ഇഷ്ടാനിഷ്ടങ്ങളും ആത്മീയതയും
നിങ്ങളുടെ ഉള്ളിലെ നിങ്ങള്‍ ആരാണെന്ന അടിസ്ഥാനഘടകത്തെ ഇഷ്ടാനിഷ്ടങ്ങള്‍ ബാധിക്കരുത്.'ആത്മീയത' എന്ന വാക്ക് നാം ഉച്ചരിക്കുമ്പോള്‍ 'ഞാന്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാകാന്‍ ആഗ്രഹിക്കുന്നു' എന്നാണ് നാം ഉദ്ദേശിക്കുന്നത്.
 
 

അന്വേഷി: എന്‍റെ ജീവിതത്തിലുടനീളം ഞാന്‍ ഒരു വലിയ സൗന്ദര്യാരാധകനായിരുന്നു. ഏറ്റവും സൗന്ദര്യമുള്ള വസ്തുക്കളെ കാണുന്നതിലാണെങ്കിലും ചെറിയ ചെറിയ കാര്യങ്ങളില്‍ സൗന്ദര്യം കണ്ടെത്തുന്നതിലാണെങ്കിലും. അത് സൗന്ദര്യത്തിന് ഞാന്‍ കൊടുക്കുന്ന വെറും പ്രാമുഖ്യമാണോ? അതോ വെറും വിനോദമാണോ? എന്തിനെയെങ്കിലും മനോഹരമായി അനുഭവപ്പെടുന്നതില്‍ ആദ്ധ്യാത്മികമായ പ്രാധാന്യം വല്ലതുമുണ്ടോ?

സദ്ഗുരു: അത് വിനോദത്തിനുള്ള നല്ലൊരു വഴിയാണ്. നിങ്ങള്‍ ഏതെങ്കിലും ഒന്നിനെ 'മനോഹരം' എന്നു വിധിയെഴുതിയാല്‍ തീര്‍ച്ചയായും മറ്റേതെങ്കിലും ഒന്നിനെ 'വിരൂപം' എന്നു പറയേണ്ടി വരും. അല്ലേ? കാഴ്ച്ചപ്പാടില്ലെങ്കില്‍ സൗന്ദര്യവുമില്ല, അല്ലേ? നിങ്ങള്‍ ജീവിതത്തില്‍ മതിമറക്കുന്നു എന്നത് വ്യത്യസ്തമാണ്. ചിലതു സുന്ദരമെന്നും, വേറെ ചിലത് വിരൂപമെന്നും നിങ്ങള്‍ മുദ്രയടിക്കുന്നതും വ്യത്യസ്തമാണ്.

മോശപ്പെട്ടതിനെപ്പോലും സ്‌നേഹിക്കണമെന്ന് ആളുകള്‍ നിങ്ങളോടു പറയുന്നുണ്ടാവും. അതു വലിയൊരു കള്ളമാണ്.

ഏതെങ്കിലും ഒന്ന് മനോഹരമെന്ന് ഞാന്‍ മുദ്രയടിക്കുമ്പോള്‍ തന്നെ സ്വാഭാവികമായി ഞാന്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അതിനെക്കുറിച്ചു സന്തോഷദായകമായ ഓര്‍മ്മകളാണ്, സന്തോഷകരമായ വികാരങ്ങളാണ് എനിക്കുണ്ടാവുക. ഏതിനെയെങ്കിലും വിരൂപമെന്നു മുദ്രയടിച്ചാലോ, സാധാരണഗതിയില്‍ ഞാന്‍ അതില്‍ നിന്നും വികര്‍ഷിക്കപ്പെടുന്നു. അതിനെക്കുറിച്ച് സുഖകരമല്ലാത്ത ചിന്തകളും വികാരങ്ങളുമാണ് സ്വാഭാവികമായും എനിക്കുണ്ടാവുക. നിങ്ങള്‍ക്കത് തടുക്കാനാവില്ല.

മോശപ്പെട്ടതിനെപ്പോലും സ്‌നേഹിക്കണമെന്ന് ആളുകള്‍ നിങ്ങളോടു പറയുന്നുണ്ടാവും. അതു വലിയൊരു കള്ളമാണ്. ഒരിക്കല്‍ ഏതിനെയെങ്കിലും മോശമെന്നു നിങ്ങള്‍ മുദ്രയടിച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് പിന്നെ അതുമായി ഒന്നും ചെയ്യാന്‍ ആഗ്രഹമില്ലെന്നാണ് അര്‍ത്ഥം. എപ്പോഴെങ്കിലും 'ഇതു നല്ലതാണ്' എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ മാത്രമേ, നിങ്ങള്‍ക്ക് അതിനോട് അടുക്കുവാന്‍ കഴിയുകയുള്ളൂ.

അതുപോലെ, ഒരു തരത്തില്‍ പറഞ്ഞാല്‍ സൗന്ദര്യവും വൈരൂപ്യവും നല്ലതും ചീത്തയും തന്നെയാണ്. അത് നല്ലതിന്‍റെയും ചീത്തയുടെയും ദൃശ്യബോധമാണ്, അല്ലേ? അതിനാല്‍ നാം ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍, മനുഷ്യരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, നമുക്കു ചിലതിനെ ഇഷ്ടപ്പെട്ടതെന്നും ചിലതിനെ ഇഷ്ടപ്പെടാത്തതെന്നും വകതിരിക്കേണ്ടതായി വന്നേക്കാം. നാം അതുമായി കളിക്കുകയാണെങ്കില്‍, സാരമില്ല. പക്ഷേ നിങ്ങളുടെ ഉള്ളിലെ നിങ്ങള്‍ ആരാണെന്ന അടിസ്ഥാനഘടകത്തെ ആ ഇഷ്ടാനിഷ്ടങ്ങള്‍ ബാധിക്കരുത്.

'ആത്മീയത' എന്ന വാക്ക് നാം ഉച്ചരിക്കുമ്പോള്‍ 'ഞാന്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാകാന്‍ ആഗ്രഹിക്കുന്നു' എന്നാണ് നാം ഉദ്ദേശിക്കുന്നത്. അല്ലെങ്കില്‍ എല്ലാറ്റിനെയും പുറന്തള്ളുന്നതാകണം. ഞാന്‍ എല്ലാറ്റിനെയും എന്‍റെ ഭാഗമായി ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്നു, അല്ലെങ്കില്‍ 'ഞാനുള്‍പ്പടെ' എല്ലാറ്റിനെയും പുറന്തള്ളാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇവയാണ് രണ്ടുവഴികള്‍: ഒന്നുകില്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുക അല്ലെങ്കില്‍ എല്ലാറ്റിനെയും പുറന്തള്ളുക. ഒന്നുകില്‍ അനന്തമാകുക, അല്ലെങ്കില്‍ ശൂന്യമാകുക. ഈ രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതിലേക്ക് ആകെ രണ്ടു വാതിലുകളേ ഉള്ളൂ. നിങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിങ്ങനെ കയറാന്‍ ശ്രമിച്ചാല്‍ അവിടെ വാതിലുകളൊന്നുമില്ല; അതൊരു കെണിയാണ്. ആകെ രണ്ടുവാതിലുകളേയുള്ളൂ. ഒന്ന് അനന്തത, മറ്റൊന്ന് ശൂന്യത.

അതിനാല്‍, ഒന്നുകില്‍ നിങ്ങള്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളണം, അല്ലെങ്കില്‍ സകലതും ശൂന്യമാണെന്നറിയണം. ഇവയാണ് രണ്ട് അടിസ്ഥാന മാര്‍ഗ്ഗങ്ങളായി ലോകത്തിന്‍റെ ഈ ഭാഗത്ത് നിങ്ങള്‍ക്കു കാണുവാന്‍ കഴിയുന്നത്. എല്ലാറ്റിനെയും ആദരിക്കുന്ന ചില യോഗാസമ്പ്രദായങ്ങള്‍ ഉണ്ട്. അവര്‍ കല്ലുകളിലും മരങ്ങളിലും എല്ലാറ്റിലും ദൈവത്തെ കാണുന്നു. അതുകൊണ്ടാണ് ഇവിടെ ജനങ്ങള്‍, എവിടെയും എല്ലായിടത്തും കാണുന്ന ചെറിയ കല്ലുകളെപ്പോലും ആരാധിക്കുന്നത്, കാരണം ദൈവം എല്ലായിടത്തുമുണ്ടെന്നാണ് അവരെ പഠിപ്പിച്ചു പോന്നിട്ടുള്ളത്.

പട്ടിയെയാണെങ്കിലും പശുവിനെയാണെങ്കിലും പാമ്പിനെയാണെങ്കിലും മറ്റെന്തിനെയാണെങ്കിലും നിങ്ങള്‍ ആരാധിക്കുന്നത് അവയെല്ലാറ്റിനെയും നിങ്ങള്‍ ദിവ്യമായി കാണുന്നതുകൊണ്ടാണ്. ദിവ്യമല്ലാത്തതായി യാതൊന്നുമില്ല. കിഴക്കന്‍ ജീവിത സമ്പ്രദായത്തില്‍ ചെകുത്താന്‍ എന്ന സങ്കല്‍പ്പമില്ല, എല്ലാം ദിവ്യമാണ്.

പട്ടിയെയാണെങ്കിലും പശുവിനെയാണെങ്കിലും പാമ്പിനെയാണെങ്കിലും മറ്റെന്തിനെയാണെങ്കിലും നിങ്ങള്‍ ആരാധിക്കുന്നത് അവയെല്ലാറ്റിനെയും നിങ്ങള്‍ ദിവ്യമായി കാണുന്നതുകൊണ്ടാണ്. ദിവ്യമല്ലാത്തതായി യാതൊന്നുമില്ല.

സകലതും പൂര്‍ണ്ണമായും മലിനമാണെന്നു കരുതുന്ന യോഗാസമ്പ്രദായങ്ങളും ഉണ്ട്. അത്തരത്തിലുള്ളവരെ കണ്ടുമുട്ടിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും, അവര്‍ എപ്പോഴും വളരെ അസഭ്യരായ ആളുകളാണെന്ന്. അവര്‍ സകലതിനേയും അധിക്ഷേപിക്കുന്നു.

എല്ലാറ്റിനെയും ദിവ്യമായി കാണുന്ന തരത്തിലുള്ള ആളുകള്‍ക്ക് അവരുടെ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ആരാധനയാണ്. എന്നാല്‍ മറ്റേ തരത്തിലുള്ള യോഗികളോ, രാവിലെയും വൈകുന്നേരവും, ദൈവത്തെയും സൃഷ്ടിയെയും സകലതിനെയും അധിക്ഷേപിക്കും. എല്ലാ ദിവസവും രാവിലെ അവര്‍ ഏറ്റവും അശ്ലീലമായ പദങ്ങള്‍ കൊണ്ട് ശിവനെ അധിക്ഷേപിക്കും. ദിവസേന രാവിലെ ശിവനെയും ശിവന്‍റെ അമ്മയെയും എല്ലാറ്റിനെയും ചീത്തവിളിക്കാന്‍ തുടങ്ങും, കാരണം സൃഷ്ടിയെയും സ്രഷ്ടാവിനെയുമൊക്കെ വളരെ നിന്ദനീയമായാണ് അവര്‍ കാണുന്നത്.

ഇങ്ങനെ എല്ലാറ്റിനെയും നിന്ദനീയമായി കാണുന്നതാണ് കൂടുതല്‍ എളുപ്പവഴി, എന്നാല്‍ അതു പ്രയാസമുള്ളതുമാണ്. നിങ്ങള്‍ക്ക് സാമൂഹ്യമായ ചുറ്റുപാടുകളില്‍ ജീവിക്കുവാന്‍ സാധിക്കുകയില്ല. ഈ ആളുകള്‍ക്ക് മറ്റാരോടുമൊത്തു കഴിയാന്‍ പറ്റുകയില്ല. അവര്‍ സദാ തനിയെ ആയിരിക്കും, കാരണം തൊട്ടടുത്തിരിക്കുന്ന ആള്‍ മലിനമാണെന്ന് അവര്‍ കാണുന്നു, മാത്രമല്ല തങ്ങള്‍ തന്നെയും മലിനമാണെന്നു കാണുന്നു. അതിനാല്‍ അവര്‍ക്ക് മറ്റാരുമായും കഴിയുവാന്‍ സാധിക്കുകയില്ല. അത് ഒരു എളുപ്പമുള്ള വഴിയാണ്, പക്ഷേ വളരെ കഠിനമായ ഒരു പാതയാണ്.

അതിനാല്‍ മറ്റൊരു മാര്‍ഗ്ഗം എല്ലാറ്റിനെയും ദിവ്യമായി കാണുക എന്നതാണ്. അതു നിങ്ങളെ സന്തോഷവാനും, സാമൂഹ്യ ചുറ്റുപാടുകള്‍ക്കു യോജിച്ചവനും, എല്ലാവരിലും ദിവ്യത്വം കാണുന്നതുകൊണ്ട് ആളുകളോട് സ്വീകാര്യമായി പെരുമാറാന്‍ കഴിയുന്നവനും ആക്കിത്തീര്‍ക്കും. ഇതാണ് മറ്റേവഴി.

ഏതെങ്കിലും ഒന്നു നല്ലതാണെന്നും, മറ്റൊന്നു മോശമാണെന്നും പറയുന്ന നിമിഷം നിങ്ങള്‍ വിഭജിക്കപ്പെട്ടു. ചിലതു സുന്ദരം, ചിലതു വിരൂപം; ചിലതു ദിവ്യം, മറ്റു ചിലതു പൈശാചികം - എന്നിങ്ങനെ നിങ്ങള്‍ വിഭജിച്ചാല്‍ അതിനൊരവസാനവുമില്ല. അവസാനമില്ലാത്ത ഒരു കെണിയാണത്. അവസാനമില്ലാത്ത ഒരു വെറും കെണിയാണത്. ഇതു നോക്കുക, നിങ്ങള്‍ ലോകത്തെ വിഭജിച്ചിരിക്കുന്നു, എന്നിട്ട് എല്ലാറ്റിനെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അത് സ്വയം പരാജയപ്പെടുത്തുന്ന ഒരു പ്രക്രിയ മാത്രമാണ്.

ആദ്ധ്യാത്മികമാര്‍ഗ്ഗം പിന്തുടരുമ്പോഴും പല ആളുകളും ഇഷ്ടാനിഷ്ടങ്ങളുടെ ഒരു ശക്തമായ ബോധം വച്ചുപുലര്‍ത്തുന്നു. ആദ്ധ്യാത്മികമാര്‍ഗ്ഗം വളരെ കഠിനമായി അവര്‍ക്ക് അനുഭവപ്പെടുന്നതിന്‍റെ പ്രധാനകാരണം അതാണ്. അത് കഠിനമല്ല.

നിങ്ങള്‍ ഇഷ്ടാനിഷ്ടങ്ങളുടെ ഒരു പ്രബലമായ ബോധം ഉണ്ടാക്കി വച്ചിരിക്കുന്നു. ഇഷ്ടാനിഷ്ടങ്ങള്‍ വരാന്‍ കാരണം ചിലതു നല്ലത്, മറ്റുചിലത് മോശം എന്ന് നിങ്ങള്‍ വേര്‍തിരിച്ചതാണ്. ഒരിക്കല്‍ ഒന്നിനെ മോശം എന്നു തീര്‍ച്ചയാക്കിയാല്‍, പിന്നെ അതിനെ ഉള്‍ക്കൊള്ളുക എന്നകാര്യം ഉദിക്കുന്നില്ല. നിങ്ങള്‍ എത്ര കഠിനമായി പരിശ്രമിച്ചാലും അതു സംഭവിക്കുകയില്ല. നിങ്ങള്‍ അങ്ങനെ ഭാവിക്കുമായിരിക്കാം; നിങ്ങള്‍ ചീത്തയാണെന്നു കരുതുന്നതിനെക്കുറിച്ചുപോലും ദയാപൂര്‍വ്വം സംസാരിച്ചേക്കാം, പക്ഷേ ഒന്നിനെ മോശമായി മുദ്രയടിച്ചു കഴിഞ്ഞാല്‍, പിന്നെ അതിനെ ഉള്‍ക്കൊള്ളുക സാധ്യമല്ല. ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിലൂടെയുള്ള യാത്ര കഠിനപരിശ്രമമായി മാറുന്നത് ഇതുകൊണ്ട് മാത്രമാണ്.

 
 
 
 
  0 Comments
 
 
Login / to join the conversation1