ഹഠയോഗ ധ്യാനത്തിലേക്കുള്ള മുന്നൊരുക്കം

എന്തെങ്കിലും പ്രത്യേകിച്ച് സംഭവിക്കണം എന്നുണ്ടെങ്കില്‍, അത് സംഭവിക്കാതിരിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ അത് നിശ്ചയമായും സംഭവിക്കും. അത് മനസ്സിന്‍റെ ഒരു സവിശേഷതയാണ്
 
 

 

सद्गुरु

നല്ല ആരോഗ്യമുള്ള ശരീരമാണെങ്കില്‍പോലും, ഇളകാതെ കുറെ നേരം ഇരിക്കുക പ്രയാസമുള്ള സംഗതിയാണ്. അതിനായി വേറെ ചില കാര്യങ്ങള്‍ ചിട്ടപ്പെടുത്തേണ്ടതുണ്ട്. അതിനാണ് അഷ്ടാംഗ യോഗ

സദ്‌ഗുരു : ഏതെങ്കിലും ഒരു ആസനത്തിലിരുന്ന് ശരിയായ വിധത്തില്‍ നിങ്ങള്‍ ശ്വാസോച്ഛാസം നടത്തുന്നു. നിങ്ങളുടെ മനസ്സ് അതോടൊപ്പം പലപല ഭാവങ്ങള്‍ കൈകൊള്ളും. യോഗയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ് അന്വേഷണം. ഹഠയോഗ, യോഗയുടെ പര്യവസാനമല്ല, അത് ഒരു മുന്നൊരുക്കമാണ്. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ ഏറ്റവും ഉയരങ്ങളിലേക്കെത്താന്‍ ശ്രമിച്ചാല്‍, മിക്കവാറും തകര്‍ന്നു താഴെ വീഴാനാണ് സാദ്ധ്യത. ധ്യാനത്തിനു മുന്നോടിയായി തന്‍റേതായ രീതിയില്‍ ശാരീരികമായ ചില തയ്യാറെടുപ്പുകള്‍ ആര്‍ക്കായാലും ആവശ്യമാണ്. അതില്ല എങ്കില്‍ ധ്യാനം സമ്പന്നമാവുകയില്ല. എണ്‍പതു ശതമാനം പേരിലും ഇതാണ് കണ്ടുവരുന്നത്. ഒരാള്‍ ഇരിക്കുന്നതും അനങ്ങുന്നതുമൊക്കെ കണ്ടാല്‍ത്തന്നെ അറിയാം, അവര്‍ക്ക് ധ്യാനത്തില്‍ മനസ്സിരുത്താന്‍ കഴിയുകയില്ല എന്ന്. എത്രതന്നെ ശ്രമിച്ചാലും അവര്‍ക്കത് സാധിക്കുകയുമില്ല. ചില തയ്യാറെടുപ്പുകള്‍ കൂടിയേ തീരൂ. കാരണം ശരീരവും, മനസ്സും രണ്ടു വിഭിന്ന വസ്തുക്കളല്ല. അതുപോലെത്തന്നെ സ്വന്തം തലച്ചോറും നിങ്ങളില്‍ നിന്നും അന്യമായ ഒരു വസ്തുവല്ല. ചെറുവിരലിന്‍റെ തുമ്പില്‍ സംഭവിക്കുന്നതും തലച്ചോറില്‍ പ്രതിസ്പന്ദനവുമുണ്ടാക്കുന്നു. അതേപോലെ തലച്ചോറില്‍ സംഭവിക്കുന്നതിന്‍റെ പ്രതിസ്പന്ദനം വിരല്‍ത്തുമ്പിലും അനുഭവപ്പെടുന്നു.

ചെറുവിരലിന്‍റെ തുമ്പില്‍ സംഭവിക്കുന്നതും തലച്ചോറില്‍ പ്രതിസ്പന്ദനവുമുണ്ടാക്കുന്നു. അതേപോലെ തലച്ചോറില്‍ സംഭവിക്കുന്നതിന്‍റെ പ്രതിസ്പന്ദനം വിരല്‍ത്തുമ്പിലും അനുഭവപ്പെടുന്നു

തലച്ചോറ് എന്നു നമ്മള്‍ പറയുന്നത് തനതായ ഒരു വസ്തുവല്ല. ശവശരീരങ്ങള്‍ കീറിമുറിച്ച് പരിശോധിച്ചിട്ടാണ് ഡോക്ടര്‍മാര്‍ ശരീരത്തെ കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കുന്നത്. ഒരു ശവശരീരത്തില്‍നിന്നും വിവിധ അവയവങ്ങള്‍ മുറിച്ചുമാറ്റി വെവ്വേറെ വെച്ചാല്‍ അവയൊക്കെയും വ്യത്യസ്തമാണ്, എന്നാല്‍ ശരീരത്തിനകത്ത് അവയെല്ലാം ഒന്നാണ്. അതിസൂക്ഷ്മമായ ഒരു ഉപകരണംകൊണ്ടു മാത്രമേ അവയെ വേര്‍തിരിച്ചെടുക്കാനാവു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് യോഗവിദ്യ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.

ഒരു പരീക്ഷണം എന്ന നിലയ്ക്ക് അവനവന് ആഗ്രഹമുള്ള എന്തിനേയെങ്കിലും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു നോക്കൂ. അതിശയം തോന്നും, അതുതന്നെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതായി കാണാം. എന്തെങ്കിലും പ്രത്യേകിച്ച് സംഭവിക്കണം എന്നുണ്ടെങ്കില്‍, അത് സംഭവിക്കാതിരിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ അത് നിശ്ചയമായും സംഭവിക്കും. അത് മനസ്സിന്‍റെ ഒരു സവിശേഷതയാണ്. ഒന്നാമത്തെ ഗിയറിലിടുമ്പോള്‍ അത് തിരിഞ്ഞ് പുറകിലത്തെ ഗിയറിലേക്കു പോകുന്നു. ഇതല്ല ശരിയായ വഴി എന്ന് ഓര്‍മ്മ വേണം. ഒരു പരീക്ഷണം എന്ന നിലയില്‍ മാത്രമേ ശ്രമിച്ചു നോക്കാവു. വേണ്ട എന്നുറപ്പിക്കുന്നതാണ് മിക്കവാറും ജീവിതത്തില്‍ സംഭവിക്കുക.

നാളെ മുതല്‍ ദിവസവും അതിരാവിലെ എഴുന്നേല്‍ക്കണം, തണുത്ത വെള്ളത്തില്‍ കുളിച്ച് 5.30ന് സാധനകള്‍ അനുഷ്ഠിക്കണം. ഇങ്ങനെ കുറച്ചു ദിവസം മുടങ്ങാതെ ചെയ്തു നോക്കൂ. മുമ്പ്, "വലിയ പ്രയാസമാണല്ലൊ" എന്ന് തോന്നിയിരുന്ന പല സംഗതികളും നിങ്ങളുടെ ജീവിതത്തില്‍നിന്നും ഒഴിഞ്ഞുപോകുന്നതായി ക്രമേണ അനുഭവപ്പെടും. എല്ലാ ദിവസവും മുടങ്ങാതെ ഒരു മണിക്കൂര്‍ ഹഠയോഗ ചെയ്യു. തീര്‍ച്ചയായും നിങ്ങള്‍ക്കതിന്‍റെ പ്രയോജനം ലഭിക്കും. എന്നാല്‍ ഹഠയോഗത്തെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ അത് പെട്ടെന്ന് സാധിക്കുന്നതല്ല. അതിനുവേണ്ടത്ര താല്‍പര്യവും സമയവും ക്ഷമയും കൈമുതലായിട്ടുണ്ടാകണം. അതിന്‍റെ ഗുണഭോക്താവാകാന്‍ കാര്യമായി കാത്തിരിക്കേണ്ടതില്ല. ഓരോ ആസനത്തിന്‍റെ രീതി, ലക്ഷ്യം, അതുകൊണ്ട് ശരീരത്തിനും മനസ്സിനും ബുദ്ധിക്കും എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നെല്ലാം വിശദമായി പഠിക്കാന്‍ ഒരായുഷ്ക്കാലം മുഴുവന്‍ ചിലവഴിക്കേണ്ടിവരും.

കേവലം പ്രയോജനം മാത്രമാണ് ലക്ഷ്യമെങ്കില്‍ അതിന്‍റെ സാങ്കേതികവശങ്ങള്‍ നന്നായി മനസ്സിലാക്കിയാല്‍ മതി. എന്നാല്‍ ഹഠയോഗത്തിന്‍റെ ശാസ്ത്രവും അടിസ്ഥാന തത്വങ്ങളും മനസ്സിലാക്കാന്‍ കുറച്ചധികം കാലം അദ്ധ്വാനിക്കേണ്ടിവരും. എന്നെ സംബന്ധിച്ചാണെങ്കില്‍ ഇതെല്ലാം മനസ്സിലാക്കാന്‍ മൂന്നു ജന്മം തന്നെ വേണ്ടിവന്നു. നിങ്ങള്‍ എന്നേക്കാള്‍ ബുദ്ധിയുള്ളവരാണെന്നാണ് എനിക്കു തോന്നുന്നത്. ഇതു പഠിക്കാനായി നിങ്ങള്‍ എന്‍റെ അടുത്തു വന്നിരിക്കുന്നു. എന്‍റെ കര്‍ശനമായ രീതികളുമായി സഹകരിക്കുന്നു. എന്‍റെ ഭാഗത്തുനിന്ന് വിശേഷിച്ച് പ്രശംസയോ, പ്രോത്സാഹനമൊ, വാഗ്ദാനങ്ങളൊ, അത്ഭുതങ്ങളൊ ഒന്നുമില്ല. എന്നിട്ടും ആരും വിട്ടുപോകുന്നില്ല. തീര്‍ച്ചയായും നിങ്ങള്‍ എന്നേക്കാള്‍ സമര്‍ത്ഥരാണ്.....ഈ ജന്മം തന്നെ ധാരാളം, നിങ്ങള്‍ക്കത് പഠിച്ചെടുക്കാന്‍.

നിശ്ചലമായി കുറെ നേരം നിവര്‍ന്നിരിക്കണമെങ്കില്‍ ശരീരത്തെ അതിനായി പരിശീലിപ്പിക്കേണ്ടതുണ്ട്. ഹഠയോഗ ഇതിനുവേണ്ട പരിശീലനം നല്‍കുന്നു

ചോദ്യം: ഒട്ടും ഇളകാതെ ഒരേയിരുപ്പില്‍ കുറെ നേരം ഇരിക്കണമെന്നുണ്ട്. സാധിക്കുന്നില്ല. അതിനുവേണ്ടി ഞാന്‍ എന്താണ് ചെയ്യേണ്ടത്?

സദ്‌ഗുരു: നിശ്ചലമായി കുറെ നേരം നിവര്‍ന്നിരിക്കണമെങ്കില്‍ ശരീരത്തെ അതിനായി പരിശീലിപ്പിക്കേണ്ടതുണ്ട്. ഹഠയോഗ ഇതിനുവേണ്ട പരിശീലനം നല്‍കുന്നു. നല്ല ആരോഗ്യമുള്ള ശരീരമാണെങ്കില്‍പോലും, ഇളകാതെ കുറെ നേരം ഇരിക്കുക പ്രയാസമുള്ള സംഗതിയാണ്. അതിനായി വേറെ ചില കാര്യങ്ങള്‍ ചിട്ടപ്പെടുത്തേണ്ടതുണ്ട്.
യോഗക്ക് എട്ട് അംഗങ്ങളുണ്ട്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാ ഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് ആ എട്ടംഗങ്ങള്‍. അവ ചവിട്ടു പടികളല്ല, അംഗങ്ങളാണ്....അവയവങ്ങളാണ്. നിങ്ങള്‍ക്ക് എട്ട് അവയവങ്ങളുണ്ടെങ്കില്‍ അതില്‍ ഏതാണ് ആദ്യം ചലിപ്പിക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണല്ലൊ. ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം എപ്പോഴും വലതു കാലാണ് ആദ്യം മുന്നോട്ട് വെക്കുക. അത് അങ്ങനെത്തന്നെ വേണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. ചില സന്ദര്‍ഭങ്ങളില്‍ ആദ്യം വലതുകാല്‍ വെക്കുന്നതായിരിക്കും സൗകര്യം. മറ്റു ചിലപ്പോള്‍ ഇടതുകാല്‍ ആദ്യം എടുത്തുവെക്കുന്നതായിരിക്കും എളുപ്പം. ഏതാണ് ആദ്യം വേണ്ടത് എന്നത് നിങ്ങള്‍ ചെയ്യുന്നത് എന്താണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതുപോലെതന്നെയാണ് യോഗയുടെ കാര്യവും. ഏതു അംഗമാണ് ആദ്യം അഭ്യസിക്കേണ്ടത് എന്നത്, നിങ്ങള്‍ എവിടെയാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ശരീരത്തിന്‍റെ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ട് ദേഹം നിശ്ചലമാക്കുക സാദ്ധ്യമല്ല. അതിന് മനസ്സിന്‍റെ പിന്‍തുണകൂടി ആവശ്യമാണ്. വളരെ വളരെ കാലങ്ങളോളം മനുഷ്യ ചരിത്രത്തില്‍ ശരീരത്തിനായിരുന്നു പ്രഥമസ്ഥാനം, അതുതന്നെയായിരുന്നു ഏറ്റവും വലിയ പ്രശ്നവും. അതുണ്ടെന്നുതന്നെ ജനങ്ങളെ ആദ്യമായി പരിശീലിപ്പിച്ചത് ഹഠയോഗമായിരുന്നു. ഏതാനും നൂറ്റാണ്ടുകള്‍ മുമ്പുവരെ സമൂഹത്തില്‍ അഞ്ചോ പത്തോ ശതമാനം പേരേ മനോരോഗികളായി ഉണ്ടായിരുന്നുള്ളു. മറ്റുള്ളവര്‍ക്ക് ശാരീരികമായ അസുഖങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നും ഗ്രാമ പ്രദേശങ്ങളില്‍ മനോരോഗികള്‍ പ്രായേണ കുറവാണ്. അവരെ അലട്ടുന്നത് അധികവും ശാരീരികമായ പീഢകളാണ്. എന്നാല്‍ കഴിഞ്ഞ കുറെ തലമുറകളായി മനോരോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിരിക്കുന്നു. ശരീരത്തേക്കാള്‍ അധികമായി അവര്‍ മനസ്സുപയോഗിക്കുന്നു എന്നതാവാം കാരണം. ഇത് മാനവ ചരിത്രത്തില്‍ സംഭവിച്ച വലിയൊരു മാറ്റമാണ്. ഇരുനൂറോ മുന്നൂറോ കൊല്ലം മുമ്പുവരെ മനുഷ്യര്‍ മനസ്സുകൊണ്ടുള്ളതിനേക്കാള്‍ വളരെയധികമായി ശരീരംകൊണ്ട് പണിയെടുത്തിരുന്നു.

കഴിഞ്ഞ കുറെ തലമുറകളായി മനോരോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിരിക്കുന്നു. ശരീരത്തേക്കാള്‍ അധികമായി അവര്‍ മനസ്സുപയോഗിക്കുന്നു എന്നതാവാം കാരണം

ഞാന്‍ ആധുനിക കാലത്തുള്ള ഒരു യോഗിയാണല്ലൊ. എന്‍റെ കണ്‍മുമ്പിലുള്ളത് ആധുനികരായ മനുഷ്യരാണ്. അവരുടെ പ്രശ്നങ്ങള്‍ കൂടുതലായും മാനസികമാണ്; ശാരീരികമായിട്ടുള്ളതിനേക്കാള്‍ വളരെയധികം. അതുകൊണ്ട് ക്രിയകളും, ധ്യാനവുമായാണ് ഞങ്ങള്‍ ആരംഭിക്കുന്നത്. അതിനുശേഷമാണ് ഹഠയോഗ തുടങ്ങുക. ധ്യാനവും ക്രിയകളും മനസ്സിനും പ്രാണോര്‍ജ്ജത്തിനും വളരെ പ്രയോജനപ്രദമാണ്.

ശരീരം നിശ്ചലമായിരിക്കണമെങ്കില്‍ മനസ്സും ഏകാഗ്രമായിരിക്കണം. പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ശ്രമകരമാണ്. ശരീരവും, ബുദ്ധിയും, മനസ്സും, പ്രാണനുമൊക്കെ ഒരേ നിലയിലായിരിക്കണം. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. പഴയകാലത്തെ ആളുകളേക്കാള്‍ ഇന്നുള്ളവര്‍ക്ക് ബുദ്ധികൂര്‍മ്മത കൂടുമെന്ന് പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. അത് ശരിയല്ല. വാസ്തവത്തില്‍ ഇന്നുള്ളവരുടെ മനസ്സ് നിയന്ത്രണം വിട്ട് പായുകയാണ്. അതിനു കാരണം, അവര്‍ മനസ്സിനെ ദുരുപയോഗപ്പെടുത്തുന്നു എന്നതാണ്.
നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ചിട്ടപ്പെടുത്തിയിരിക്കുന്ന രീതി, അതൊക്കെ വാസ്തവത്തില്‍ മനസ്സില്‍ ആശയക്കുഴപ്പമുണ്ടാക്കാനേ ഉതകൂ. ഒരു കുട്ടി കവിത ചൊല്ലി പഠിക്കുന്നു. തുടര്‍ന്ന് ഗണിതത്തിലേക്കു കടക്കുന്നു. രണ്ടിനും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ അത് അവന് പറഞ്ഞു മസ്സിലാക്കി കൊടുക്കാന്‍ ആരുമില്ല. സംഗീതത്തിന്‍റെ ക്ലാസ്സില്‍നിന്നും കുട്ടി ചെല്ലുന്നത് രസതന്ത്രം പഠിക്കാനാണ്. അതിനും തമ്മില്‍ ബന്ധമുണ്ട്. പക്ഷെ അതു വിശദീകരിക്കാന്‍ ആളില്ല. സംഗീതവിഭാഗവും രസതന്ത്രവിഭാഗവും തമ്മില്‍ എപ്പോഴും മത്സരമാണ്.
ഒരു വിഷയവും സമഗ്രമായി പഠിക്കുന്നില്ല. എല്ലാം തുണ്ടുതുണ്ടായാണ് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കുന്നത്. അറിയാനുള്ള ത്വര ഒരു മനസ്സിലുമില്ല. പരീക്ഷയില്‍ ജയിക്കണം, ഉദ്ദ്യോഗം സമ്പാദിക്കണം, അതില്‍ കൂടുതലായി ഒന്നുമില്ല. വിദ്യാഭ്യാസത്തിന്‍റെ പരിതാപകരമായ ഒരവസ്ഥയാണിത്. ഇതുകൊണ്ട് ജീവിതത്തിന് കാര്യമായ ഒരു പുരോഗതി കൈവരിക്കാനാവില്ല. ഇതൊന്നും ആരും ഗൗരവപൂര്‍വം എടുക്കുന്നില്ല. "ഇങ്ങനെയൊക്കെ പോകട്ടെ" എന്ന മനോഭാവമാണ് പൊതുവേ എല്ലാവര്‍ക്കും.

hatha-yoga-2

ഈ അടുത്തകാലത്ത് വളരെ ആധുനികമായ ഒരു സായാഹ്ന വിരുന്നില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. വലിയ പ്രമാണികള്‍ പങ്കെടുക്കുന്ന ഒരു സത്കാരം. ഒരു മൂലയില്‍ പരിചാരകന്മാര്‍ വേണ്ടവര്‍ക്കെല്ലാം ഇഷ്ടംപോലെ മദ്യം പകര്‍ന്നു നല്‍കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ആതിഥേയന്‍ പറഞ്ഞു "സദ്ഗുരു എത്തി, ഇനി മദ്യം വേണ്ട." പലര്‍ക്കും അത് സമ്മതമായില്ല. അത് അവരുടെ മുഖത്ത് പ്രകടമാവുകും ചെയ്തു. "അതിന്‍റെയൊന്നും ആവശ്യമില്ല" അതിഥികളില്‍ ഒരാള്‍ പറഞ്ഞു. അദ്ദേഹം ഒരു മന്ത്രിയായിരുന്നു. "സദ്‌ഗുരുവിന് വേണ്ടത്ര ലോകപരിചയമുണ്ട്. ഇതൊന്നും അദ്ദേഹത്തിന് വിരോധമില്ല”

"അങ്ങനെയാണോ? എന്നാല്‍ പറയൂ" ഞാനും വിട്ടുകൊടുത്തില്ല, “എപ്പോഴാണ് ലോകം മുഴുവന്‍ മദ്യലഹരിയില്‍ മുഴുകിയത്? ഇത് ഇന്നത്തെ കഥ. കുടിച്ച് ലക്ക് കെട്ടില്ല എങ്കില്‍ നിങ്ങള്‍ ഈ ലോകത്തില്‍ ജീവിക്കാന്‍ കൊള്ളരുതാത്തവനാണ് എന്ന അവസ്ഥ...."
മനുഷ്യമനസ്സുകളെ നമ്മള്‍ വളരെ തെറ്റായൊരു രീതിയില്‍ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അങ്ങനെയിരിക്കെ, മനുഷ്യര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കുമൊ? ശരിയായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമെ ശരിയായ അനുഭവങ്ങള്‍ ജീവിതത്തിലുണ്ടാകു. തെറ്റുകള്‍ മാത്രം ചെയ്തുകൂട്ടിയത്തിനു ശേഷം നനമ നിറഞ്ഞ അനുഭവങ്ങള്‍ക്കു കാത്തിരിക്കുക ശുദ്ധമണ്ടത്തരമല്ലേ?

ശരീരത്തിന് അലോഗ്യമൊന്നുമില്ലെന്ന് ഡോക്ടര്‍ പറയുന്നു. എന്നിട്ടും വെറുതെ ഇരിക്കുമ്പോഴും ആകപ്പാടെ ഒരസ്വസ്ഥത. അതില്‍ എന്തോ അപാകതയില്ലേ? അമേരിക്കയിലെ ചില മെഡിക്കല്‍ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നത് വായിച്ചപ്പോള്‍ ശരിക്കും അത്ഭുതം തോന്നി. ആഴ്ചയില്‍ രണ്ടു ദിവസം മലശോധന ഉണ്ടായാല്‍ മതി എന്ന്. എന്നാല്‍ യോഗ ശാസ്ത്രത്തില്‍ പറയുന്നത് ദിവസവും രണ്ടു പ്രാവശ്യം മലശോധന നടത്തണമെന്നാണ്. കാരണം മലം പൂര്‍ണമായും ശരീരത്തില്‍നിന്ന് നീക്കം ചെയ്തിരിക്കണം. പുറത്തേക്കു പോകേണ്ടത് ഏറ്റവും വേഗത്തില്‍ പുറത്തേക്കു പോയിരിക്കണം. രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം ചെയ്യേണ്ടത് അതാണ്. ആഴ്ചയില്‍ രണ്ടുദിവസം മലശോധന ഉണ്ടായാല്‍ മതി എന്നതിനര്‍ത്ഥം, ഏതാണ്ട് മൂന്നുദിവസത്തോളം മലം ശരീരത്തിനകത്ത് കെട്ടി കിടക്കുന്നു എന്നാണല്ലൊ. അങ്ങനെ മലീമസമായ ഒരു ശരീരത്തില്‍ മനസ്സ് ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാനാകുമൊ? വന്‍കുടലും മനസ്സും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് പലരും ശ്രദ്ധിക്കാറില്ല.

വന്‍കുടലും മനസ്സും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് പലരും ശ്രദ്ധിക്കാറില്ല
വന്‍കുടല്‍ സ്ഥിതിചെയ്യുന്നത് മൂലാധാരത്തിലാണ്. മൂലാധാരമാണ് നമ്മുടെ ഊര്‍ജത്തിനു മുഴുവന്‍ ആധാരമായിരിക്കുന്നത്. മൂലാധാരത്തില്‍ എന്തുതന്നെ സംഭവിച്ചാലും അത് നമ്മുടെ ദേഹത്തെ മുഴുവന്‍ ബാധിക്കുന്നു, ഏതെങ്കിലും ഒരു നിലക്ക് മനസ്സിനെ വിശേഷിച്ചും അത് ബാധിക്കുന്നുണ്ട്. ആധുനിക ശാസ്ത്രജ്ഞന്മാര്‍ ശരീരത്തെ ഓരോ ചെറിയ അംശങ്ങളായി മൈക്രോസ്കോപ്പിലൂടെ കണ്ടു മനസ്സിലാക്കുന്നു, എന്നിട്ടവരുടേതായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നു. ശരീരഘടനയുടെ സമഗ്രമായ രൂപം പുറത്തുനിന്നുള്ള കാഴ്ചക്കു വിധേയമല്ല. അതിനു വേണ്ടത് സവിശേഷമായ ഒരുള്‍ക്കാഴ്ചയാണ്.

മുറതെറ്റാതെ സാധനകളനുഷ്ഠിക്കൂ, ഭക്ഷണരീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തൂ, കഴിവതും പാകം ചെയ്യാത്ത പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തൂ ഒന്നുരണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഫലം കാണാം നിങ്ങള്‍ക്ക് ദീര്‍ഘനേരം ശരീരം ഇളക്കാതെ ഇരിക്കാന്‍ സാധിക്കും.

Photo credit : https://c8.staticflickr.com/5/4042/5165645847_532eab76c8_b.jpg

 
 
  0 Comments
 
 
Login / to join the conversation1