നിങ്ങളുടെ ഇച്ഛാശക്തിക്ക് ഒരു തീജ്വാലതയുടെ തീക്ഷ്ണതയുണ്ടോ?
സ്വന്തം ആത്മാവാകുന്ന ദൈവികതയെ നിങ്ങള്‍ക്കു കണ്ടെത്താനായോ? സ്ഥൂലശരീരമാകുന്ന ഈ അസ്ഥികള്‍ക്കും മാംസത്തിനുമപ്പുറത്തായി ആത്മപ്രകാശം നിങ്ങളില്‍ നിറഞ്ഞു തെളിയുന്നതായി അനുഭവിക്കാനായോ? അല്ലാതെ ഈ ജീവിതംകൊണ്ട് എന്തു പ്രയോജനം?
 
 

सद्गुरु

പ്രധാനമായി വേണ്ടത് ഇച്ഛാശക്തിയാണ്, എന്തെങ്കിലും ഒന്നു നേടിയെടുക്കണമെന്ന്‍ അല്ലെങ്കില്‍ സാധിച്ചു കിട്ടണം എന്ന ശക്തമായ അഭിവാഞ്ച. മനസ്സില്‍ പ്രബലമായ ഇച്ഛയില്ലെങ്കില്‍ നിസ്സാരമായ തടസ്സങ്ങള്‍പോലും നിങ്ങളെ പിന്‍തിരിപ്പിക്കും

ചോദ്യം: നമസ്കാരം സദ്ഗുരോ, ജനങ്ങള്‍ക്കുവേണ്ടി അവരുടെ ഇടയില്‍ പല പല സാദ്ധ്യതകള്‍ സഫലമാകാനുള്ള തിരക്കില്‍ അങ്ങയുടെ മഹത്തായ ശ്രമങ്ങളുടെ ഭാഗമാകാന്‍ ഞങ്ങള്‍ക്കും മോഹമുണ്ട്. എന്താണ് ഞങ്ങള്‍ക്കു ചെയ്യാനാവുക?

സദ്ഗുരു: പ്രഥമവും പ്രധാനവുമായി വേണ്ടത് ഇച്ഛാശക്തിയാണ്. ഇച്ഛ എന്നാല്‍ തീവ്രമായ ആഗ്രഹം എന്നാണര്‍ത്ഥം. എന്തെങ്കിലും ഒന്നു നേടിയെടുക്കണമെന്ന്‍ അല്ലെങ്കില്‍ സാധിച്ചു കിട്ടണം എന്ന ശക്തമായ അഭിവാഞ്ച. മനസ്സില്‍ പ്രബലമായ ഇച്ഛയില്ലെങ്കില്‍ നിസ്സാരമായ തടസ്സങ്ങള്‍പോലും നിങ്ങളെ പിന്തിരിപ്പിക്കും, അല്ലെങ്കില്‍ വഴിമാറിപ്പോകാന്‍ പ്രേരിപ്പിക്കും. പര്‍വതാരോഹണ വേളകളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. കഴിഞ്ഞ തവണ കൈലാസത്തിലേക്ക് പോയപ്പോള്‍ ഞങ്ങള്‍ തൊറാണ്ടോയിലേക്കുപോയത് മനാങ്ക് താഴ്വരയിലൂടെ തൊറോണ്ടോ ചുരം കടന്നിട്ടാണ്. 18,000 അടി ഉയരം 60 അടിയോളം ചരിവ്. മലകയറാന്‍ തുടങ്ങുമ്പോള്‍ മനസ്സ് പറയാന്‍ തുടങ്ങും, "മനാങ്ക് താഴ്വര എത്ര മനോഹരമാണ്. ഇനി ചുരം കയറി അപ്പുറത്തേക്കു പോകണോ? തീര്‍ത്തും വിജനമായ സ്ഥലങ്ങള്‍, മുഴുവനും പാറകൂട്ടങ്ങള്‍, പച്ചയുടെ ഒരു നാമ്പുപോലും എങ്ങും കാണാന്‍ കിട്ടില്ല. അതേസമയം മനാങ്ക് താഴ്വര അതിസുന്ദരം എത്ര നിറയെ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന തരുലതാദികള്‍!” മനസ്സു വീണ്ടും പറഞ്ഞുകൊണ്ടിരിക്കും, "ഇവിടംവരെ മതി. മിനക്കെട്ട് മല കയറേണ്ട" ഇത് മനസ്സിന്‍റെ സ്ഥിരം സ്വഭാവമാണ്.

എപ്പോഴും എവിടേയും വഴിതെറ്റിക്കാനുള്ള ശ്രമം. മനസ്സിന്‍റെ ഈ പ്രവണതയെ തട്ടിമാറ്റി മുന്നോട്ടു പോകാനായാല്‍, ആര്‍ക്കും ഉയരങ്ങളിലെത്താം. അതിനു സാധികാത്തവര്‍ക്ക് വെറുതെ ഉണ്ടും ഉറങ്ങിയും എവിടെയെങ്കിലും ചുരുണ്ടുകൂടാം. സംഗീതമായാലും, നൃത്തമായാലും, ഉദ്യോഗമായാലും, വ്യാപാരമായാലും മനസ്സിന്‍റെ ഈ പിന്‍തിരിപ്പിക്കല്‍ സര്‍വസാധാരണമാണ്. ഈ പ്രവണതയെ മറികടക്കാന്‍ ശക്തിയുള്ളവര്‍ക്ക് ഏതു ലക്ഷ്യത്തിലും എത്തിച്ചേരാം."ഇതുവേണോ? ഇത്രയും പോരെ? ഈ മല കയറിയിട്ട് എന്തു നേടാന്‍?” കുതിച്ചുചാടാന്‍ തുടങ്ങുമ്പോഴൊക്കെ ഈ ചോദ്യങ്ങള്‍ പിന്നേയും പിന്നേയും കാതുകളില്‍ വന്നലയ്ക്കും.

"ഇതുവേണോ? ഇത്രയും പോരെ? ഈ മല കയറിയിട്ട് എന്തു നേടാന്‍?” കുതിച്ചുചാടാന്‍ തുടങ്ങുമ്പോഴൊക്കെ ഈ ചോദ്യങ്ങള്‍ പിന്നേയും പിന്നേയും കാതുകളില്‍ വന്നലയ്ക്കും

ആദ്യം വേണ്ടത് മനസ്സില്‍ ഇച്ഛാശക്തി വളര്‍ത്തിയെടുക്കുകയാണ്. "എനിക്കിത് നേടണം, ഏതു വിധേനയും നേടണം!” ഉള്ളില്‍നിന്ന് അത് നിങ്ങളെ നിരന്തരം ശല്യപ്പെടുത്തണം. ഇങ്ങനെ ഉല്‍ക്കടമായൊരാഗ്രഹം പിന്നില്‍നിന്നും തള്ളാനില്ലെങ്കില്‍ അധികദൂരം നിങ്ങള്‍ക്കു മുന്നോട്ടു പോകാനാവില്ല, കടമ്പകള്‍ കടക്കാന്‍ നിങ്ങള്‍ പ്രാപ്തരാവില്ല. “സ്വന്തം പരിമിതികള്‍ കടക്കാന്‍ തനിക്കാവുമോ? അതോ അതിനകത്തുതന്നെ കുടുങ്ങിപ്പോകുമോ?” സാധാരണയായി എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു വേവലാതിയാണത്. ഇനി ചിലരുടെ ചിന്ത, “താന്‍ ഇത്രയൊക്കെ പ്രയാസപ്പെടേണ്ടതുണ്ടോ? അതുകൊണ്ടെന്തുനേടാന്‍?” എന്നാകും. ഇവിടെ പ്രധാനമായിട്ടുള്ളത് ‘എന്തു നേടുന്നു’ എന്നുള്ളതല്ല.

മനോഹരമായ ഒരു വീഡിയോ ചിത്രം - ഒരു ചെടി എങ്ങനെ വളര്‍ന്നു വലുതാകുന്നു എന്നാണ് അതില്‍ കാണിച്ചിരിക്കുന്നത്. ചെടിക്കു വളരാന്‍ ആവശ്യമായ വെള്ളവും വളവും സമ്പാദിക്കാന്‍ അതിന്‍റെ വേരുകള്‍ എത്രമാത്രം പാടുപെടുന്നു. ആ കഷ്ടപ്പാടെല്ലാം കടന്നാണ് ഒരു പൂവോ കായോ ഉണ്ടാകുന്നത്. ആരോ അതെല്ലാം ഫിലിമില്‍ പകര്‍ത്തിയിരിക്കുന്നു. അതെല്ലാം "ഫാസ്റ്റ് ഫോര്‍വേഡില്‍" കാണിക്കുമ്പോള്‍ നമുക്ക് തൊട്ടറിയാം പൂക്കാനും കായ്ക്കാനും വേണ്ടി ആ വേരുകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍. ചെടിക്കത് നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. അതിന്‍റെ ഉള്ളിലെ വളരാനുള്ള ഇച്ഛയും, അതിനുവേണ്ടി അതനുഭവിക്കുന്ന പ്രയാസങ്ങളും ഒന്നും ആരും പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതല്ല. അത് അതിന്‍റെ സഹജമായ ഭാവമാണ്. എന്തെല്ലാം സാഹചര്യങ്ങള്‍, എന്തെല്ലാം മാറ്റങ്ങള്‍, ഒക്കെയും വിജയകരമായി തരണം ചെയ്യാന്‍ മനുഷ്യനു സാധിച്ചിട്ടുണ്ട്. ഏതാനും പേരുടെ ആശ്രാന്ത പരിശ്രമത്തിന്‍റെ ഫലമാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങളത്രയും. ആദ്ധ്യാത്മിക മേഖലയിലായാലും ശാസ്ത്ര സാങ്കേതികവിദ്യകളുടെ മേഖലയിലായാലും നമ്മള്‍ കൈവരിച്ചിട്ടുള്ള പുരോഗതിക്കു നിദാനം, നമ്മുടെ പൂര്‍വ്വികരുടെ അദ്ധ്വാനവും പരിശ്രമവുമാണ്. ആ പരിശ്രമങ്ങള്‍ക്കിടയില്‍ എത്രയെത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു! കുറച്ചുപേര്‍ക്കു മാത്രമേ ലക്ഷ്യം നേടാനായിട്ടുള്ളു. ആ കുറച്ചുപേരാണ് ഈ ഭൂമിയില്‍ കാണുന്ന മാറ്റങ്ങള്‍ക്ക് വഴിതെളിയിച്ചിട്ടുള്ളത്.

ആദ്ധ്യാത്മിക മേഖലയിലായാലും ശാസ്ത്ര സാങ്കേതികവിദ്യകളുടെ മേഖലയിലായാലും നമ്മള്‍ കൈവരിച്ചിട്ടുള്ള പുരോഗതിക്കു നിദാനം, നമ്മുടെ പൂര്‍വ്വികരുടെ അദ്ധ്വാനവും പരിശ്രമവുമാണ്

നിങ്ങളുടെ മനസ്സില്‍ നാമ്പിടുന്ന താല്‍പര്യം ഒരഗ്നിജ്വാലയുടെ തീക്ഷ്ണത പ്രാപിക്കുന്നു എങ്കില്‍ എന്നെ സമീപിക്കാം. ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കികൊള്ളാമെന്ന് ഏല്‍ക്കുന്നു. ഓരോ ചുവടായി മുന്നോട്ടുപോകാന്‍ നിങ്ങളെ ഞാന്‍ സഹായിക്കാം.

ആദ്ധ്യാത്മിക മാര്‍ഗത്തിനും ഇതുതന്നെയാണ് പ്രമാണം. അത് ഏറെ പ്രയാസമുള്ളതാണോ? നിങ്ങളുടെ പ്രകൃതം കല്ലുപോലെ കഠിനമാണെങ്കില്‍ ഇതു പ്രയാസമായി തോന്നാം, എന്നാല്‍ പ്രയാസമുള്ളത് ആദ്ധ്യാത്മിക മാര്‍ഗത്തിലല്ല, നിങ്ങളുടെതന്നെ വിചാരവികാരങ്ങള്‍ക്കാണ്. നിങ്ങളുടെ ഉള്ളിലുള്ള ഇച്ഛാശക്തിക്ക് ഒരു തീജ്വാലതയുടെ തീക്ഷ്ണതയുണ്ടോ? എങ്കില്‍ പ്രയാസമേതുമില്ല എന്ന് ഞാന്‍ ഉറപ്പുതരുന്നു. ഓരോരോ ചുവടായി ഞാന്‍ നിങ്ങളെ മുന്നോട്ടു നയിക്കാം. എന്നാല്‍ നിങ്ങളുടെ ഇച്ഛയ്ക്ക് ദൃഢത പോരാ എങ്കില്‍, അത് സദാ ചഞ്ചലമാണ് എങ്കില്‍, അതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാവില്ല എന്നും നേരത്തേ പറയാം. പതിനഞ്ചോ ഇരുപതോ മിനിറ്റു നീണ്ടുനില്‍ക്കുന്ന ധ്യാനമാര്‍ഗത്തില്‍ പ്രവേശിക്കാനായി മാത്രമാണ് നിങ്ങള്‍ ഉപദേശം തേടുന്നത് എങ്കില്‍, ആ പദ്ധതി പ്രായേണ ലളിതമാണ്. ഞാന്‍ വേണ്ട സഹായവും ചെയ്യാം, എന്നാല്‍ മനസ്സില്‍ ഇച്ഛാശക്തി ആളികത്തുന്നവര്‍ക്കു മാത്രമേ പരമമായ ലക്ഷ്യത്തില്‍ എത്തിച്ചേരാനാവൂ. എല്ലാവരും സുഖമായും സന്തോഷമായും കാലം കഴിക്കണം എന്നുള്ളതല്ല എന്‍റെ ലക്ഷ്യം. ഓരോ മനസ്സും ഓരോ ദീപനാളമായി ജ്വലിച്ചുനില്‍ക്കണം എന്നതാണ് എന്‍റെ ആഗ്രഹം. തികച്ചും വ്യത്യസ്തമായ ഒരു പ്രകാശധാര ഓരോ മനസ്സിനേയും പ്രഭാപൂര്‍ണ്ണമാക്കണം.

നിങ്ങള്‍ എത്രകാലം ജിവിച്ചിരിക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ല. അത് മുപ്പതോ അമ്പതോ, നൂറോ ആയിക്കൊള്ളട്ടെ. സ്വന്തം ആത്മാവാകുന്ന ദൈവികതയെ നിങ്ങള്‍ക്കു കണ്ടെത്താനായോ? അതു മാത്രമാണ് എനിക്കു ചോദിക്കാനുള്ളത്. സ്ഥൂലശരീരമാകുന്ന ഈ അസ്ഥികള്‍ക്കും മാംസത്തിനുമപ്പുറത്തായി ആത്മപ്രകാശം നിങ്ങളില്‍ നിറഞ്ഞു തെളിയുന്നതായി അനുഭവിക്കാനായോ? ഇത് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കണം, അല്ലാതെ ഈ ജീവിതംകൊണ്ട് എന്തു പ്രയോജനം? ഈ ശരീരത്തിന്‍റെ ഭാരവുംപേറി നിങ്ങള്‍ നൂറുവര്‍ഷം തികച്ചും ജീവിച്ചിരുന്നാലും, ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാകില്ല. പ്രശ്നങ്ങളും പ്രതിസന്ധികളും അപ്പോഴും വിടാതെ കൂടെയുണ്ടാകും, ഒരുപക്ഷെ കൂടുതല്‍ തീകഷ്ണതയോടെ.

പ്രായമായവരെ ഒന്നു ശ്രദ്ധിച്ചു നോക്കൂ. സഫലമായൊരു ജീവിതത്തിന്‍റെ തെളിമ അവരില്‍ കാണാനാവുമൊ? സാമാന്യരീതിയില്‍ ദീര്‍ഘമായി ജീവിച്ചവരുടെ കാര്യമാണ് ഞാന്‍ പറയുന്നത്. അവരില്‍ അടിമുടി കാണുന്നത് ദു:ഖവും വേദനയുമല്ലേ? ജീവിതത്തെകുറിച്ചു ചോദിച്ചാല്‍ മിക്കവാറും എല്ലാവരും പറയുക ഒന്നുതന്നെയാണ്, "മറ്റു പലരുടേയും കാര്യമാലോചിച്ചാല്‍, ആവക പ്രയാസങ്ങളൊന്നും എന്‍റെ ജീവിതത്തെ ബാധിച്ചില്ലല്ലോ!" അതിലാണ് അവരുടെ സന്തോഷവും സമാധാനവും അല്ലെങ്കില്‍ പറയും, "ഇങ്ങനെയൊക്കെ ജീവിച്ചു പോരുന്നുണ്ടല്ലോ, കാര്യമായ പ്രശ്നങ്ങളൊന്നും കൂടാതെ!"

ഭൂമിയില്‍ വെറുതെ ഒരാളായി കാലം കഴിച്ചുപോകാന്‍ മേല്‍പറഞ്ഞതുപോലെയായാല്‍ മതി. എന്നാല്‍ ആത്മസ്വരൂപത്തെ അറിഞ്ഞും അനുഭവിച്ചും ജീവിതം സാക്ഷാത്ക്കരിക്കണം എന്നുണ്ടെങ്കില്‍ അതിനുള്ള മാര്‍ഗം വേറെയാണ്. മനസ്സില്‍ ഇച്ഛാശക്തി കത്തിനില്‍ക്കുന്നില്ലെങ്കില്‍ ആര്‍ക്കെന്തുചെയ്യാന്‍ കഴിയും! അവനവനില്‍ സഹജമായുള്ള ആ തീപ്പൊരിയെ ഊതിയൂതി ജ്വലിപ്പിക്കൂ. അതിനായി മുപ്പതും നാല്‍പതും കൊല്ലം കാത്തിരിക്കരുത്. ഇപ്പോള്‍, ഈ നിമിഷം ശ്രമം തുടങ്ങണം.

 
 
  0 Comments
 
 
Login / to join the conversation1