ഘര്‍ വാപസി.... അരക്ഷിതാബോധത്തില്‍ നിന്നുള്ള പ്രതികരണം
ജനങ്ങള്‍ക്ക് ആകപ്പാടെ ഒരു അരക്ഷിതാബോധം. അതിനെതിരെയാണ് അവര്‍ പ്രതികരിക്കുന്നത്. അവരെ ഭയപ്പെടുത്തുന്ന ഒരു സാഹചര്യം. വലിയൊരു വിഭാഗം കൂട്ടത്തില്‍നിന്നും മാറിപ്പോകുന്നത് അവര്‍ നേരില്‍ കാണുകയാണ്.
 
 

सद्गुरु

ചോദ്യം :  ഈ നാട്ടിലുള്ളവരെല്ലാം ഹിന്ദുക്കളാണ് എങ്കില്‍ "ഘര്‍ വാപസിക്ക്" എന്താണൊരു പ്രസക്തി? ആര്‍ എവിടെനിന്നാണ് സ്വന്തം വീട്ടിലേക്ക് മടങ്ങി വരുന്നത്?

സദ്‌ഗുരു : രാഷ്ട്രീയവും, സാംസ്കാരികവുമായ ചില പ്രത്യേക സാഹചര്യങ്ങള്‍, അതിനുള്ള സ്വാഭാവികമായ പ്രതികരണം ഘര്‍വാപ്സി. അതും ഈ നാടിന്‍റെ സഹജമായ മനോഭാവവും ഒന്നായി കാണരുത്. രണ്ടും വ്യത്യസ്തമാണ്. പഴയകാലം... കഴുത്തിനുനേരെ വാളോങ്ങിയപ്പോള്‍ നമ്മള്‍ മാറിയില്ല. തലക്കുനേരെ തോക്കു ചൂണ്ടിയപ്പോഴും, പീരങ്കിക്കുഴലിനു മുമ്പില്‍ പിടിച്ചു കെട്ടിയപ്പോഴും മാറാതെ നമ്മള്‍ ഉറച്ചുനിന്നു. എന്നാല്‍ ഇന്നത്തെ സ്ഥതി അതല്ല. പണവും മറ്റു ചില പ്രലോഭനങ്ങളും മനുഷ്യന്‍റെ മനസ്സു മാറ്റാനുള്ള ഉപാധികളായി രംഗത്തു വന്നിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങിനെ സംഭവിക്കുന്നത് എന്നു തോന്നുന്നു. ജനങ്ങള്‍ക്ക് ആകപ്പാടെ ഒരു അരക്ഷിതാബോധം. അതിനെതിരെയാണ് അവര്‍ പ്രതികരിക്കുന്നത്. അവരെ ഭയപ്പെടുത്തുന്ന ഒരു സാഹചര്യം. വലിയൊരു വിഭാഗം കൂട്ടത്തില്‍നിന്നും മാറിപ്പോകുന്നത് അവര്‍ നേരില്‍ കാണുകയാണ്. മറു ഭാഗത്തേക്കു കടന്നു കഴിഞ്ഞാല്‍ അവരുടെ പെരുമാറ്റം പാടെ മാറുകയായി. തങ്ങള്‍ ഈ നാട്ടുകാരേയല്ല എന്ന ഭാവം.

ആര്‍ക്കുവേണമെങ്കിലും ക്രിസ്ത്യാനിയൊ മുഹമ്മദീയരൊ ആയി മാറാം, ഈ നാട്ടില്‍ സ്വതന്ത്രപൗരനായി കഴിയാം. അതിലൊന്നും എനിക്ക് എതിര്‍പ്പില്ല. ഈ നാട്ടിലെ ഏതെങ്കിലും ഒരു വിദൂര ഗ്രാമത്തില്‍ ചെന്ന് ഒരു കുടുംബനാഥന്‍റെ കൈയ്യില്‍ യേശുദേവന്‍റെ ഫോട്ടോ കൊടുത്ത് അവിടുത്തെ അപദാനങ്ങള്‍ വര്‍ണ്ണിക്കാം. കൂടുതലൊന്നും അറിയാതേയും പറയാതേയും ആ കുടുംബം മുഴുവനും യേശുദേവനെ ആരാധിക്കാന്‍ തുടങ്ങും. അരൂപിയായ ഈശ്വരനെയാണ് ഇസ്ലാം ആരാധിക്കുന്നത്. യോഗ പാരമ്പര്യത്തില്‍ ദൈവം, നിര്‍ഗുണമായ സങ്കല്‍പമാണ്. ഇതൊന്നും ഈ നാട്ടില്‍ പുതുമയുള്ളതല്ല. അങ്ങനെയുള്ള സങ്കല്‍പങ്ങളുമായി നമ്മള്‍ മത്സരിക്കുന്നുമില്ല.

ലോകത്തിലെ എല്ലാ മതങ്ങളും കണ്ണുവെക്കുന്നത് അവനവന്‍റെ മതത്തിലുള്ളവരുടെ അംഗ സംഖ്യയിലാണ്. എണ്ണത്തില്‍നിന്ന് കണ്ണെടുത്താല്‍ എല്ലാം കൈവിട്ടുപോകും

മത്സരം തുടങ്ങുന്നത്, മതത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ഒരുപാധിയായി കൈകാര്യം ചെയ്യാന്‍ തുടങ്ങുമ്പോഴാണ്. ഈ ഭാഗത്തൊ മറുഭാഗത്തൊ നിന്നുകൊണ്ട് തിരഞ്ഞെടുപ്പില്‍ വിജയിക്കാനും അധികാരം കൈക്കലാക്കാനും സാധിക്കുമെന്ന സാഹചര്യമാണ് ഇന്നുള്ളത്. മതത്തിന്‍റെ പക്ഷം പിടിച്ച് വോട്ടുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമം. ലോകത്തിലെ എല്ലാ മതങ്ങളും കണ്ണുവെക്കുന്നത് അവനവന്‍റെ മതത്തിലുള്ളവരുടെ അംഗ സംഖ്യയിലാണ്. എണ്ണത്തില്‍നിന്ന് കണ്ണെടുത്താല്‍ എല്ലാം കൈവിട്ടുപോകും. അത് ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്ന കാര്യമാണ്. അതുകൊണ്ടാണ് എന്തു പണിയെടുത്തും എണ്ണം കൂട്ടാന്‍ ബദ്ധപ്പെട്ടു നടക്കുന്നത്. എന്നാല്‍ അത് തീര്‍ത്തും വിജയിക്കുകയില്ല.

ചോദ്യം: ഈയിടെയായി ഹിന്ദുമത നേതാക്കളും ആചാര്യന്‍മാരും പറയാന്‍ തുടങ്ങിയിരിക്കുന്നല്ലൊ ഹിന്ദുസ്ത്രീകള്‍ കൂടുതല്‍ സന്താനങ്ങള്‍ക്കു ജന്മം നല്‍കണമെന്ന്. അതിനെ കുറിച്ച്?

സദ്‌ഗുരു: ഏതോ തരത്തിലുള്ള അരക്ഷിതാബോധം, അതാണ് അവരെക്കൊണ്ട് അങ്ങനെ പറയിച്ചത്. മറ്റുള്ളവരുടെ സംഖ്യ ഗണ്യമായി വര്‍ദ്ധിക്കുന്നു, അതുകൊണ്ട് നമ്മുടെ സംഖ്യയും വര്‍ദ്ധിക്കേണ്ടതുണ്ട് എന്ന് അവര്‍ വിചാരിക്കുന്നു. അതിലൊരര്‍ത്ഥമില്ല. വലിയൊരു കുടുംബമുണ്ടായിട്ടെന്തു മെച്ചം? താങ്ങാനാവാത്ത ഭാരവും, കഷ്ടപ്പാടുകളും. ആരുടേയും തെറ്റും ശരിയും ഞാന്‍ ചൂണ്ടിക്കാട്ടുന്നില്ല. ഈ ആഹ്വാനങ്ങളെല്ലാം ഓരോ തരത്തിലുള്ള പ്രതികരണങ്ങളാണ്.

ഏറ്റവും പ്രധാനപ്പെട്ട സംഗതി, എല്ലാ ഇന്ത്യക്കാര്‍ക്കും ബാധകമായ പൊതുനിയമങ്ങള്‍ ഉണ്ടാവണം എന്നതാണ്. ഒരേ നിയമത്തിന്‍റെ കുടക്കീഴിലായിരിക്കണം ഈ നാട്ടിലെ എല്ലാ പൗരന്‍മാരും. ആ സ്ഥിതി നിലവില്‍ വരികയാണെങ്കില്‍ നിശ്ചയമായും ഈ നാട് നന്നാവും. സര്‍ക്കാര്‍ ഒരു പക്ഷത്തോട് പ്രത്യേകം ചായ്‌വ് കാണിക്കുന്നു എന്നാണ് സാമാന്യമായി ജനങ്ങള്‍ കരുതുന്നത്. അതുകൊണ്ടാണ് ഇത്രയും ശക്തമായ പ്രതികരണങ്ങളുണ്ടാവുന്നത്. പലരും ശരിയായി ആലോചിക്കാതെ പലതും പറഞ്ഞു കൂട്ടുന്നു. മാദ്ധ്യമങ്ങള്‍ അനാവശ്യമായി നിറം കലര്‍ത്തി അതിനെ പ്രചരിപ്പിക്കുന്നു.

എല്ലാ ഇന്ത്യക്കാര്‍ക്കും ബാധകമായ പൊതുനിയമങ്ങള്‍ ഉണ്ടാവണം. ഒരേ നിയമത്തിന്‍റെ കുടക്കീഴിലായിരിക്കണം ഈ നാട്ടിലെ എല്ലാ പൗരന്‍മാരും

ഭാരതത്തിലെ ഗവണ്മെന്‍റ് ആരോടും പറയുന്നില്ല, ഓരോ കുടുംബത്തിലും നാലു മക്കളുണ്ടായിരിക്കണം എന്ന്. അങ്ങനെ ആരെങ്കിലും പറയുന്നുവെങ്കില്‍ അത് അയാളുടെ അഭിപ്രായമാണ്. അത് മറ്റുള്ളവര്‍ ചെവികൊള്ളേണ്ടതില്ല. ഒരു വീട്ടിലെ മുത്തശ്ശി മോഹം പറഞ്ഞെന്നിരിക്കാം, പേരക്കുട്ടികളായി ചുരുങ്ങിയത് പത്തുപേരെങ്കിലും വേണമെന്ന്. ധാരാളം മക്കളും മക്കളുടെ മക്കളുമുള്ള മുത്തശ്ശിക്ക് വീട്ടിലും സമൂഹത്തിലും വലിയ സ്ഥാനമല്ലേ? ഇത്തരം വാക്കുകള്‍ ഓരോരുത്തരുടേയും മോഹവും, താല്‍പര്യവുമായി കണ്ടാല്‍ മതി. ആരുടേയും ഉദ്ദേശ്യമെന്തെന്ന് പറയാന്‍ ഞാന്‍ തയ്യാറല്ല. എന്തായാലും ഇതെല്ലാം ഒരു തരത്തിലുള്ള അരക്ഷിതാബോധത്തിന്‍റെ പ്രതിഫലനമാണെന്ന് തീര്‍ച്ച. ഇപ്പോഴാകട്ടെ, അതിന് രാഷ്ട്രീയമായൊരു മുഖം കൂടി കൈവന്നിരിക്കുന്നു.

എല്ലാ മതക്കാരും പറയുന്നു. "കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കൂ. ഗര്‍ഭനിരോധന മാര്‍ഗങ്ങളൊന്നും വേണ്ട." ലോകം മുഴുവന്‍ ഇങ്ങനെ പറയുന്നതിനിടക്ക് ഈ നാട്ടിലാരെങ്കിലും അതു പറഞ്ഞാല്‍, അത് വലിയ അപരാധമായി. രാജ്യത്തിന്‍റെ നയപ്രഖ്യാപനമാണെന്നും പ്രധാനമന്ത്രിയുടെ തന്നെ ആഹ്വാനമാണ് എന്ന നിലയിലുമാകും പിന്നീടുണ്ടാകുന്ന ഒച്ചപ്പാട്. എവിടെയെങ്കിലുമിരുന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നു കരുതി എല്ലാവരും പടക്കൊരുങ്ങുന്നതെന്തിനാണ്? ആ വാക്കുകള്‍ക്കും വ്യക്തിക്കും പ്രാധാന്യം നല്‍കുന്നതെന്തിനാണ്?

 
 
  0 Comments
 
 
Login / to join the conversation1