്തിനാവശ്യമായ കൈത്തൊഴിലും, വൈദഗ്‌ദ്ധ്യവുമൊക്കെ ജാതിസമ്പ്രദായത്തിലൂടെയാണ് രൂപപ്പെടുത്തിയെടുത്തത്. കൈത്തൊഴിലിന്റെ നിലനില്പിന് അത് കുലത്തൊഴിലായി മാറുന്നത് അന്നതൊരാവശ്യമായിരുന്നു. ഇത് ഒരു ചൂഷണോപാധിയാകുന്നത്‌ കുറെക്കാലം കഴിയുമ്പോഴാണ്‌. ജാതി സംമ്പ്രദായം എങ്ങിനെ നിലവില്‍ വന്നു? ഇത് പാടെ നിര്‍മ്മൂലനം ചെയ്യാനാകുമോ?

സദ്ഗുരു : ഒരു തൊഴിലിനും ഔപചാരിക പരിശീലനകേന്ദ്രങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ്‌ ഭാരതത്തില്‍ ജാതിസമ്പ്രദായം ഉണ്ടായത്‌. ഓരോ തൊഴിലും കുടുംബ പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് തന്നെ പരിശീലിക്കേണ്ടിയിരുന്നു. അതുകൊണ്ട് കൊല്ലന്റേയും, തട്ടാന്റേയും, ചെരുപ്പുകുത്തിയുടെയും വ്യത്യസ്ഥ സംസ്‌കാരങ്ങള്‍ ഉരുത്തിരിയണ്ടത്‌ ആവശ്യമായിരുന്നു. അല്ലാത്തപക്ഷം വിദഗ്‌ദ്ധതൊഴിലുകള്‍ നിലനില്‍ക്കുമായിരുന്നില്ല.

തൊഴിലുകള്‍ പഠിപ്പിക്കാന്‍ വേറെ സംവിധാനമില്ലാത്തതുകൊണ്ട് അതത്‌ കുടുംബങ്ങള്‍ അവരവരുടെ കുലത്തൊഴിലില്‍ കുടുംബാംഗങ്ങള്‍ക്കു വൈദഗ്‌ദ്ധ്യം നേടാന്‍ വീടിനെത്തന്നെ പരിശീലന കേന്ദ്രമായി മാറ്റിയിരുന്നു.

ഒരു കൊല്ലന്റെ മകന്‍ ആറുവയസ്സാകുമ്പോള്‍ ചുറ്റികയും അടകല്ലുമായി കളി തുടങ്ങും. എട്ടുവയസ്സാകുമ്പോള്‍ എന്തായാലും അവന്‌ ചുറ്റിക കൊണ്ടടിക്കണം, ആ ലക്ഷ്യത്തോടെ തന്നെ ആയിക്കോട്ടെ അവന്‍റെ കുട്ടിക്കളികള്‍ എന്നവന്റെയച്ഛനു തോന്നും. പന്ത്രണ്ടുവയസ്സില്‍ അവന്‍ തൊഴിലില്‍ മുഴുകും. 18 – 20 വയസ്സില്‍ ജീവിക്കാന്‍ ഒരു തൊഴിലുമാകും, അവനതില്‍ വിദഗ്ദ്ധനുമാകും.

അങ്ങിനെ കൊല്ലന്റെ മകന്‍ കൊല്ലനും തട്ടാന്റെ മകന്‍ തട്ടാനും ആയിത്തീരുന്നു. തൊഴിലുകള്‍ പഠിപ്പിക്കാന്‍ വേറെ സംവിധാനമില്ലാത്തതുകൊണ്ട് അതത്‌ കുടുംബങ്ങള്‍ അവരവരുടെ കുലത്തൊഴിലില്‍ കുടുംബാംഗങ്ങള്‍ക്കു വൈദഗ്‌ദ്ധ്യം നേടാന്‍ വീടിനെത്തന്നെ പരിശീലന കേന്ദ്രമായി മാറ്റിയിരുന്നു. സമൂഹത്തിന് ആവശ്യമായ എല്ലാ കൈത്തൊഴിലും, വൈദഗ്‌ദ്ധ്യവുമൊക്കെ ഇങ്ങിനെയേ രൂപപ്പെടുത്താനാവൂ. ഒരു കൊല്ലന്‍ തട്ടാന്റെ പണി പഠിക്കാന്‍ ശ്രമിക്കാത്തിടത്തോളം കാലം കൊല്ലന്‍ കൊല്ലനായിത്തന്നെ തുടരും, കാരണം സമൂഹത്തിന്‌ ഒരു കൊല്ലനെ ആവശ്യമുണ്ട്. ക്രമേണ ജനസംഖ്യ വര്‍ദ്ധിച്ച്‌ ഒരായിരം കൊല്ലന്മാരുണ്ടാകുമ്പോള്‍, ന്യായമായും അവര്‍ക്ക്‌ സ്വന്തം ഭക്ഷണരീതികളും, വിവാഹം, മരണം എന്നിവയ്ക്കുള്ള ചടങ്ങുകളും, ആചാരങ്ങളുമൊക്കെ ഉണ്ടായി, ക്രമേണ അവര്‍ സമൂഹത്തില്‍ ഒരു പ്രത്യേക വിഭാഗമാകുകയും, കാലക്രമേണ അതൊരു അംഗികരിക്കപ്പെട്ട ജാതിയായും മാറുന്നു. ഒരു കണക്കിനു നോക്കിയാല്‍ അതില്‍ ഒരപാകതയുമില്ല. സമൂഹത്തിന്‌ സൌകര്യപ്രദമായ ഒരു ക്രമപ്പെടുത്തലിന്റെ ഭാഗം മാത്രമാണത്‌. കൊല്ലന്മാരും സ്വര്‍ണ്ണപ്പണിക്കാരും തമ്മില്‍ അവര്‍ ചെയ്യുന്ന ജോലികള്‍ വ്യത്യസ്ഥമായതിനാല്‍ ഉപയോഗിക്കുന്ന പണിയായുധങ്ങള്‍ക്കും, രീതികള്‍ക്കും, വേഷഭൂഷണങ്ങള്‍ക്കും, ജീവിതശൈലിക്കും ഒക്കെ സ്വാഭാവികമായും പ്രകടമായ വ്യത്യാസങ്ങളുണ്ടാകും.

ഈ വ്യത്യാസം ഒരു ചൂഷണോപാധിയാകുന്നത്‌ കുറെക്കാലം കഴിയുമ്പോഴാണ്‌. ഒരു ക്ഷേത്രം നടത്തുന്നയാള്‍ ഒരു സ്‌കൂള്‍ നടത്തുന്നവനേക്കാള്‍ കേമനാണെന്ന് പിന്നീടൊരു ധാരണയുണ്ടായി. സ്‌കൂള്‍ നടത്തുന്നവന്‍ കൊല്ലന്റെ ആല നടത്തിപ്പുകാരനേക്കാള്‍ കേമനാണെന്നും വന്നു. ഈ വ്യത്യാസങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ച വരുത്താന്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന അവസ്ഥ വന്നു. അതിനുവേണ്ടി സമൂഹതലത്തില്‍ പല നിര്‍ദേശങ്ങളും കൊണ്ടുവന്നു. പക്ഷേ കാലക്രമേണ നാം ഈ വ്യത്യാസങ്ങളെ വിവേചനത്തിനായി ഉപയോഗിച്ചു. വ്യത്യാസങ്ങള്‍ നല്ലതാണ്‌. ഈ ലോകത്തില്‍ എല്ലാം വ്യത്യസ്ഥങ്ങള്‍ തന്നെയാണ്‌, അതങ്ങനെ വേണം താനും. പക്ഷേ, നാം എല്ലാ വ്യത്യാസങ്ങളേയും വിവേചനമാക്കി മാറ്റി – വര്‍ഗ, മത, ലിംഗ വ്യത്യാസങ്ങളാക്കി. ഈ വ്യത്യാസങ്ങളെ മാത്രം നിലനിര്‍ത്തിയിരുന്നെങ്കില്‍ നമ്മുടേത്‌ ഒരു വര്‍ണ്ണശബളിതമായ സുന്ദരസംസ്‌കാരമായിത്തീര്‍ന്നേനെ. പക്ഷേ സ്വബോധം നഷ്ടപ്പെട്ട് എല്ലാത്തിനേയും ഒരു വേര്‍തിരിവോടെ കാണാന്‍ തുടങ്ങിയപ്പോള്‍ ജാതിവ്യവസ്ഥ വൈരൂപ്യം നിറഞ്ഞതായി. സമൂഹത്തില്‍ കഴിവുകള്‍ വികസിപ്പിക്കാനുതകുന്ന ആ കാലത്തിന് ഏറ്റവും ഉചിതമായിരുന്ന മാര്‍ഗ്ഗം, ദൌര്‍ഭാഗ്യവശാല്‍ വേര്‍തിരിവിനും നിഷേധാത്മകതക്കും കാരണമായി.

ഈ ലോകത്തില്‍ എല്ലാം വ്യത്യസ്ഥങ്ങള്‍ തന്നെയാണ്‌, അതങ്ങനെ വേണം താനും. പക്ഷേ, നാം എല്ലാ വ്യത്യാസങ്ങളേയും വിവേചനമാക്കി മാറ്റി – വര്‍ഗ, മത, ലിംഗ വ്യത്യാസങ്ങളാക്കി.

ഓരോരുത്തര്‍ക്കും ഇപ്പോഴുള്ളതിനേക്കാള്‍ കുറച്ചുകൂടി ഭേദപ്പെട്ട അവസ്ഥയിലാണ്‌ താന്‍ എന്നു സ്വയം ഭാവിക്കാനുള്ള ത്വരയാണ്‌ എല്ലാ വ്യത്യാസങ്ങളെയും സമൂഹത്തില്‍ വേര്‍തിരിവ്‌ ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തുന്നത്. നിര്‍ഭാഗ്യവശാല്‍ മനുഷ്യന്‍ ഇതിനു കണ്ടുപിടിച്ച വഴി മറ്റുള്ളവരെ മോശക്കാരാക്കുക എന്നതാണ്‌. ജീവിതം കൂടുതല്‍ ആസ്വദിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍, സ്വയം ഉയര്‍ത്താനുള്ള മാര്‍ഗ്ഗം മറ്റുള്ളവനെ ഇടിച്ചുതാഴ്‌ത്തുക എന്നതാണെന്ന് ധരിക്കുന്നു. അറിവില്ലായ്മയില്‍ നിന്നും ഉയിര്‍ത്തെഴുന്നെല്‍ക്കുന്നതാണത്. ബാലിശമായ ചിന്താഗതിയാണിതെങ്കിലും കാലാകാലമായി നാം ഇതു തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പക്ഷേ പഴയ ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്‌തതുകൊണ്ട് മാത്രം ഒന്നും നേടാന്‍ കഴിയുകയില്ല, കാരണം ഈ വ്യത്യാസം മറ്റൊരായിരം രൂപങ്ങളില്‍ പുറത്തുവരും. ഉദാഹരണത്തിന്‌, ന്യൂയോര്‍ക്കില്‍ ജാതിവ്യത്യാസം ഇല്ലെന്ന് കരുതുന്നുവോ? വെള്ളക്കാരനും, കറുത്ത വര്‍ഗക്കാരനും  തമ്മിലുള്ള താരതമ്യപ്പെടുത്തല്‍ ഇല്ലാതായാല്‍, വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വ്യത്യാസങ്ങളെ അടിസ്ഥാനപ്പെടുത്തി മറ്റൊരു ജാതിവ്യവസ്ഥ ഉയര്‍ന്നുവരും, വേര്‍തിരിവിന്റെ പുതിയ രൂപങ്ങള്‍ ഉതിര്‍ത്തു വരും. മനുഷ്യമനസ്സില്‍ സമൂലമായ പരിവര്‍ത്തനം വരുത്താതെ ഈവക മാറ്റങ്ങളൊന്നും തന്നെ സമൂഹത്തിന് ഉപകരിക്കുകയില്ല, സമുദായത്തില്‍ യാതൊരു പരിവര്‍ത്തനങ്ങളും സാദ്ധ്യമാകുകയില്ല.

എന്തിനെയും സമഗ്രമായി ഉള്‍ക്കൊള്ളാനുള്ള ബോധം വ്യക്തികള്‍ക്ക്‌ ഇല്ലെങ്കില്‍ അവനുണ്ടാക്കുന്ന വ്യവസ്ഥകള്‍ക്കോ, ചെയ്യുന്ന കര്‍മങ്ങള്‍ക്കോ കാര്യക്ഷമതയുണ്ടാകുകയില്ല. വ്യക്തികള്‍ക്ക്‌ ഈ സമഗ്രത അനുഭവിക്കാനാകുന്നില്ലെങ്കില്‍ അവന്‍ ചെയ്യുന്ന പ്രവൃത്തിയെല്ലാം നിഷേധാത്മകമായിത്തീരും. ആത്മീയതയുടെ ഒരു പ്രധാനലക്ഷ്യം എന്തും സമഗ്രമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സമ്പൂര്‍ണ്ണവ്യക്തിത്വം ഒരോ വ്യക്തിയിലും വികസിപ്പിക്കുക എന്നതാണ്. അതോടൊപ്പം തന്നെ അവരില്‍ കൂടുതല്‍ കാര്യക്ഷമത, പ്രാപ്‌തി, സന്തുലിതത്വം എന്നിവ സൃഷ്ടിക്കുകയും, അതുമൂലം ഉന്നതമായ ഒരു പരമ്പര നിലനിര്‍ത്തുവാന്‍ അത് സഹായകരമായിത്തീരുകയും ചെയ്യും.

Photo credit to : https://pixabay.com/en/old-man-turban-folk-rajasthan-658798/