എവിടെ താമസമാക്കണം?
എവിടെ താമസിക്കണം എന്നത് ജീവിതത്തില്‍ നിങ്ങള്‍ എന്തുചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കണം. ആ സ്ഥലം എല്ലാ അര്‍ത്ഥത്തിലും സൌകര്യപ്രദവുമായിരിക്കണം. അതിനപ്പുറം ഒരു സ്ഥലത്തിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.
 
 

 

सद्गुरु

ചോദ്യം : സദഗുരോ, 1994 മുതല്‍ ഞാന്‍ യു. എസ്സിലാണ് താമസം. യഥാര്‍ത്ഥത്തില്‍ ഞാനൊരു ഹിമാചല്‍ പ്രദേശക്കാരിയാണ്‌. വളരെ മനോഹരമായ സ്ഥലം. അവിടേക്കു പോകാനാണ്എന്റെ ആഗ്രഹം പക്ഷെ എന്റെ ഭര്‍ത്താവിന് ആ കാര്യത്തില്‍ ഒട്ടും താല്‍പ്പര്യമില്ല

സദ്‌ഗുരു:- എവിടെ താമസിക്കുന്നു എന്നതിന് വലിയ പ്രാധാന്യമൊന്നുമില്ല. അവിടെ നിങ്ങള്‍ എന്തു ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നതാണ് മുഖ്യം. ഉദാഹരണത്തിന്, ആപ്പിള്‍ കൃഷിയില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ നിശ്ചയമായും ഹിമാചല്‍‌പ്രദേശ് അതിന് പറ്റിയ സ്ഥലം തന്നെ. എവിടെയാണോ നിങ്ങള്‍ കാര്യമായൊരു പ്രവൃത്തിയില്‍ മുഴുകിയിരിക്കുന്നത് അവിടെ താമസിക്കുകയാണ് ഏറ്റവും ഉത്തമം. എനിക്ക് കൃത്യമായ ഒരു ദേശീയ ചിന്തയില്ല. എങ്കിലും എന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഭാരതത്തിലാണ് നടന്നു വരുന്നത്. അവിടെയാണ് അവ ഫലപ്രദമായി നിര്‍വഹിക്കാന്‍ എനിക്ക് സാധിക്കുന്നത്. നിങ്ങള്‍ എനിക്ക് ഒരു പത്ത് ഡോളര്‍ തരികയാണെങ്കില്‍, ഞാന്‍ പ്രത്യേകിച്ചും തമിഴ് നാട്ടില്‍ അറുനൂറു രൂപയുടെ പണി ചെയ്യും. ഫലപ്രദമായി ജോലി ചെയ്യാന്‍ സാധിക്കുന്നയിടത്ത് താമസിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. മനുഷ്യായുസ്സു വളരെ കൃത്യമാണ്. നമുക്ക് അനുവദിച്ചിട്ടുള്ള ഊര്‍ജ്ജവും വളരെ കൃത്യമായിട്ടുള്ള അളവിലാണ്. അതുകൊണ്ട് അനുവദിച്ചു കിട്ടിയിട്ടുള്ള സമയവും ഊര്‍ജ്ജവും ഏറ്റവും ഫലപ്രദമായി ചിലവഴിക്കാന്‍ സാധിക്കണം.

മനുഷ്യായുസ്സു വളരെ കൃത്യമാണ്. നമുക്ക് അനുവദിച്ചിട്ടുള്ള ഊര്‍ജ്ജവും വളരെ കൃത്യമായിട്ടുള്ള അളവിലാണ്. അതുകൊണ്ട് അനുവദിച്ചു കിട്ടിയിട്ടുള്ള സമയവും ഊര്‍ജ്ജവും ഏറ്റവും ഫലപ്രദമായി ചിലവഴിക്കാന്‍ സാധിക്കണം

എവിടെ താമസിക്കണം എന്നത് എന്തുചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കണം. ആ സ്ഥലം എല്ലാ അര്‍ത്ഥത്തിലും സൌകര്യപ്രദവുമായിരിക്കണം. അതിനപ്പുറം ഒരു സ്ഥലത്തിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. "എന്റെ രാജ്യം" എന്ന ഇടുങ്ങിയ ദേശീയ ബോധത്തിന്റെ അപ്പുറത്തേക്ക് കടക്കാന്‍ നമുക്കാവണം. ആരോ എപ്പോഴോ എവിടെയോ ചില രേഖകള്‍ വരച്ചുവെക്കുന്നു. അതോടെ അതിനകത്തുള്ളതായി എന്റെ നാട്. ലോകത്തില്‍ പലവിധത്തിലുള്ള അസമത്വങ്ങള്‍ നിലനില്‍ക്കുന്നു. അതുകൊണ്ട് മാത്രമാണ് ഈ അതിര്‍ത്തി രേഖകള്‍ പ്രധാനപ്പെട്ടതാകുന്നത്.

ഉദാഹരണത്തിന് യു.എസ്സും, മെക്സിക്കൊയും രണ്ടിടങ്ങളും സാമ്പത്തിക ഭദ്രതയില്‍ സമനിലയാണ് പാലിക്കുന്നതെങ്കില്‍, ആയുധധാരികളായ പട്ടാളക്കാരും മുള്‍വേലികളും രണ്ടുരാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടാകുമായിരുന്നുവോ? മെക്സിക്കോയില്‍ നിന്നും യു. എസ്സിലേക്ക് കടക്കാന്‍ രഹസ്യമായി ഭൂഗര്‍ഭപാതകള്‍ തീര്‍ക്കപ്പെടുമായിരുന്നുവോ? രണ്ടു രാജ്യക്കാര്‍ക്കും യഥേഷ്ടം അങ്ങോട്ടുമിങ്ങോട്ടും കടക്കാന്‍ പറ്റുമായിരുന്നുവല്ലോ. രാജ്യാതിര്‍ത്തികള്‍ ഇല്ലാതാകുന്നൊരു കാലം നമ്മുടെ ആയുസ്സില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. യൂറോപ്പില്‍ ചിലയിടങ്ങളില്‍ അതിര്‍ത്തി രേഖകള്‍ പിന്‍വലിക്കുകയുണ്ടായി, പക്ഷെ ഇപ്പോള്‍ അവരും ഒരു പുനര്‍ചിന്തനത്തിന് തയ്യാറാവുകയാണ്‌. കാരണം സാമ്പത്തിക അസമത്വം തന്നെ. ഉള്ളവര്‍ അവരുടെ സമ്പത്ത് ഇല്ലാത്തവരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. യൂറോപ്യന്‍ യൂണിയന്‍ എന്ന ആശയത്തിന് ഇളക്കം തട്ടിക്കൊണ്ടിരിക്കുന്നു.

സാമ്പത്തിക കാര്യങ്ങളില്‍ പിടിമുറുക്കുന്നതോടെ സൈനിക ശക്തി കൂടുതല്‍ പ്രബലമാകും. ലോകയുദ്ധങ്ങളില്‍ ഏറെയും ഉണ്ടായിട്ടുള്ളത് സാമ്പത്തികമായ കാരണങ്ങള്‍ കൊണ്ടാണ്. മതവിശ്വാസങ്ങളുടെ പേരിലും യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. എങ്കിലും ഏറെയും പോരാട്ടങ്ങള്‍ നടന്നിട്ടുള്ളത് സമ്പത്തും, പ്രകൃതി വിഭവങ്ങളും കൈക്കലാക്കാന്‍ വേണ്ടിയാണ്.

മനസ്സില്‍ നിറവുണ്ടെങ്കില്‍ പിന്നെ താമസം എവിടെയായാലെന്ത് - എല്ലായിടത്തും സുഖം - സന്തോഷം

എവിടെയാണ് താമസമാക്കേണ്ടത് എന്ന ചോദ്യം - പ്രയോജന പ്രദമായി ജീവിതം നയിക്കാന്‍ സൌകര്യമുള്ള ഇടം എന്നേ ഉത്തരം പറയാനാവൂ. ഇന്ത്യയിലായിരുന്നപ്പോള്‍ എങ്ങിനെയെങ്കിലും അമേരിക്കയില്‍ എത്തിപ്പെടാനായിരുന്നു തിടുക്കം. ഇപ്പോള്‍ അവിടെ നിന്ന് ഇങ്ങോട്ട് വരാന്‍ ആഗ്രഹിക്കുന്നു. എല്ലാം തികഞ്ഞ ഒരിടമില്ല. എവിടെയും ഉണ്ടാകും ഏതോ ചിലതിന്റെ അഭാവം. എവിടെ ആയാലും പരാതിയും അതൃപ്തിയും കൂടാതെ സന്തോഷത്തോടെ തൃപ്തരായി ജീവിക്കുക. മനസ്സില്‍ നിറവുണ്ടെങ്കില്‍ പിന്നെ താമസം എവിടെയായാലെന്ത് - എല്ലായിടത്തും സുഖം - സന്തോഷം.

Photo courtsey to : https://pixabay.com/static/uploads/photo/2015/07/03/23/24/saying-830860_960_720.jpg

 
 
  0 Comments
 
 
Login / to join the conversation1