രണ്ടും ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണ്, ഇപ്പോഴും അതിജീവനത്തിനായി കഷ്ടപ്പെടുകയാണ്, ഇപ്പോഴും പരിണമിച്ചുകൊണ്ടിരിക്കുകയാണ്, എന്നിട്ടും തങ്ങളുടെ ഏറ്റവും ഉന്നതങ്ങളില്‍ എത്താനായി വെമ്പല്‍കൊള്ളുകയാണ്. എന്നാല്‍ ഔന്നത്യത്തെ സ്പര്‍ശിക്കുക എന്നത് ഹിമാലയത്തെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. അതിന്‍റെ വളരാനുള്ള പരിശ്രമത്തില്‍ ഓരോ ദിവസവും അത് സ്വയം തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെ ധാരാളം മലയിടിച്ചിലുകളും ഹിമപാതങ്ങളും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഈ കാണുന്ന കുഴാമറിച്ചിലുകളെല്ലാം പര്‍വ്വതനിരകള്‍ വളര്‍ന്ന് അത്യുന്നതങ്ങളിലെത്താന്‍വേണ്ടി ശ്രമിക്കുന്നതുകൊണ്ടാണ്. ഇത് മനുഷ്യജീവിതത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. ഇത് വളരെ പ്രതീകാത്മകമാണ്. ദിവസേനയെന്നോണം ധാരാളം ഭൂചലനങ്ങളും, മണ്ണിടിച്ചിലുകളും, മറ്റു പ്രശ്‌നങ്ങളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത് പര്‍വ്വതം വളരുന്നതുകൊണ്ടു മാത്രമാണ്. മനുഷ്യരുടെ കാര്യത്തിലും ഇതുതന്നെയാണ് വാസ്തവം. ഒരാള്‍ വളരാനായി പരിശ്രമിച്ചാല്‍, ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും അയാളുടെ ജീവിതത്തിലും നിരന്തരമായി സംഭവിക്കുന്നു.

വളര്‍ച്ചയോ വികാസമോ ഇല്ലാതെയിരിക്കുന്നവരുടെ ജീവിതം, വളരെ ദൃഢവും സ്ഥിരതയുള്ളതും കാഴ്ചയില്‍ മെച്ചപ്പെട്ടതെന്നു തോന്നുന്നതുമായിരിക്കും. എന്നാല്‍ അതു നിര്‍ജീവമാണ്.

വളര്‍ച്ചയോ വികാസമോ ഇല്ലാതെയിരിക്കുന്നവരുടെ ജീവിതം, വളരെ ദൃഢവും സ്ഥിരതയുള്ളതും കാഴ്ചയില്‍ മെച്ചപ്പെട്ടതെന്നു തോന്നുന്നതുമായിരിക്കും. എന്നാല്‍ അതു നിര്‍ജീവമാണ്. വളരാന്‍ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തില്‍ വളരെ വലിയ അത്യാഹിതങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ ഇതുകൊണ്ട് മനുഷ്യന്‍റെ ഉള്ളില്‍ ഉണ്ടാകാവുന്ന ചെറിയ തോതിലെങ്കിലും ഉള്ള വളര്‍ച്ച നോക്കിയാല്‍, ഈ അത്യാഹിതങ്ങളൊക്കെ ഗുണകരമാണ്.

ഏകദേശം അമ്പതു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഹിമാലയത്തില്‍ ആദ്യത്തെ തകര്‍ച്ച ഉണ്ടായത്. ക്രമേണ അത് വര്‍ഷത്തില്‍ അഞ്ചു മില്ലിമീറ്റര്‍ എന്ന നിരക്കില്‍ ഉയരാന്‍ തുടങ്ങി. ഭൂഖണ്ഡത്തിന്‍റെ വിലങ്ങനെയുള്ള വളര്‍ച്ച പ്രതിവര്‍ഷം ഏകദേശം അഞ്ചു സെന്‍റീമീറ്റര്‍ ആണെങ്കിലും, കുത്തനെയുള്ള ഉയര്‍ച്ച പ്രതിവര്‍ഷം അഞ്ചു മില്ലിമീറ്റര്‍ മാത്രമാണ്. ജീവിതത്തിലും ഇങ്ങനെതന്നെയാണ്. നിങ്ങള്‍ സമാന്തരതലത്തില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിയാലേ, ഒരു ചെറിയ അളവ് കുത്തനെയുള്ള ഉയര്‍ച്ച ഉണ്ടാകുകയുള്ളൂ. (ചിരിക്കുന്നു) നിങ്ങള്‍ ഭൗതികസൗഖ്യമാണ് തേടുന്നതെങ്കില്‍ ഇതു വാസ്തവമാണ്, ആത്മീയസുസ്ഥിതിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. നിങ്ങള്‍ സമാന്തരതലത്തില്‍ വളരെയധികം പ്രവര്‍ത്തിച്ചാലേ, ഒരല്‍പമെങ്കിലും കുത്തനെയുള്ള ഉയര്‍ച്ച ഉണ്ടാകുകയുള്ളൂ. ഹിമാലയത്തിനായാലും നിങ്ങള്‍ക്കായാലും അങ്ങനെ തന്നെ. അതിനാല്‍ ഹിമാലയവും നിങ്ങളും വളരെയേറെ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു; നിങ്ങളുടെ കഠിനശ്രമങ്ങളും പര്‍വ്വതങ്ങളുടെ കഠിനശ്രമങ്ങളും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. അതിനാലാണ് നാം നിങ്ങളെ രണ്ടോ മൂന്നോ ആഴ്ചകള്‍ ഇവിടെ പാടുപെടാനായി അനുവദിക്കുന്നത്.

കഠിനപരിശ്രമമില്ലാതെ വളരാന്‍ ഒരു മനുഷ്യനു കഴിയണമെങ്കില്‍ അപാരമായ ബുദ്ധിശക്തി വേണ്ടിയിരിക്കുന്നു. അത് അസാധ്യമൊന്നുമല്ല. മിക്കവാറും ആളുകള്‍ - എന്‍റെ അനുഭവത്തില്‍ 99.9% ആളുകളും - വളരാന്‍വേണ്ടി കഠിനപരിശ്രമം നടത്തുന്നു. ഒന്നുകില്‍ അതിന് അസാധാരണമായ ബുദ്ധിശക്തി വേണം, അല്ലെങ്കില്‍ അത്യന്തം വിശ്വാസം ആവശ്യമാണ്. ഇതു രണ്ടും മാത്രമാണ്, ഒരാള്‍ക്ക് ബുദ്ധിമുട്ടാതെ വളര്‍ന്നു വികസിക്കുന്നതിനു ലഭ്യമായ രണ്ടു മാര്‍ഗ്ഗങ്ങള്‍. അല്ലെങ്കില്‍ അശ്രാന്തപരിശ്രമം അനിവാര്യമാണ്. ഇവിടെ വലിയ പര്‍വ്വതഭാഗങ്ങള്‍ വളരാനുള്ള പരിശ്രമത്തിനിടയില്‍ തകര്‍ന്നു വീഴുന്നു. അവ വികസിക്കാതെ നിശ്ചലമായിരുന്നെങ്കില്‍, ഈ ഭൂചലനങ്ങളും മലയിടിച്ചിലുകളും ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല. പക്ഷേ അതിന്‍റെ സുരക്ഷിതമായ നിലനില്‍പ്പ് അപകടപ്പെടുത്തിക്കൊണ്ടുപോലും വളര്‍ന്നു വികസിക്കുന്നതിന് അത് ആഗ്രഹിക്കുന്നു. അധികം ആളുകളുടെ കാര്യത്തിലും മിക്കവാറും ഇങ്ങനെ മാത്രമേ സംഭവിക്കൂ.

ഞാന്‍ ആരാണെന്നു തിരിച്ചറിയാന്‍ കഴിവുള്ള ധാരാളം പേര്‍ ഉള്ള ഒരിടമാണ് എന്നതാണ് വീണ്ടും ഹിമാലയ പര്‍വ്വതനിരകള്‍ സന്ദര്‍ശിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.

ഞാന്‍ എല്ലായ്‌പ്പോഴും പര്‍വ്വതങ്ങളെ സ്‌നേഹിച്ചിരുന്നു. സാഹസികയാത്രകളും പര്‍വ്വതാരോഹണങ്ങളും പ്രകൃത്യാതന്നെ എപ്പോഴും എന്‍റെ വിനോദമായിരുന്നു. ഹിമാലയം, ഈ പ്രൗഢിയുള്ള പര്‍വ്വതനിരകള്‍, കുട്ടിക്കാലം മുതല്‍ക്കു തന്നെ എന്നെ ഹഠാദാകര്‍ഷിച്ചിട്ടുണ്ട്. ധാരാളം ചിത്രങ്ങളും പുസ്തകങ്ങളും ദീര്‍ഘമായ ഈ പന്ഥാവുകളിലൂടെ സാഹസികയാത്ര നടത്തുന്നതിനുള്ള വാഞ്ഛ എന്നില്‍ ഉളവാക്കിയിട്ടുണ്ട്. ഈ പര്‍വ്വതനിരകള്‍ ധാരാളം പേരില്‍ മതപരമായ പ്രതീക്ഷകളും ആത്മീയമായ അഭിലാഷങ്ങളും ഉദ്ദീപിപ്പിച്ചിട്ടുണ്ടെങ്കിലും, ഞാന്‍ ഒരിക്കലും അവയെ അത്തരത്തില്‍ നോക്കിയിട്ടില്ല.

ഞാന്‍ ആരാണെന്നു തിരിച്ചറിയാന്‍ കഴിവുള്ള ധാരാളം പേര്‍ ഉള്ള ഒരിടമാണ് എന്നതാണ് വീണ്ടും ഹിമാലയ പര്‍വ്വതനിരകള്‍ സന്ദര്‍ശിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. അതിനാല്‍ എനിക്ക് ഇവിടം വീടുപോലെ അനുഭവപ്പെടുന്നു. മറ്റെവിടെ പോയാലും, ഞാന്‍ സ്വയം ചെറുതായി ആളുകള്‍ക്ക് ആശ്വാസം അനുഭവപ്പെടുന്ന രീതിയില്‍ പെരുമാറേണ്ടിവരും. (ചിരിക്കുന്നു) മനുഷ്യര്‍ക്ക് നാട്യമില്ലാതെ ജീവിതത്തെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരിടമാണിത്; ഇവിടെ ആളുകള്‍ക്ക് സംസ്‌കാരത്തിന്‍റെയോ സദാചാരത്തിന്‍റെയോ ധാര്‍മ്മികതയുടെയോ മതത്തിന്‍റെയോ പരിവേഷമില്ലാതെ ജീവിതത്തെ ജീവിതമായിത്തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. അവര്‍ക്കു ജീവിതത്തെ ജീവിതമായിത്തന്നെ, പച്ചയായി, ഉള്ളതുപോലെ കാണാന്‍ കഴിയും. ഇതുപോലുള്ള ഒരു സ്ഥലം സ്വന്തം വീടെന്നപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.

ഈ പര്‍വ്വതങ്ങള്‍, ആത്മീയ സ്പന്ദനങ്ങള്‍ കൊണ്ട് ജീവസ്സുറ്റവയാണ്. ധാരാളം ആത്മീയ ഗുരുക്കന്മാര്‍ അവരുടെ ആവാസസ്ഥാനമായി ഈ പര്‍വ്വതങ്ങളെ തെരഞ്ഞെടുക്കുകയും അവരുടെ ഊര്‍ജം കൊണ്ട് ഇവിടം പ്രകാശമാനമാക്കുകയും ചെയ്തിട്ടുണ്ട്. അത് ഈ പര്‍വ്വതങ്ങളെ എല്ലാ ആത്മീയാന്വേഷികള്‍ക്കും ആവേശം പകരുന്ന സ്ഥലമാക്കിത്തീര്‍ക്കുന്നു. നിങ്ങള്‍ വളരെ ക്ഷീണിതനോ വാര്‍ദ്ധക്യബാധിതനോ ആകുന്നതിനുമുമ്പ് ഇവിടം സന്ദര്‍ശിക്കുകയും ഈ പര്‍വ്വതങ്ങളില്‍ ലയിക്കുകയും വേണം. ഇതാണെന്‍റെ ആഗ്രഹവും അനുഗ്രഹവും.