सद्गुरु

നിങ്ങളുടെ പരിണാമപ്രക്രിയ ത്വരിതമാക്കുന്നതിനു ശരീരത്തെ ഉപയോഗിക്കുന്ന ശാസ്ത്രമാണ് ഹഠയോഗ

സര്‍വ്വവും ഏകാത്മകമാണെന്ന് ബോധത്തിലനുഭവപ്പെടുമ്പോള്‍ നിങ്ങള്‍ യോഗയിലാണ്. ആ ഏകത നിങ്ങളുടെ ഉള്ളില്‍ നേടുന്നതിനു പല മാര്‍ഗങ്ങളുമുണ്ട്. നിങ്ങള്‍ ശരീരം കൊണ്ടും പിന്നീടു ശ്വാസം കൊണ്ടും അതിനുശേഷം മനസ്സു കൊണ്ടും അഭ്യസിക്കുന്നു. പിന്നീടാണ് ആന്തരികമായി ആത്മാവില്‍ എത്തിച്ചേരുന്നത്. ഇത്തരത്തില്‍ നിരവധി പാഠങ്ങള്‍ ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. അവയൊക്കെ യോഗയുടെ വിവിധ മുഖങ്ങളാണെന്നുമാത്രം. അവയെല്ലാം സമതുലിതമായി ഏകോപിപ്പിച്ച് ഒരു ഒറ്റഘടകമെന്ന പോലെ ആവിഷ്ക്കരിക്കുക എന്നതു വളരെ പ്രധാനമാണ്. വിഭാഗീയത ഒന്നുമില്ല നിങ്ങള്‍ ആര് എന്നതിന്‍റെ എല്ലാവശങ്ങളും യോഗ കൈകാര്യം ചെയ്യുന്നു. ഇപ്പോള്‍ നിങ്ങള്‍ ആരാണെന്നതിന്‍റെ വളരെ ബൃഹത്തായൊരു അവതരണമാണ് ശരീരം എന്നത്. നിങ്ങളുടെ പരിണാമപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനു ശരീരത്തെ ഉപയോഗിക്കുന്ന ശാസ്ത്രമാണ് ഹഠയോഗ.

ശരീരത്തിനും അതിന്‍റേതായ പ്രകൃതം, അഹന്ത, പ്രതികരണങ്ങള്‍ ഒക്കെയുണ്ട്. നാളെമുതല്‍ രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ്, നടക്കുവാന്‍ പോകണം എന്നു നിങ്ങള്‍ വിചാരിക്കുന്നു. അതിനായി അലാറം വയ്ക്കുകയും വെളുപ്പിന് അതു മുഴങ്ങുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് എഴുന്നേല്‍ക്കണം. എന്നാല്‍ 'അവിടെക്കിടന്ന് ഉറങ്ങൂ' എന്നാണ് ശരീരം പറയുന്നത്. അതിന് അതിന്‍റേതായ രീതികളുണ്ട്. അല്ലേ? ശരീരം കൊണ്ടുള്ള അഭ്യാസരീതിയാണ് ഹഠയോഗ. ശരീരത്തെ ചിട്ടയുള്ളതും ശുദ്ധവും, ഉയര്‍ന്ന ഊര്‍ജനിലയും, സാധ്യതകളുള്ളതുമാക്കിത്തീര്‍ക്കുകയാണ് ഹഠയോഗ ചെയ്യുന്നത്.
ഹഠയോഗ ഒരു വ്യായാമ മുറയല്ല. ശരീരത്തിന്‍റെ പ്രവര്‍ത്തന തന്ത്രം മനസ്സിലാക്കി ഒരു പ്രത്യേക ചുറ്റുപാടുണ്ടാക്കുകയും ശരീരനിലകളിലൂടെ നിങ്ങളുടെ ഊര്‍ജത്തെ പ്രത്യേകദിശകളിലേക്കു തിരിച്ച്, ആ ഊര്‍ജം ഉയര്‍ന്ന നിലയില്‍ എത്തിച്ചേരാന്‍ പാകത്തില്‍ ശരീരത്തെ ക്രമപ്പെടുത്തുകയുമാണ് ഹഠയോഗ അഥവാ യോഗാസനം കൊണ്ടുദ്ദേശിക്കുന്നത്.


ബോധത്തിന്‍റെ ഓരോ വ്യത്യസ്ത തലത്തിലും, അല്ലെങ്കില്‍ മാനസികമോ വൈകാരികമോ ആയ തലങ്ങളില്‍ പരിശോധിച്ചാല്‍ നിങ്ങളുടെ ശരീരം സ്വയമേവ ചില പ്രത്യേക നിലകള്‍ അഥവാ സ്ഥിതികള്‍ സ്വീകരിക്കുന്നു എന്നു കാണാം.

ആസനമെന്നാല്‍ ഒരു പ്രത്യേക ശാരീരികനിലയാണ്. നിങ്ങളുടെ ഉന്നതമായ പ്രകൃതത്തില്‍ എത്തിച്ചേരാന്‍ നിങ്ങളെ സഹായിക്കുന്ന തരത്തിലുള്ള നിലയാണ് യോഗാസനം. ഇതിനു മറ്റുമാനങ്ങളുമുണ്ട്. ഏറ്റവും ലളിതമായ രീതിയില്‍ പറഞ്ഞാല്‍, ഒരാള്‍ ഇരിക്കുന്നതു ശ്രദ്ധിച്ചാല്‍ മതി അയാള്‍ക്ക് എന്താണു സംഭവിക്കുന്നതെന്നു നിങ്ങള്‍ക്ക് ഏകദേശം അറിയാന്‍ കഴിയും, പ്രത്യേകിച്ചും അയാളെ നിങ്ങള്‍ക്കു മുന്‍പരിചയമുണ്ടെങ്കില്‍. നിങ്ങള്‍ നിങ്ങളെത്തന്നെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും, കോപിഷ്ഠനായിരിക്കുമ്പോള്‍ നിങ്ങള്‍ ഒരുതരത്തില്‍ ഇരിക്കുന്നു, സന്തുഷ്ടനാണെങ്കില്‍ ഇരിപ്പ് മറ്റൊരു തരത്തിലായിരിക്കും. ദുഃഖിതനായിരിക്കുമ്പോഴും മാനസികമോ വൈകാരികമോ ആയ വ്യത്യസ്തബോധനിലകളില്‍ സ്ഥിതിചെയ്യുമ്പോഴും നിങ്ങളുടെ ശരീരം ഓരോ പ്രത്യേകഭാവത്തില്‍ ആണിരിക്കുന്നത്. ഇതിന്‍റെ വിപരീതമാണ് ആസനങ്ങളുടെ ശാസ്ത്രം. നിങ്ങള്‍ ബോധപൂര്‍വം ശരീരത്തെ ചില പ്രത്യേകനിലകളില്‍ വച്ചാല്‍ നിങ്ങളുടെ ഭാവങ്ങള്‍ ഉയര്‍ന്ന നിലയിലാക്കാന്‍ കഴിയും.

ബോധത്തിന്‍റെ ഓരോ വ്യത്യസ്ത തലത്തിലും, അല്ലെങ്കില്‍ മാനസികമോ വൈകാരികമോ ആയ തലങ്ങളില്‍ പരിശോധിച്ചാല്‍ നിങ്ങളുടെ ശരീരം സ്വയമേവ ചില പ്രത്യേക നിലകള്‍ അഥവാ സ്ഥിതികള്‍ സ്വീകരിക്കുന്നു എന്നു കാണാം.

ശാരീരിക നിലയ്ക്ക് നിങ്ങളുടെ ആത്മീയ ഉന്നമനത്തെ സഹായിക്കുവാന്‍ കഴിയും. അതുപോലെ ശാരീരിക നില അതിനു തടസ്സമായും വന്നേക്കാം. നിങ്ങളുടെ ശരീരഭാഗങ്ങളില്‍ -ഉദാഹരണത്തിനു കൈ കാലുകള്‍, മുതുക് എന്നിങ്ങനെ എവിടെയെങ്കിലും -വേദന ഉണ്ടെന്നു കരുതുക. വല്ലാത്ത വേദനയുള്ളപ്പോള്‍ ഉന്നതമായ കാര്യങ്ങള്‍ കാംക്ഷിക്കുവാന്‍ ബുദ്ധിമുട്ടാണ്. കാരണം, ഏറ്റവും ശ്രദ്ധ വേദനയുള്ളിടത്തായിരിക്കും. നടുവേദനയുള്ളപ്പോള്‍ അതായിരിക്കും ലോകത്തിലെ ഏറ്റവും വലിയ കാര്യം. മറ്റുള്ളവര്‍ക്ക് അതു മനസ്സിലാവില്ല. അനുഭവിക്കുന്നയാള്‍ക്ക് അതാണ് ഏറ്റവും വലുത്. ദൈവം പ്രത്യക്ഷപ്പെട്ടാല്‍ പോലും നടുവേദന മാറ്റിത്തരണമെന്നായിരിക്കും അപ്പോള്‍ ആവശ്യപ്പെടുക. അപ്പോള്‍ മറ്റൊന്നും ആവശ്യപ്പെടാന്‍ നിങ്ങള്‍ക്കു കഴിയില്ല. കാരണം ശരീരത്തിനു നിങ്ങളുടെ മേല്‍ അത്രയ്ക്കു സ്വാധീനമുണ്ട്. അതു ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജീവിതത്തിലെ മറ്റെല്ലാ ആഗ്രഹങ്ങളും നിങ്ങളെ വിട്ടു പോകും. നിങ്ങള്‍ക്കെന്തെല്ലാം സങ്കല്‍പ്പങ്ങളുണ്ടായാലും ശരീരം വേദനിക്കുമ്പോള്‍ തീവ്രാഭിലാഷങ്ങളെല്ലാം അപ്രത്യക്ഷമാകും - കാരണം ശരീരത്തിനപ്പുറം നോക്കുന്നതിന് അത്യധികം ശക്തി ആവശ്യമായിവരും, അതൂമിക്ക ആളുകള്‍ക്കും ഉണ്ടായിരിക്കുകയില്ല.

ശരീരം നിങ്ങളുടെ ആത്മീയ വളര്‍ച്ചക്കുള്ള ഒരുപാധിയായിത്തീരാം, അല്ലെങ്കില്‍ ഒരു വലിയ തടസ്സമായും മാറാം.

ലളിതമായ ആസനങ്ങള്‍ ചെയ്ത് ആയിരക്കണക്കിനാളുകള്‍ നട്ടെല്ലു സംബന്ധിച്ച പ്രശ്നങ്ങള്‍ അതിജീവിച്ചിട്ടുണ്ട്. ശസ്ത്രക്രിയ അത്യാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നവര്‍ക്ക് അതു വേണ്ടി വന്നില്ല. ഒരു ഞരമ്പുരോഗചികിത്സകന്‍റെ അടുത്തേക്കു പോകേണ്ടി വരാത്ത വിധം നട്ടെല്ല് നല്ലനിലയിലാകുന്നു. നട്ടെല്ലു മാത്രമല്ല ഇങ്ങനെ വഴങ്ങുന്നത്. നിങ്ങള്‍ക്കും വഴക്കം ഉണ്ടാകുന്നു. അങ്ങനെ വഴക്കമുണ്ടാകുന്നതോടെ നിങ്ങള്‍ ശ്രദ്ധിക്കുവാന്‍ തയാറാകുന്നു, മറ്റുള്ളവര്‍ പറയുന്നതു മാത്രമല്ല, ജീവിതത്തോടു തന്നെ നിങ്ങള്‍ ശ്രദ്ധയുള്ളവരാകുന്നു. ജീവിതത്തെ ശ്രദ്ധിക്കുവാന്‍ പഠിക്കുന്നതാണ് വിവേകപൂര്‍വമായ ജീവിതത്തിന്‍റെ കാതല്‍.

ശരീരം ഒരിക്കലും ഒരു പ്രതിബന്ധമാകുകയില്ല എന്നുറപ്പാക്കുന്നതിന്, ഒരളവു പരിശ്രമവുംഅതിനായി കുറെ സമയവും സമര്‍പ്പിക്കേതു പരമപ്രധാനമാണ്. വേദനയുള്ള ശരീരവും സമ്മര്‍ദത്തിനു വിധേയമായ ശരീരവും വലിയ തടസ്സമായി വരാം. ലളിതമായ പ്രേരണകളോ ശക്തമായ ആസക്തിയോ ശരീരത്തിനതീതമായി ഉയരുവാന്‍ നിങ്ങളെ അനുവദിക്കുകയില്ല. അത്രത്തോളം പ്രബലമായിരിക്കും അവയുടെ ആധിപത്യം.ഭൗതികശരീരം ഒരു മുഖ്യഘടകമായി മാറുന്നു. എന്നാല്‍ ശരീരം നിങ്ങളുടെ ഒരു ഭാഗം മാത്രമാണ്. നിങ്ങള്‍ പൂര്‍ണമായി അതു മാത്രമല്ല. ആസനങ്ങള്‍ ശരീരത്തെ അതിന്‍റെ സ്വാഭാവികനിലയില്‍ നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നു.
ഒരാള്‍ ആഴത്തിലുള്ള ധ്യാനത്തിലേക്കു കടക്കണമെന്നു വിചാരിക്കുമ്പോള്‍ ഊര്‍ജത്തിന്‍റെ ഉയര്‍ന്ന നിലകളില്‍ എത്താന്‍ ഹഠയോഗ സഹായിക്കുന്നു. നിങ്ങളുടെ ഊര്‍ജം ഉയരങ്ങളിലേക്കു കുതിച്ചു കയറണമെന്നുണ്ടെങ്കില്‍ ശരീരത്തില്‍ അതിനായുള്ള ചാലുകള്‍ ഊര്‍ജപ്രസരണത്തിനു പ്രാപ്തമാകണമെന്നുള്ളതു വളരെ പ്രധാനമാണ്. അതു തടസ്സപ്പെട്ടിരുന്നാല്‍ അത്തരം പ്രവര്‍ത്തനം നടക്കുകയില്ല. അല്ലെങ്കില്‍ ഏതെങ്കിലും ഭാഗത്ത് ഊര്‍ജ്ജസ്ഫോടനം ഉണ്ടാകും. വളരെ തീവ്രമായ ധ്യാനരൂപങ്ങള്‍ പരിശീലിക്കുന്നതിനുമുമ്പ് ശരീരത്തെ അതിനായി സജ്ജമാക്കേണ്ടതുണ്ട്. വളരെ സൗമ്യമായും ആഹ്ളാദകരമായും ശരീരം സുസ്സജ്ജമാക്കാന്‍ ആസനങ്ങള്‍ സഹായിക്കുമെന്ന് ഉറപ്പാണ്.


ശരീരം നിങ്ങളുടെ ആത്മീയ വളര്‍ച്ചക്കുള്ള ഒരുപാധിയായിത്തീരാം, അല്ലെങ്കില്‍ ഒരു വലിയ തടസ്സമായും മാറാം.

ശാരീരികമായി വേണ്ടത്ര തയാറെടുപ്പു നടത്താത്തതിനാല്‍ വളരെപ്പേര്‍ക്ക് ആത്മീയ വളര്‍ച്ച വളരെ വേദനാജനകമായിത്തീരുന്നു. അധികം പേരും നിര്‍ഭാഗ്യവശാല്‍ ബാഹ്യമായ പരിസ്ഥിതികളുടെ പൂര്‍ണമായ നിയന്ത്രണത്തിലാണ്. അവരെ നയിക്കുന്നത് ബാഹ്യകാര്യങ്ങളാണ്. ജീവിതവ്യാപാരങ്ങള്‍ക്കിടയിലാണ് അവര്‍ ജ്ഞാനത്തെക്കുറിച്ചും ആധ്യാത്മിക സാധ്യതകളെക്കുറിച്ചും ഒക്കെ അറിയുന്നത്. അപ്പോള്‍ പോലും ചിലര്‍ മാത്രമേ യഥാര്‍ത്ഥ അറിവു നേടുന്നുള്ളൂ. മറ്റുള്ളവര്‍ അതിനുവേണ്ടിയുള്ള ശ്രമത്തില്‍ പരിക്കേല്‍ക്കുകയേയുള്ളൂ. ഈ കടുത്ത മുറിവ് ജ്ഞാനത്തിന്‍റെ ഉറവിടമായി മാറുന്നതിനും ആ ജ്ഞാനം സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നതിനും ഇടവരും. എന്നാല്‍ അത്യാവശ്യമായ തയ്യാറെടുപ്പോടെയിരിക്കുന്നവര്‍ക്ക് അത്ഭുതകരമായ വളര്‍ച്ചയുടെ അനുഭവമാണ് ഉണ്ടാകുക. വളര്‍ച്ചയ്ക്ക് വേദന അനിവാര്യമാണെന്ന വിചാരവും ചിലര്‍ക്കുണ്ട്. എന്നാല്‍ ശരീരവും മനസ്സും വേണ്ടത്ര പാകമാകാത്തതിനാലാണ് വളര്‍ച്ച വേദനാജനകമാകുന്നത്. അല്ലെങ്കില്‍ അതു വളരെ ആനന്ദപ്രദമാകും.
നിങ്ങളുടെ വികാസത്തിന് ഒരു ഉറച്ച അടിത്തറയിട്ട്, ആസനങ്ങള്‍ നിങ്ങളെ വളര്‍ച്ചയ്ക്കും പരിണാമത്തിനും സജ്ജമാക്കുന്നു. ഇപ്പോള്‍ ജനങ്ങള്‍ അഭ്യസിക്കുന്ന ഹഠയോഗ ശാസ്ത്രീയമായ രീതിയിലുള്ളതല്ല, പൂര്‍ണ്ണമായ ആഴത്തിലും വ്യാപ്തിയിലുമല്ല. 'സ്റ്റുഡിയോ യോഗ' എന്നു വിളിക്കപ്പെടുന്ന യോഗ അതിന്‍റെ ശാരീരികമായ അംശം മാത്രമാണ്. ശാരീരികമായ അംശം മാത്രം പഠിപ്പിക്കുന്നത് ഒരുതരത്തില്‍ 'ചാപിള്ള' പോലെയാണ്. അവ ഒട്ടും തന്നെ ഗുണകരമല്ല എന്നുമാത്രമല്ല ആപല്‍ക്കരവുമാണ്. ഊര്‍ജവത്തായ ഒരു രീതിയാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അതു പ്രത്യേകരീതിയില്‍ അഭ്യസിക്കുക തന്നെ വേണം.

ഹഠയോഗയെന്നാല്‍ ശരീരം പിരിക്കുകയോ തലകുത്തിനില്‍ക്കുകയോ ശ്വാസം പിടിച്ചിരിക്കുകയോ ഒന്നുമല്ല. ഒരുകാലത്ത് രണ്ടു ദിവസത്തെ പാഠ്യപദ്ധതിയായി ഞാന്‍ ഹഠയോഗ പഠിപ്പിച്ചിരുന്നു. അന്ന് വെറുതെ ആസനങ്ങള്‍ ചെയ്യുന്നതു കൊണ്ടു മാത്രം ജനങ്ങള്‍ക്ക് ഹര്‍ഷോന്മാദത്തിന്‍റെ കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങുമായിരുന്നു. സന്തോഷം കരകവിയും. അങ്ങനെയാണ് യോഗ അനുഷ്ഠിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇന്നു ലോകത്തു നടക്കുന്ന ഹഠയോഗ കൊണ്ട് ചിലര്‍ക്ക് സമാധാനം കൈവരുന്നു, ചിലര്‍ക്ക് ആരോഗ്യം ഉണ്ടാകുന്നു. എന്നാല്‍ പലര്‍ക്കും അതു് വേദനാകരമായ ഒരു സര്‍ക്കസ്സാണ്. മിക്ക യോഗികളും അവരുടെ പരിമിതികളെ മറികടക്കാന്‍ സരളമായ നിലകള്‍ ഉപയോഗിക്കുന്നു. എനിക്കു പതിനൊന്നു വയസ്സുണ്ടായിരുന്നപ്പോള്‍ ഞാന്‍ ആവക ലളിതമായ അഭ്യാസങ്ങളാണുഞാന്‍ പഠിച്ചത് - വെറുംലളിതമായ ചില അംഗവിന്യാസങ്ങള്‍. അവ എങ്ങനെ അനുഷ്ഠിക്കുന്നു എന്നതുമാത്രമാണ് വ്യത്യാസമുണ്ടാക്കുന്നത്