सद्गुरु

എന്നെക്കാണാന്‍ വരുന്ന ചെറുപ്പക്കാര്‍ ചോദിക്കുന്ന സ്ഥിരം ഒരു ചോദ്യമുണ്ട്. "എങ്ങനെ ജീവിക്കണം എന്ന് പലരും പല ഉപദേശങ്ങള്‍ നല്‍കുന്നു. ഏതു സ്വീകരിക്കണം?"

നിങ്ങളുടെ ഈ പ്രായത്തില്‍ ഞാന്‍ ഒരു സ്വാമിയുടെ മുന്നിലും പോയിട്ടില്ല, അഭിപ്രായം ആരാഞ്ഞിട്ടുമില്ല. ആരുടെയോ നിര്‍ബന്ധത്തിനു വഴങ്ങിയല്ല ഞാന്‍ ഈ വഴി സ്വീകരിച്ചതും.

ഏതു കാര്യവും സ്വയം അനുഭവിച്ച് അറിയണം എന്നുള്ള ഒരു ആവേശവും തുടിപ്പും എനിക്ക് ഉണ്ടായിരുന്നു. അതേ തുടിപ്പ് നിങ്ങള്‍ക്കും ഉണ്ടെങ്കില്‍ നിങ്ങള്‍ ആരുടെ ഉപദേശവും കേള്‍ക്കേണ്ടതില്ല.

നിങ്ങളറിയാത്ത, അനുഭവിച്ചിട്ടില്ലാത്ത ഒരു വിഷയം സത്യമാണെന്നു പൂര്‍ണ്ണമായും വിശ്വസിക്കുന്നത് എത്രമാത്രം വിഡ്ഢിത്തമാണോ, അതുപോലെതന്നെ മണ്ടത്തരമാണ് അതു കള്ളമാണ് എന്നു കരുതി തള്ളിക്കളയുന്നതും.
ഒരുകാര്യം വിശ്വസിച്ചാലും കഴുത്തറുക്കും ഇല്ലെങ്കിലും അതിന്‍റെ കഴുത്ത് അറുക്കും.
ചിലര്‍ക്ക് സ്വന്തം ജീവിതം ആരെങ്കിലും ചുമതലയേറ്റ് നടത്തിയാല്‍ കൊള്ളാമെന്നു തോന്നും. ആ തോന്നല്‍ മൂലം അലസരായിരിക്കുകയും ചെയ്യും, അതു ചെയ്യും ഇതുചെയ്യും എന്ന് വെറുതെ പദ്ധതികള്‍ പ്ലാന്‍ ചെയ്യും. അതിന് മറ്റുള്ളവരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടിരിക്കും. ഇത്തരത്തില്‍ ഉപദേശം കേള്‍ക്കുന്നതാണ് അവര്‍ക്കു സുഖവും സന്തോഷവും.

നിങ്ങളറിയാത്ത, അനുഭവിച്ചിട്ടില്ലാത്ത ഒരു വിഷയം സത്യമാണെന്നു പൂര്‍ണ്ണമായും വിശ്വസിക്കുന്നത് എത്രമാത്രം വിഡ്ഢിത്തമാണോ, അതുപോലെതന്നെ മണ്ടത്തരമാണ് അതു കള്ളമാണ് എന്നു കരുതി തള്ളിക്കളയുന്നതും.

തന്‍റെ മൂര്‍ഖനായ മേലധികാരിക്ക് ശങ്കരന്‍പിള്ള ഫോണ്‍ ചെയ്തു. വേലക്കാരനാണ് ഫോണ്‍ എടുത്തത്.
"യജമാനന് ഒരു അപകടം പറ്റി. കാലൊടിഞ്ഞു. ആസ്പത്രിയിലാണ്."
അടുത്ത ദിവസവും, അതിനടുത്ത ദിവസവുമെല്ലാം ശങ്കരന്‍പിള്ള ഫോണ്‍ ചെയ്യും. വേലക്കാരന്‍ മറുപടി പറയും.

ദിവസേന രാവിലെയുള്ള ഈ ഫോണ്‍വിളി കേട്ടുകേട്ട് വേലക്കാരന് ദേഷ്യം വന്നു.
'ഒരുപ്രാവശ്യം പറഞ്ഞാല്‍ തനിക്ക് മനസ്സിലാവില്ലേ. വീണ്ടും വീണ്ടും വിളിക്കുന്നതെന്തിന്?"
"വേറൊന്നിനുമല്ല അനിയാ ആ സുഖമുള്ള മറുപടി കേള്‍ക്കാനാണ് വിളിക്കുന്നത്. അതു കേള്‍ക്കാന്‍ ഒരു പ്രത്യേകസുഖമുണ്ട്" ശങ്കരന്‍പിള്ള പറഞ്ഞു.

ചിലര്‍ ഇങ്ങനെയാണ്. ചില വിഷയങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ താല്‍പ്പര്യം കാട്ടും. പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ സ്ഥിരമായി പോകും. അവിടെ കേള്‍ക്കുന്നതിനെല്ലാം വെറുതെ തലയാട്ടും. ആരുടെയെങ്കിലും ശബ്ദം കേട്ടുകൊണ്ടിരിക്കുന്നത് ഇവര്‍ക്കിഷ്ടമുള്ള കാര്യമാണ്. അങ്ങനെ കേള്‍ക്കുമ്പോള്‍ സ്വന്തം ജീവിതം നേരെയാകും എന്ന് ഇവര്‍ വിശ്വസിക്കുന്നു.

അതിനുവേണ്ടി ഉപദേശിക്കുന്നവരെയെല്ലാം ശത്രുക്കളായി കാണേണ്ടതില്ല. ഉപദേശിക്കാന്‍ വരുന്നവര്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോയെന്നു നിങ്ങള്‍ പരിശോധിക്കാനും നില്‍ക്കണ്ടാ.
ഏതോ ഒരുവന്‍ മദ്യപാനിയാണ്. കുടിച്ചുകുടിച്ച് അയാള്‍ മഹാരോഗിയായി. ഒരുനാള്‍ കുടിച്ചു ലക്കുകെട്ട് വഴിയരികില്‍ കിടക്കുമ്പോള്‍ മദ്യഷാപ്പിലേക്ക് പോകുന്നവരെ നോക്കി അലറി.
"കുടിക്കല്ലേ, അത് ശരീരത്തിനു ദോഷമാണ്"

"ഇവനൊരു മൂത്ത കുടിയന്‍. ഇവനാണോ നമ്മളെ ഉപദേശിക്കാന്‍ വരുന്നത്" എന്നു ചിന്തിച്ച് നിങ്ങള്‍ വീണ്ടും കുടിച്ചു കൊണ്ടിരുന്നാല്‍ അതിന്‍റെ തിക്തഫലം അനുഭവിക്കുന്നതും നിങ്ങള്‍ തന്നെയായിരിക്കും. തന്‍റെ ദുരന്താനുഭവത്തിന്‍റെ വെളിച്ചത്തിലാണ് അയാള്‍ ആ ഉപദേശം നല്‍കിയത്. അതിനുള്ള യോഗ്യത ഇല്ലെന്നു കരുതി അയാളുടെ വാക്കുകള്‍ തള്ളിക്കളയുന്നതു ബുദ്ധിപരമായ കാര്യമല്ലല്ലോ.
സിഗററ്റ് വലിക്കരുതെന്ന് അച്ഛന്‍ പറയുന്നു. പക്ഷേ അദ്ദേഹം ഒരു ചെയിന്‍ സ്മോക്കറാണ്". ഈ പരാതി ധാരാളം യുവാക്കള്‍ എന്നോടു പറഞ്ഞിട്ടുണ്ട്.

അച്ഛന്‍ ഇത്രയും നാള്‍ നിങ്ങള്‍ക്കു പലതും തന്നിട്ടുണ്ട്. അതെല്ലാം അച്ഛന്‍റെ കയ്യില്‍ മിച്ചമുണ്ടോ എന്നു നിങ്ങള്‍ അന്വേഷിക്കാറുണ്ടോ? ഉപദേശിക്കുമ്പോള്‍മാത്രം അതിനു യോഗ്യനാണോ എന്ന് എന്തിനു ചോദിക്കുന്നു?
ആ ഉപദേശം നിങ്ങള്‍ക്കായി തന്നതാണ്. ആ രീതിയില്‍ അതിനെ കണ്ടാല്‍ മതി.
പ്രശസ്തനായ മനോചികിത്സകനെത്തേടി ആ ദമ്പതികള്‍ വന്നു.

"എന്നോട് ഇദ്ദേഹത്തിന് ഒരു താല്പര്യവുമില്ല" ഭാര്യ, ഭര്‍ത്താവിനെക്കുറിച്ചു പരാതി പറഞ്ഞു.
"എന്താണ് ഇവള്‍ക്ക് ഒരു കുറവ്? ലേഡീസ് ക്ലബ്ബില്‍ അംഗമാക്കി. വീട്ടിലാണെങ്കില്‍ ജിം, നീന്തല്‍ക്കുളം, ഹോംതിയേറ്റര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. അവളോടു താല്‍പര്യമില്ലാത്തതുകൊണ്ടാണോ ഇതെല്ലാം ചെയ്തത്" എന്നു തിരിച്ചുചോദിച്ചു, തിരക്കുള്ള ഭര്‍ത്താവ്.
രണ്ടുപേരോടും വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ സൈക്കിയാട്രിസ്റ്റ്
"ശ്രദ്ധിക്കൂ". എന്ന് ഭര്‍ത്താവിനോടു പറഞ്ഞിട്ട് ഭാര്യയുടെ സമീപത്തു ചെന്ന് അവരുടെ മുഖത്തു തലോടി. " നീ സുന്ദരിയാണ്" എന്നു മൊഴിഞ്ഞുകൊണ്ട് വികാരവായ്പോടെ ചുംബിച്ചു.
ആ സ്ത്രീ സ്തബ്ധയായിപ്പോയി. ഭര്‍ത്താവിനോടായി "നിങ്ങളുടെ ഭാര്യയ്ക്ക് ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇത്തരത്തിലുള്ള പ്രേമവും സ്നേഹവും ആവശ്യമുണ്ട്." എന്നു പറഞ്ഞു.
ഭര്‍ത്താവ് ഉടന്‍തന്നെ തന്‍റെ ഡയറിയെടുത്ത് മറിച്ചു നോക്കി. "തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഞാന്‍ ഇവളെ ഇവിടെ കൊണ്ടുവരാം. നിങ്ങള്‍ക്ക് അന്നു സൗകര്യമല്ലേ?"

നിങ്ങള്‍ക്കുവേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ തിരിച്ച് നിര്‍ദ്ദേശിച്ചവര്‍ തന്നെ ചെയ്യണമെന്നു പറയുന്നത് ഈ ഭര്‍ത്താവു പറഞ്ഞതുപോലുള്ള പ്രവര്‍ത്തിയാണ്.
ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുമ്പോള്‍ അവ സ്വന്തം ജീവിതത്തിന് ആവശ്യമുള്ളതാണോ എന്നുമാത്രം ചിന്തിക്കുക. നമ്മുടെ മുമ്പിലിരുന്ന് ആരോ എന്തോക്കെയോ പുലമ്പുന്നുണ്ടല്ലോ, ഒന്ന് ചെവികൊടുക്കാം എന്ന രീതിയില്‍ തുറന്ന മനസ്സോടെ അതു ശ്രവിക്കൂ. ഈ തുറന്ന മനസ്സുമായി കഴിയുമ്പോഴേ ജീവിതം ഓജസ്സുള്ളതായി തീരുന്നുള്ളൂ.

നല്ല വാസനകിട്ടണമെന്നു ചിന്തിച്ച്, പൂച്ചെടിയുടെ ചുവട്ടില്‍ പൂക്കള്‍ വളമാക്കി ഇടാന്‍ പറ്റുമോ? നാറുന്ന വളം വേണം അവിടെ ഇടാന്‍. വേരിനാവശ്യമുള്ള വളവും ജലവും പോഷണവും ലഭിച്ചാല്‍ പൂക്കള്‍ സ്വയമേ വിരിയും.

ചോദ്യം: - ഒരു യുവാവിന്‍റെ ശക്തിസാമര്‍ത്ഥ്യങ്ങള്‍ അറിയുന്നതെങ്ങനെ?

സദ്ഗുരു:- അതറിഞ്ഞിട്ട് നിങ്ങള്‍ക്കു വല്യ കാര്യമൊന്നുമില്ല, അതു മെച്ചപ്പെടുത്തിയാല്‍ മതി. തെങ്ങിനെ മാവായി തെറ്റിദ്ധരിച്ചു മാങ്ങ പറിക്കാന്‍ തുനിഞ്ഞാല്‍ തോല്‍വി പിണയും.
പൂക്കളെ നിങ്ങള്‍ അറിഞ്ഞതുകൊണ്ടായില്ല. ആ പൂച്ചെടിക്കുവേണ്ട വെള്ളവും വളവും നല്‍കി പരിരക്ഷിച്ചാലേ അത് പൂക്കള്‍ വിരിയിച്ചു സുഗന്ധം പരത്തുകയുള്ളൂ.

നല്ല വാസനകിട്ടണമെന്നു ചിന്തിച്ച്, പൂച്ചെടിയുടെ ചുവട്ടില്‍ പൂക്കള്‍ വളമാക്കി ഇടാന്‍ പറ്റുമോ? നാറുന്ന വളം വേണം അവിടെ ഇടാന്‍. വേരിനാവശ്യമുള്ള വളവും ജലവും പോഷണവും ലഭിച്ചാല്‍ പൂക്കള്‍ സ്വയമേ വിരിയും. മഹത്തായ ഫലങ്ങള്‍ കിട്ടണമെങ്കില്‍ ഇത്തരത്തില്‍ പരിശ്രമിക്കണം.

മറ്റുള്ളവരെ പരിപൂര്‍ണ്ണമായി അറിയാന്‍ ശ്രമിക്കണ്ടാ. അവര്‍ക്ക് ഉയര്‍ന്നു വളരാന്‍ വേണ്ട സാഹചര്യങ്ങളും സൗകര്യങ്ങളും ലഭ്യമാക്കിയാല്‍ മാത്രം മതി.