ഗുരുവിനെ എങ്ങനെ തിരിച്ചറിയും?

 

सद्गुरु

സദ്ഗുരു: നിങ്ങളുടെ ജീവിതത്തില്‍, നിങ്ങളുടെ ദൃഷ്ടി ഒരാളില്‍, ഒറ്റ ഒരാളില്‍ പതിയുവാന്‍ ഇടയായെങ്കില്‍ നിങ്ങള്‍ വളരെ ഭാഗ്യവാനാണ്. എവിടെയാണ് നിങ്ങള്‍ ഇത്ര അധികം പേരെ കണ്ടത്? എനിക്കറിയില്ല.

ഇതിപ്പോള്‍ ഇങ്ങനെയായിരിക്കുന്നു - ഭഗവത്ഗീതയുടെ രണ്ടധ്യായം ആരെങ്കിലും വായിച്ചാല്‍ അയാള്‍ ഗുരുവാകും. ബൈബിളിന്‍റെ ഒരധ്യായം ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അയാള്‍ ഗുരുവായിത്തീരുന്നു. ഒരു പുസ്തകത്തിന്‍റെ പകുതി വായിച്ച ഏതൊരാളും ഗുരുവാകും. നിങ്ങള്‍ അതിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍, അത് വ്യത്യസ്തമാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് 'ഈ ലോകത്തിലെ എല്ലാക്കാര്യങ്ങളെയും ഞാന്‍ നോക്കികൊള്ളാം' എന്ന് ഒരു വലിയ പ്രത്യാശനല്‍കാന്‍ സന്നദ്ധനാകുന്ന ഏതൊരാളും നിര്‍ഭാഗ്യവശാല്‍ ഒരു ഗുരുവായിത്തീരുന്നു.

'വിഷമിക്കേണ്ട, ഞാനിവിടെ ഉണ്ട്, എല്ലാം ശരിയാകും!' എന്ന് വാഗ്ദാനം നല്‍കുന്ന വളരെയധികം മനുഷ്യര്‍ ഈ ഭൂമിയിലുണ്ട്, പ്രത്യേകിച്ച് നമ്മുടെ രാജ്യത്തില്‍. കാലാകാലങ്ങളായി അവരിതു പറഞ്ഞുകൊണ്ടേയിരിക്കുന്നു, അല്ലേ? പക്ഷേ ജനങ്ങള്‍ പതിവുപോലെ അവരുടെ നിത്യജീവിതവുമായി മല്ലിട്ടുകൊണ്ടേയിരിക്കുന്നു. വളരെയധികം ആളുകള്‍ നിങ്ങളെ വീണ്ടും വീണ്ടും അനുഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു, എന്നിട്ടും ഈ രാജ്യത്തിലെ പകുതി മനുഷ്യര്‍ക്ക് ഭക്ഷണമില്ല. ഇപ്പോഴും നമുക്ക് വെറും മനുഷ്യരായി ജീവിക്കേണ്ടതെങ്ങനെ എന്നുപോലും അറിയില്ല.

അതിനാല്‍ നിങ്ങള്‍ 'ഗുരു' എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്, ഗുരുവെന്ന രീതിയില്‍ നിങ്ങള്‍ക്ക് ആശ്വാസം പകരുന്നവരെയാണ്. നിങ്ങള്‍ക്ക് സമാധാനം പകരുന്നവരെ. അങ്ങേയറ്റം, നിങ്ങള്‍ക്ക് അവരെ വിശുദ്ധരെന്നു വിളിക്കാം. അവര്‍ക്ക് പ്രീതികരമായ ഒരു പ്രത്യേക പരിവേഷമുണ്ട്. അവര്‍ സൗമ്യരാണ്. നാം ചുറ്റും കാണുന്ന സാധാരണമനുഷ്യരെക്കാളും അധികം ആനന്ദമുള്ളവരാണ്, അവര്‍ക്ക് നല്ല ഉദ്ദേശങ്ങളുണ്ട്.


നല്ല ഉദ്ദേശങ്ങളും, സന്തോഷമുള്ള പ്രകൃതവും നിങ്ങളെ ഒരു ഗുരുവാക്കുന്നില്ല. നമുക്കയാളെ ഒരു ദിവ്യനെന്നോ, ഒരു വിശുദ്ധനെന്നോ അങ്ങനെ എന്തെങ്കിലും വിളിക്കാം.

നല്ല ഉദ്ദേശങ്ങളും, സന്തോഷമുള്ള പ്രകൃതവും നിങ്ങളെ ഒരു ഗുരുവാക്കുന്നില്ല. നമുക്കയാളെ ഒരു ദിവ്യനെന്നോ, ഒരു വിശുദ്ധനെന്നോ അങ്ങനെ എന്തെങ്കിലും വിളിക്കാം. ഒരു ഗുരു സന്തോഷപ്രദമായിരിക്കണമെന്നില്ല. നോക്കൂ, ഞാനങ്ങനെയല്ല. (ചിരിക്കുന്നു) അദ്ദേഹം സന്തോഷം തരുന്നവാനായിരിക്കണമെന്നില്ല, കാരണം, നിങ്ങളോട് നല്ലവനായിരിക്കണമെന്നതല്ല അദ്ദേഹത്തിന്‍റെ ഉദ്ദേശം. അദ്ദേഹത്തിന്‍റെ ഉദ്ദേശം നിങ്ങളെ ഉണര്‍ത്തുകയാണ്, ഉറക്കുകയല്ല. ഞാന്‍ നിങ്ങളോട് വളരെ മധുരമായി പെരുമാറിയാല്‍, നിങ്ങള്‍ക്ക് സന്തോഷം തോന്നും, നിങ്ങള്‍ ഉറങ്ങുകയും ചെയ്യും. നിങ്ങളിലെ അടിസ്ഥാനവശങ്ങളെയും, നിങ്ങളുടെ എല്ലാത്തരം നിഗമനങ്ങളെയും താറുമാറാക്കുന്നവനാണ് ഗുരു. അദ്ദേഹം നിങ്ങളിലെ എല്ലാറ്റിനെയും അസ്വസ്ഥമാക്കുന്നു. അദ്ദേഹം നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കില്ല. ഒരു ഗുരു സാന്ത്വനം വിതരണം ചെയ്യുന്ന ആളല്ല. നിങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ സഹായിക്കുന്ന ആളാണ് അദ്ദേഹം.

ഇപ്പോള്‍, സാന്ത്വനമെന്നത് വീണ്ടും ഈ ഭൂമിയില്‍ നിലനില്‍പ്പിനുള്ള ഒരു ശ്രമമായിത്തീര്‍ന്നിരിക്കുന്നു. മാനസികമായ സാന്ത്വനം എന്നത് ഇവിടെ വെറും മാനസികമായ നിലനില്പാണ്. അല്ലേ? നിലനില്പ് മാത്രമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, നിങ്ങള്‍ ഒരു ഗുരുവിനെ തേടരുത്; നിങ്ങള്‍ സാന്ത്വനപ്പെടുത്തുന്ന ആളുകളെ നോക്കിയാല്‍ മതി. നിങ്ങള്‍ സ്വയം ഉണരാന്‍ തയ്യാറാകുമ്പോള്‍, നിങ്ങള്‍ ആത്മപരിവര്‍ത്തനത്തിന് തയ്യാറാകുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ പരിമിതികളൊക്കെ കളഞ്ഞ് ജീവിതത്തിന്‍റെ മറ്റു തലങ്ങളിലേക്ക് പോകാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ നിങ്ങള്‍ ഒരു ഗുരുവിനെ അന്വേഷിക്കേണ്ടതുള്ളൂ. അങ്ങനെയൊരു അഭിലാഷം ഇതുവരെ വന്നിട്ടില്ലെങ്കില്‍, ഗുരുക്കډാരെക്കുറിച്ച് ആലോചിക്കേണ്ടതില്ല. നിങ്ങള്‍ എവിടെയെങ്കിലും പോയി സ്വസ്ഥമായിരിക്കുക, സിനിമയ്ക്കുപോകുക, നല്ല ഭക്ഷണം കഴിക്കുക, കടല്‍ത്തീരത്തുകൂടെയൊക്കെ ഒന്നു നടക്കുക - അത് നിങ്ങളെ സഹായിക്കും.

ഞാന്‍ എന്‍റെ ഗുരുവിനെ എങ്ങനെ തിരിച്ചറിയും? നിങ്ങള്‍ നിങ്ങളുടെ ഗുരുവിനെ അന്വേഷിക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ ഉള്ളിലെ അദമ്യമായ ആഗ്രഹം ഗാഢമാക്കിയാല്‍ മാത്രം മതി. നിങ്ങള്‍ ആ വേദന അറിയുമ്പോള്‍, നിങ്ങള്‍ അറിവില്ലായ്മയുടെ ശരിക്കുള്ള വേദന അറിയുമ്പോള്‍, നിങ്ങള്‍ അജ്ഞതയുടെ വേദന അറിയുമ്പോള്‍, ഒരു ഗുരു വരും. നിങ്ങള്‍ അന്വേഷിക്കേണ്ടതില്ല. 'അദ്ദേഹത്തെ കണ്ടാല്‍ത്തന്നെ, ഞാന്‍ എങ്ങനെ തിരിച്ചറിയും?' നിങ്ങള്‍ അദ്ദേഹത്തോടൊപ്പമിരിക്കുമ്പോള്‍ നിങ്ങളിലെ എല്ലാം ഭീഷണിപ്പെടുന്നതായി നിങ്ങള്‍ക്കനുഭവപ്പെടും. നിങ്ങള്‍ ഓടിപ്പോകാന്‍ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങളെ അദ്ദേഹത്തിലേക്ക് വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് നിങ്ങളിലുണ്ട്. നിങ്ങള്‍ അവിടെ ആയിരിക്കാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ അദ്ദേഹത്തിന്‍റെ ദിശയിലേക്ക് നിങ്ങളെ ആകര്‍ഷിക്കുന്ന എന്തോ ഒന്നുണ്ട് - അങ്ങനെയെങ്കില്‍, അദ്ദേഹം നിങ്ങളുടെ ഗുരുവാണെന്ന് നമുക്ക് ഊഹിക്കാം.


അദ്ദേഹത്താല്‍ ഭീഷണിപ്പെടുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് അദ്ദേഹത്തോടൊപ്പം വളരെ സുഖകരമായി തോന്നുന്നുവെങ്കില്‍, അദ്ദേഹം നിങ്ങളുടെ ഗുരുവല്ല.

അദ്ദേഹത്താല്‍ ഭീഷണിപ്പെടുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് അദ്ദേഹത്തോടൊപ്പം വളരെ സുഖകരമായി തോന്നുന്നുവെങ്കില്‍, അദ്ദേഹം നിങ്ങളുടെ ഗുരുവല്ല. അദ്ദേഹം നിങ്ങളുടെ സുഹൃത്താവാം; ഒരു നല്ല വ്യക്തിയാകാം; നിങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ അനുഗ്രഹങ്ങള്‍ തേടാം. പക്ഷേ, അദ്ദേഹം നിങ്ങളുടെ ഗുരുവല്ല. കാരണം, നിങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ടത് എടുക്കും, അല്ലേ? എന്താണ് നിങ്ങളെപ്പോഴും ഇഷ്ടപ്പെടുന്നത്? നിങ്ങളുടെ അഹംബോധത്തെ പിന്‍താങ്ങുന്നതിനെ, നിങ്ങള്‍ ഇഷ്ടപ്പെടും. നിങ്ങളുടെ അഹംബോധത്തെ കുത്തുന്നതിനെ, നിങ്ങള്‍ ഇഷ്ടപ്പെടില്ല. നിങ്ങളുടെ അഹംബോധത്തെ പിന്‍താങ്ങുന്നയാള്‍ നിങ്ങളുടെ സുഹൃത്തായിരിക്കും. നിങ്ങളുടെ അഹംബോധത്തെ ചവിട്ടിമെതിക്കുന്നയാള്‍, നിങ്ങളുടെ ശത്രുവും, അങ്ങനെയല്ലേ? അതിനാല്‍ ഒരു ഗുരു നിങ്ങളുടെ അഹംബോധത്തെ പിന്‍താങ്ങുന്ന ഒരാളാണെങ്കില്‍, അദ്ദേഹം ഒരു നല്ല ഗുരുവല്ല. അദ്ദേഹത്തോടൊപ്പമിരിക്കുമ്പോള്‍, നിങ്ങളിലെ എല്ലാം ചോദ്യം ചെയ്യപ്പെടുന്നതായി നിങ്ങള്‍ക്കനുഭവപ്പെടുകയാണെങ്കില്‍, അതേസമയം നിങ്ങള്‍ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയുമാണെങ്കില്‍, അദ്ദേഹം നിങ്ങളുടെ ഗുരുവാണ്.

 
 
  0 Comments
 
 
Login / to join the conversation1