ഇന്നലെകളില്‍ കുടുങ്ങിക്കിടക്കരുത് ഇന്നിനെ മികച്ചതാക്കൂ
 
 

सद्गुरु

നിങ്ങൾ ഭൂതകാലത്തെക്കുറിച്ച് ഒരു പാട് സ്വപ്നം കാണുകയും ആ പഴയ മികച്ച ദിനങ്ങളിൽ വീണ്ടും ജീവിക്കുകയും ചെയ്യുന്നവരാണോ? നമ്മുടെ ജീവിതകാലത്തെക്കുറിച്ച് നമുക്ക് ഒരുറപ്പുമില്ലെന്ന് സദ്ഗുരു നമ്മെ ഓർമിപ്പിക്കുന്നു. അതു കൊണ്ട് ഇന്നലെയല്ല, ഇന്നാണ് നമ്മുടെ മികച്ച ദിനമെന്ന് നാം ഉറപ്പു വരുത്തണം.

ചോദ്യം - സദ്ഗുരു, ഞാൻ എപ്പോഴൊക്കെ ഒരു പുതിയ സ്ഥലത്തേക്ക് മാറുന്നുവോ അപ്പോഴൊക്കെ എനിക്ക് പുതിയ ആളുകളുമായി ഇടപഴകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.ഞാൻ എപ്പോഴും ഭൂതകാലത്തെക്കുറിച്ചും പഴയ ആളുകളെക്കുറിച്ചും ചിന്തിക്കുന്നു. എനിക്ക് എന്തു ചെയ്യാൻ കഴിയും?

സദ്ഗുരു:- കുറച്ചു പേർ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു. ചിലർ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുന്നു. ആരും ഇവിടെയല്ല. നിങ്ങൾ പ്രായമുള്ള ആളുകളോട് സംസാരിച്ചു നോക്കൂ.അവർ പറയും; " ഞാൻ സ്കൂളിൽ ആയിരിക്കുമ്പോൾ, ഞാൻ കോളേജിൽ ആയിരിക്കുമ്പോൾ "... അവർ സ്കൂളിലും കോളേജിലും ആയിരിക്കുമ്പോൾ നിങ്ങളെപ്പോലെത്തന്നെ അതൃപ്തരായിരുന്നു. പക്ഷെ ഇപ്പോൾ അവർ തിരിഞ്ഞു നോക്കുമ്പോൾ അവരുടെ ജീവിതം എത്രമാത്രം മോശമായാണ് കെട്ടിപ്പടുത്തത് എന്ന് ഓർക്കുമ്പോൾ പൊടുന്നനെ സ്കൂൾ ജീവിതം അദ്ഭുതകരമായി തോന്നുന്നു.


നിങ്ങൾ എപ്പോഴും ഭൂതകാലം മെച്ചമായിരുന്നു എന്നു ചിന്തിക്കുന്നെങ്കിൽ അതിനർത്ഥം നിങ്ങൾ ഇപ്പോൾ നന്നായി ജീവിക്കുന്നില്ലെന്നാണ്.

നിങ്ങൾ എപ്പോഴും ഭൂതകാലം മെച്ചമായിരുന്നു എന്നു ചിന്തിക്കുന്നെങ്കിൽ അതിനർത്ഥം നിങ്ങൾ ഇപ്പോൾ നന്നായി ജീവിക്കുന്നില്ലെന്നാണ്. ഇന്നലെ നിങ്ങളുടെ മികച്ച ദിവസമായിരിക്കരുത്. ഇന്നായിരിക്കണം നിങ്ങളുടെ മികച്ച ദിവസം. കാരണം നിങ്ങൾക്ക് ഇന്ന് ഒരു അധിക ദിവസത്തിന്‍റെ അനുഭവപരിചയം ഉണ്ട്. അതുകൊണ്ട് നിങ്ങൾ ഇന്നിനെ നിങ്ങളുടെ മികച്ച ദിനം ആക്കേണ്ടതല്ലേ? ഇന്ന് നിങ്ങളുടെ മികച്ച ദിനമായിരിക്കാൻ തക്കവിധം നിങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുക.

ഇന്നലെ ഇന്നിനേക്കാള്‍ മെച്ചമാണെങ്കിൽ അതിനർത്ഥം നിങ്ങൾ ജീവിക്കുകയല്ല മരണത്തെ കൈകാര്യം ചെയ്യുകയാണെന്നാണ്. മരിച്ച ഒന്ന് ജീവിച്ചിരിക്കുന്നതിനേക്കാൾ മെച്ചമാണ് എന്നത് ഒരു നല്ല കാര്യമല്ല. “ഇന്നലെകള്‍” മരിച്ചു കഴിഞ്ഞു. മരിച്ചത് ജീവിച്ചിരിക്കുന്നതിനെക്കാൾ മെച്ചമാണെങ്കിൽ അതിനർത്ഥം നമ്മൾ നന്നായി ജീവിക്കുന്നില്ല എന്നാണ്. പണ്ടത്തെ ആളുകളെയും ഇപ്പോഴത്തെ ആളുകളെയും കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഇന്നത്തെ ദിനം മികച്ചതാക്കൂ. നിങ്ങൾ ഇന്ന് മരിക്കുകയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യും? “ഇല്ല, സദ്ഗുരു ഞാൻ മരിക്കില്ല”. അങ്ങനെ യാതൊരു ഉറപ്പും ഇല്ല. ഞാനോ നിങ്ങളോ നാളെ ജീവിച്ചിരിക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? നമുക്ക് ആഗ്രഹമുണ്ട്. പക്ഷെ അതിന് യാതൊരു ഉറപ്പുമില്ല.

ഇന്നിനെ ഏറ്റവും മികച്ച ദിനമാക്കുക എന്നത് പ്രധാനപ്പെട്ടതല്ലേ? നിങ്ങൾ ഇതു തന്നെ ചെയ്യുകയാണെങ്കില്‍ ഒരു 25 വർഷം കഴിയുമ്പോൾ ആളുകള്‍ നിങ്ങള്‍ ഒരു മഹാനായ മനുഷ്യനാണെന്ന് കരുതും. എല്ലാവരും നിങ്ങളുടെ അടുത്തായിരിക്കാൻ ആഗ്രഹിക്കും. 25 വർഷത്തെ അനുഭവം കൊണ്ട് നിങ്ങളുടെ മികച്ച ദിനം ഒരുപാട് ഉന്നതിയിലെത്തും. എല്ലാവരും അതിന്‍റെ പങ്ക് ആഗ്രഹിക്കും. അങ്ങനെയായിരിക്കണം നിങ്ങളുടെ ജീവിതം.

 
 
 
 
 
Login / to join the conversation1