എന്താണീ ഗുരുശിഷ്യബന്ധം ? ആത്മീയ പാതയില്‍ ഒരു ഗുരുവിന്റെ സാമീപ്യം അനിവാര്യമാണോ ?
ചോദ്യം: :- സദ്‌ഗുരോ, അങ്ങുപറയാറുണ്ടല്ലൊ, ഒന്നിലും വെറുതെ കണ്ണുമടച്ച്‌ വിശ്വസിക്കരുതെന്നും, നേരേമറിച്ച്, ജീവിതത്തെതന്നെ പരിശോധിച്ച്‌ തന്നത്താന്‍ ബോധ്യപ്പെടണമെന്നും. പക്ഷെ ആത്മീയ ഉന്നതിക്ക്‌ ഗുരുവില്‍ പൂര്‍ണവിശ്വാസം ഉണ്ടായിരിക്കേണ്ടത്‌ അത്യന്താപേക്ഷിതമല്ലെ? അപ്പോള്‍ ഈ രണ്ടുതരം വിശ്വാസങ്ങള്‍ക്കും തമ്മില്‍ എന്താണ്‌ വ്യത്യാസം?
 
 

सद्गुरु

ചോദ്യം :- സദ്‌ഗുരോ, അങ്ങുപറയാറുണ്ടല്ലൊ, ഒന്നിലും വെറുതെ കണ്ണുമടച്ച്‌ വിശ്വസിക്കരുതെന്നും, നേരേമറിച്ച്, ജീവിതത്തെതന്നെ പരിശോധിച്ച്‌ തന്നത്താന്‍ ബോധ്യപ്പെടണമെന്നും. പക്ഷെ ആത്മീയ ഉന്നതിക്ക്‌ ഗുരുവില്‍ പൂര്‍ണവിശ്വാസം ഉണ്ടായിരിക്കേണ്ടത്‌ അത്യന്താപേക്ഷിതമല്ലെ? അപ്പോള്‍ ഈ രണ്ടുതരം വിശ്വാസങ്ങള്‍ക്കും തമ്മില്‍ എന്താണ്‌ വ്യത്യാസം?

സദ്‌ഗുരു :- ആദ്യം പറഞ്ഞ വിശ്വാസം (belief) നിങ്ങളുടെ പ്രത്യാശയില്‍ നിന്നും ഉടലെടുക്കുന്നതാണ്‌. 'ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു' എന്നുപറയുമ്പോള്‍ നിങ്ങളുടെ തെറ്റും ശരിയും എന്താണെന്നുള്ള നിങ്ങളുടെ ധാരണക്കനുസരിച്ച്‌ ഞാന്‍ പ്രവര്‍ത്തിക്കുമെന്ന് നിങ്ങള്‍ പ്രത്യാശിക്കുന്നു, മറിച്ച്‌ നിങ്ങളുടെ ധാരണകള്‍ക്കു വിപരീതമായി ഞാനെന്തെങ്കിലും ചെയ്‌തുവെന്നിരിക്കട്ടെ, എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? 'ഞാന്‍ താങ്കളെ വിശ്വസിച്ചിട്ടും താങ്കള്‍ അങ്ങനെ ചെയ്‌തല്ലൊ' എന്നായിരിക്കില്ലെ? നിങ്ങളുടെ പ്രതീക്ഷകളുടേയും, ധാരണകളുടേയും പരിമിതിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന ആളാണ്‌ ഗുരു എങ്കില്‍, അങ്ങനെയുള്ള ഒരാളിനെ ഗുരുവായി നിങ്ങള്‍ സ്വീകരിക്കരുത്‌. ആ ആളിനെക്കൊണ്ട്‌ ഒരു പ്രയോജനവും ഉണ്ടാകില്ല. ആ ആള്‍ ഒരുപക്ഷെ നിങ്ങളെ സാന്ത്വനപ്പെടുത്തിയേക്കാം, അല്ലെങ്കില്‍ സമാധാനപ്പെടുത്തിയേക്കാം, പക്ഷെ അയാള്‍ നിങ്ങള്‍ക്കൊരു ബാധ്യതയായിരിക്കും. അയാള്‍ നിങ്ങളെ വിമോചനത്തിലേക്ക്, അഥവാ മോക്ഷത്തിന്റെ പാതയിലേക്ക്നയിക്കാന്‍ കഴിവുള്ള മാര്‍ഗദര്‍ശിയായിരിക്കില്ല.

നിങ്ങളുടെ പ്രതീക്ഷകളുടേയും, ധാരണകളുടേയും പരിമിതിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന ആളാണ്‌ ഗുരു എങ്കില്‍, അങ്ങനെയുള്ള ഒരാളിനെ ഗുരുവായി നിങ്ങള്‍ സ്വീകരിക്കരുത്‌.

ഗുരുവിലുള്ള പൂര്‍ണ്ണവിശ്വാസം (trust) എന്നുപറയുന്നത്‌ തികച്ചും വ്യത്യസ്ഥമാണ്‌. അത്‌ നിങ്ങളുടെ ഒരു ഗുണവിശേഷമാണ്‌, അത് വേറെ ഒന്നിനും വിധേയമല്ല, അതു നിങ്ങളില്‍ തന്നെ അന്തര്‍ലീനമായിരിക്കുന്നതാണ്‌. 'ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു' എന്നു നിങ്ങള്‍ പറയുന്നതിന്‍റെ അര്‍ത്ഥം, 'എന്തുതന്നെ സംഭവിച്ചാലും ശരി, ഞാന്‍ പരിപൂര്‍ണ്ണമായും താങ്കളെ വിശ്വസിക്കുന്നു' എന്നാണ്‌, എന്നുവച്ചാല്‍ ഈ വിശ്വാസത്തില്‍ ഒരു അര്‍പ്പണബോധമുണ്ട് എന്നാണര്‍ത്ഥമാകുന്നത്‌. അത്‌ നിങ്ങളുടെ പരിമിതിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല.

എന്നെ പൂര്‍ണമായി വിശ്വസിക്കുവാന്‍ ഞാന്‍ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ല. പൂര്‍ണ്ണമായ വിശ്വാസം എന്ന വാക്ക്‌ ഞാനാരോടും പ്രയോഗിക്കാത്തതിന്‍റെ കാരണം അത്‌ വളരെ കാലുഷ്യം നിറഞ്ഞതായിരിക്കും എന്നതുകൊണ്ടുതന്നെ. 'ഞാന്‍ താങ്കളെ വിശ്വസിക്കുന്നു' എന്ന തോന്നല്‍തന്നെ നിങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കുപരിയായി വളരാനാണ്‌. എന്നുവച്ചാല്‍ 'എന്തുവേണമെങ്കിലും ചെയുതോളൂ, എന്നാലും ഞാന്‍ നിങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു' , അതായത്‌ എന്‍റെ പൂര്‍ണ്ണവിശ്വാസം നിങ്ങളിലര്‍പ്പിക്കുന്നു എന്നര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഒരു ഗുരുവിന്‍റെ സാന്നിദ്ധ്യം നിങ്ങള്‍ക്ക്‌ ഉപകാരപ്പെടണമെങ്കില്‍ ആ സാന്നിദ്ധ്യംകൊണ്ട്‌ നിങ്ങളെ അടിമപ്പെടുത്തുവാനും, കീഴ്‌പ്പെടുത്തുവാനും, ഒരുതരത്തില്‍ പറഞ്ഞാല്‍, നിങ്ങളെന്ന ഒരു വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുവാന്‍ നിങ്ങള്‍ സന്നദ്ധനായിരിക്കണം. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം നിറഞ്ഞ ആ ചുരുങ്ങിയ നിമിഷത്തേക്കെങ്കിലും നിങ്ങള്‍ ഇല്ലാതാകണം. നിങ്ങള്‍ ആരാണെന്നു കരുതുന്നുവോ ആ മനോഭാവം അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യത്തിലെങ്കിലും അസ്‌തമിച്ചിരിക്കണം.

അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം നിറഞ്ഞ ആ ചുരുങ്ങിയ നിമിഷത്തേക്കെങ്കിലും നിങ്ങള്‍ ഇല്ലാതാകണം.

കോട്ടകള്‍ തകരട്ടെ !

ചിലര്‍ പൂര്‍ണവിശ്വാസത്തെപ്പറ്റി നിങ്ങളോട് പറയുമ്പോള്‍ അതിന്‍റെയര്‍ത്ഥം, മറ്റൊരാളെ നിങ്ങളുടെ ഉള്ളിലേക്കു പ്രവേശിക്കാന്‍ അനുവദിക്കണം എന്നുള്ളതാണ്. അങ്ങിനെ സാധിക്കണമെങ്കില്‍ അതിന്‌ പര്യാപ്‌തമായ ഒരാളായി നിങ്ങള്‍ മാറണം. ആ ആള്‍ നിങ്ങളുടെ ഉള്ളില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ എന്തുവേണമെങ്കിലും സംഭവിക്കാം. അതിനു നിങ്ങള്‍ തയ്യാറായിരിക്കണം.

ഏതോ ഒരു സന്ദര്‍ഭത്തില്‍ മറ്റൊരാള്‍ക്ക്‌ നിങ്ങളുടെ ഉള്ളില്‍ പ്രവേശിക്കാന്‍ പര്യാപ്‌തമായ സാഹചര്യം ഉണ്ടായപ്പോള്‍, അദ്ദേഹം ചെയ്‌തത്‌ നിങ്ങളുടെ പ്രതീക്ഷകള്‍ക്കും പ്രത്യാശകള്‍ക്കും നിരക്കാത്തതായിരുന്നിരിക്കാം. അതുകൊണ്ട്‌ അപ്പോള്‍മുതല്‍ നിങ്ങള്‍ക്കുചുറ്റും കോട്ടകള്‍കെട്ടി നിങ്ങള്‍ സുരക്ഷിതത്ത്വം തേടിയിരിക്കാം. ഭയചകിതനായിപ്പോയതുകൊണ്ടാണ്‌ നിങ്ങള്‍ക്കുചുറ്റും കോട്ടകള്‍കെട്ടി സുരക്ഷിതജീവിതം നയിക്കാന്‍ തുനിഞ്ഞത്‌. എന്നാല്‍ 'താങ്കളെ പൂര്‍ണമായി വിശ്വസിക്കുന്നു' എന്നു നിങ്ങള്‍ പറയുന്നതിന്‍റെയര്‍ത്ഥം, മുമ്പ്‌ നിങ്ങള്‍ക്കുചുറ്റും കെട്ടിപ്പൊക്കിയ ആ കോട്ടകള്‍ തകര്‍ക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ തയ്യാറാണ് എന്നതാണ്. ഈ പരിതസ്ഥിതിയില്‍ മറ്റേയാള്‍ക്ക്‌ നിങ്ങളുടെ പ്രത്യാശകളില്‍ ഒതുങ്ങിക്കഴിയേണ്ട ആവശ്യമില്ല. അതുകൊണ്ടാണ്‌ ഞാന്‍ പറഞ്ഞത് ഗുരുവിന്‍റെ സാന്നിദ്ധ്യം നിങ്ങളില്‍ എന്തുചെയ്യുന്നുവെന്നതാണ്‌ ഒരു ഗുരുവിന്‍റെ ഗുണവൈശിഷ്‌ട്യം കാണിക്കുന്നത്‌ എന്ന്.

രണ്ടാമത്തെകാര്യം ഗുരുവിന്‍റെ സാന്നിദ്ധ്യം നിങ്ങളില്‍ എന്തുമാറ്റം വരുത്തുന്നു എന്നതിനെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ ഒട്ടും ആശങ്ക ഇല്ലാതായിത്തീരുന്ന പരിതസ്ഥിതി സംജാതമാകും. അതുതന്നെ നിങ്ങളിലുണ്ടാകുന്ന പരിണാമത്തിന്‍റെ നാന്ദിയാണ്‌. ജനങ്ങളുമായി ഇടപഴകാനുള്ള എന്‍റെ സമയം പരിമിതമാണ്‌. അതുകൊണ്ട്‌ അവര്‍ക്കെല്ലാം എന്‍റെ സാന്നിദ്ധ്യം മാത്രമേ കിട്ടുന്നുള്ളു, ഒരു വ്യക്തി എന്നനിലയില്‍ എന്‍റെ ഒരു പ്രത്യേകഭാവം മാത്രമേ പ്രകടിപ്പിക്കുന്നുള്ളു. ഒരുപക്ഷെ അത്‌ നിങ്ങളുടെ പ്രതീക്ഷകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതായിരിക്കാം. എന്നിലെ വ്യക്തിയെക്കൂടി ഒരു ഉപായമായിട്ടോ അല്ലെങ്കില്‍ ഒരു ഉപകരണമായിട്ടോ ഉപയോഗപ്പെടുത്തണമെന്നുവന്നാല്‍ അതിന്‌ വളരെ കൂടുതല്‍ വിശ്വാസവും, സമയവും വേണ്ടിവന്നേക്കാം. എന്‍റെ കൂടെ വളരെക്കാലം കഴിഞ്ഞിട്ടുള്ളവര്‍ക്ക്‌ ഞാനൊരസാദ്ധ്യമായ മനുഷ്യനാണെന്ന് തോന്നിയേക്കാം . പക്ഷെ നിങ്ങളുടെ മുമ്പില്‍ ഞാനങ്ങനെയല്ല.

ബോധപൂര്‍വമായ സമ്മിശ്രം.

ഇപ്പോള്‍ `ഞാന്‍’ എന്നു നിങ്ങള്‍ സൂചിപ്പിക്കുന്ന വ്യക്തിത്വമുണ്ടല്ലൊ, അത്‌ പലവിധത്തിലും അവിചാരികമോ, അഥവാ യാദൃച്ഛികമോ ആയ സംഭവമാണ്‌. ഏതെല്ലാം പരിതസ്ഥിതികളേയോ ചുറ്റുപാടുകളേയോ ആണ്‌ നിങ്ങള്‍ അഭിമുഖീകരിച്ചിരിക്കുന്നത്‌ എന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കുന്നത്. ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം നിങ്ങളുടെ വ്യക്തിത്വവും മാറിക്കൊണ്ടേയിരിക്കും. മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ക്ക്‌ അനുസരണമായിട്ടായിരിക്കും നിങ്ങളുടെ രൂപപരിണാമവും. എന്നുപറഞ്ഞാല്‍, നിങ്ങളുടെ ബാഹ്യപരിതസ്ഥിതികള്‍ എപ്പോഴും നിങ്ങളുടെ വ്യക്തിത്വത്തെ രൂപാന്തരപ്പെടുത്തുന്നതില്‍ ഒരു നല്ല പങ്കുവഹിക്കുന്നുണ്ടെന്നര്‍ത്ഥം. ഗുരു എന്ന രൂപത്തില്‍ നിങ്ങള്‍ കാംക്ഷിക്കുന്ന ആ ആള്‍ വാസ്തവത്തില്‍ ഒരു വ്യക്തിയല്ല. ആത്മസാക്ഷാല്‍ക്കാരം നേടുക എന്ന പ്രക്രിയതന്നെ അര്‍ത്ഥമാക്കുന്നത്‌, ഒരാള്‍ സ്വന്തം വ്യക്തിത്വത്തെ അതിലംഘിച്ചു കഴിഞ്ഞു എന്നാണ്‌. അതിന്‌ ശേഷം എന്ത്‌ കര്‍മ്മപദ്ധതി അദ്ദേഹം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവോ, അതിനുതകുന്ന ഒരു പുതിയ വ്യക്തിവൈശിഷ്‌ട്യം ആ വ്യക്തി നേടുന്നു.

നിങ്ങളുടെ പ്രവൃത്തിക്ക്‌ അനുയോജ്യമായ ഒരു വ്യക്തിത്വം പരിമിതമായ വിധത്തില്‍ ബാഹ്യതലത്തില്‍ നിങ്ങളും രൂപപ്പെടുത്തുന്നുണ്ട്‌. എന്നാല്‍ ഭൌതിക പരിമിതികള്‍ക്ക്‌ അതീതമായ അനുഭവങ്ങള്‍ ഉള്ളയാള്‍ മേല്‍പ്പറഞ്ഞ വ്യക്തിത്വരൂപീകരണം നടത്തുന്നത്‌ വളരെ അഗാധമായ തലത്തിലാണ്‌. ആത്മീയതലത്തില്‍ എന്ത്‌ കര്‍മ്മ പദ്ധതികളാണൊ ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നത്‌, അതിനുതകുന്നതായ വിധത്തില്‍ ഈ ജീവിതത്തിന്‍റെ ഓരോ ഭാവത്തെയും ആ ആള്‍ രൂപപ്പെടുത്തുന്നു. അത്‌ തികച്ചും ബോധപൂര്‍വ്വമായ നിര്‍മാണ ശൈലിയാണ്‌. രൂപികരണം ബോധപൂര്‍വ്വമാകുമ്പോള്‍, അത്‌ ഒരാസൂത്രണക്ഷമത നിറഞ്ഞ പ്രയോഗോപകരണമായിത്തീരുന്നു. അതൊരിക്കലും ഒരു ബാധ്യതയല്ല. അദ്ദേഹത്തിന്‌ വേണമെങ്കില്‍ ഏത്‌ നിമിഷത്തിലും ആ നിര്‍മ്മിതിയെ വലിച്ചെറിയാം.
വിവിധ സ്ഥലങ്ങളില്‍ ഞാന്‍ ഒരു വ്യക്തിയായി പ്രവര്‍ത്തിക്കുന്നത്‌ വിവിധ രീതികളിലാണ്‌. ഈ കാണുന്ന പരിതസ്ഥിതിയില്‍ നിന്നും വ്യത്യസ്ഥമായ മറ്റൊരു സാഹചര്യത്തില്‍ നിങ്ങള്‍ എന്നെ നിരീക്ഷിച്ചാല്‍, ഒരു പക്ഷെ വിസ്‌മയചകിതരായേക്കാം, കാരണം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയെ ഏത്‌ രീതിയില്‍ കണ്ട്‌ പരിചയിച്ചുവോ അതില്‍നിന്നും പാടേ വ്യത്യസ്ഥമായ മറ്റൊരു രീതിയില്‍ കാണുമ്പോള്‍ ആ സ്ഥിതിവിശേഷത്തെ കൈകാര്യം ചെയ്യുവാന്‍ കഴിയാതെ നിങ്ങള്‍ ഉഴലുന്നു.

ഒരു ഗുരു തന്‍റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്‌ തന്നെ, അതിനെ മറ്റുള്ളവര്‍ക്ക്‌ സ്‌നേഹിക്കണമോ, അതോ വെറുക്കണമോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ്‌. അതെ, സത്യത്തില്‍ ഞാന്‍ ഈ ആളിനെ സ്‌നേഹിക്കുവെന്നാണ്‌ ആദ്യം വിചാരിച്ചതെങ്കില്‍ അടുത്ത നിമിഷത്തില്‍ തോന്നുന്നത്‌ ഒരു പക്ഷെ തികച്ചും വ്യത്യസ്ഥമായിട്ടായിരിക്കും. ആ രീതിയിലാണ്‌ ഒരു ഗുരു തന്‍റെ വ്യക്തിത്വത്തെ രൂപവല്‍ക്കരിക്കുന്നത്‌. മേല്‍പ്പറഞ്ഞ രണ്ടുവിധ വികാരങ്ങളും ചില നിര്‍ദ്ദിഷ്‌ട രേഖകള്‍ക്കുള്ളില്‍ നില്‍ക്കുമ്പോള്‍, നിങ്ങള്‍ നിരന്തരം ശക്തമായി പ്രഹരിക്കപ്പെടും. അങ്ങനെയുള്ള പ്രഹരണങ്ങള്‍ ഏറ്റ്‌ കുറെ കഴിയുമ്പോള്‍ നിങ്ങള്‍ക്ക്‌ ഈ ഗുരു കേവലം ഒരു വ്യക്തിയല്ല എന്നത് ബോധ്യം വരും - ഒന്നുകില്‍ അദ്ദേഹം ഒരു ചെകുത്താന്‍, അതല്ലെങ്കില്‍ ദൈവികമായ എന്തോ ഒന്ന്.

ഗുരു നിങ്ങളെ സ്‌പര്‍ശിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയുടെ വ്യാപ്തി, മറ്റ്‌ യാതൊരാള്‍ക്കും നല്‍കാന്‍ കഴിയാത്തതാണ്‌.

കുതിച്ചുചാട്ടം

നിങ്ങള്‍ക്ക്‌ അനുഭവഭേദ്യമല്ലാത്ത ഒരു കാര്യത്തെ ബൌദ്ധികമായി പഠിപ്പിച്ച്‌ മനസിലാക്കിക്കുവാന്‍ സാധിക്കുകയില്ല. ഒരു വ്യക്തിയെ അനുഭവത്തിന്‍റെ ഒരു നിലവാരത്തില്‍ നിന്നും മറ്റൊരു നിലവാരത്തിലേക്ക്‌ ആനയിക്കണമെങ്കില്‍, ആ നിലവാരത്തെക്കാളും വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ഊര്‍ജ്ജവും തീവ്രതയും ഉള്ള ഒരു ഉപകരണം തന്നെ വേണം. ആ ഉപകരണത്തെയാണ്‌ ഗുരു എന്ന് ‌പറയുന്നത്‌. ഗുരുശിഷ്യ ബന്ധം തന്നെ നിലനില്‍ക്കുന്നത്‌ ഊര്‍ജ്ജത്തിന്‍റെ തലത്തിലാണ്‌. ഗുരു നിങ്ങളെ സ്‌പര്‍ശിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയുടെ വ്യാപ്തി, മറ്റ്‌ യാതൊരാള്‍ക്കും നല്‍കാന്‍ കഴിയാത്തതാണ്‌. നിങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജത്തെ ആഗ്നാചക്രത്തിലേക്ക്‌ ചലിപ്പിക്കുവാന്‍ നിരവധി വഴികളുണ്ട്‌. എന്നാലത്‌ ആഗ്നാചക്രത്തില്‍ നിന്നും സഹസ്രാരപത്മത്തിലേക്ക്‌ ചലിപ്പിക്കുവാന്‍ പ്രത്യേക മാര്‍ഗ്ഗം ഒന്നും തന്നെയില്ല. അതൊരു കുതിച്ചുചാട്ടമായിരിക്കും. അതുകൊണ്ടാണ്‌ നമ്മുടെ സംസ്‌കാരത്തില്‍ ഗുരുശിഷ്യബന്ധത്തെ ഏറ്റവും പവിത്രമായിട്ടുള്ള ഒന്നായി കരുതപ്പെടുന്നത്‌. ഈ കുതിച്ചുചാട്ടം നിങ്ങള്‍ക്ക്‌ സാധിക്കണമെങ്കില്‍ ഗുരുവില്‍ അത്യഗാധവും അചഞ്ചലവുമായ പൂര്‍ണ്ണവിശ്വാസം ഉണ്ടായിരിക്കണം. ആ തരത്തിലുള്ള വിശ്വാസമില്ലാതെ അത്‌ സാധ്യമാവുകയില്ല...

 
 
  0 Comments
 
 
Login / to join the conversation1