ഈ ധ്യാനത്തിന്റെ പ്രയോജനം എന്താണ് ?

ഈ ധ്യാനത്തിന്റെ പ്രയോജനം എന്താണ് ?
 

സദ്‌ഗുരു: ആദ്യമായി ധ്യാനിക്കേണ്ട ആവശ്യം തന്നെ എവിടെയാണ്? ജീവിതം  ആരംഭിച്ചത് തന്നെ അത് നിങ്ങൾ ബോധപൂർവ്വം തിരഞ്ഞെടുത്തത് കൊണ്ടല്ല. അത് നിങ്ങൾക്ക് “സംഭവിച്ചു”. നിങ്ങൾ ജനിച്ചപ്പോൾ നിങ്ങളുടെ ശരീരം വളരെ ചെറുതായിരുന്നു, ഇപ്പോൾ അത് വളർന്നു. അതിനാൽ വ്യക്തമായും, ശരീരം നിങ്ങൾ ശേഖരിച്ച ഒന്നാണ്. ഇത് ഒരു ശേഖരണമാണ്. “എന്റെ ശരീരം” എന്ന് നിങ്ങൾ വിളിക്കുന്നത് ഭക്ഷണത്തിന്റെ ശേഖരത്തെയാണ്. അതുപോലെ, “എന്റെ മനസ്സ്” എന്ന് നിങ്ങൾ വിളിക്കുന്നത് ഇംപ്രഷനുകളുടെ ശേഖരത്തെയാണ്. 

നിങ്ങൾ ശേഖരിക്കുന്നതെല്ലാം നിങ്ങളുടേതായിരിക്കാം, പക്ഷേ അത് ഒരിക്കലും നിങ്ങളായിരിക്കില്ല. നിങ്ങൾ അത് ശേഖരിച്ചുവെന്നതിന്റെ അർത്ഥം നിങ്ങൾ അത് മറ്റെവിടെ നിന്നെങ്കിലും ശേഖരിച്ചു എന്നാണ്. ഇന്ന് നിങ്ങൾക്ക് 70 കിലോഗ്രാം ശരീരം ശേഖരിക്കാൻ കഴിയും, എന്നാൽ ഇത് 60 കിലോഗ്രാം ശരീരമാക്കി കുറയ്ക്കണമെങ്കിൽ നിങ്ങൾക്കങ്ങനെ ചെയ്യാൻ കഴിയും. എന്നാൽ നിങ്ങൾ ആ 10 കിലോ തിരഞ്ഞു പോകേണ്ടതില്ല, കാരണം, ഇത് ഒരു ശേഖരണമായിരുന്നു. നിങ്ങൾ അത് ഉപേക്ഷിച്ചുകഴിഞ്ഞാൽ, അത് ഇല്ലാതാകും. അതുപോലെ, നിങ്ങളുടെ മനസ്സ് ഇംപ്രഷനുകളുടെ ശേഖരമാണ്.

നിങ്ങളുടെ അനുഭവങ്ങളുമായി നിങ്ങൾ താദാത്മ്യം പ്രാപിക്കുന്ന നിമിഷം, നിങ്ങളല്ലാത്ത എന്തെങ്കിലുമായി നിങ്ങൾ താദാത്മ്യം പ്രാപിക്കുന്ന നിമിഷം, നിങ്ങളുടെ അവബോധം  വികലമാകുന്നു. നിങ്ങൾ പുറത്തുനിന്ന് ശേഖരിച്ച ഈ ശരീരം “ഞാൻ” ആണെന്ന് അനുഭവിക്കാൻ തുടങ്ങുന്ന നിമിഷം, നിങ്ങളുടെ മനസ്സിൽ പതിഞ്ഞ അടയാളങ്ങൾ “ഞാൻ” ആണെന്ന് അനുഭവിക്കാൻ തുടങ്ങുന്ന നിമിഷം, നിങ്ങൾക്ക് ജീവിതത്തെ അതെന്താണോ അതേ രീതിയിൽ  മനസ്സിലാക്കാൻ കഴിയില്ല. അപ്പോൾ മുതൽ നിങ്ങളുടെ അതിജീവനത്തിന്  ആവശ്യമായ രീതിയിൽ മാത്രമേ നിങ്ങൾ ജീവിതത്തെ ഗ്രഹിക്കുകയുള്ളൂ, അല്ലാതെ യഥാർത്ഥത്തിൽ ഉള്ള പോലെയല്ല.

നിങ്ങൾ ഒരു മനുഷ്യനായി വന്നുകഴിഞ്ഞാൽ, അതിജീവനം വളരെ പ്രധാനമാണ്, പക്ഷേ അത്  മാത്രം പോരാ. ഈ ഗ്രഹത്തിലെ മറ്റൊരു ജീവിയെപ്പോലെയായിരുന്നു  നിങ്ങൾ എങ്കിൽ, വയറു നിറഞ്ഞിരിക്കുന്നു എങ്കിൽ   - പിന്നെ പ്രശ്നമൊന്നുമില്ല. എന്നാൽ ഒരിക്കൽ നിങ്ങൾ ഒരു മനുഷ്യനായി ഇവിടെയെത്തിയാൽ, ജീവിതം അതിജീവനത്തോടെ അവസാനിക്കുന്നില്ല. യഥാർത്ഥത്തിൽ, ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, ജീവിതം ആരംഭിക്കുന്നത് അതിജീവനം പൂർത്തിയാക്കിയ ശേഷമാണ്.

നിങ്ങൾ എന്താണ്, നിങ്ങളുടേത് എന്താണ് എന്നത് വേർതിരിച്ചറിയുന്ന ഒരു ആന്തരിക അനുഭവം ധ്യാനം നിങ്ങൾക്ക് നൽകുന്നു. അവിടെ, കുറച്ച് ദൂരം ഉണ്ട്, നിങ്ങൾ എന്താണെന്നും നിങ്ങൾ ശേഖരിച്ചത് എന്താണെന്നും തമ്മിൽ ഒരു ചെറിയ ദൂരമുണ്ട്. ഇപ്പോൾ നമുക്ക് ഇത് ധ്യാനമായി മനസ്സിലാക്കാം.


ഇത് ചെയ്യുന്നതിന്റെ പ്രയോജനം എന്താണ്? ഇത് അവബോധത്തിന് ഒരു വ്യക്തത നൽകുന്നു. നിങ്ങൾ ജീവിതത്തെ അതേ രീതിയിൽ കാണുന്നു - അതിനെക്കുറിച്ച് വികല ധാരണകളൊന്നുമില്ല. ഇപ്പോൾ, ഈ ലോകത്തിലൂടെ കടന്നുപോകാനുള്ള നിങ്ങളുടെ കഴിവ് നിങ്ങൾ എത്രത്തോളം വ്യക്തമായി കാണുന്നു എന്നതിന് അനുഗുണമായി  മാത്രമാണ്. എനിക്ക് കാഴ്ചയുടെ വ്യക്തതയില്ലാതെ ആത്മവിശ്വാസം മാത്രമാണുള്ളതെങ്കിൽ ഞാൻ ഈ ലോകത്തിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നുവെങ്കിൽ, ഞാൻ ഒരു  വിഡ്ഢിയാകും. അവബോധം ഇല്ലാതാകുമ്പോൾ  ആളുകൾ സ്വയം ആത്മവിശ്വാസം വളർത്തി അതിനെ മറികടക്കാൻ ശ്രമിക്കുന്നു. വ്യക്തതയില്ലാത്ത അവസ്ഥയെ മറ്റ് തരത്തിലുള്ള ബദൽ സംഗതികളുമായി പരിഹരിക്കാൻ ആളുകൾ ശ്രമിക്കുന്നു. അവയൊന്നും വ്യക്തതയ്ക്ക് പകരമാവില്ല.


നിങ്ങൾ ഇത് മനസ്സിലാക്കി കഴിഞ്ഞാൽ, നിങ്ങൾ സ്വാഭാവികമായും ധ്യാനനിരതരാകും; എല്ലാം മായ്ച്ചുകളയാനും ജീവിതത്തെ അതേ രീതിയിൽ നോക്കിക്കാണാനും നിങ്ങൾ ആഗ്രഹിക്കുന്നു, അവിടെയും ഇവിടെയും ഇടറാതെ ജീവിതത്തിലൂടെ ഏറ്റവും കുറഞ്ഞ ഘർഷണത്തിൽ കടന്നുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നു.

ഈ ധ്യാനം യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നത് ?

സദ്ഗുരു: ഈ ക്രിയ നിങ്ങൾക്കും നിങ്ങളുടെ ശരീരത്തിനും ഇടയിൽ, നിങ്ങൾക്കും നിങ്ങളുടെ മനസ്സിനും ഇടയിൽ ഒരു നിശ്ചിത അകലം സൃഷ്ടിക്കും. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും സംഘർഷമുണ്ടെങ്കിൽ, നിങ്ങളുടെ പരിമിതമായ മാനങ്ങളുമായി നിങ്ങൾ താദാത്മ്യം പ്രാപിക്കുന്നതിനാലാണത്.


അതിനാൽ ധ്യാനത്തിന്റെ സാരാംശം, അത് ഒരു അകലം സൃഷ്ടിക്കുന്നു, നിങ്ങളും നിങ്ങളുടെ “മനസ്സ്” എന്ന് നിങ്ങൾ വിളിക്കുന്നതും തമ്മിൽ. നിങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെല്ലാം നിങ്ങളുടെ മനസ്സിൽ നിർമ്മിക്കപ്പെടുന്നു. നിങ്ങൾ മനസ്സിൽ നിന്ന് അകന്നു നിൽക്കുകയാണെങ്കിൽ, നിങ്ങൾക്ക് കഷ്ടപ്പാടുകൾ ഉണ്ടാകുമോ? ഇതാണ് കഷ്ടതയുടെ അവസാനം.


ഇപ്പോൾ നിങ്ങൾ ധ്യാനിക്കുമ്പോൾ, നിങ്ങളും മനസ്സും തമ്മിൽ ഒരു അകലം ഉണ്ട്, നിങ്ങൾക്ക് സമാധാനം തോന്നുന്നു. നിങ്ങൾ കണ്ണുതുറക്കുന്ന നിമിഷം, നിങ്ങൾ വീണ്ടും നിങ്ങളുടെ മനസ്സിൽ കുടുങ്ങി എന്നതാണ് പ്രശ്നം.

നിങ്ങൾ എല്ലാ ദിവസവും ധ്യാനിക്കുകയാണെങ്കിൽ, ഒരു ദിവസം വരും, അന്ന് നിങ്ങൾ  കണ്ണു തുറക്കുമ്പോൾ നിങ്ങളുടെ മനസ്സ് അവിടെ ഉണ്ടെന്നും നിങ്ങൾ ഇവിടെ ഉണ്ടെന്നും അനുഭവിക്കാൻ കഴിയുന്ന ദിവസം. ഇതാണ് കഷ്ടതയുടെ അവസാനം. നിങ്ങളുടെ ശരീരത്തോടും മനസ്സിനോടും നിങ്ങൾക്ക് താദാത്മ്യം പ്രാപിക്കുവാൻ കഴിയാതെ വരുമ്പോൾ, നിങ്ങളുടെ ഉള്ളിലെ സൃഷ്ടിയുടെ ഉറവിടവുമായി നിങ്ങൾ ബന്ധപ്പെടും. ഇത് സംഭവിച്ചുകഴിഞ്ഞാൽ, ചൈതന്യം സ്വാഭാവികമായി വന്നുചേരുന്നു.

അതിനർത്ഥം നിങ്ങളുടെ മുഴുവൻ കർമ്മ സഞ്ചയവും - നിങ്ങളുടെ ഭൂതകാലത്തിന്റെയും  അബോധ മനസ്സിന്റെയും - മാറ്റിവച്ചിരിക്കുന്നു എന്നാണ്. അതിന് നിങ്ങളെ സ്വാധീനിക്കാൻ കഴിയില്ല. ഭൂതകാലത്തിന് നിങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ജീവിതം ഒരു വലിയ സാധ്യതയായി മാറുന്നു.

ഓരോ ശ്വാസവും നിങ്ങളുടെ ജീവിതത്തിൽ അത്തരമൊരു മഹത്തായ സാധ്യതയായി മാറുന്നു, കാരണം ഇപ്പോൾ നിങ്ങളുടെ അസ്തിത്വത്തിൽ ഭൂതകാലം ഒരു പങ്കുവഹിക്കുന്നില്ല. നിങ്ങൾ ഇവിടെ ഇരിക്കുകയാണെങ്കിൽ, നിങ്ങൾ കേവല ജീവനാണ്. ജീവിതം അനായാസമായിത്തീരുന്നു

ഈശ ക്രിയ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായം എന്താണ്?
12 വയസ്സിന് മുകളിലുള്ള ആർക്കും ഈശ ക്രിയ പരിശീലിക്കാം.

എന്തുകൊണ്ടാണ് ഇത് ഓൺലൈനിൽ നൽകുന്നത്?


സദ്‌ഗുരു: കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഞാൻ വെറുതെ ഇരുന്നു, ഒന്നും ശ്രമിക്കാതെ, ഒരു കാരണവുമില്ലാതെ, ആനന്ദം കവിഞ്ഞൊഴുകി. ഞാൻ വിചാരിച്ചു, ‘ഇതൊരു വലിയ കാര്യമാണോ? ഇവിടെ വെറുതെ ഇരുന്നാൽ മാത്രം ഞാൻ ആനന്ദ നിർവൃതിയിൽ ത്രസിക്കുകയാണ്. ഇതൊരു വലിയ കാര്യമാണോ? ഞാൻ ലോകത്തെ മുഴുവൻ ആനന്ദനിർവൃതിയിലാക്കാൻ പോകുകയാണ്. ’ഇപ്പോൾ ഏകദേശം മുപ്പത് വർഷമായി, ഞാൻ ഇതുപോലെയായി (അദ്ദേഹത്തിന്റെ താടിയെ കാണിച്ച് പ്രായം സൂചിപ്പിക്കുന്നു) പക്ഷേ ആളുകൾ അവരുടെ ദുരിതങ്ങൾ ഉപേക്ഷിച്ചിട്ടില്ല. ഞങ്ങൾ കുറച്ച് ദശലക്ഷം ആളുകളെ സ്പർശിച്ചു, പക്ഷേ അത് ലോകം മുഴുവൻ അല്ല. ലോകത്തെക്കുറിച്ചുള്ള എന്റെ ആശയം ഏഴ്  ബില്യൺ ജനങ്ങളാണ്.

ഒരാൾ‌ക്ക് ഭൗതികമായി ചെയ്യാൻ‌ കഴിയുന്നതെല്ലാം ചെയ്തതിനാൽ‌ ഇപ്പോൾ‌ സമൂഹത്തിൽ നാൾ തോറും അസ്വസ്ഥത കൂടിവരുന്നു. ഇപ്പോൾ അവർക്ക് എന്തുചെയ്യണമെന്ന് അറിയില്ല. നിങ്ങളുടെ തലമുടി മുറിക്കുകയോ ശരീരം തല മുതൽ കാൽ വരെ പച്ചകുത്തുകയോ ചെയ്യുക മാത്രമാണ് നിങ്ങൾക്ക് ചെയ്യാനാകുന്നത്. നിങ്ങൾക്ക് മറ്റെന്താണ് പുതിയത് ചെയ്യാൻ കഴിയുക? പുതിയ എന്തെങ്കിലും ചെയ്യുവാനുള്ള മോഹം നിമിത്തം ആളുകൾ ജീവിതത്തെ കൂടുതൽ ഋണാത്മകമാക്കുന്ന  കാര്യങ്ങൾ ചെയ്യാൻ തുടങ്ങും.

അതിനാൽ ആദ്ധ്യാത്മിക പ്രക്രിയയ്ക്കായി സമൂഹം അമിതമായി പാകം വന്നിരിക്കുന്നു; അത് അമിതമാണ്. നിങ്ങൾ ഇപ്പോൾ ഇത് നൽകിയില്ലെങ്കിൽ, അത് പൊട്ടിത്തെറിക്കും. ഏതെങ്കിലും പ്രത്യേക തത്ത്വചിന്തയോ പ്രത്യയശാസ്ത്രമോ ഉൾക്കൊള്ളാത്ത ഒരു വലിയ, മതേതര ആദ്ധ്യാത്മിക പ്രക്രിയ നിങ്ങൾ നൽകേണ്ടതുണ്ട് - ലളിതമായ ഒരു പ്രക്രിയ, അത് അവരെ ഉള്ളിലേക്ക് തിരിക്കും. ഇപ്പോൾ വരെ, ഒരുപക്ഷേ ഇവിടെയും അവിടെയും ചെറിയ തുണ്ടുകളായി ആളുകളെ സ്പർശിച്ചിട്ടുണ്ട്, പക്ഷേ അത് വലിയ തോതിൽ സംഭവിച്ചിട്ടില്ല. ഇന്ന് ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച്, നമുക്ക് ഇത് സാധ്യമാക്കാം.

ഒരു തലമുറയെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. മനുഷ്യബോധത്തിനായി വലിയ തോതിൽ എന്തെങ്കിലും ചെയ്യാനുള്ള വിശേഷഭാഗ്യം ലഭിക്കുക എന്നത്.

നിങ്ങൾ ബാഹ്യമായി എഞ്ചിനീയറിംഗ് വളരെയധികം ചെയ്താൽ, നിങ്ങൾക്കായി ഒരു  ഗ്രഹം ഇവിടെ അവശേഷിക്കുകയില്ല. മനുഷ്യന്റെ ഊർജ്ജം അകത്തേക്ക് തിരിയേണ്ട സമയമാണിത്, അതിലൂടെ അവർക്ക് സ്വയം എഞ്ചിനീയറിംഗ് നടത്താനും പുറത്തേക്ക് കേടുപാടുകൾ വരുത്താതിരിക്കാനും കഴിയും. ആന്തരികതയിൽ ചെയ്യേണ്ടതായി  ധാരാളം ജോലിയുണ്ട്. ഗ്രഹത്തിലെ കാര്യക്ഷമവും കഠിനാധ്വാനികളുമായ സമൂഹങ്ങൾക്ക് നമ്മൾ ഈ ഒരു തലം വലിയ തോതിൽ ലഭ്യമാക്കുന്നില്ലെങ്കിൽ, അവരുടെ വ്യവസായം ഈ ഗ്രഹത്തെ നശിപ്പിക്കും.

ശ്വസനത്തിന്റെ പ്രാധാന്യം എന്താണ്? ആരോഗ്യത്തിന് ഗുണം ചെയ്യുന്നു എന്നതിനേക്കാൾ ശ്വസനത്തിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ?


സദ്‌ഗുരു: നിങ്ങളെ ശരീരവുമായി ബന്ധിപ്പിക്കുന്ന ചരടാണ്‌ ശ്വാസം. ഞാൻ നിങ്ങളുടെ ശ്വാസം എടുത്തുകളഞ്ഞാൽ, നിങ്ങളും നിങ്ങളുടെ ശരീരവും തകർന്നടിയും. ശ്വാസമാണ് നിങ്ങളെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ശരീരം എന്ന് നിങ്ങൾ വിളിക്കുന്നതും “ഞാൻ” എന്ന് വിളിക്കുന്നതും ശ്വസനവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ ഇപ്പോൾ ആരാണെന്നതിന്റെ പല വശങ്ങളും ഈ ശ്വാസം തീരുമാനിക്കുന്നു.

നിങ്ങൾ കടന്നുപോകുന്ന വ്യത്യസ്ത തലത്തിലുള്ള ചിന്തകൾക്കും വികാരങ്ങൾക്കും, നിങ്ങളുടെ ശ്വാസം വ്യത്യസ്ത തരം പാറ്റേണുകൾ സ്വീകരിക്കുന്നു. നിങ്ങൾക്ക് ദേഷ്യം വന്നാൽ, നിങ്ങൾ ഒരു രീതിയിൽ ശ്വസിക്കും. നിങ്ങൾ സമാധാനത്തിലാണെങ്കിൽ, നിങ്ങൾ മറ്റൊരു രീതിയിൽ ശ്വസിക്കുന്നു. നിങ്ങൾ സന്തുഷ്ടനാണ്, നിങ്ങൾ മറ്റൊരു മാർഗ്ഗത്തിൽ ശ്വസിക്കുന്നു. നിങ്ങൾ ദുഃഖിതനാണ്, നിങ്ങൾ മറ്റൊരു മാർഗ്ഗത്തിൽ ശ്വസിക്കും. നിങ്ങൾ ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

ഇതിനെ അടിസ്ഥാനമാക്കിയാണ് പ്രാണായാമത്തിന്റെയും ക്രിയയുടെയും ശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്: ബോധപൂർവ്വം ഒരു പ്രത്യേക രീതിയിൽ ശ്വസിക്കുന്നതിലൂടെ, നിങ്ങൾ ജീവിതത്തെ ചിന്തിക്കുന്നതും അറിയുന്നതും  മനസ്സിലാക്കുന്നതും  അനുഭവിക്കുന്നതും എല്ലാം  മാറ്റാൻ കഴിയും.

ശരീരത്തെയും മനസ്സിനെയും ഉപയോഗിച്ച് മറ്റു പല കാര്യങ്ങളും ചെയ്യാനുള്ള ഉപകരണമായി ഈ ശ്വാസത്തെ നാനാവിധത്തിൽ ഉപയോഗിക്കാം. ഈശ ക്രിയയ്‌ക്ക് നമ്മൾ ലളിതമായ ഒരു ശ്വസന പ്രക്രിയയാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങൾക്ക് കാണാം, പക്ഷേ ക്രിയ തന്നെ ശ്വാസത്തിലല്ല നിലകൊള്ളുന്നത്. ശ്വാസം ഒരു ഉപകരണം മാത്രമാണ്. ശ്വാസം ഒരു പ്രേരണയാണ്, പക്ഷേ സംഭവിക്കുന്നത് ശ്വസനത്തെ സംബന്ധിച്ചതല്ല.

ഏത് രീതിയിലാണ് നിങ്ങൾ ശ്വസിക്കുന്നത്, അതുപോലെയാണ് നിങ്ങൾ ചിന്തിക്കുന്നത്. നിങ്ങൾ ഏതുവിധത്തിൽ ചിന്തിച്ചാലും അതുപോലെയാണ് നിങ്ങൾ ശ്വസിക്കുന്നത്. നിങ്ങളുടെ ജീവിതകാലം മുഴുവൻ, നിങ്ങളുടെ അബോധാവസ്ഥയിലുള്ള മനസ്സ് നിങ്ങളുടെ ശ്വാസത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ ശ്വാസത്തെ വായിച്ചാൽ, നിങ്ങളുടെ ഭൂതകാലവും വർത്തമാനവും ഭാവിയും അവിടെ നിങ്ങൾ ശ്വസിക്കുന്ന രീതിയിൽ എഴുതപ്പെട്ടിട്ടുണ്ട്.

നിങ്ങൾ ഇത് മനസ്സിലാക്കി കഴിഞ്ഞാൽ, ജീവിതം വളരെ വ്യത്യസ്തമായിരിക്കും. ഇത് സ്വാനുഭവത്തിൽ അറിയേണ്ടതുണ്ട്; അത് നിങ്ങൾക്ക് പ്രതിപാദിക്കുവാൻ കഴിയുന്ന ഒന്നല്ല. വെറുതെ ഇവിടെ ഇരിക്കുന്നതിന്റെ ആനന്ദം നിങ്ങൾക്കറിയാമെങ്കിൽ, വെറുതെ ഇവിടെ ഇരിക്കാൻ കഴിയുമെങ്കിൽ, ഒന്നും ചിന്തിക്കാതെ, ഒന്നും ചെയ്യാതെ, വെറുതെ ഇവിടെ ഇരിക്കുവാൻകഴിയുമെങ്കിൽ, ജീവൻ മാത്രമായി ഇരിക്കുവാൻ കഴിയുമെങ്കിൽ, അപ്പോൾ ജീവിതം വളരെ വ്യത്യസ്തമായിരിക്കും.

ഒരു തരത്തിൽ, ഇതിന്റെ അർത്ഥമിതാണ്… ഇന്ന്, ഒരു തുള്ളി മദ്യം കഴിക്കാതെ, ഒരു ലഹരിയും ഉപയോഗിക്കാതെ നിങ്ങൾക്ക് ഇവിടെ സ്വയമേവ ഉന്മാദാവസ്ഥയിൽ ആയിരിക്കുവാൻ കഴിയും എന്നതിന് ശാസ്ത്രീയ തെളിവുണ്ട് - ഹാംഗ് ഓവർ ഇല്ല. നിങ്ങൾ ഒരു തരം അവബോധത്തിലാണെങ്കിൽ, ഇവിടെ വെറുതെ  ഇരുന്നാൽത്തന്നെ വളരെയധികം സന്തോഷത്തിലാവുന്ന വിധത്തിൽ നിങ്ങൾക്ക് നിങ്ങളുടെ സിസ്റ്റത്തെ സജീവമാക്കാം. വെറുതെയിരുന്ന് ശ്വസിക്കുന്നതുതന്നെ ആനന്ദകരമായാൽ നിങ്ങൾ കൂടുതൽ ഊർജ്ജസ്വലനും സംഘർഷരഹിതനും ആകും. കാരണം നിങ്ങൾ എല്ലായ്പ്പോഴും നിങ്ങളുടെ ഉള്ളിൽ തന്നെ ഒരു മഹത്തായ അവസ്ഥയിലാണ്. മനസ്സ് പൂർവ്വാധികം മൂർച്ചയുള്ളതാകുന്നു.

എന്തുകൊണ്ടാണ് എന്റെ മുഖമല്പം ഉയർത്താൻ പറയുന്നത് ?

സദ്‌ഗുരു: നിങ്ങളുടെ തല ചെറുതായി ഉയർത്തി ഇരിക്കുന്നത് നിങ്ങൾ ആകാശത്ത് ഒഴുകിനടക്കുന്ന എന്തെങ്കിലും കാണാനോ എന്തെങ്കിലും സങ്കൽപ്പിക്കാനോ വേണ്ടിയല്ല. നിങ്ങളുടെ തല മുകളിലേക്ക് ഉയർത്തുന്നു, കാരണം നിങ്ങളുടെ സിസ്റ്റം, മുകളിലേക്ക് നോക്കുമ്പോൾ കൂടുതൽ സ്വീകാര്യക്ഷമമാകും. ഇത് ഒരു ജനാല  തുറക്കുന്നതുപോലെയാണ്. ഇത് ആവശ്യമായ സ്വീകാര്യത നേടുന്നതിനെക്കുറിച്ചാണ്. നിങ്ങൾ സന്നദ്ധനും സ്വീകാര്യനുമായിത്തീരുമ്പോൾ, നിങ്ങളുടെ ശരീരം സ്വാഭാവികമായും മുകളിലേക്ക് തിരിയുന്നു.

“ആ” എന്ന ശബ്ദം ഉച്ചരിക്കുന്നത് എന്നെ എങ്ങനെയാണ് സ്വാധീനിക്കുന്നത് ?
സദ്‌ഗുരു:  “ആ” എന്ന് നിങ്ങൾ ഉച്ചരിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിലെ പരിപാലന കേന്ദ്രം സജീവമാകും. ഇതാണ് മണിപൂരക ചക്രം അഥവാ നാഭി കേന്ദ്രം. നിങ്ങളുടെ നാഭിക്ക് മുക്കാൽ ഇഞ്ച് താഴെയുള്ള ഭാഗമാണ് മണിപൂരകം. നിങ്ങൾ അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ, “പരിപാലനത്തിനായി” ഒരു ട്യൂബ് അവിടെ ബന്ധിപ്പിച്ചിരുന്നു. ഇപ്പോൾ ട്യൂബ് പോയി, പക്ഷേ പരിപാലന കേന്ദ്രം ഇപ്പോഴും നിങ്ങളുടെ നാഭിയിലാണ്.

നമുക്ക് ഭൗതിക ശരീരം ഉള്ളതുപോലെ, ഒരു ഊർജ്ജ ശരീരവും ഉണ്ട്… പ്രാണൻ അല്ലെങ്കിൽ ശക്തി എന്ന് നാം പൊതുവായി വിളിക്കുന്ന ഈ ഊർജ്ജം ചില സ്ഥാപിതമായ പാറ്റേണുകളിൽ ശരീരത്തിലൂടെ പ്രവഹിക്കുന്നു; അത് ക്രമരഹിതമായി നീങ്ങുന്നില്ല. ഇത് നീങ്ങുന്നതിന് 72,000 വ്യത്യസ്ത വഴികളുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ സിസ്റ്റത്തിൽ അത് ഒഴുകുന്ന 72,000 പാതകളുണ്ട്. അതിനാൽ നാഡികൾ  നമ്മുടെ സിസ്റ്റത്തിലെ പാതകളോ ചാനലുകളോ ആണ്. അവ ഭൗതികമായി പ്രകടമാകുന്നില്ല; നിങ്ങൾ ശരീരം മുറിച്ച് അതിനകത്തു  നോക്കുകയാണെങ്കിൽ, ഈ നാഡികളെ നിങ്ങൾ കണ്ടെത്തുകയില്ല. എന്നാൽ നിങ്ങൾ കൂടുതൽ കൂടുതൽ ബോധവാന്മാരാകുമ്പോൾ, ഊർജ്ജം ക്രമരഹിതമായി നീങ്ങുന്നില്ലെന്ന് നിങ്ങൾക്ക് ബോധ്യമാകും; അത് വ്യവസ്ഥാപിതമായ പാതകളിലൂടെ നീങ്ങുന്നു.

ശരീരത്തിലുടനീളം വ്യാപിക്കുന്ന ഒരേയൊരു കമ്പനമാണ് “ആ” ശബ്‌ദം, കാരണം 72,000 നാഡികൾ സ്വയം ഒത്തുചേരുകയും പുനർവിതരണം ചെയ്യുകയും ചെയ്യുന്ന ഒരേയൊരു സ്ഥലമാണ് മണിപൂരകം. “ആ” എന്ന ശബ്‌ദം നിങ്ങൾ ഉച്ചരിക്കുമ്പോൾ, കമ്പനം നാഭിക്ക് മുക്കാൽ ഇഞ്ച് താഴെയുള്ള ഭാഗത്തു നിന്നും ആരംഭിച്ച് ശരീരത്തിലുടനീളം വ്യാപിക്കുന്നതായി നിങ്ങൾക്കറിയാം. നിങ്ങളുടെ പരിപാലന കേന്ദ്രത്തെ ഊർജ്ജസ്വലമാക്കുന്നതിന് ഈ കമ്പനത്തിന് വളരെയധികം സഹായിക്കാനാകും. ഈ കേന്ദ്രം സജീവമാക്കുന്നത് ആരോഗ്യം, ചലനാത്മകത, സമൃദ്ധി, ക്ഷേമം എന്നിവ നൽകും.


ഈശ ക്രിയയ്ക്ക് ഒഴിഞ്ഞ വയറായിരിക്കേണ്ടതുണ്ടോ? ഭക്ഷണവും ഈ ധ്യാന പ്രക്രിയയും തമ്മിലുള്ള ഇടവേള എത്രയായിരിക്കണം?

ഒഴിഞ്ഞ വയറായിരിക്കേണ്ട ആവശ്യമില്ല. കഴിച്ചതിനുശേഷം ഒരു ഇടവേളയും  ആവശ്യമില്ല. എന്നിരുന്നാലും വയറു നിറഞ്ഞിരുന്നാൽ, നിങ്ങൾ ഉറങ്ങിപ്പോകാൻ സാധ്യതയുണ്ട്.


ഒരു നിശ്ചിത സമയത്തേക്ക് നാം ധ്യാനിക്കണോ അതോ നമ്മുടെ ജീവിതകാലം മുഴുവൻ ഇത് ചെയ്യേണ്ടതുണ്ടോ?

നിങ്ങൾ ചെയ്യുന്ന മറ്റെന്തെങ്കിലും പോലെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ കഴിയുന്ന ഒരു പ്രക്രിയയാണ് ധ്യാനം. ഇത് പല്ല് തേയ്ക്കുന്നതുപോലെയാണ് - തുടക്കത്തിൽ ആരെങ്കിലും നിങ്ങൾ അത് ചെയ്യണമെന്ന് നിർബന്ധം പിടിക്കേണ്ടി വന്നു - എന്നാൽ അതിന്റെ മൂല്യം നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോൾ, അത്  തനിയെ സംഭവിക്കാൻ തുടങ്ങി. ധ്യാനത്തിന്റെ കാര്യവും ഇതുതന്നെ! ഒരിക്കൽ‌ നിങ്ങൾ‌ അതിന്റെ മൂല്യം കണ്ടുകഴിഞ്ഞാൽ‌, അത് സ്വാഭാവികമായും നിങ്ങളുടെ ജീവിതത്തിൻറെ ദൈനംദിന കാര്യമായിത്തീരും. എന്നിരുന്നാലും, ഇത് സംഭവിക്കുന്നതിന്, തുടക്കത്തിൽ കുറച്ച് സ്ഥിരോത്സാഹം ആവശ്യമാണ്. ആദ്യത്തെ 48 ദിവസത്തേക്ക് ഒരു ദിവസം രണ്ടുതവണ പരിശീലനം നടത്തേണ്ടതിന്റെ ഒരു കാരണം അതാണ്.

ഞാൻ ഇതിനകം ഇന്നർ എഞ്ചിനീയറിംഗ് കോഴ്‌സ് പൂർത്തിയാക്കി അത് ദിവസവും ചെയ്യുന്നുണ്ട്. ശാംഭവി മഹാമുദ്രയോടൊപ്പം ഈശ ക്രിയയും ചെയ്യേണ്ടത് ആവശ്യമാണോ? ഞാൻ രണ്ടും ഒരുമിച്ച് ചെയ്താൽ, അത് എനിക്ക് ഗുണകരമാകുമോ?

നിങ്ങൾക്ക് രണ്ട് പരിശീലനങ്ങളും ദിവസേന ചെയ്യാൻ കഴിയുമെങ്കിൽ അത് നല്ലതാണ്. തീർച്ചയായും അതിൽ നിന്ന് പ്രയോജനം ലഭിക്കും. എന്നിരുന്നാലും, നിങ്ങൾ സമയ പരിമിതികളിൽ പെടുന്നവേളയിൽ, ശാംഭവി മഹാമുദ്രയ്ക്ക് മുൻഗണന നൽകിയാൽ നന്നായിരിക്കും.

“ആ” ശബ്‌ദം ഉച്ചരിച്ചതിനുശേഷം എനിക്ക് നല്ല ഊർജ്ജസ്വലത തോന്നുന്നു. എനിക്ക് ഈ മന്ത്രം 7 തവണയിൽ കൂടുതൽ ഉച്ചരിക്കാനോ അല്ലെങ്കിൽ ഒരു പ്രത്യേക ധ്യാനമായി അത് ഉരുവിടുവാനോ കഴിയുമോ?

നിങ്ങൾക്ക് വേണമെങ്കിൽ കുറച്ച് തവണ കൂടി ഈശ ക്രിയ ചെയ്യാം. പക്ഷെ  കൂടുതൽ നേരം മന്ത്രം ഉച്ചരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, “AUM” കൂടുതൽ ഉചിതമായിരിക്കും. നിങ്ങൾക്ക് ഈശ യോഗ കേന്ദ്രത്തിലേക്ക് വരാൻ കഴിയുമെങ്കിൽ, ഉച്ചയ്ക്ക് 12.15 മുതൽ ഉച്ചയ്ക്ക് 1.30 വരെ ദിവസേന പ്രദാനം ചെയ്യുന്ന AUM മന്ത്രോച്ചാരണത്തിൽ പങ്കെടുക്കാം. അതല്ലെങ്കിൽ, നിങ്ങളുടെ കേന്ദ്രത്തിൽ‌ നടക്കുന്ന ഈശ യോഗ അല്ലെങ്കിൽ‌ ഇന്നർ‌ എഞ്ചിനീയറിംഗ് പ്രോഗ്രാമിൽ‌ പങ്കെടുത്ത് അതു വഴി അഭ്യസിക്കുവാൻ കഴിയുമോയെന്ന് നോക്കുക. വരാനിരിക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾക്കായി 
isha.sadhguru.org സന്ദർശിക്കുക


എല്ലാവർക്കും ഈശ ക്രിയ പരിശീലിക്കാൻ കഴിയുമോ? അല്ലെങ്കിൽ ധ്യാനം ചെയ്യരുതാത്ത ഏതെങ്കിലും രോഗങ്ങളുണ്ടോ? എനിക്ക് സെർവിക്കൽ സ്പോണ്ടിലോസിസ് ഉണ്ട്, ഈശ ക്രിയ പരിശീലിക്കുന്നത് എനിക്ക് സുരക്ഷിതമാണോ 

നിങ്ങൾക്ക് സ്‌പോണ്ടിലോസിസ് ഉണ്ടെങ്കിലും ഈശ ക്രിയ പരിശീലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു പ്രശ്‌നവുമില്ല. ഇത് തികച്ചും സുരക്ഷിതവും നിങ്ങൾക്ക് വളരെ പ്രയോജനകരവുമാണ്. നിങ്ങൾക്ക്  ചമ്രംപടിഞ്ഞ് ഇരിക്കാൻ കഴിയുന്നില്ലെങ്കിൽ,  ഒരു കസേരയിലോ ബെഞ്ചിലോ ഇരിക്കാം. അപ്പോൾ നിങ്ങളുടെ കാലുകൾ കണങ്കാലിന്റെ ഭാഗത്തു കുറുകെ വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ, നിങ്ങൾക്ക് എന്തെങ്കിലും വിട്ടുമാറാത്ത രോഗങ്ങളോ മറ്റു ശാരീരിക അവസ്ഥകളോ ഉണ്ടെങ്കിലും, ക്രിയ  ചെയ്യുന്ന അത്രയും നേരം നിങ്ങൾക്ക് സുഖപ്രദമായി ഇരിക്കാൻ കഴിയുന്നിടത്തോളം കാലം ഈശ ക്രിയ പരിശീലിക്കുന്നതിൽ ഒരു പ്രശ്നവുമില്ല.


എനിക്ക് ഈ ധ്യാനം എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പഠിപ്പിക്കാൻ കഴിയുമോ അല്ലെങ്കിൽ അവർ വീഡിയോ കാണേണ്ടതുണ്ടോ?

അവർ വീഡിയോ സ്വയം കണ്ടുകൊണ്ട് ക്രിയ പഠിക്കുന്നതാണ് നല്ലത്.


"ആ" എന്ന് ഞാൻ ശബ്ദിക്കുമ്പോൾ എന്റെ വിശുദ്ധി ചക്രത്തിലും ഹൃദയ ചക്രത്തിലും കമ്പനങ്ങൾ അനുഭവപ്പെടുന്നു, പക്ഷേ എന്റെ മണിപൂരകത്തിലല്ല. ഞാൻ എന്താണ് തെറ്റായി ചെയ്യുന്നത്?

നിങ്ങളുടെ വായ പൂർണ്ണമായും തുറന്നിട്ടുണ്ടോയെന്ന് പരിശോധിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ മണിപൂരകത്തിലെ കമ്പനങ്ങൾ നിങ്ങൾക്ക് തീർച്ചയായും അനുഭവപ്പെടും. നിങ്ങൾ അറിയാതെ നിങ്ങളുടെ വായ അൽപ്പം അടച്ചിരിക്കാം. നിങ്ങളുടെ വായ പൂർണ്ണമായും തുറന്ന് നിങ്ങൾക്ക് വ്യത്യാസം കാണാൻ കഴിയുമോ എന്ന് നോക്കുക.


ഈശ ക്രിയയ്ക്ക് ചമ്രം പടിഞ്ഞ് ഇരിക്കാൻ കഴിയാത്തതുകൊണ്ട് എനിക്ക് പുറം നിവർത്തിവെച്ച് ഒരു കസേരയിൽ ഇരിക്കാമോ?

അതെ, നിങ്ങൾക്ക് ഒരു കസേരയിൽ കാലുകൾ കണങ്കാലിന്റെ ഭാഗത്തു കുറുകെ വെച്ച് ഇരിക്കുവാൻ കഴിയും (വലത് കണങ്കാൽ ഇടതുകണങ്കാലിനു മുകളിലായി കുറുകെ വെച്ച് അത് ചെയ്യുക.)

ഈ ധ്യാനം ഞാൻ എവിടെ ചെയ്യണം? ഞാൻ ബഹളമയമായ അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. ഇത് പരിശീലിക്കാൻ എനിക്ക് ഒരു പ്രത്യേക സ്ഥലം ആവശ്യമുണ്ടോ?


നിങ്ങൾക്ക് എവിടെയും ഈ ധ്യാനം ചെയ്യാൻ കഴിയും, ക്രിയയുടെ സമയത്ത് നിങ്ങൾ ശാരീരികമായി അസ്വസ്ഥരല്ലെന്ന് ഉറപ്പാക്കുക. ശാന്തമായ ഒരു സ്ഥലം നല്ലതായിരിക്കുമെങ്കിലും അങ്ങനെ ഒരു മുൻവ്യവസ്ഥയില്ല. മറ്റു മാർഗ്ഗമില്ലെങ്കിൽ, നിങ്ങൾക്ക് എവിടെയായിരുന്നാലും അത് ചെയ്യാൻ കഴിയും. പ്രധാന കാര്യം, നിങ്ങൾ ക്രിയ ചെയ്യാൻ ഇരിക്കുമ്പോൾ, നിങ്ങൾ ഇടയ്ക്ക് വെച്ച് അത് നിർത്തരുത്, കാരണം ഇത് പരിശീലന സമയത്ത് സംഭവിക്കുന്ന ഊർജ്ജങ്ങളുടെ പുനഃസംഘടനയെ തടസ്സപ്പെടുത്തും.

ഞാൻ ഈശ ക്രിയ ഓൺ‌ലൈനിൽ പഠിക്കുകയും പതിവായി പരിശീലിക്കുകയും ചെയ്തു, പക്ഷേ എങ്ങനെയോ തുടർച്ച നഷ്ടപ്പെട്ടു. പരിശീലനം വീണ്ടും ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വീണ്ടും ഓൺലൈനായി ക്ലാസിൽ പങ്കെടുക്കേണ്ടതുണ്ടോ. അല്ലെങ്കിൽ ഞാൻ മുമ്പ് പഠിച്ചതുവെച്ച് തുടരാൻ കഴിയുമോ?

നിർദ്ദേശങ്ങൾ ഓർമ്മയുണ്ടെങ്കിൽ, നിങ്ങൾ ഇതിനകം പഠിച്ച കാര്യങ്ങൾ നിങ്ങൾക്ക് തുടരാം. നിർദ്ദേശങ്ങളെക്കുറിച്ച് നിങ്ങൾക്ക് വ്യക്തതയില്ലെങ്കിൽ, നിങ്ങൾ വീണ്ടും ക്രിയ ഓൺലൈനിൽ പഠിക്കുന്നതാണ് നല്ലത്.


ഈശ ക്രിയ ചെയ്യാൻ ഉചിതമായ സമയം ഏതാണ്?

നിങ്ങൾക്ക് സൗകര്യപ്രദമായ ഏത് സമയത്തും  ഇത് ചെയ്യാൻ കഴിയും, പക്ഷേ ദയവായി അർദ്ധരാത്രിയിൽ ഇത് ചെയ്യുന്നത് ഒഴിവാക്കുക.

ഒരു ദിവസത്തിൽ എത്ര തവണ എനിക്ക് ഈശ ക്രിയ പരിശീലിക്കാൻ കഴിയും?
ദിവസത്തിൽ രണ്ടുതവണ - രാവിലെ ഒരു തവണയും വൈകുന്നേരം ഒരു തവണയും. എന്നിരുന്നാലും, നിങ്ങൾക്ക് സമയമുണ്ടെങ്കിൽ കൂടുതൽ തവണ ക്രിയ പരിശീലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,  അങ്ങനെ ചെയ്യാം.

48 ദിവസത്തേക്ക് നാം എന്തിനാണ് ഈ ധ്യാനം പരിശീലിക്കേണ്ടത്?

നാൽപത്തിയെട്ട് ദിവസം എന്നത് ഒരു മണ്ഡല എന്നറിയപ്പെടുന്ന ഒരു കാലയളവാണ്, സിസ്റ്റം ഒരു നിശ്ചിത ചക്രത്തിലൂടെ കടന്നുപോകുന്ന ഒരു കാലയളവാണ് ഇത്. ഉദാഹരണത്തിന് ആയുർവേദത്തിൽ 48 ദിവസത്തേക്ക് മരുന്ന് നൽകുന്നത് ഇതുകൊണ്ടാണ്.

നിങ്ങളുടെ സിസ്റ്റത്തിൽ വേരുറപ്പിക്കാൻ മരുന്നിന് ആവശ്യമായ സമയ ദൈർഘ്യമാണ് ഇത് . ഈശ ക്രിയയുടെ കാര്യവും ഇതുതന്നെ. ആ കാലയളവിൽ ഇടവേളയില്ലാതെ നിങ്ങൾ അത് ചെയ്യേണ്ടത് പ്രധാനമാണ്.