സദ്ഗുരു; കുടിവെള്ളത്തിനും കുളിക്കാനും, അലക്കാനും പൊള്ളുന്ന വേനലില്‍ ഒന്ന് നീന്തുവാനും അടുത്തുള്ള പുഴയിലും നദിയിലും നാട്ടുകാര്‍ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഏതാനും ദശകങ്ങള്‍ക്ക് മുമ്പ് ഇന്ന് അങ്ങനെ അവയെ ആശ്രയിച്ചാല്‍ ഒരു പക്ഷേ ഇല്ലാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ലോകത്ത് പലയിടത്തും എന്ന പോലെ ഭാരത്തിലെ നദികളും ഒരു കാലത്ത് ഭാരത സംസ്‌കാരത്തിന്‍റെ ഭാഗമായ പുണ്യതീര്‍ത്ഥങ്ങളായിരുന്നവ, മലിനജല സ്രോതസ്സുകളായിരിക്കുന്നു. എന്നാലും നമുക്കവ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്.നാടിന്‍റെ ജീവനാഡികളാണവ. രാജ്യത്തിന്‍റെ ഭാവിയും പല വിധത്തില്‍ നദികളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു.

നദി മലിനീകരണത്തിന്‍റെ കാരണങ്ങള്‍

വ്യവസായ മാലിന്യങ്ങളുടെ പുറംതള്ളല്‍, കാര്‍ഷിക ഭൂമിയില്‍ നിന്നുള്ള രാസവളങ്ങള്‍ കലര്‍ന്ന മലിനജലം ഇവയൊക്കെ നിരവധി പ്രദേശങ്ങളില്‍ നിന്ന് നദികളിലേക്ക് പ്രവേശിക്കുന്നു.

കൃഷിക്ക് ഉപയോഗിക്കുന്ന രാസവളങ്ങള്‍ നദികളെ സംബന്ധിച്ച് മാരകമാണ്. കുറഞ്ഞത് രണ്ടു ശതമാനമെങ്കിലും ജൈവവളങ്ങള്‍ ഉണ്ടെങ്കിലേ, മണ്ണിനെ മണ്ണ് എന്ന് പറയാനാവൂ. എന്നാല്‍ രാസവളങ്ങളും കീടനാശിനികളും ചേര്‍ത്ത് മണ്ണിലെ ജൈവാംശങ്ങളെ എടുത്ത് കളയുകയാണ്. മണ്ണിനെ വെറും മണലാക്കി കൃഷിക്ക് ഉപയുക്തമല്ലാതാക്കുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങി പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മണ്ണിലെ ജൈവഘടകം 0.05 ശതമാനം മാത്രമാണ്. ആയിരത്തില്‍പരം വര്‍ഷങ്ങളായി അന്നം തന്നു കൊണ്ടിരുന്ന പല കാര്‍ഷികനിലങ്ങളും മരുഭൂമിയായി മാറാന്‍ ഈ ഒരൊറ്റ കാരണം മതി.

നഗരപ്രദേശങ്ങളിലെ വ്യവസായശാലകളില്‍ നിന്നും കൃഷിപ്പാടങ്ങളില്‍ നിന്നും പുറംതള്ളുന്ന രാസപദാര്‍ഥങ്ങളടങ്ങിയ വെള്ളമാണ് നദി-മലിനീകരണത്തിന്‍റെ പ്രധാനകാരണങ്ങള്‍ എന്നുതിരിച്ചറിഞ്ഞ സ്ഥിതിക്ക് നഗരങ്ങളില്‍ വൈദ്യുതി, വെളളം, പാചക വാതകം എന്നിവയ്ക്ക് മീറ്റര്‍ പ്രകാരം അളവ് നിശ്ചയിക്കുന്ന പോലെ മാലിന്യ വിസര്‍ജ്ജനത്തിനും മീറ്റര്‍ സമ്പ്രദായം വയ്ക്കണം. അതിനനുസരിച്ച് വ്യാവസായിക മേഖലയും ഗാര്‍ഹിക മേഖലയും പിഴ അടയ്ക്കട്ടെ.

ഉദാഹരണത്തിന് മുബൈ നഗരം ഒരു ദിവസം 2100 മില്യന്‍ ലിറ്റര്‍ മലിനജലം വിസര്‍ജ്ജിക്കുന്നുണ്ട്. അവ ഒഴുകി അവസാനിക്കുന്നത് കടലിലാണ്. അതേ ജലം ശുദ്ധീകരിച്ച് ചെറുകിട-ജലസേചനത്തിന് ഉപയോഗിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് ഹെക്ടര്‍ കാര്‍ഷിക ഭൂമി നനയ്ക്കുവാന്‍ സാധിക്കും. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുളള മലിനജലം ചേര്‍ന്ന് 36 ബില്യണ്‍ ലിറ്ററോളം വരും. അവ ശുദ്ധീകരിച്ചാല്‍ 3-9 ബില്യണ്‍ ഹെക്ടറോളം ചെറുകിട-ജലസേചനം സാധ്യമാവും.

നദികളെ കാര്‍ഷിക മാലിന്യ മുക്തമാക്കുവാന്‍

കര്‍ഷകരെ ജൈവകൃഷിയിലേക്ക് ചുവടുമാറാന്‍ സഹായിച്ചാല്‍ രാസമാലിന്യങ്ങള്‍ക്ക് തടയിടാന്‍ സാധിക്കും. നല്ല വിളവു ലഭിക്കാനും കര്‍ഷകര്‍ക്ക് ആവശ്യത്തിനുള്ള വരുമാനം ലഭിക്കാനും മണ്ണിന് രാസവിഷങ്ങളുടെ യാതൊരു ആവശ്യവുമില്ല. മറിച്ച് ജൈവഘടകങ്ങളാണ് ആവശ്യം. ജന്തുക്കളുടെ മാലിന്യം, ഇലകള്‍ മുതലായ ജൈവമാലിന്യങ്ങളാണ് മണ്ണിന്‍റെ ആരോഗ്യത്തിനാവശ്യം.നദികളുടെ ആയുസ്സിനും പൊതു ആരോഗ്യത്തിനും കര്‍ഷകര്‍ക്കുളള വരുമാനത്തിനും അതുതന്നെയാണ് ഉത്തമം. കര്‍ഷകരുടെ ജൈവകൃഷിയിലേക്കുള്ള ചുവടുമാറ്റം നദികളുടെ രക്ഷയ്‌ക്കെന്നപോലെ നാടിന്‍റെ ഭക്ഷ്യസുരക്ഷക്കും നൂറു മില്യനോളം കാര്‍ഷിക കുടുംബങ്ങളുടെ ക്ഷേമത്തിനും ആവശ്യമാണ്.

വ്യാവസായിക മാലിന്യ സംസ്‌കരണം

നദികളിലേക്ക് പുറം തള്ളുന്നതിന് മുമ്പ് വ്യവസായശാലകള്‍ തന്നെ അവരുടെ വ്യവസായിക മാലിന്യങ്ങള്‍ സംസ്‌കരിക്കണമെന്നതാണ് നിലവിലുള്ള രീതി. അങ്ങനെ വരുമ്പോള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനവേളയില്‍ മാത്രമേ പല വ്യവസായ ശാലകളും അവരുടെ മാലിന്യങ്ങള്‍ സംസ്‌കരിക്കുകയുളളൂ. അവരുടെ അഭാവത്തില്‍ മാലിന്യങ്ങള്‍ നേരിട്ട് നദികളിലേക്ക് ഒഴുക്കുന്ന പ്രവണത തുടരുകയും ചെയ്യുന്നു.മാലിന്യസംസ്‌കരണം ഫലപ്രദമാക്കുവാന്‍, അതിനെ ലാഭകരമായ ഒരു ബിസിനസ്സ് തന്നെയാക്കി മാറ്റേണ്ടിയിരിക്കുന്നു. നിങ്ങളുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്‍റെ ഉത്തരവാദിത്വമാകുമ്പോള്‍, നിങ്ങളുടെ അസംസ്‌കൃത മാലിന്യങ്ങള്‍ നദിയിലേക്ക് ഒഴുക്കുവാന്‍ ഞാന്‍ അനുവദിക്കുകയില്ലല്ലോ പകരം ഞാന്‍ അത് ഏറ്റെടുത്ത് സംസ്‌കരിച്ചുകൊള്ളും. അതിനാല്‍ നദികളിലേക്ക് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ നിലവാരം നിശ്ചയിക്കാനുള്ള ചില മാനദണ്ഡങ്ങള്‍ നടപ്പാക്കുകയേ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെയ്യേണ്ടതായി വരൂ.

മാലിന്യത്തില്‍ നിന്നും സമ്പത്ത്

മാലിന്യം എന്നൊരു സംഗതി സത്യത്തില്‍ ഇല്ല. ഭൂമിയെ നാളിതുവരെ നാം മനുഷ്യര്‍ മലിനപ്പെടുത്തിയതാണത്. മാലിന്യമാക്കിയ ഭൂമിയെ വീണ്ടും ഭൂമിയാക്കി മാറ്റുക എന്നതും ഇനി നമ്മുടെ ഉത്തരവാദിത്വമാണ്. ഒരുപക്ഷേ അതു മാലിന്യത്തില്‍ നിന്ന് ധനത്തിലേക്കുള്ള ഒരു മാറ്റവുമായേക്കാം. ഒരു വസ്തുവിനെ ശരിയാം വണ്ണം കൈകാര്യം ചെയ്യാന്‍ നമുക്കറിയുമോ എന്നതാണ് ചോദ്യം. എന്തിനേയും നമ്മുടെ സ്വാസ്ഥ്യത്തിനായി ഇപയോഗപ്പെടുത്താന്‍ പഠിച്ചുതുടങ്ങേണ്ട സമയം വന്നിരിക്കുന്നു. അതിനാവശ്യമായ സാങ്കേതികവിദ്യകള്‍ ലഭ്യവുമാണ്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് സിംഗപൂരിലെ മലിനജല പ്ലാന്റില്‍ നിന്ന് ശുദ്ധീകരിച്ചെടുത്ത വെള്ളം കുടിച്ചുകൊണ്ട് സിംഗപൂര്‍ പ്രധാനമന്ത്രി അതിനുള്ള മാതൃകയും കാണിച്ചു. ശുദ്ധീകരിച്ച മലിനജലം പാനയോഗ്യമെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധജല സ്രോതസ്സുകള്‍ കൊണ്ടു ഭാരതം സമ്പന്നമായതിനാല്‍ അവ നന്നായി സംരക്ഷിച്ചാല്‍ കുടിവെള്ളത്തിന് മറ്റ് വഴികള്‍ തേടേണ്ടതില്ല. മലിനജല ശുദ്ധീകരണത്തിന്‍റെ ചെലവും ചുരുക്കാം. വ്യാവസായികവും കാര്‍ഷികവുമായ ആവശ്യങ്ങള്‍ക്കു മാത്രമേ അതു വേണ്ടൂ.

ഭാരതത്തിലെ നദി-മലിനീകരണപ്രശ്‌നം

ജലമലിനീകരണം ഒരു കീറാമുട്ടിയൊന്നുമല്ല. കുറഞ്ഞകാലയളവില്‍ പരിഹരിക്കാവുന്നതേയുള്ളു അതിനാവശ്യമായ സാങ്കേതിക വിദ്യകള്‍ ഇപ്പോഴേ നിലവിലുണ്ടു താനും. കര്‍ശനമായ നിയമങ്ങളും അവ നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യവുമാണ് ഇനി വേണ്ടത്. നദികള്‍ തോറും നീന്തിച്ചെന്ന് അവ വൃത്തിയാക്കാനൊന്നും പോകേണ്ടതില്ല. പകരം, അവയെ അശുദ്ധമാക്കുന്നത് നമ്മള്‍ അവസാനിപ്പിച്ചാല്‍ ഒരൊറ്റ മഴക്കാലത്തെ വെള്ളപൊക്കം മതി നദികളെല്ലാം തനിയെ ശുദ്ധീകരിച്ചോളും.

നദി-മലിനീകരണത്തെ നേരിടുകയെന്ന വിഷയത്തെ ഭാരതം വളരെ ഗൗരവമുള്ളൊരു വിഷയമായിട്ടാണു കാണുന്നതെങ്കില്‍, സ്വകാര്യ-പൊതുമേഖലകള്‍ സംയുക്തമായി സ്ഥാപിക്കപ്പെടുകയും, അവ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും വേണം. കുറഞ്ഞകാലയളവില്‍ ഇന്ത്യയില്‍ റോഡുകളുടെ വികസനം സംയുക്ത സംരഭങ്ങളുടെ, സാധ്യതകള്‍ക്കു തെളിവാണ്. അത്തരം സംരഭങ്ങള്‍ക്ക് കാര്യമായ മുന്‍ഗണന നല്‍കിയിരുന്നില്ല.അവ നടപ്പാക്കാന്‍ ദശകങ്ങളൊന്നും ആവശ്യമില്ല. സാങ്കേതിക വിദ്യകള്‍ കയ്യിലിരിക്കെ, സമര്‍പ്പണവും അവ നടപ്പാക്കാനുള്ള നിശ്ചയദാര്‍ഢ്യവുമാണ് ആവശ്യം.

വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ നമ്മുടെ നദികള്‍ക്ക് നഷ്ടമായ മാതൃസ്ഥാനവും സകലമാലിന്യനാശനശക്തിയും തിരിച്ചുനല്‍കാനാവുമെന്നതാണ് എന്‍റെ വിശ്വാസം. നദികള്‍ക്ക് പരിശുദ്ധമായൊരു ഭാവി ഉണ്ടാവുമെന്നു തന്നെ പ്രതീക്ഷിക്കാം. അവയുടെ പരിശുദ്ധി , നമ്മുടെ അതിജീവനത്തിന്‍റെ മാത്രം ആവശ്യാര്‍ത്ഥമല്ല. മനുഷ്യാത്മാക്കളുടെ ഉന്നമനത്തിനും നാട്ടിലെ നദികളുടെ, പവിത്രതയുടെ വീണ്ടെടുപ്പ് ആവശ്യമാണ്.