ഞങ്ങള്‍ക്ക് വേണ്ടി അങ്ങെപ്പോഴും ഉണ്ടാകുമോ?
അമ്പേഷി : സദ്‌ഗുരോ, ഞങ്ങളുടെ എല്ലാ ചിന്തകളും വികാരങ്ങളും അങ്ങേക്ക് അറിയുവാന്‍ സാധിക്കുമോ? അതോ പൊതുവായ കാര്യങ്ങളേക്കുറിച്ചുള്ള അറിവു മാത്രമേയുള്ളോ? ആവശ്യം വരുമ്പോഴും വിഷമസന്ധികളില്‍ പെടുമ്പോഴും ഞങ്ങള്‍ക്ക്‌ അങ്ങയെ വിളിക്കാമോ?
 
 

सद्गुरु

അമ്പേഷി : സദ്‌ഗുരോ, ഞങ്ങളുടെ എല്ലാ ചിന്തകളും വികാരങ്ങളും അങ്ങേക്ക് അറിയുവാന്‍ സാധിക്കുമോ? അതോ പൊതുവായ കാര്യങ്ങളേക്കുറിച്ചുള്ള അറിവു മാത്രമേയുള്ളോ? ആവശ്യം വരുമ്പോഴും വിഷമസന്ധികളില്‍ പെടുമ്പോഴും ഞങ്ങള്‍ക്ക്‌ അങ്ങയെ വിളിക്കാമോ?

സദ്‌ഗുരു : അതിനുള്ള ശരിയായ മറുപടി ഇപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ എന്‍റെ ശ്രദ്ധ പിടിച്ചുപറ്റാന്‍വേണ്ടി നിങ്ങള്‍ പല വിക്രിയകളും കാട്ടിതുടങ്ങും. അടിസ്ഥാനപരമായി നിങ്ങള്‍ ചോദിക്കുന്നത്‌, യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക്‌ വേണ്ടി ഞാനിവിടെ ഉണ്ടോ ഇല്ലയോ എന്നാണ്‌. അത്‌ നിങ്ങള്‍ വളരെ മര്യാദയോടെ ചോദിക്കുന്നു എന്നേയുള്ളു.

അമ്പേഷി : ശരിയാണ്‌, അടിസ്ഥാനപരമായ ചോദ്യം അതാണ്‌. എന്നാല്‍ പ്രാര്‍ത്ഥന മതിഭ്രമത്തിലേക്ക്‌ നയിക്കാം എന്ന്‍ അങ്ങ്‌ പറഞ്ഞിട്ടുണ്ട്‌. വിഷമസന്ധികളില്‍ പെടുമ്പോള്‍ പ്രാര്‍ത്ഥനയിലൂടെ അങ്ങയെ സമീപിക്കാന്‍ കഴിയുമോ എന്ന്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു.

പ്രാര്‍ത്ഥനാനിരതനാവുമ്പോള്‍ നിങ്ങള്‍ മറ്റൊന്നിനേയോ, മറ്റൊരാളെയോ നിങ്ങളെക്കാള്‍ വളരെ വലുതായി കാണുകയും നിങ്ങളെ സ്വയം എളിയവനായി കരുതുകയും ചെയ്യുന്നു

സദ്‌ഗുരു : പ്രാര്‍ത്ഥന മതിഭ്രമത്തിലേക്ക്‌ നയിക്കുമെന്ന്‍ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഇന്നത്തെ പ്രാര്‍ത്ഥനകളുടെ രീതിയെക്കുറിച്ചായിരിക്കും ഞാന്‍ പറഞ്ഞിട്ടുള്ളത്‌. പ്രാര്‍ത്ഥനാനിരതമായ മനസ്സിന് അടിസ്ഥാനമായി വേണ്ടത്‌ പ്രതീക്ഷകള്‍ ഇല്ലാതിരിക്കുക എന്നതാണ്‌. അതല്ലേ ശരി? എന്തെങ്കിലും ആഗ്രഹനിവര്‍ത്തിക്ക്‌ അപേക്ഷിക്കുമ്പോള്‍, നിങ്ങള്‍ക്ക്‌ പ്രതീക്ഷയുണ്ടാവും. ഇന്ന്‍ പ്രാര്‍ത്ഥന എന്ന് പറഞ്ഞാല്‍ ആഗ്രഹങ്ങളുടെ ലിസ്റ്റ്‌ സമര്‍പിക്കലാണ്‌. അതിന്‍റെ അര്‍ത്ഥം തന്നെ മാറിയിരിക്കുന്നു, എന്നാല്‍ യഥാര്‍ത്ഥ പ്രാര്‍ത്ഥന ധ്യാനംപോലെ വിസ്‌മയകരമായ ഒരു അവസ്ഥയാണ്‌. പ്രാര്‍ത്ഥനാനിരതനാവുമ്പോള്‍ നിങ്ങള്‍ മറ്റൊന്നിനേയോ, മറ്റൊരാളെയോ നിങ്ങളെക്കാള്‍ വളരെ വലുതായി കാണുകയും നിങ്ങളെ സ്വയം എളിയവനായി കരുതുകയും ചെയ്യുന്നു. താന്‍ ഒന്നുമല്ല എന്ന ശൂന്യസ്ഥിതിയില്‍ എത്തിയില്ല എങ്കിലും താന്‍ എളിയവനാണ്‌ എന്ന്‍ ചിന്തിക്കാന്‍ തയ്യാറാവുന്നു. നിങ്ങള്‍ എളിയവനാണെങ്കില്‍ നിങ്ങളെക്കാള്‍ ബൃഹത്തായ ഒന്നിനോട്‌, എന്തു ചെയ്യണം എന്നു പറയുന്നതെങ്ങിനെ? അത്‌ ബുദ്ധിക്കു നിരക്കുന്നതല്ല, അല്ലേ? ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ പ്രാര്‍ത്ഥന അര്‍ത്ഥമില്ലാത്തതും ബുദ്ധിക്ക്‌ നിരക്കാത്തതുമാണ്‌, എന്നാല്‍ നിങ്ങള്‍ ഇവിടെ ഇരിക്കുമ്പോള്‍ മറ്റൊന്നിനെ വലുതായും നിങ്ങളെ ചെറുതായും കാണാന്‍ കഴിഞ്ഞാല്‍ അത്‌ അത്ഭുതകരമായ ഒരു മാര്‍ഗമാണ്‌. അക്കാരണത്താലാണ്‌ നിങ്ങളെ ഹിമാലയത്തില്‍ കൊണ്ടുപോകുന്നത്‌. ആ മഹാപര്‍വ്വതം കാണുമ്പോള്‍ അതിലൂടെ ഇഴയുന്ന ഒരു ഉറുമ്പാണ്‌ നിങ്ങള്‍ എന്ന തോന്നല്‍ നിങ്ങളിലുണ്ടാവും, നിങ്ങള്‍ എത്ര മഹാനായാലും.

ഇനി എന്നെ വിളിച്ചാല്‍ വിളി കേള്‍ക്കുമോ എന്നതിനെക്കുറിച്ച്. നിങ്ങള്‍ ആത്മീയമായി എപ്പോള്‍ വ്യാകുലചിത്തരായാലും, നിങ്ങള്‍ വിളിക്കേണ്ട കാര്യമില്ല, ഞാനവിടെയുണ്ടാവും. പിന്നെ, നിങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ ഞാന്‍ അറിയുന്നുണ്ടോ എന്ന്‍? അത്‌ ഞാന്‍ ആഗ്രഹിച്ചാല്‍ മാത്രം, പക്ഷെ ഞാന്‍ അതിന്‌ അധികം ശ്രമിക്കാറില്ല, എന്തെന്നാല്‍ നിങ്ങളുടെ അസംബന്ധങ്ങളെല്ലാം എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥശൂന്യവും വിലയില്ലാത്തതുമാണ്‌. ഇന്ന്‍ നിങ്ങള്‍ ഒന്നു ചിന്തിക്കും, നാളെ മറ്റൊന്നു ചിന്തിക്കും. ഇതിനൊരു അര്‍ത്ഥവുമില്ല. എല്ലാവര്‍ക്കും ഞാന്‍ മുകളിലും താഴെയും ഓരോ പരിധി നിശ്ചിയിച്ചിരിക്കുന്നു. ആ പരിധിക്കുള്ളില്‍ ആണ്‌ അവര്‍ കളിക്കുന്നതെങ്കില്‍ ഞാന്‍ അവരെ വെറുതെ വിടും, എന്നാല്‍ പരിധികള്‍ ലംഘിച്ചാല്‍ ഉടന്‍ ഞാന്‍ ഇടപെടും. പരിധിക്ക്‌ താഴെ വീണുപോയാല്‍ ഉടന്‍ സഹായം എത്തിക്കും. പരിധിക്കു മുകളിലേയ്ക്ക്‌ പോയാലും സഹായം നല്‍കും. കളി പരിധിയ്ക്കുള്ളില്‍ ആവുമ്പോള്‍, അവരുടെ ചെറിയ ചെറിയ കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം എനിക്കില്ല. അവര്‍ക്ക്‌ തലച്ചോറ്‌ നല്‍കിയിരിക്കുന്നത്‌ അതിനല്ലേ? ഈശ്വരന്‍ നല്‍കിയ തലച്ചോറ്‌ വേണ്ട രീതിയില്‍ ഉപയോഗിക്കണം. ഈ രേഖയ്ക്കു മുകളില്‍ പോയാലും താഴെ പോയാലും സഹായം എത്തും. ഈ രേഖയ്ക്ക്‌ താഴെ പോകുന്നത്‌ നിങ്ങളെ ഭൌതികതയ്ക്കും താഴെയുള്ള തലത്തിലെത്തിക്കും. അത്‌ വളരെ ഹാനികരമാണ്‌. നിങ്ങള്‍ സ്വയം നിയന്ത്രിച്ച്‌, ഈ ഭൌതിക തലത്തില്‍ ജീവിച്ചാല്‍ ഞാന്‍ അങ്ങോട്ട് നോക്കേണ്ട കാര്യമില്ല. ഭൌതികതലത്തിനു മേലെയാവുന്നവര്‍ക്ക്‌ സഹായമെത്തും.

അമ്പേഷി : ഭൌതിക തലത്തില്‍ താഴോട്ട് പോവുക എന്ന്‍ അങ്ങ്‌ പറഞ്ഞത്‌ എന്ത്‌ ഉദ്ദേശിച്ചാണ്‌, സദ്‌ഗുരോ?

സദ്‌ഗുരു : ഇത്തരത്തിലുള്ള വിഷയങ്ങള്‍ ആളുകളില്‍ ഭീതിക്കും ആശയക്കുഴപ്പത്തിനും കാരണമാവും. ഏതായാലും നിങ്ങള്‍ ചോദിച്ച സ്ഥിതിക്ക്‌ ഞാന്‍ മറുപടി പറയാം. ഭൌതികമായി താഴേക്കു പോവുക എന്നതുകൊണ്ട് ‌ അര്‍ത്ഥമാക്കുന്നത്‌ ശാരീരികക്ഷമത കുറഞ്ഞ്‌, മരണത്തിലേക്ക്‌ നീങ്ങുക എന്നാണ്‌, എന്നാല്‍ കൂടുതല്‍ അവസരങ്ങളിലും അതങ്ങിനെയല്ല. കഴിഞ്ഞ പത്തുകൊല്ലമായി സംസാരിച്ചിട്ടില്ലാത്ത ഒരാളെ പെട്ടെന്ന്‍ ഇന്നു ഞാന്‍ വിളിക്കുന്നു. ഞാന്‍ അയാളെ വിളിച്ച്‌ കുറച്ചുനേരം സംസാരിക്കുന്നു. അയാള്‍ ചിലപ്പോള്‍ അടുത്ത മൂന്നു നാലു മാസങ്ങള്‍ക്കുള്ളില്‍ മരിച്ചെന്നിരിക്കാം, എന്നാല്‍ ഞാന്‍ അതിന്‌ കാരണക്കാരനല്ല; മരണം ഏതായാലും സംഭവിക്കുമായിരുന്നു. അയാളില്‍ ഉണര്‍ന്നിരിക്കുന്ന ഒന്നിനെ അയാള്‍ മറന്നിരുന്നു, അതിനെപ്പറ്റി ഓര്‍മ്മപ്പെടുത്തുവാനാണ്‌ നാം അയാളെ വിളിക്കുന്നത്. ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍. അതെപ്പോഴും ടെലിഫോണിലൂടെയാവണമെന്നില്ല, മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയുമാവാം. ചിലരെ ഞാന്‍ ടെലിഫോണില്‍ വിളിക്കും, എന്നാല്‍ ഓരോ പ്രാവശ്യവും ഞാന്‍ വിളിയ്ക്കുമ്പോള്‍, നിങ്ങള്‍ക്ക്‌ ഇനിയും മൂന്നു നാലു ദിവസം മാത്രമേ ശേഷിച്ചിട്ടുള്ളു എന്ന്‍ ചിന്തിച്ചുകളയരുത്‌. ഞാന്‍ യമനൊന്നുമല്ല. യമന്‍, മരണത്തിന്‍റെ ദേവനാണ്‌.

ഭൌതിക തലത്തില്‍ ഉയരത്തിലെത്തുന്നവര്‍ പരിധി ലംഘിക്കുവാന്‍ തുടങ്ങിയാല്‍, ഞാന്‍ അവരുമായി ബന്ധപ്പെട്ട്‌ ദൃഢമായിരിക്കുവാന്‍ ഓര്‍മ്മപ്പെടുത്തും. സാധാരണ രീതിയില്‍ ഇങ്ങിനെയുള്ള കാര്യങ്ങള്‍ ഞാന്‍ സംസാരിക്കാറില്ല, അതിനെക്കുറിച്ച്‌ പറയുന്നത്‌ കാര്യങ്ങള്‍ വഷളാക്കും. കൂടുതല്‍ ചലനാത്മകമാകുന്ന മനസ്സ്‌ അവരെ തികച്ചും വ്യത്യസ്‌തമായ ദിശയില്‍ കൊണ്ടുചെന്നെത്തിക്കും. വിപരീതമായ ഊര്‍ജത്തിന്‍റെ സ്വാധീനത്താലും താഴേക്കുള്ള പതനം സംഭവിക്കാം. ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക്‌ ദേഷ്യമോ, സങ്കടമോ തോന്നി എന്നിരിക്കട്ടെ. മിക്കവാറും നിങ്ങള്‍ സ്വയം അതില്‍നിന്ന്‍ മോചിതരാവുന്നു. അതേ മാനസികാവസ്ഥയില്‍ തുടരണമെങ്കില്‍ കഠിനശ്രമം തന്നെ വേണ്ടി വരും. അവര്‍ താഴേക്കു പോവുകയാണെങ്കില്‍, പ്രാരാബ്‌ധ കര്‍മ്മങ്ങളുടെ പാളത്തില്‍ നിന്ന്‍ തെറ്റിപ്പോവാതിരിക്കാന്‍ ഞാന്‍ അവരെ എത്തിപ്പിടിക്കുന്നു. ഭൌതികതലത്തില്‍ മുകളിലെ പരിധി തെറ്റിക്കുന്നവരേയും കണ്ടെത്തി ഗതിവേഗം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്തെന്നാല്‍ ആ അവസ്ഥയില്‍ അവരുടെ ഭൌതിക ശരീരം നിലനിര്‍ത്താന്‍ അവര്‍ക്ക്‌ കഴിയുകയില്ല. ഈ രണ്ട് ‌ സമാന്തരരേഖകള്‍ക്കുള്ളില്‍ അവരുടെ ജീവിതം നിയന്ത്രിക്കേണ്ട ചുമതല അവരവര്‍ക്കുള്ളതാണ്‌. അതുകൂടി ഞാന്‍ ഏറ്റെടുത്താല്‍ പിന്നെ, അതിനൊരവസാനമുണ്ടാവില്ല.

ഈ രണ്ട് ‌ സമാന്തരരേഖകള്‍ക്കുള്ളില്‍ അവരുടെ ജീവിതം നിയന്ത്രിക്കേണ്ട ചുമതല അവരവര്‍ക്കുള്ളതാണ്‌. അതുകൂടി ഞാന്‍ ഏറ്റെടുത്താല്‍ പിന്നെ, അതിനൊരവസാനമുണ്ടാവില്ല

തങ്ങളുടെ ജീവിതോദ്ദേശ്യം എന്താണെന്നറിയാതെ പൂര്‍ണമായും വഴിതെറ്റിപ്പോവുന്ന ചിലരുണ്ട്‌. അങ്ങിനെയുള്ളവരെ നേര്‍വഴിക്കു കൊണ്ടുവരുവാന്‍ ഞാന്‍ ക്ഷമയോടെ പ്രേരണ ചെലുത്താറുണ്ട്, എന്നാല്‍ ഞാന്‍ എന്തുതന്നെ പറഞ്ഞാലും അവര്‍ വഴിപ്പെടാറില്ല. സ്വന്തം അസംബന്ധങ്ങളുമായി അവര്‍ മുന്നോട്ടുതന്നെ പോവും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവരുടെ പ്രവൃത്തികളെക്കുറിച്ചു മാത്രമല്ല, അവരുടെ മനസ്സിലുള്ളതിനേക്കുറിച്ചും എനിക്ക്‌ പറയേണ്ടതായി വരുന്നു. അങ്ങിനെയുള്ളപ്പോള്‍ ഞാന്‍ ചോദിക്കും, "ഇന്നലെ പത്തുമണിക്ക്‌ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു?” അവര്‍ എന്തെങ്കിലും മറുപടിയുമായി വരുമ്പോള്‍ ഞാന്‍ പറയും, "രാവിലെ പത്തുമണിക്ക്‌ നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുകയായിരുന്നില്ലേ? ഇത്തരത്തിലൊക്കെ പ്രവര്‍ത്തിക്കുവാന്‍ ആലോചിക്കുകയായിരുന്നില്ലേ?” എന്നില്‍നിന്ന്‍ ഒന്നും മറച്ചുവെയ്ക്കുവാന്‍ കഴിയുകയില്ല എന്ന്‍ മനസ്സിലാക്കുമ്പോള്‍, അവര്‍ പൂര്‍ണമായി തകര്‍ന്നുപോവുന്നു. അതുവരെ ഏതെങ്കിലും രീതിയില്‍ പിടിച്ചു നില്‍ക്കുവാന്‍ നോക്കും. ഇതിന്‍റെ അര്‍ത്ഥം ഞാന്‍ അവരെ ശ്രദ്ധിച്ചിരുന്നു എന്നതല്ല. അവര്‍ എന്‍റെ മുന്നിലിരിക്കുമ്പോള്‍, എല്ലാം അവിടെത്തന്നെയുണ്ട്‌, നോക്കി മനസ്സിലാക്കുവാന്‍. ഞാന്‍ സാധാരണ ചെയ്യുന്ന കാര്യമല്ല അത്‌. ആരെങ്കിലും പരിധി ലംഘിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ ഇങ്ങിനെ ചെയ്യൂ. അല്ലാത്തപ്പോള്‍ മറ്റുള്ളവരുടെ അസംബന്ധങ്ങള്‍ നോക്കാന്‍ എനിക്ക്‌ താല്‍പര്യമില്ല. ആളുകളുടെ മനസ്സിലുള്ളത്‌ അറിഞ്ഞിട്ട്‌ എന്ത്‌ വിശേഷം? ഒന്നുമില്ല.

Photo courtsey to : https://i.ytimg.com/vi/fbh2A3CLFy4/maxresdefault.jpg

 
 
  0 Comments
 
 
Login / to join the conversation1