ഇനിയൊരാളുടെ ജീവിതം കൂടുതല്‍ ക്രിയാത്മകമാക്കാന്‍ എനിക്കാകുമോ?
ആദ്ധ്യാത്മികതയുടെ പാതയിലൂടെ നീങ്ങുന്ന ഒരാള്‍ ബാദ്ധ്യതകള്‍ ഉപേക്ഷിച്ച്‌ കടന്നു കളയുകയാണ്‌ എന്നന്യര്‍ക്കു തോന്നുന്നതില്‍ തെറ്റുണ്ടോ?
 
 

सद्गुरु

ആദ്ധ്യാത്മികതയുടെ പാതയിലൂടെ നീങ്ങുന്ന ഒരാള്‍ ബാദ്ധ്യതകള്‍ ഉപേക്ഷിച്ച്‌ കടന്നു കളയുകയാണ്‌ എന്നന്യര്‍ക്കു തോന്നുന്നതില്‍ തെറ്റുണ്ടോ?

 

അമ്പേഷി : ഒരു പുതിയ ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അത് ജീവിതത്തിലെ ഒരു ബാദ്ധ്യത കൂടിയാവുന്നു. ആരുടെ കാര്യം നോക്കിയാലും, കുടുംബത്തിനും കുട്ടികള്‍ക്കുമാണ് അവരേറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അങ്ങ്‌ ബാദ്ധ്യതകളെക്കുറിച്ച്‌ സംസാരിച്ചു. മനുഷ്യര്‍ എങ്ങിനെ ബാധ്യതകളുള്ളവരാകുന്നു എന്നും വിശദീകരിച്ചു. ആദ്ധ്യാത്മികതയുടെ പാതയിലും ഇത്‌ എന്തുകൊണ്ട് ബാധകമാകുന്നില്ല? ആദ്ധ്യാത്മികതയിലുള്ള താല്‍പര്യം മൂലം ഞങ്ങള്‍ കുടുംബവും സാമൂഹിക ബാദ്ധ്യതകളും ഉപേക്ഷിച്ച്‌ കടന്നു കളയുകയാണ്‌, ഒരൊളിച്ചോട്ടം നടത്തുകയാണ് എന്നൊക്കെ തോന്നുന്നതില്‍ തെറ്റുണ്ടോ?

സദ്‌ഗുരു : ആദ്ധ്യാത്മികപാത പിന്തുടരുന്നതിന്‌, ഒരു ബാദ്ധ്യതയില്‍നിന്നും പിന്തിരിഞ്ഞുപോകേണ്ട ആവശ്യമില്ല. സന്താനോല്‍പ്പാദനവും പരിപാലനവും ഒഴികെ മറ്റൊന്നിനും സാധ്യത അനുവദിക്കാത്ത രീതിയിലാണ്‌ കുടുംബഘടന നിലനില്‍ക്കുന്നതെങ്കില്‍, ലംഘനത്തിന്‍റെ ആവശ്യം വരുന്നു. കുടുംബഘടന അങ്ങിനെയല്ലെങ്കില്‍ ഇറങ്ങിപ്പോക്കിന്‍റെയോ ലംഘനത്തിന്‍റെയോ ഒന്നും പ്രശ്നമേ വരുന്നില്ല.

ആദ്ധ്യാത്മികപാത പിന്തുടരുന്നതിന്‌, ഒരു ബാദ്ധ്യതയില്‍നിന്നും പിന്തിരിഞ്ഞുപോകേണ്ട ആവശ്യമില്ല.

ആദ്ധ്യാത്മികത എങ്ങിനെയാണ്‌ ഒരു കുടുംബത്തെ തകര്‍ക്കുന്നത്‌? ഒരു കുടുംബം തകരുന്നത്‌ അതിന്‍റെതായ അസഹിഷ്‌ണുത കൊണ്ടാണ്‌, പക്വതയില്ലായ്‌മ കൊണ്ടാണ്‌, അതിന്‍റെതായ പരിമിതികള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ - അല്ലാതെ ആദ്ധ്യാത്മികത കൊണ്ടല്ല.

അമ്പേഷി : ‘അവനവന്‍ വിതച്ചത്‌ അവനവന്‍ കൊയ്യുന്നു’ എന്ന സാമാന്യ തത്വം മനസ്സിലാക്കാനുള്ള മാനസിക നിലയില്ലാത്തതിനാല്‍, മനുഷ്യര്‍ അവരുടെ ജീവിതത്തില്‍ ഏറെ കഷ്‌ടതകളും ദുരിതങ്ങളും സഹിക്കേണ്ടി വരുന്നു എന്ന്‍ എനിക്ക്‌ ചിലപ്പോഴൊക്കെ തോന്നാറുണ്ട്‌. കോപിഷ്‌ടനാവുന്നതും, അസൂയാലുവാകുന്നതും, പകയുള്ളവനാകുന്നതും എല്ലാം ഇതിനുദാഹരണമാണ്‌. ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ക്ക്‌ എന്താണ്‌ ചെയ്യാന്‍ കഴിയുക? അവര്‍ കുറച്ചുകൂടി സൂക്ഷിച്ചു പെരുമാറിയിരുന്നെങ്കില്‍ എന്ന്‍ ഞാന്‍ ആശിച്ചുപോകാറുണ്ട്‌. ഏതെങ്കിലും വിധത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍, അത്‌ കൂടുതല്‍ കുഴപ്പങ്ങള്‍ക്ക്‌ കാരണമാവും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

സദ്‌ഗുരു : മറ്റുള്ളവര്‍ക്ക്‌ ജീവിതം ക്രിയാത്മകമാക്കി കൊടുക്കാനുള്ള നിങ്ങളുടെ കഴിവിനെക്കുറിച്ചാണ്‌ നിങ്ങള്‍ ഇവിടെ വിശദീകരിക്കുന്നത്‌. അയാളുടെ ഭാവി രൂപപ്പെടുത്തുക, അയാളുടെ മോചനം സാധ്യമാക്കുക, നിങ്ങള്‍ക്കതൊക്കെ ചെയ്യണമെന്നാഗ്രഹമുണ്ടെങ്കില്‍, ആദ്യം അയാളുടെ വിശ്വാസം ആര്‍ജ്ജിക്കുക. അത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. മറ്റുള്ളവരുടെ വിശ്വാസം ആര്‍ജ്ജിക്കണമെങ്കില്‍, കഠിനാധ്വാനവും, ഉത്തരവാദിത്തവും, ഊര്‍ജവും, ഇച്ഛാശക്തിയും, സാമാന്യബുദ്ധിയും വേണ്ടതായുണ്ട്‌. വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞാല്‍പോലും, പലരിലും അത്‌ വ്യത്യസ്‌തമായിരിക്കും. ഇവിടെ പത്തിരുനൂറാളുകള്‍ ഇരിപ്പുണ്ട്‌. അവരുടെയെല്ലാം ജീവിതത്തില്‍ ഒരേ തരത്തില്‍ ഇടപെടാന്‍ എനിക്ക്‌ കഴിയുകയില്ല.

മറ്റുള്ളവരുടെ വിശ്വാസം ആര്‍ജ്ജിക്കണമെങ്കില്‍, കഠിനാധ്വാനവും, ഉത്തരവാദിത്തവും, ഊര്‍ജവും, ഇച്ഛാശക്തിയും, സാമാന്യബുദ്ധിയും വേണ്ടതായുണ്ട്‌.

ചിലര്‍ തെറ്റായ വഴിയിലൂടെയാണ്‌ സഞ്ചരിക്കുന്നതെങ്കില്‍ ഞാന്‍ അവരെ മുടിക്കുത്തിനു പിടിച്ച്‌ തിരിച്ചുനിര്‍ത്തി, ഇതാണ്‌ വഴി എന്നു പറഞ്ഞുകൊടുക്കും. ഒരു പ്രശ്‌നങ്ങളുമില്ലാതെ അവര്‍ ആ വഴിക്കു പോകും, എന്നാല്‍ മറ്റു ചിലരോട്‌, “ദയവായി ഈ വഴിയേ പോകുക’’ എന്നു പറഞ്ഞാല്‍ അവര്‍ ഈ വഴിയെ പോകാന്‍ പോകുന്നില്ല. അവര്‍ രണ്ടിനുമിടക്കുള്ള വഴിയേ പോകും. അത്‌ അവര്‍ക്ക്‌ ഗുണകരമല്ല എന്നറിയാമെങ്കില്‍പ്പോലും, അതുവഴി പോകാന്‍ അനുവദിക്കുക മാത്രമേ എനിക്ക്‌ കരണീയമായിട്ടുള്ളു.

അതിനാല്‍, ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഇടപെടാനും അവര്‍ക്ക്‌ വേണ്ടത്‌ ചെയ്യാനുമുള്ള എന്‍റെ കഴിവ്‌ വ്യത്യസ്‌തമാണ്‌; അത് ആ വ്യക്തിയില്‍ നിന്ന്‍ എത്രത്തോളം വിശ്വാസം എനിക്കു സമ്പാദിക്കാനായി എന്നതിനെ ആശ്രയിച്ചിരിക്കും. വിശ്വാസം ആര്‍ജ്ജിക്കണമെങ്കില്‍ സമയം വേണം, ഊര്‍ജം വേണം, നിങ്ങളുടേതായ ശ്രമം വേണം. അങ്ങിനെ പല കാര്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതല്ലാതെ വിശ്വാസം നേടാനാവില്ല.

പുറമേ അവരെല്ലാം നിങ്ങളെ വന്ദിക്കും, ക്രിയാത്മകമായി സംസാരിക്കുകയും ചെയ്യും, എന്നാല്‍ ശരിക്കുള്ള വിഷയത്തിലേക്ക്‌ കടക്കുമ്പോള്‍, എത്രത്തോളം നിങ്ങള്‍ക്ക്‌ ഇടപെടാന്‍ കഴിയും എന്നത്‌ നിങ്ങളുടെ ബുദ്ധിയേയും സാമാന്യബോധത്തേയും ആശ്രയിച്ചിരിക്കും. എല്ലാവരോടും ഒരേ തരത്തില്‍ നിങ്ങള്‍ക്ക്‌ ഇടപെടാനാവില്ല. തെരുവിലൂടെ പോകുന്ന ഒരാള്‍ മരണത്തിലേക്കാണ്‌ നടക്കുന്നതെന്ന്‍ അറിയാമെങ്കില്‍പ്പോലും അയാളെ തടഞ്ഞുനിര്‍ത്തി ‘അവിടേയ്ക്ക്‌ പോകരുത്‌, ഇവിടേയ്ക്ക്‌ പോവുക’ എന്നു പറയാന്‍ എനിക്കാവില്ല. മറ്റൊന്നും ചെയ്യുവാന്‍ കഴിയാത്തതുകൊണ്ട്‌ അയാളെ മരണത്തിലേക്ക്‌ നടന്നുപോകുവാന്‍ ഞാന്‍ അനുവദിക്കും. കൂടുതല്‍ സന്ദര്‍ഭങ്ങളിലും യാതൊന്നും ചെയ്യാനാകില്ല, കാരണം അയാള്‍ അതിനു സന്നദ്ധനല്ല.

ഒരു നിര്‍ദ്ദിഷ്‌ട വ്യക്തിക്കുവേണ്ടി നിങ്ങള്‍ക്ക്‌ എന്തു ചെയ്യാന്‍ കഴിയും എന്ന വിഷയത്തില്‍ മിക്കപ്പോഴും പരിമിതികളുണ്ട്‌. അയാള്‍ക്ക്‌ എത്രത്തോളം സമ്മതമുണ്ട്‌, അയാളുടെ മനസ്സ്‌ എത്രത്തോളം വിശാലമാണ്‌ എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു ഇത്‌. യുഗയുഗാന്തരങ്ങളായി ആദ്ധ്യാത്മികാചാര്യന്മാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകളാണ്‌ 'പൂര്‍ണസമ്മതം', 'പൂര്‍ണവിശ്വാസം', 'പൂര്‍ണസമര്‍പണം' എന്നതെല്ലാം. ആരെങ്കിലും അവര്‍ക്ക്‌ കീഴടങ്ങണം എന്ന ആഗ്രഹമല്ല ഇതിനു പിന്നില്‍. മറ്റൊരാളുടെ ജീവിതത്തില്‍ സത്യസന്ധമായി ഇടപെട്ട്, അയാളുടെ ജീവിതത്തെ തികച്ചും വ്യത്യസ്‌തമായ പാതയിലേക്ക്‌ നയിക്കുന്നതിനു വേണ്ടിയാണിത്‌; അതല്ലെങ്കില്‍ അയാളുടെ ധാരണയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌മാത്രം നിങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കേണ്ടിവരും.

നിങ്ങളുടെ ധാരണയുടെ മണ്ഡലത്തിന്‌ വെളിയിലുള്ള എന്തെങ്കിലും ഞാന്‍ ചെയ്‌താല്‍, ഉടനെതന്നെ നിങ്ങള്‍ എന്നെവിട്ട് പോകും. അതിനാല്‍ നിങ്ങളുടെ ഗ്രഹണശക്തിയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുമാത്രമാണ്‌ ഞാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നത്‌, പൂര്‍ണമായ രീതിയിലല്ല. പൂര്‍ണമായ രീതിയില്‍ ഞാന്‍ ഇടപെട്ടാല്‍ നിങ്ങള്‍ പിരിഞ്ഞുപോകും.

‘’യോഗിയാവുക’ എന്നത് അതിശയകരമായതാണ്‌‌, അതിവിശിഷ്‌ടമായതാണ്‌; അതേ സമയം, ഒരു ‘ഗുരുവാകുക’ എന്നത് ഇച്ഛാഭംഗമുളവാക്കുന്ന വിഷയമാണ്‌.’’

‘’യോഗിയാവുക’ എന്നത് അതിശയകരമായതാണ്‌‌, അതിവിശിഷ്‌ടമായതാണ്‌; അതേ സമയം, ഒരു ‘ഗുരുവാകുക’ എന്നത്ഇച്ഛാഭംഗമുളവാക്കുന്ന വിഷയമാണ്‌.’’

 
 
  0 Comments
 
 
Login / to join the conversation1