ഹിന്ദു ... അതൊരു മതമല്ല
ശാരീരികമായ പരിമിതികള്‍ മറികടന്ന് നിങ്ങള്‍ ആരാണ് എന്നതിനെ കൂടുതല്‍ വളര്‍ത്തിയെടുക്കുന്നതാണ് യോഗ. ഇതാണ് മനുഷ്യന്‍ എന്ന നിലയില്‍ എല്ലാ കാലത്തും നമ്മള്‍ തേടിനടക്കുന്നത്.
 
 

सद्गुरु

ഹിമാലയത്തിനും ഇന്ന് ഇന്ത്യന്‍ മഹാസമുദ്രമെന്നു വിളിക്കുന്ന ഇന്ദുസാഗരത്തിനും ഇടയിലുള്ള ഭൂപ്രദേശം - അതാണ് ഹിന്ദു. ആ ജനത സംഗീതവും ഗണിതവും ജ്യോതിശാസ്ത്രവുമൊക്ക പഠിച്ചും കണ്ടെത്തിയും വളര്‍ന്നു. അവര്‍ അവരെ തന്നെ ഹിന്ദു എന്നു വിളിച്ചു.

ഉണ്ണി ബാലകൃഷ്ണന്‍ : യോഗ ഹിന്ദുക്കള്‍ക്ക് മാത്രം ഉള്ളതാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

സദ്‌ഗുരു : ഒരിക്കലുമില്ല. നിങ്ങളുടെ മതമേതായാലും നിങ്ങള്‍ക്ക് ഗുരുത്വാകര്‍ഷണം അനുഭവപ്പെടും. പക്ഷെ, ചിലര്‍ കരുതുന്നത് അങ്ങിനെയല്ല, അതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. യോഗയെന്നാല്‍ മനുഷ്യ ശരീരത്തിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച ശാസ്ത്രമാണ്. ഏതാണ്ട് പതിനയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദിയോഗി ഈ ശാസ്ത്രം നമുക്ക് തന്നത്. മതങ്ങള്‍ പൊട്ടിമുളയ്ക്കുന്നതിനു മുന്‍പാണ് യോഗ ഉണ്ടായത്. ജനങ്ങളുടെ മനസ്സില്‍ മതമെന്ന ആശയം പോലുമില്ലാതിരുന്ന കാലത്താണ് ആദിയോഗി, ആരോഗ്യമുള്ള ശരീരത്തിനായി 112 വഴികള്‍ പറഞ്ഞു കൊടുത്തത്.

യോഗ ഹിന്ദു മതത്തിന്‍റെതാണെന്ന് പറയുന്നത്, ഗുരുത്വാകര്‍ഷണം ജൂത മതത്തിന്‍റെതാണെന്ന് പറയുന്നതുപോലെയാണ്. ഹിന്ദു എന്ന വാക്ക് എവിടെനിന്നാണ് വന്നത്? ഹിമാലയത്തിനും ഇന്ന് ഇന്ത്യന്‍ മഹാസമുദ്രമെന്നു വിളിക്കുന്ന ഇന്ദുസാഗരത്തിനും ഇടയിലുള്ള ഭൂപ്രദേശമാണ് ഹിന്ദു. ആ ജനത സംഗീതവും ഗണിതവും ജ്യോതിശാസ്ത്രവുമൊക്ക പഠിച്ചും കണ്ടെത്തിയും വളര്‍ന്നു. യുദ്ധത്തിനുവേണ്ടി ഒരുപാട് പേരെ വിനിയോഗിക്കേണ്ട ദുരവസ്ഥ അവര്‍ക്കുണ്ടായിരുന്നില്ല. ഹിമാലയന്‍ മലനിരകളും ഇന്ത്യന്‍ മഹാസമുദ്രവും ഉള്ളതുകൊണ്ട് പുറത്തു നിന്ന് ആരും അങ്ങോട്ട് കടന്നുവന്നില്ല. ആ സംസ്കാരത്തെ ആറായിരം മുതല്‍ എണ്ണായിരം വര്‍ഷംവരെ കാത്തു സൂക്ഷിച്ചത് ഈ രണ്ടു ഭൂപ്രകൃതികളാണ്. അതുകൊണ്ട് അവര്‍ ഈ രണ്ടു ഭൂപ്രകൃതികളോടും അങ്ങേയറ്റം കടപ്പെട്ടവരായിരുന്നു, കാരണം അവരുടെ അല്ലലറിയാത്ത ജീവിതം ഈ പര്‍വതവും കടലും കാരണമാണെന്ന് അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ട് അവര്‍ അവരെ തന്നെ 'ഹിന്ദു' എന്നു വിളിച്ചു.

അത് ഒരു ഭൂമിശാസ്ത്രപരമായ സ്വത്വമാണ്. ഈ മണ്ണില്‍ ജന്മമെടുത്തു വളര്‍ന്ന ഒരു മണ്ണിര കൂടി ഹിന്ദു മണ്ണിരയാണ്. ഈ രാജ്യത്തെ മണ്ണിരകളും പുല്‍ച്ചാടികളുമൊക്കെ ഹിന്ദുക്കളാണ്, അത് ഭൂമിശാസ്ത്രപരമാണ്, അല്ലാതെ ഏതെങ്കിലും വിശ്വാസത്തിന്‍റെയോ, ആശയങ്ങളുടെയോ ഒന്നും അടിസ്ഥാനത്തിലല്ല.

ഈ സംസ്കാരത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം ഒരിക്കലും ഇത് വിശ്വസങ്ങളുടെ ഒരു മണ്ണായിരുന്നില്ല എന്നതാണ്. മറിച്ച് അത് അന്വേഷികളുടെ മണ്ണായിരുന്നു.

ഹിന്ദുക്കള്‍ ജീവിക്കുന്ന രീതി ഒന്നു നോക്കൂ. ഒരേ കുടുംബത്തിലുള്ള അഞ്ചു പേര്‍ അഞ്ചു വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു. ഒരു പ്രശ്നവുമില്ല, ആരാധിച്ചില്ലെങ്കിലും പ്രശ്നമില്ല. ഈ സംസ്കാരത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം ഒരിക്കലും ഇത് വിശ്വസങ്ങളുടെ ഒരു മണ്ണായിരുന്നില്ല എന്നതാണ്. മറിച്ച് അത് അന്വേഷികളുടെ മണ്ണായിരുന്നു. അന്വേഷണം എന്ന സിദ്ധാന്തം സംരക്ഷിക്കപ്പെടേണ്ടതാണ്. അന്വേഷണം എന്നാല്‍ നമ്മള്‍ പ്രത്യേകിച്ചൊരു തീരുമാനത്തിലെത്തിയിട്ടില്ല എന്നാണര്‍ത്ഥം. നമ്മള്‍ തിരഞ്ഞുകൊണ്ടിരിക്കയാണ്, അറിയാന്‍ ശ്രമിക്കുകയാണ്. മനുഷ്യന്‍റെ യുക്തി എല്ലായ്പ്പോഴും ഇത്തരത്തില്‍ അന്വേഷിച്ചുകൊണ്ട്, പ്രത്യേകിച്ചൊരു വിശ്വസത്തിലും വഴുതിവീണുപോകാതെ നിന്നാല്‍, ഒരിക്കലും സ്പര്‍ധങ്ങളുണ്ടാകില്ല. നിങ്ങളുടെ യുക്തി മികവിന്‍റെ പരമാവധിയിലെത്തും. ഇതാണ് ലോകത്താകെ സംഭവിക്കേണ്ടത്. ഇതിലേക്കാണ് യോഗ പ്രാധാന്യം കല്പിക്കുന്നത്.

ഉണ്ണി ബാലകൃഷ്ണന്‍ : പക്ഷേ, ഇതു മാത്രമാണോ ഈ ആനന്ദത്തിലേക്ക്, ഈ അനുഗ്രഹത്തിലേക്ക് എത്തിച്ചേരാനുള്ള ഒരേയൊരു വഴി?

സദ്‌ഗുരു : യോഗയെക്കുറിച്ചു പറയുമ്പോള്‍, നിങ്ങളുടെ മനസ്സിലുണ്ടാകുന്ന ചിത്രം ആളുകള്‍ ശരീരം വളച്ചുതിരിക്കുന്നതും തലകുത്തി നില്‍ക്കുന്നതുമൊക്കെയായിരിക്കും. അത് ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയ ആളുകള്‍ ഇപ്പോള്‍ ധരിച്ചു വെച്ചിരിക്കുന്ന ഒന്നാണ്, അമേരിക്കന്‍ തീരത്തുനിന്ന് പ്രതിഫലിച്ചു വന്നത്. യോഗയെന്നാല്‍ കായിക പരിശീലനമല്ല. പതഞ്ചലിയുടെ രണ്ടായിരത്തില്‍പ്പരം സൂത്രങ്ങളില്‍ ഒരു സൂത്രത്തില്‍ മാത്രമാണ് ആസനങ്ങളെകുറിച്ച് പറയുന്നത്, നിര്‍ഭാഗ്യവശാല്‍ അതിനെ മാത്രമാണ് ഇപ്പോള്‍ യോഗ എന്ന് വിളിക്കുന്നത്. അദ്ദേഹം പറഞ്ഞത് ‘സുഖം സ്ഥിരം ആസനം’ എന്നാണ്, എന്നു വെച്ചാല്‍ ഉറപ്പുള്ള സുഖകരമായ ഇരിപ്പാണ് ആസനം. ആ ആസനത്തിലെത്തി ചേരണമെങ്കില്‍ നിങ്ങള്‍ക്ക് ഒരല്‍പ്പം ശാരീരിക പരിശീലനങ്ങളൊക്കെ വേണ്ടിവരും.

യോഗ എന്ന വാക്കിന്‍റെ അര്‍ത്ഥം, ചേരുക എന്നാണ്. ശാരീരികമായ പരിമിതികള്‍ മറികടന്ന് ഈ നിങ്ങള്‍ ആരാണ് എന്നതിനെ കൂടുതല്‍ വളര്‍ത്തിയെടുക്കുന്നതാണ് യോഗ. ഇതാണ് മനുഷ്യന്‍ എന്ന നിലയില്‍ എല്ലാ കാലത്തും നമ്മള്‍ തേടിനടക്കുന്നത്. നിങ്ങള്‍ നേടുന്നതു കൊണ്ടൊന്നും നിങ്ങളുടെ ജീവിതം വികാസം പ്രാപിക്കുകയോ കരുത്താര്‍ജിക്കുകയോ ചെയ്യില്ല. ഒരു ഷോപ്പിങ്ങിനു പോയാല്‍ ജീവിതം സുഖകരമാകും, അറിവോ പണമോ കിട്ടിയാല്‍ ജീവിതം സമൃദ്ധമാകും എന്നൊക്കെ കരുതുന്നവരുണ്ടാകും. വാങ്ങികൂട്ടുന്നതുകൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതം തല്‍ക്കാലത്തേക്ക് സമ്പന്നമാക്കാന്‍ കഴിയുമെന്നേയുളളു, ജിവിതത്തിന് വികാസമുണ്ടാകില്ല, ശാശ്വതമായ ആനന്ദാനുഭൂതിയുണ്ടാകില്ല. അതിന് നിങ്ങളുടെ കാഴ്ചപ്പാട് വിശാലമാകണം. ജീവിതം കണ്ടറിയാനും, കേട്ടറിയാനും, തൊട്ടറിയാനുമൊക്കെ കഴിയണം, അപ്പോള്‍ മാത്രമേ നമ്മുടെ ജിവിതം വികാസം പ്രാപിക്കൂ.

യോഗയിലെ ഏത് മാര്‍ഗമുപയോഗിച്ചാലും – ശാരിരിക പരിശീലനമോ, ശ്വസനമോ, മനസ്സോ ഏതു വഴിയായാലും 112 അടിസ്ഥാന മാര്‍ഗങ്ങളും അത് ചേര്‍ത്തുണ്ടാക്കുന്ന മറ്റ് വഴികളും എല്ലാം ചെന്നുചേരുന്നത് ഒരൊറ്റ ലക്ഷ്യത്തിലേക്കാണ്. കാഴ്ചപ്പാട് വിശാലമാക്കുക, കാരണം കാഴ്ചപ്പാട് വിശാലമായെങ്കില്‍ മാത്രമേ സ്വന്തം ജിവിതത്തെ കുറേക്കൂടി വിശാലമായ അര്‍ത്ഥത്തില്‍ കാണാന്‍ കഴിയുകയുള്ളു.

Photo credit to :

https://upload.wikimedia.org/wikipedia/commons/thumb/3/38/HinduDevoteeNepal.jpg/220px-HinduDevoteeNepal.jpg

 
 
  0 Comments
 
 
Login / to join the conversation1